Image

ശാന്തിയും സന്തോഷവും സമാധാനഭരിതവുമാകട്ടെ ഈ ക്രിസ്മസ് രാവ്, സന്മനസ്സുള്ളവര്‍ക്കു ഭൂമിയില്‍ സമാധാനം-15 (ദുര്‍ഗ മനോജ്)

Durga Manoj Published on 25 December, 2019
ശാന്തിയും സന്തോഷവും സമാധാനഭരിതവുമാകട്ടെ ഈ ക്രിസ്മസ് രാവ്, സന്മനസ്സുള്ളവര്‍ക്കു ഭൂമിയില്‍ സമാധാനം-15 (ദുര്‍ഗ മനോജ്)
കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും
കര്‍ത്താവു നന്മ പ്രദാനംചെയ്യും
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്കും
നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേയ്ക്കു
വഴിയൊരുക്കും.

ക്രിസ്മസ് നക്ഷത്രം വാനില്‍ ജ്വലിച്ചു നില്‍ക്കുകയാണ്. തിരുപിറവിയുടെ സ്മരണയില്‍ പവിത്രമായ ലോകത്ത് സന്തോഷവും സമാധാനവും വിളയാടുന്നു. ദൈവത്തിന്റെ കാരുണ്യവും വിശ്വസ്തതയും സന്ധിക്കുന്നത ദിനവും രാത്രിയുമാണിന്ന്. സങ്കീര്‍ത്തകനും അതു തന്നെ പദങ്ങളില്‍ പരാമര്‍ശിക്കുന്നു.അവിടുത്തെ ക്രിയാത്മകമായ സ്‌നേഹം ഉന്നതങ്ങളില്‍നിന്നും സദാ മനുഷ്യരെ കടാക്ഷിക്കുന്നുണ്ട്. അത് മനുഷ്യന്റെ യോഗ്യതയാലല്ല, മറിച്ച് ദൈവത്തിന്റെ കൃപയാലാണെന്ന് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും എന്നത് ഒരു ഭാവിയുടെ കാര്യമല്ലെങ്കിലും ക്രിസ്മസ് ദിനത്തില്‍ ഇതാണ് ലോകത്തെ നയിക്കേണ്ടത്. ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹവും, അവിടുത്തെ ഉടമ്പടിപ്രകാരമുള്ള സ്‌നേഹവും ദൈവം അനുഭവവേദ്യമാക്കിയിരിക്കുന്നു. 

സ്വര്‍ഗ്ഗവും ഭൂമിയും സന്ധിക്കുന്ന ദൈവികസാമീപ്യത്തിന്റെ സ്മരണയില്‍ ദയയും ക്ഷമയും കളിയാടേണ്ടിയിരിക്കുന്നു. മാനവകുലത്തിന് നിര്‍ലോഭമായ സമാധാനം പകരാനാണ് അവന്‍ മാനവപുത്രനായി പിറവി കൊണ്ടത്. ദൈവം തന്റെ ജനത്തോടു ചെയ്ത വാഗ്ദാനത്തിന്റെയും ഉടമ്പടിയുടെയും സാക്ഷാത്ക്കാരമാണത്. ദൈവത്തിന്റെ നീതി, അവിടുത്തെ രക്ഷാകരമായ സ്‌നേഹം, അവിടുത്തെ സമാധാനം എന്നിവയാണ് ഇന്ന് ഉയിര്‍കൊണ്ടു നില്‍ക്കുന്നത്. ദൈവരാജ്യത്തിന്റെ സാമീപ്യവും സാന്നിദ്ധ്യവുമാണ് ഒരു പോലെ സമാഗതമായിരിക്കുന്നു.

കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നത് ഞാന്‍ കേള്‍ക്കും
അവിടുന്നു തന്റെ ജനത്തിന് സമാധാനമരുളും

മനുഷ്യഹൃദയങ്ങളില്‍നിന്ന്, മനുഷ്യന്റെ അധരങ്ങളില്‍നിന്നാണ് വിശ്വസ്തത മുളയെടുക്കുന്നത്. ഭൂമിയില്‍ വസിക്കുന്ന ജനങ്ങളില്‍നിന്നാണ് ഈ നന്മകള്‍ നാമ്പെടുക്കുന്നത്. ദൈവം മനുഷ്യഹൃദയങ്ങളില്‍ വിശ്വസ്തതയുടെയും സ്‌നേഹത്തിന്റെയും മുളകള്‍ തളിരണിയിക്കുകയാണ്. 

'ആകാശം നീതി ചൊരിയട്ടെ!
ഭൂമി തുറന്ന് രക്ഷ മുളയെടുക്കട്ടെ!
അങ്ങനെ നീതി സംജാതമാകട്ടെ!
കര്‍ത്താവായ ഞാനാണ് ഇവയെല്ലാം സൃഷ്ടിച്ചത്'
എന്നു ജനങ്ങള്‍ മനസ്സിലാക്കട്ടെ!
(ഏശയ 45, 8)..

ക്രിസ്തുവില്‍ പ്രകാശമായി ലോകത്തിനു ലഭിച്ച രക്ഷയെക്കുറിച്ചു പൗലോസ് അപ്പസ്‌തോലന്‍ വിവരിക്കുന്ന ആശയം തന്നെയാണിത്. കൃപ മനുഷ്യരില്‍ ആദ്യം ചൊരിയുന്നത് ദൈവമാണ്. ദൈവം തന്റെ നീതി ഭൂമിയില്‍ ആദ്യം വര്‍ഷിക്കുന്നു. ദൈവം വര്‍ഷിക്കുന്ന നീതിയുടെ കൃപ ഭൂമിയില്‍ മനുഷ്യരോടുള്ള സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിട്ട് സാമാന്യബുദ്ധിയില്‍ നാം മനസ്സിലാക്കേണ്ടതാണ്. 

ദൈവം നമ്മോടു കാണിച്ച നീതിയുള്ള കൃപ, സഹോദരങ്ങളോടു സ്‌നേഹമായും വിശ്വസ്തതയായും പ്രകടമാക്കുകയാണ് ഈ ക്രിസ്മസ് ദിനത്തില്‍. വിശ്വസ്തത ദൈവത്തോടുള്ള പ്രതികരണത്തിന്റെ ആദ്യ പടിയാണെങ്കില്‍, രണ്ടാമത്തെ പടി സ്‌നേഹമാണ്. അതിനെ വിശുദ്ധീകരണമെന്നാണ് വിളിക്കേണ്ടത് എന്നു മാത്രം. സ്‌നേഹവും വിശ്വസ്തതയും കാരണമാക്കുന്ന വിശുദ്ധി നമ്മുടെ യോഗ്യതയല്ല, ദൈവത്തിന്റെ കൃപയാണ്. അതു തന്നെയാണ് ഈ ക്രിസ്മസ് ദിനത്തില്‍ നിങ്ങളോടു സങ്കീര്‍ത്തനത്തെ പ്രതി പറയാനുള്ളതും. 

(അവസാനിക്കുന്നു)

ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ക്രിസ്മസ് ദിനാശംസകള്‍. ശാന്തിയുണ്ടാവട്ടെ, സമാധാനമുണ്ടാവട്ടെ, സന്തോഷമുണ്ടാകട്ടെ!

Send your response to: Durga_atl@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക