Image

ഫൈനല്‍ സല്യൂട്ട് ബഹാദൂര്‍; ചിറകൊതുക്കി കാര്‍ഗില്‍ ഹീറോ മിഗ് 27 (ശ്രീനി)

ശ്രീനി Published on 28 December, 2019
ഫൈനല്‍ സല്യൂട്ട് ബഹാദൂര്‍; ചിറകൊതുക്കി കാര്‍ഗില്‍ ഹീറോ മിഗ് 27 (ശ്രീനി)
ഇന്ത്യാക്കാരുടെ ദേശാഭിമാന ബോധത്തിന്റെ നാനാര്‍ത്ഥങ്ങളിലൊന്നായിരുന്നു വ്യോമസേനയുടെ വജ്രായുധങ്ങളായ 'മിഗ്-27' യുദ്ധവിമാനങ്ങള്‍. ഈ ഫൈറ്റര്‍ ജെറ്റുകളെ അറിയാത്തവരുണ്ടാകില്ല. ഒരു യുദ്ധവിമാനവും പ്രതിരോധ മേഖലയില്‍ മാത്രം കേള്‍ക്കേണ്ട അതിന്റെ പേരും ജനഹൃദയങ്ങളിലേക്ക് പറന്നിറങ്ങുകയായിരുന്നു. അതിനര്‍ത്ഥം ആ വിമാനം ആ രാജ്യത്തിന് ഏറെ പ്രിയപ്പെട്ടതായിത്തീര്‍ന്നുവെന്നാണ്. നാല്‍പത് വര്‍ഷത്തോളം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും ആവേശവും ധൈര്യവും ആയിരുന്ന മിഗ് 27 അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി. കാര്‍ഗില്‍ യുദ്ധത്തിലെ 'എയ്‌സ് അറ്റാക്കര്‍' എന്ന് പേരുകേട്ട മിഗ് 27 വിമാനം അവസാന ആകാശയാത്ര നടത്തി നാവിക സേനയില്‍ നിന്ന് വിരമിച്ചത് ഒരു 27 ന് ആണെന്നത് കൗതുകമുണര്‍ത്തിയ യാദൃശ്ചികതയായി.

രാജസ്ഥാനിലെ ജോധ്പുരിലുള്ള വ്യോമസേനാ ആസ്ഥാനത്ത് ഡിസംബര്‍ 27ന് നടന്ന ചടങ്ങിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നട്ടെല്ലായിരുന്ന മിഗ് 27ന് രാജ്യം അവസാന അഭിവാദ്യമര്‍പ്പിച്ചത്. ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക മിഗ് 27 വിമാന വിഭാഗമായ സ്‌കോര്‍പിയോണ്‍ 29ലെ ഏഴുവിമാനങ്ങളാണ് ജോധ്പുരിലെ വ്യോമസേനാ ആസ്ഥാനത്തുനിന്ന് അവസാനമായി പറന്നുയര്‍ന്നത്. അതിവേഗത്തില്‍ പറക്കുകയും ലക്ഷ്യം തെറ്റാതെയുള്ള ആക്രമണവുമായിരുന്നു ഈ റഷ്യന്‍ യുദ്ധവിമാനത്തിന്റെ സവിശേഷത. പ്രഞ്ച് നിര്‍മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായതോടെയാണ് പാകിസ്ഥാന്‍ പട്ടാളത്തെ വിറപ്പിച്ച മിഗ് 27 ആകാശമൊഴിഞ്ഞത്. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ ശേഷിയുള്ള റഫാലിന്റെ വേഗത മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. മിക്ക ആധുനിക ആയുധങ്ങളും ഘടിപ്പിക്കാനാകുമെന്നതും പ്രത്യേകതയാണ്.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ആക്രമണത്തെ വിശേഷിപ്പിച്ചത് 'ഓപറേഷന്‍ സഫേദ് സാഗര്‍' എന്നായിരുന്നു.  20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ പോരാട്ടങ്ങളില്‍ മിഗ് 27 യുദ്ധവിമാനങ്ങള്‍ നിര്‍വഹിച്ച പങ്ക് നമ്മുടെ ആധികാരിക വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ മിഗ് 27 ഇല്ലാത്തൊരു യുദ്ധത്തെക്കുറിച്ച് ഇന്ത്യന്‍ സൈന്യത്തിന് ചിന്തിക്കാനാകുമായിരുന്നില്ല. ടൈഗര്‍ഹില്ലും, ബാതാലിക്കിലെ ജുബാര്‍ കുന്നുകളും പിടിച്ചെടുത്ത് 'ഓപ്പറേഷന്‍ വിജയ്' ആഘോഷമാക്കിയശേഷം മിഗ് 27 തിരികെ ലാന്റ് ചെയ്തത് ഇന്ത്യയുടെ തുടിക്കുന്ന ഹൃദയത്തിലേക്കും ഇന്ത്യക്കാരന്റെ ആകാശത്തോളമുയര്‍ന്ന അഭിമാനത്തിലേക്കുമായിരുന്നു.  

ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ മിഗിനെ വിളിച്ചിരുന്നത് 'ബഹദൂര്‍' എന്നായിരുന്നു. ബഹാദൂറിന്റെ അര്‍ത്ഥം 'ധീരന്‍' എന്നാണ്. ശത്രുപാളയത്തിന്റെ ആകാശത്തേക്ക് കഴുകന്‍ കണ്ണുകളോടെ ചീറിപ്പറന്ന് തുടരെ ബോംബു മഴപെയ്യിക്കുന്ന മിഗ് 27 ന് ബഹദൂര്‍ എന്നല്ലാതെ മറ്റൊരു പേരു ചേരില്ല. കാര്‍ഗില്‍ യുദ്ധ സമയത്ത് ഇന്ത്യയ്ക്ക് നഷ്ടമായത് ഒരേ ഒരു ബഹദൂറിനെയാണ്.  ശക്തിയേറിയ ആര്‍ 29 എന്‍ജിനും മാക്ക് വണ്‍, അതായത് മണിക്കൂറില്‍ 1195 കിലോമീറ്റര്‍ വേഗത ആര്‍ജിക്കാനുള്ള കഴിവുമാണ് മിഗിന്റെ പ്രധാനപ്പെട്ട പ്രത്യേകത. മണിക്കൂറില്‍ 1700 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ വരെ പറന്നിരുന്ന മിഗ് ലേസര്‍ ബോംബറുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിച്ചിരുന്നു. 4000 കിലോ വരെ വഹിക്കാനുള്ള ശേഷിയും മിഗ് 27നുണ്ട്.

സോവിയറ്റ് യൂണിയന്‍ ആണ് മിഗിന്റെ ജന്‍മ രാഷ്ട്രം. 1975ല്‍ ആണ് മിഗ് 27നെ അവര്‍ പുറത്തിറക്കുന്നത്. 1984ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യ 'മിഖോയാന്‍ ഗുരേവിച്ച്' എന്ന മിഗിനെ സ്വന്തമാക്കി. പിന്നീട് റഷ്യയില്‍ നിന്ന സാങ്കേതിക വിദ്യ നേടിയ ശേഷം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്.എ.എല്‍) മിഗ് 27 തദ്ദേശീയമായി നിര്‍മിക്കാന്‍ ആരംഭിച്ചു. ഇത്തരത്തില്‍ 165 വിമാനങ്ങള്‍ എച്ച്.എ.എല്‍ നിര്‍മിച്ചിട്ടുണ്ട്. 2006ല്‍ മിഗ് വിമാനങ്ങള്‍ നവീകരിച്ച് എഞ്ചിന് ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. കരയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതില്‍ അസാമാന്യ മികവുള്ള വിമാനം നിലവില്‍ ഉപയോഗിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്.

അതേസമയം, ഒറ്റ എഞ്ചിനുള്ള മിഗ് വിമാനങ്ങള്‍ അവയുടെ സഹജമായ പ്രത്യേകതകള്‍ മൂലം ഏറെ പഴി കേള്‍പ്പിച്ചവയാണ്. യുഎസ്, യൂറോപ്യന്‍ നിര്‍മിത വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സങ്കീര്‍ണ്ണമായ രൂപകല്‍പ്പനയുള്ള മിഗ് 27 വിമാനങ്ങള്‍ തീരെ സുരക്ഷിതമല്ലായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. മറ്റു സോവിയറ്റ് വിമാനങ്ങള്‍ പോലും മിഗ് 27നെക്കാളും സുരക്ഷിതമായിരുന്നു. മിഗ് 27 വിമാനങ്ങള്‍ പരിശീലനപ്പറക്കലുകള്‍ക്കിടെ തകര്‍ന്നു വീഴുന്നത് തുടര്‍ക്കഥയായിരുന്നു. ഇന്ത്യയ്ക്ക് സ്വന്തമായുണ്ടായിരുന്ന മിഗ് 27 വിമാനങ്ങളുടെ 10 ശതമാനത്തിലധികം നശിച്ചത് പറക്കലിനിടെ തകര്‍ന്നു വീണായിരുന്നു. 2019ല്‍ മാത്രം തകര്‍ന്നത് മൂന്ന് മിഗ് 27 വിമാനങ്ങളാണ്. ഇതോടെയാണ് മിഗ് 27നെ ഒഴിവാക്കാന്‍ സേന തീരുമാനിച്ചത്. 

വ്യോമസേനയുടെ പക്കല്‍ ഇനിയുള്ള മിഗ് വിമാനങ്ങള്‍ 21, 29 എന്നിവയാണ്. മിഗ് 21 വിമാനങ്ങള്‍ നാല് വര്‍ഷത്തിനകം സേവനം അവസാനിപ്പിക്കും. മിഗ് 29 വൈകാതെ നവീകരിച്ച് സേവന കാലാവധി നീട്ടും. മിഗ് വിഭാഗത്തില്‍ പെടുന്ന മിഗ് 23 ബി.എന്‍, മിഗ് 23 എം.എഫ്, പ്യൂവര്‍ മിഗ് 27 എന്നീ വിമാനങ്ങള്‍ വ്യോമസേനയില്‍ നിന്ന് നേരത്തെ വിരമിച്ചു. 120 മിഗ് 27 വിമാനങ്ങളാണ് ഇന്ത്യയുടെ പക്കലുണ്ടായിരുന്നത്. ഇവയില്‍ നവീകരിക്കാന്‍ സാധിക്കാത്ത രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചവ 2016ല്‍ ഒഴിവാക്കിയിരുന്നു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ പേടിസ്വപ്‌നമായിരുന്നു, ഇന്ത്യയുടെ ഏറ്റവും വിനാശകാരിയായ ആയുധമായിരുന്ന മിഗ് 27. ഡീകമ്മിഷന്‍ ചെയ്ത മിഗ് 27 വിമാനങ്ങള്‍ സൈനിക ഡിപ്പോയിലേക്ക്  മാറ്റുകയോ മറ്റേതെങ്കിലും രാജ്യത്തിന് നല്‍കുകയോ ചെയ്യുമെന്നാണ് വ്യോമസേന വക്താവ് നേരത്തെ പറഞ്ഞത്. അന്തിമ തീരുമാനമായിട്ടില്ല. അതേസമയം, ട്വിറ്ററില്‍ മിഗ് 27 ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആവുകയാണ്. ''വി മിസ് യൂ മിഗ്...'' എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് മിഗിന് ആദരമര്‍പ്പിച്ചിരിക്കുന്നത്. പറന്നകന്ന മിഗ് 27ന് മറ്റൊരു പേരുമുണ്ട്.. 'കില്ലര്‍' അഥവാ കൊലയാളി...

ഫൈനല്‍ സല്യൂട്ട് ബഹാദൂര്‍; ചിറകൊതുക്കി കാര്‍ഗില്‍ ഹീറോ മിഗ് 27 (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക