Image

ഇലഞ്ഞിപ്പൂവുകള്‍ (കവിത: രമ പ്രസന്ന പിഷാരടി)

Published on 14 December, 2019
ഇലഞ്ഞിപ്പൂവുകള്‍ (കവിത: രമ പ്രസന്ന പിഷാരടി)
ഇലഞ്ഞിപ്പൂവുകള്‍
കൊഴിഞ്ഞതു പോലെ
ഒരുനാളിലവള്‍
ഉറങ്ങിപ്പോകവെ
നിരത്തിലേക്കയാള്‍
വലിച്ചെറിഞ്ഞൊരു
വെളുത്ത ബാഗിന്റെ
സുഷിരങ്ങളൊന്നില്‍
അവള്‍ മയങ്ങുന്നു
മിഴിതുറക്കാതെ
കനത്ത മൗനത്തില്‍
അലിഞ്ഞു തീരുന്നു
അവള്‍ മരിച്ചതിന്‍
പുല കഴിഞ്ഞീല
അവള്‍ മടക്കത്തിന്‍
വിളക്കണിഞ്ഞീല
തിഥിപൂജയ്ക്കുള്ള
ദിനമടുത്തില്ല
കദനകാലത്തിന്‍
കറുപ്പടര്‍ന്നീല
കുളിച്ചീറന്‍ ചുറ്റി
വരും പ്രഭാതത്തില്‍
അവളുടെയന്ത്യ
കഥകളെ തേടി
പലരുമെത്തവെ
നിലച്ചുപോയൊരു
ഘടികാരം പോലെ
സമയമേതെന്ന്
അറിയാത്ത പോലെ
തണുത്തുറഞ്ഞൊരു
തണുപ്പുകാലമായ്
നിശ്ശബ്ദതയ്ക്കുള്ളില്‍
തപസ്സിരുന്നയാള്‍

നിരത്തിലേയ്ക്കയാള്‍
വലിച്ചെറിഞ്ഞത്
അവളുടെ കൈകള്‍
അലങ്കരിച്ചൊരു
ചെറിയതാം ബാഗ്
വിലകുറഞ്ഞത്
പുതിയകാലത്തില്‍
വിലയേറ്റത്തിന്റെ
പകര്‍പ്പെഴുത്തിനാല്‍
മുറിഞ്ഞടര്‍ഞ്ഞതും
പലവട്ടം തുന്നിയിരുണ്ടു
പോയതും മുഷിഞ്ഞു
പോയതും
അത് തുറക്കവെ
അതിലോര്‍മ്മ താഴ്
തുറന്നിറങ്ങുന്ന
അറകളുണ്ടെന്ന്
അറിയുമെങ്കിലും
അറിയില്ലയെന്ന്
അഭിനയിക്കുവാന്‍
പഠിച്ചിരിക്കുന്നു.
 
അതിലുണ്ട് പണ്ടേ
പഴകിപ്പോയൊരു
മണിപ്പേഴ്‌സ് പണം
ചുരുങ്ങിത്തീര്‍ന്നത്
അതിലുണ്ട് ബസ്സിന്‍
വെളുത്ത ടിക്കറ്റ്
അതിലുണ്ട് തുണ്ടു
കടലാസ്സിന്‍ മണം
പലകുറി ഭാഗ്യം
വരുമെന്നതോര്‍ത്ത്
പണം മുടക്കിയ
നിറഞ്ഞ കാരുണ്യ
നിധിയെഴുത്തുള്ള
പഴയ ലോട്ടറി
നിറം മങ്ങിപ്പോയ
ചുമന്ന പൂക്കളില്‍
അവളെയോര്‍മ്മിച്ച
വെളുത്ത തൂവാല
ഇലഞ്ഞിപ്പൂവിന്റ
ഇതളിതിര്‍ക്കുന്ന
നനുത്ത ഗന്ധവും
അതിനുള്ളിലുണ്ട്..

നിരത്തിലേയ്ക്കയാള്‍
വലിച്ചെറിഞ്ഞൊരു
പഴയ ബാഗിന്റെ
ചെറു അറകളില്‍
നിധി പോലെ അവള്‍
നിറച്ച് വച്ചൊരു
അടയാളങ്ങളില്‍
മഴ വിണു മഞ്ഞുതരി
വീണു പിന്നെ
പഴയതൊക്കെയും
നിറച്ചു പോകുന്ന
വഴിയിലേയ്ക്കത്
പതിയെ മാഞ്ഞുപോയ്
അവളുറങ്ങിയ
നനുത്ത മണ്ണിലായ്
ഉണര്‍ന്നു വന്നൊരു
ഇലഞ്ഞിപ്പൂമരം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക