Image

മടി പിടിച്ചിരിക്കാതെ പോയി ട്രീയിട് പെണ്ണേ (മിനി വിശ്വനാഥന്‍)

Published on 24 December, 2019
മടി പിടിച്ചിരിക്കാതെ പോയി ട്രീയിട് പെണ്ണേ (മിനി വിശ്വനാഥന്‍)
'എടി മിനിയേ നീ ട്രീ ഇട്ടോടീ' ന്ന് ഡിസംബര്‍ ഒന്നുമുതല്‍ ചോദിച്ച് തുടങ്ങും അടുത്ത ഫ്‌ലാറ്റിലെ അമ്മച്ചി.
അമ്മയെന്ന പുതിമോടിയുടെ പ്രാരബ്ധത്തിനിടയില്‍ ഞാന്‍ മടിച്ച് മടിച്ചങ്ങിരിക്കും. ട്രീയിടാത്ത പെണ്ണുങ്ങള്‍ക്ക് ക്രിസ്മസ് കേക്കും, അപ്പവും മട്ടണ്‍ കറിയും തരില്ലെന്നൊരു ഭീഷണിയുമുണ്ടാവും പുറകെ. അമ്മച്ചിയുണ്ടാക്കുന്ന മട്ടണ്‍ കറിയുടെ പങ്ക് എനിക്ക് തരാതെ ലീനക്ക് പോലും കൊടുക്കില്ലെന്ന് എനിക്കറിയാം.. ഒടുവില്‍ അമ്മച്ചി ട്രീ അലങ്കരിക്കുന്ന ദിവസം ഒരു കെട്ട് മിന്നാരങ്ങളുമായി ഞാനും ചെല്ലും. ശ്രീക്കുട്ടി നേരത്തെ തന്നെ അവിടെ ഹാജര്‍ വെച്ച് നിക്കിതയ്ക്കും ടാനിയക്കുമൊപ്പം , ലീന തൂക്കിയിടുന്ന തോരണങ്ങള്‍ അടുത്ത നിമിഷം തന്നെ വലിച്ചെടുക്കുന്ന കഠിന പ്രയത്‌നത്തിലായിക്കും.

അടുത്ത തവണ സ്വന്തമായി ട്രീ ഇടണമെന്ന് ശാസിച്ച് കൊണ്ട് അമ്മച്ചി എന്നെയും കൂട്ടും ട്രീ അലങ്കരിക്കാന്‍. ബള്‍ബുകളും തോരണങ്ങളും തിളങ്ങുന്ന ഗോളകങ്ങളും കുഞ്ഞുങ്ങളുടെ ഉയരത്തിന് മുകള്‍ഭാഗം വരെ ഞങ്ങള്‍ തൂക്കിയിടും. സാന്തയുടെ സമ്മാനപൊതികള്‍ കുട്ടികള്‍ കാണാതെ ഒളിച്ച് വെക്കും. (എനിക്കുമുണ്ടാവും ഒരു പൊതി അതില്‍, കൃസ്തുമസ് ആയ അന്ന് രാവിലെ ട്രീ കാണാന്‍ പോവുമ്പോഴാണ് അമ്മച്ചി കള്ളച്ചിരിയോടെ പറയുക .. ട്രീയുടെ മൂട്ടില്‍ നോക്ക്യേ, നിനക്കുമുണ്ടൊരു പൊതി എന്ന്.)

'കേക്കിട'ലാണ് അമ്മച്ചിയുടെ അടുത്ത കലാപരിപാടി. അടുക്കള മുഴുവന്‍ കുഴച്ച് മറിച്ച് ഒരു പരുവമാക്കും അമ്മച്ചി. ലീനയുമായി പലതവണ പിണങ്ങിപ്പിരിഞ്ഞ് എന്റെ വീട്ടിലേക്ക് ഓടി വരും. രണ്ട് മിനുട്ട് കഴിഞ്ഞാല്‍ തിരിച്ചോടും ,അവള്‍ എന്നതെങ്കിലും കാട്ടി കേക്ക് പൊങ്ങിയില്ലെങ്കില്‍ പണിയാവും എന്നാണ് ന്യായം പറയുക. അതൊന്നുമല്ല കാര്യം. അമ്മച്ചിക്ക് ലീനയുമായി അടിയുണ്ടാക്കാന്‍ ഇഷ്ടമാണ്. 'നീ ഒത്തിരി പറഞ്ഞാല്‍ നാട്ടിലെ വീട് മിനിക്ക് കൊടുക്കും' എന്നാണ് ലീനയെ ഭീഷണിപ്പെടുത്തുക. കൃസ്മസ് എത്തുന്നത് വരെ ഒന്നരാടന്‍ ദിവസങ്ങളില്‍ കേക്ക് ഉണ്ടാക്കി കൂട്ടുകാര്‍ക്കൊക്കെ കൊടുക്കും അവര്‍. കേക്കിന്റെ നല്ലോണം മുരിഞ്ഞ സൈഡ് അമ്മച്ചി മുറിച്ചുകളയും. അപ്പച്ചന്‍ രുചിയറിയാതെ ഒന്നും മറ്റുള്ളവര്‍ക്ക് കൊടുക്കില്ല അമ്മച്ചി. പുത്തന്‍ കേക്ക് വേണേല്‍ നീ കടേന്ന് വാങ്ങിക്കൊടുത്തോ എന്ന് പറഞ്ഞ് ലീനയ്ക്ക് നേരെ മുഖം ചുളിച്ച് കാട്ടും. നിക്കിതയേക്കാള്‍
വികൃതിയായ മമ്മിയെയാണല്ലോ ഈശോ എനിക്ക് തന്നതെന്ന് ലീനയും ബഹളം വെക്കും.

മട്ടണ്‍സ്റ്റ്യുവും അപ്പവും കൃസ്താനികള്‍ക്ക് രാവിലെ തിന്നാനാണ് യേശു ഡിസംബര്‍ ഇരുപത്തി അഞ്ചിന് തന്നെ ജനിച്ചത് എന്ന അഭിപ്രായക്കാരിയായിരുന്നു അമ്മച്ചി. ഉച്ചയൂണിന് മുമ്പ് മുന്തിരി വൈന്‍ കുടിച്ചില്ലെങ്കില്‍ ജോസഫും മറിയയും കെറുവിക്കും എന്ന് അപ്പച്ചനോട് പറഞ്ഞ് ഞങ്ങള്‍ക്കൊക്കെ വൈന്‍ ഒഴിച്ചു തരും. കുഞ്ഞു ശ്രീയുടെ ചുണ്ടിലും തേച്ച് കൊടുക്കും വൈന്‍.

അത്രയന വധി കൃസ്തുമസുകള്‍ ഒന്നും ഒന്നിച്ചാഘോഷിച്ചിട്ടില്ല ഞങ്ങള്‍. എനിക്ക് രണ്ടാമതും ഒരു പെണ്‍കുഞ്ഞ് ജനിച്ചത് കണ്ടേ നാട്ടിന്‍ പോവൂ എന്ന വാശിയായിരുന്നു അമ്മച്ചിക്ക്. അമ്മച്ചിയുടെ ദുര്‍വ്വാശി നിനക്കറിയില്ലേ, ഒന്ന് വേഗം രണ്ടാമത്തെ കുഞ്ഞും വേണേന്ന് അപ്പച്ചന്‍ കളി പറയുമായിരുന്നു.
പിടിവാശിക്കാരിയായിരുന്നു അമ്മച്ചി, വികൃതിയായ ഒരു കുഞ്ഞിനെപ്പോലെ ഒരു പാട് സ്‌നേഹവാശികള്‍.

എന്നെ ജീവിതം പഠിപ്പിച്ചത് അമ്മച്ചിയായിരുന്നു. കുടംപുളിയിട്ട് മീനും, തേങ്ങാപ്പാലൊഴിച്ച് മട്ടണ്‍ കറിയും വെക്കാനും പഠിപ്പിച്ചതും.
ശ്രീക്കുട്ടിക്ക് വറുത്ത മീന്‍ കൂട്ടി മാമ് കൊടുത്ത്, കൊച്ചേ നീ ഇവള്‍ക്ക് വെക്കാന്‍ മടി പിടിച്ച് മീനും ഇറച്ചിയുമൊന്നും കൊടുക്കാതിരിക്കരുത് എന്ന് ഉപദേശിക്കും. നിങ്ങളുടെ ആള്‍ക്കാര്‍ക്ക് കാര്യ വിവരമില്ലാതെ പോയത് കുടംപുളിയിട്ട മീന്‍ കൂട്ടാത്തത് കൊണ്ടാണ് എന്ന് കളിയാക്കും.

വാശി പിടിച്ചത് പോലെ പൂജയെയും കണ്ടിട്ടേ അമ്മച്ചി തിരിച്ച് പോയുള്ളൂ.. പേടിച്ചത് പോലെ തന്നെ നാട് അമ്മച്ചിയുടെ പ്രകൃതവുമായി ചേര്‍ന്നില്ല. പിന്നീടൊരിക്കലും ദുബായില്‍ വന്നില്ല. വിളിക്കുമ്പോള്‍ കൊതിയോടെ പറയും ,കാണണമായിരുന്നു നിന്നെയും മക്കളെയും, അവര്‍ക്ക് ഇറച്ചിയും മീനും കൊടുത്ത് വളര്‍ത്തണേ എന്നും. പിന്നീടൊരിക്കലും ഞങ്ങള്‍ പരസ്പരം കണ്ടില്ല. പൂജയുടെ നാവില്‍ അമ്മച്ചി മീന്‍ രുചിയെത്തിക്കാത്തത് കൊണ്ടാവും അവളിന്ന് മീന്‍ വിരോധിയായതും ശ്രീക്കുട്ടി വറുത്ത മീനിന്റെ മണത്തില്‍ ചോറുണ്ണുന്നതും.

ഡിസംബര്‍ എനിക്ക് നഷ്ടങ്ങളുടേതാക്കി ഒരു കൃസ്മസ് ഈവിന് അമ്മച്ചി നേരെയങ്ങ് പോയി. യേശൂന്റെ വീട്ടില്‍ നേരിട്ട് കേക്കുണ്ടാക്കി, അവിടത്തെ അടുക്കള വൃത്തികേടാക്കുന്നുണ്ടാവും ഇപ്പോള്‍. മുന്തിരി വൈനിന്റെ ഭരണിയുടെ വായ മൂടി കെട്ടിയ ചരട് മുറിക്കാനാവാതെ യേശുവിനെ നേരിട്ട് സഹായത്തിന് വിളിക്കുന്നുണ്ടാവും.

എനിക്കുള്ള സമ്മാനം ഇപ്പോഴും തണുത്ത കാറ്റിലൊരു പൈന്‍മര ഗന്ധമായി കൃസ്തുമസ് ഈവിന് ഇവിടെ എത്തിക്കാറുണ്ട്.
മടി പിടിച്ചിരിക്കാതെ പോയി ട്രീയിട് പെണ്ണേ എന്ന ശാസന ഇവിടെയിങ്ങനെ മുഴങ്ങുന്നുണ്ടിപ്പഴും

മടി പിടിച്ചിരിക്കാതെ പോയി ട്രീയിട് പെണ്ണേ (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക