Image

മാധുര്യമുള്ള വാക്കാണ് പരിശുദ്ധിയുടെ നിറകുടം-6 (ദുര്‍ഗ മനോജ്)

Durga Manoj Published on 15 December, 2019
മാധുര്യമുള്ള വാക്കാണ് പരിശുദ്ധിയുടെ നിറകുടം-6 (ദുര്‍ഗ മനോജ്)
അമ്പത്തി ഒമ്പതാം സങ്കീർത്തനം പറയുന്നു
"...ദൈവമേ... അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും , അവർ പറയുന്ന ശാപവും ഭോഷ്ക്കും നിമിത്തം അവർ അഹങ്കാരത്തിൽപ്പെട്ടു പോകട്ടെ.. "

ശത്രുവിന്റെ വാക്കും ശാപവും ഭോഷ്ക്കും ഒക്കെ ഒരാളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന ഒന്നാണ്. വിശ്വാസിയുടെ ഏറ്റവും ആദ്യത്തേയും, എന്നാലവൻ ഏറ്റവും ഒടുവിൽ മാത്രം തേടിച്ചെല്ലുന്നതുമായ അഭയസ്ഥാനം ദൈവമാണ്. അവർ ദൈവത്തെ തേടുന്നത് രക്ഷ കിട്ടുവാനാണ്. മിക്കപ്പോഴും അത് ശത്രുവിന്റെ ക്രൂരമായ വാക്കുകളിൽ നിന്നുള്ള രക്ഷതേടലാണ്. ആ കഷ്ടതകൾ പോക്കിത്തരുവാൻ മുട്ടിപ്പായ് പ്രാർത്ഥിക്കും.
രൂപക്കൂടിന് മുന്നിൽ മെഴുകുതിരി കത്തിക്കും. പക്ഷേ ഈ സമയമൊക്കെ ദൈവപുത്രൻ ചിന്തിക്കും എന്തുകൊണ്ടാണ് മനുഷ്യൻ ,അവന് ചുറ്റുമുള്ള ശത്രുവിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും സ്വയം ചുമന്നു നടന്നിട്ടും അവന്റെ ഉള്ളിലെ ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാതെ പോകുകയും ചെയ്യുന്നത് എന്ന്.

അതെ,
മനുഷ്യൻ മാത്രമാണ് സ്വന്തം ശത്രുവിനേയും  ആത്മമിത്രത്തേയും ഒന്നുപോലെ ചുമന്നു നടക്കുന്നത്.  പുറത്തുള്ള വലിയ കൂട്ടം ശത്രുക്കളേക്കാൾ പതിനായിരം മടങ്ങ് ശക്തനായ ആ ശത്രുവാണ് നമ്മുടെ നാവ്, അഥവാ ആ നാവ് ഉച്ചരിക്കുന്ന വാക്ക്.ആ വാക്കാണ് നമ്മുടെ ശത്രുവായും പലപ്പോഴും ആത്മമിത്രമായും ഭവിക്കുന്നത്. ചിലരുടെ വാക്കുകൾ കല്ലിനെയല്ല മറിച്ച് പാറയെത്തന്നെ തവിടുപൊടിയാക്കും. ഇനി ചിലരുടെ വാക്കുകൾ ദീനന് മുന്നിൽ അമൃതവർഷിണിയാവും. ചില സന്ദർഭങ്ങളിൽ "ഒന്ന് സമാധാനിക്കൂ... എല്ലാം ശരിയാവും എന്ന് പറയുന്ന വാക്ക് ഒരു മൂന്നാം ലോകയുദ്ധം തന്നെ മാറ്റിമറിക്കും.അതേസമയം "അവന്റെ തലയറുത്തു വാ " എന്ന വാക്കുകൾ ലോകാവസാനത്തിന് പോലും ഹേതുവാകാം.പച്ച വെള്ളം വീഞ്ഞാക്കിയവന്, അഞ്ചപ്പം അയ്യായിരം പേർക്ക് പങ്കുവച്ചവന് അത്ഭുതം പ്രവർത്തിച്ച് കുരിശിന്റെ വഴി ഒഴിവാക്കാമായിരുന്നില്ലേ? ശത്രുക്കളെ നോട്ടം കൊണ്ട് ഇല്ലാതാക്കാമായിരുന്നില്ലേ? എന്തേ അദ്ദേഹമത് ചെയ്തില്ല?വാക്കുകളിൽ വിഷം പുരട്ടി പുറത്തേക്ക് വമിപ്പിച്ചില്ല?
മറുപടി ഇതാണ്. വാക്കുകൾ ഊർജ്ജമാണ്. അത് അനവസരത്തിൽ ഉപയോഗിക്കേണ്ടതോ അശ്രദ്ധമായി ഉപയോഗിക്കേണ്ടതോ അല്ല.

വാക്കുകൾക്ക് പിന്നിലെ മനസ്സാണ് അതിന്റെ പവിത്രത നിർണ്ണയിക്കുന്ന ഘടകം. ദൈവപുത്രൻ മനുഷ്യപുത്രന്മാരോട് പറയുവാൻ ശ്രമിച്ചത് സ്വന്തം വാക്കുകൾക്കു മേൽ അതീവ ശ്രദ്ധാലുവാകുവാനാണ്. 

 ദൈവത്തോട് മറ്റുള്ളവരുടെ വാക്കുകളിൽ നിറയുന്ന ശാപത്തേക്കുറിച്ചും ഭോഷ്കിനെക്കുറിച്ചും പറഞ്ഞ് അവരെ അഹങ്കാരികളാക്കി നശിപ്പിക്കൂ എന്ന് പറയുന്ന അതേ നിമിഷം അവനവന്റ ഉള്ളിലെ വാക്കുകളിലെ വിഷവും നിർവ്വീര്യമാക്കുവാൻ ശ്രദ്ധ വക്കാം.കാരണം അതേ വാക്കുകൾക്ക് നമ്മേയും അഹങ്കാരിയാക്കുവാൻ സാധിക്കും.

ഈ ക്രിസ്മസ് ദിനങ്ങളിൽ നമുക്ക് ഒരു കാര്യം ഓർത്ത് വക്കാം ലോകത്തെ ഏറ്റവും വിനാശകാരകമായ ആയുധം വാക്കാണ് എന്ന്. അതിനാൽ ഈ ദിനങ്ങളിൽ തുടർ ജീവിതത്തിൻ സ്വന്തം നാവിനെ, സ്വന്തം അഹങ്കാരത്തെ നിയന്ത്രണാധീനമാക്കുവാൻ ശക്തി തരുവാൻ നമുക്ക് പ്രാർത്ഥിക്കാം.
"എന്റെ ബലമായുള്ളോനെ ഞാൻ നിനക്ക് സ്തുതി പാടും... "

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക