Image

67 കോടി പേര്‍ക്ക് പൊണ്ണത്തടി, 82 കോടിക്ക് കൊടുംപട്ടിണി

Published on 07 December, 2019
67 കോടി പേര്‍ക്ക് പൊണ്ണത്തടി, 82 കോടിക്ക് കൊടുംപട്ടിണി
672 മില്യണ്‍ ജനങ്ങള്‍ പൊണ്ണത്തടിയും അമിതഭാരവും ഉള്ളവരാണെന്നാണ് കണക്ക്. അതില്‍ 120 മില്യണ്‍ അഞ്ചിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. അഞ്ചു വയസ്സിനു താഴെയുള്ള 40 മില്യണ്‍ കുട്ടികളും അതില്‍ ഉള്‍പ്പെടും. ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് ജനങ്ങള്‍ പൊണ്ണത്തടിയും പോഷകാഹാരക്കുറവ് കൊണ്ടുള്ള മറ്റു അസുഖങ്ങളും അനുഭവിക്കുന്നവരാണ്. 2025 ല്‍ ഇത് രണ്ടിലൊന്ന് എന്ന തോതിലേക്ക് ഉയരുമെന്ന് ഈ രംഗത്ത് പഠനം നടത്തുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത് അടുത്ത കാലത്താണ്. വരുമാനത്തിലെ വര്‍ധനവും വ്യവസായവത്കരണവും നഗരകേന്ദ്രീകൃതമായ ജീവിതവും ഇതിന് കാരണമായി കരുതാം. കാലാവസ്ഥക്കനുസരിച്ചും നാരുകള്‍ നിറഞ്ഞതും സസ്യാഹാരത്തിന് മുന്‍ഗണന നല്‍കുന്നതുമായിരുന്നു നമ്മുടെ ഭക്ഷണ രീതി. അതില്‍നിന്ന് കൊഴുപ്പും ഉപ്പും പഞ്ചസാരയും സംസ്കരിച്ചെടുത്ത ധാന്യങ്ങളും മാംസവും മാത്രം നിറഞ്ഞ ഭക്ഷണ ശീലങ്ങളിലേക്ക് നാം മാറിയിരിക്കുന്നു.

ഒരു വ്യക്തിക്ക് ആവശ്യമായ പോഷകഘടകങ്ങള്‍ പ്രധാനം ചെയ്യുന്നതും ആരോഗ്യം നിലനിര്‍ത്തുന്നതും അസുഖങ്ങള്‍ തടയുന്നതുമായി ഭക്ഷണത്തെ പൊതുവില്‍ ആരോഗ്യകരമായ ഭക്ഷണം എന്നു പറയാം. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും തവിട് കളയാത്ത ധാന്യങ്ങളും സസ്യങ്ങളും ഉള്‍പ്പെട്ടതാണിത്. കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും ഉപ്പിന്‍റെയും ഉപയോഗത്തില്‍ മിതത്വം പാലിക്കുകയും വേണം. അതാതുകാലത്ത് ലഭിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സസ്യാഹാരത്തിനായി വീട്ടില്‍തന്നെ അടുക്കളത്തോട്ടം നിര്‍മിക്കുക. ഇത്തരത്തില്‍ പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം ശീലമാക്കുന്നതാണ് ആരോഗ്യകരം.

ഉദ്യോഗത്തിരക്കുകള്‍ക്കിടയില്‍ വീടുകളില്‍ പാചകം ചെയ്യാനുള്ള സമയം കുറഞ്ഞതോടെ സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഫാസ്റ്റ്ഫുഡ് ഔട്ട്‌ലറ്റുകളുടെയും തെരുവ് ഭക്ഷണശാലകളുടെയും ഉപഭോക്താവായി നമ്മള്‍ മാറി. അനാരോഗ്യകരമായ ഭക്ഷണശീലവും വ്യയാമ വിമുഖതയുള്ള ജീവിതശൈലിയും വികസിത രാജ്യങ്ങളില്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും പൊണ്ണത്തടിയുടെ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക