Image

ഒരു 20/20 പുതുവര്‍ഷം (പുതുവത്സര സന്ദേശം: സുധീര്‍ പണിക്കവീട്ടില്‍)

Published on 30 December, 2019
ഒരു 20/20 പുതുവര്‍ഷം (പുതുവത്സര സന്ദേശം: സുധീര്‍ പണിക്കവീട്ടില്‍)
ഈ വര്‍ഷത്തിന്റെ പ്രത്യേകത അത് എല്ലാവര്ക്കും  നല്‍കാന്‍ പോകുന്നത് പൂര്‍ണ്ണ കാഴ്ച്ചയാണെന്നുള്ളതാണ്. കാരണം ഇത് 2020  ആണ്.  20/20 വിഷന്‍ എന്നാല്‍ പരിപൂര്‍ണമായ കാഴ്ച്ചശക്തിയെന്നര്‍ത്ഥമില്ല. കണ്ണിനെ സംബന്ധിച്ച മറ്റു കാര്യങ്ങള്‍ കൂടി ശരിയായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതായത് ഭാവിയിലേക്ക്,  അടുത്ത    വര്‍ഷത്തേക്ക്   നോക്കുന്ന ഒരാള്‍ക്ക് കാഴ്ച തെളിഞ്ഞാല്‍ തന്നെ പലവിധ കാര്യങ്ങള്‍ കൂടി ക്രമപ്പെടേണ്ടതുണ്ട്. എങ്കിലും മങ്ങാത്ത കാഴ്ച്ച കണ്ണട വച്ചും കോണ്‍ടാക്ട് ലെന്‌സ് വച്ചും നേടുന്നപോലെ ഈ വര്ഷം നിങ്ങള്‍ക്ക് ദാനം ചെയ്യുന്നത് തെളിഞ്ഞ കാഴ്ച്ചയായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക.  ജീവിതത്തെക്കുറിച്ച്  എല്ലാവര്ക്കും ഒരു കാഴ്ച്ചപ്പാട് ആവശ്യമാണ്. അത് പരിപൂര്‍ണ്ണ കാഴ്ചയാകുമ്പോള്‍ എല്ലാം സുഖം, സുഖകരം.

അങ്ങനെ രണ്ടായിരത്തി ഇരുപത് ഇതാ പടിവാതില്‍ക്കല്‍. ഓരോ വര്ഷം വന്നുപോകുമ്പോഴും മനുഷ്യര്‍ മാറിക്കൊണ്ടിരിക്കയാണ്. ഒരു നമ്പൂതിരി ഫലിതം ഓര്‍മ്മവരുന്നു. മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മകനെപ്പറ്റി നമ്പൂതിരി പറഞ്ഞു ‘കാലത്തിന്റെ മാറ്റങ്ങളേ.. അക്കാലത്തൊക്കെ  രാഹുവിന്റെ അപഹാരമായിരുന്നെങ്കില്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് യാഹുവിന്റെ  അപഹാരമാണ്.”

ശരിയാണ് ഒരു തലമുറക്ക്  അപരിചിതമായ കാര്യങ്ങള്‍ പുതിയ തലമുറ ചെയ്യുമ്പോള്‍ അവര്‍ പരിഭ്രമിക്കുന്നു. നമ്പൂതിരി ഉപയോഗിച്ച അപഹാരം ഒരു ജ്യോതിഷവാക്കാണ്. ഓരോ നാളുകാര്‍ക്കും ഓരോ ദശകളുണ്ട്. അതുപ്രകാരമുള്ള അപഹാരങ്ങളും. ഇങ്ങനെ പുതുവര്‍ഷം പിറക്കുമ്പോള്‍ ജ്യോതിഷം അറിയുന്നവര്‍ക്ക് ചാകരയാണ്. ഇരുപത്തിയേഴ്  നാളുകളാണുള്ളത്. അതില്‍ ഒമ്പത് നാളുകാര്‍ക്ക് ഈ വര്‍ഷം കേമമാണത്രെ. ഈ ഒമ്പത് നാളുകാരില്‍ ഈ ലേഖകന്‍ ഉള്‍പ്പെടുന്നതുകൊണ്ട്  പല ഫോണ്‍ വിളികളും വന്നു. കാരണം ആ ഒമ്പതില്‍  കൂടുതല്‍ മെച്ചം എന്റെ നാളുകാര്‍ക്കാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ആ നാളില്‍ പ്രസവിച്ചാല്‍ മതിയെന്ന് തീരുമാനിച്ച് സിസ്സേറിയന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കയാണ്. അന്ധവിശ്വാസങ്ങള്‍ ഒരു ഉത്സവം പോലെ ജനം ആഘോഷിക്കുന്നത് കഷ്ടം തന്നെ. അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് വിനോദമായേ കണക്കാക്കാവു. അതിന്റെ ഉല്പത്തിയും സ്വാധീനവും അറിയുന്നതും നേരമ്പോക്കാണ്. അക്കം പതിമൂന്നു അശുഭമായി കരുതുന്നുണ്ട്. അതിനു കാരണം യേശുവിന്റെ ഒടുവിലത്തെ തിരുവത്താഴത്തിനു പതിമൂന്നാമത്തെ അതിഥിയായി ഇരുന്നത് ജൂഡാസ് ആയതുകൊണ്ടാണത്രെ.

ഭാവി എന്താണെന്നറിയാനുള്ള ഉത്ക്കണ്ഠ എല്ലാവര്ക്കും ഉണ്ട്. പ്രത്യേകിച്ച് ഒരു പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍.അതുകൊണ്ടാണ് ഭാവിഫലം പറയുന്നയാളെ തേടി ജനം പോകുന്നത്. റോമന്‍കാര്‍ക്ക് ഒരു ദേവനുണ്ട്. അദ്ദേഹമാണ് ജാനസ്. മുന്നോട്ടും പിറകിലോട്ടും മുഖമുള്ള ദേവന്‍. ഇദ്ദേഹം വാതായനങ്ങളുടെയും പടിവാതിലുകളുടെയും ദേവനായി ആരാധിക്കപ്പെടുന്നു. തുടക്കം ഇദ്ദേഹത്തില്‍ നിന്നായതുകൊണ്ട്  തുടക്കങ്ങള്‍ എല്ലാം ഇദ്ദേഹത്തിന്റെ ആരാധനയോടെ നടത്തുന്നു. തുടക്കം നന്നായാല്‍ എല്ലാം നന്നാകുമെന്ന മനുഷ്യന്റെ സുപ്രതീക്ഷ. ഇങ്ങനെ ഒരു ദേവന്‍ നമുക്ക്  ഭാരതീയര്‍ക്കുമുണ്ട്. അദ്ദേഹമാണ് ഗണപതി. വിഘ്‌നങ്ങളെയൊക്കെ ഒഴിവാക്കി മാര്‍ഗ്ഗം തെളിയിക്കുന്നു ആനത്തലയുള്ള ഈ ദേവന്‍. ഈ ദേവനും എല്ലാ കാര്യങ്ങളിലും പ്രഥമഗണനീയനാണ്.

ഗ്രീക്ക് പുരാണത്തില്‍  ക്രോണോസ്  എന്ന ഒരു ദേവനെപ്പറ്റി പറയുന്നുണ്ട്. ഇദ്ദേഹം രാശിചക്രങ്ങള്‍ തിരിച്ചുകൊണ്ടിരിക്കുന്നു. സമയത്തെ അരിവാള്‍ കൊണ്ട് അരിഞ്ഞു വീഴ്ത്തുന്ന ജോലിയാണ് ഈ ദേവന്‍ ചെയ്യുന്നത്. ഇദ്ദേഹത്തെ ഭാരതത്തിലെ ശനിദേവനോട് താരതമ്യം ചെയ്യുന്നുണ്ട്.  ഭാരതീയരുടെ ശനിദേവന്‍ വാസ്തവത്തില്‍ പ്രതിബന്ധങ്ങള്‍ നമുക്ക് മുന്നില്‍ തീര്‍ക്കുകയാണ്. എന്നാല്‍ ഈ പ്രതിബന്ധങ്ങള്‍ നാം ശീലിക്കുന്ന പരിചയിക്കുന്ന സ്വഭാവമാണ്, ജീവിതരീതികളാണ് എന്ന് മനസ്സിലാക്കണം.  മദ്യപാനത്തിനടിമയായി ആരോഗ്യവും പണവും നഷ്ടപ്പെടുത്തുന്ന ഒരാളുടെ മുന്നിലെ പ്രതിബന്ധം അയാളുടെ സ്വഭാവമാണ്. അതേപോലെ നമ്മള്‍ പ്രതിബന്ധങ്ങള്‍ എന്ന് പേടിക്കുന്ന പലതും നമ്മുടെ തന്നെ സൃഷ്ടിയാണ് അല്ലെങ്കില്‍ നമ്മളോട് ബന്ധപ്പെട്ടവര്‍ തീര്‍ക്കുന്നതാണ്. അത് കാലാകാലങ്ങളില്‍ അതായത് പഴയ കാലം പോയി പുതിയത് വരുമ്പോള്‍ മാറ്റേണ്ടതുണ്ട്. അതിനു ഒരു തുടക്കം ആവശ്യമാണ്. തുടക്കം നന്നാകുന്നതിനായി ജാനസ് ദേവനെയും ഗണപതി ഭഗവാനെയും ജനം ആശ്രയിക്കുന്നു. പുതുവര്‍ഷത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആ വിശ്വാസത്തില്‍ നിന്നാണ്. നിങ്ങള്‍ ദൈവ വിശ്വാസിയാണോ അല്ലയോ എന്നുള്ളതിന് പ്രസക്തിയില്ല.  കാലം നമുക്ക് വേണ്ടി കാത്തുനില്‍ക്കാതെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് എല്ലാവര്ക്കും തോന്നുന്നു. ചില തീരുമാനങ്ങളും പ്രതിജ്ഞകളും ചെയ്യുന്നു.

എന്നാല്‍ പുതുവത്സര പ്രതിജ്ഞകള്‍ അല്‍പ്പായുസ്സോടെ ലംഘിക്കപ്പെടുന്നു. എന്താണ് അതിനു കാരണം.  സുഖലോലുപതക്ക് അടിമയായ നമ്മുടെ മനസ്സിന്   അപരിചിതമായത് എന്തും കൈക്കൊള്ളാന്‍ വിമുഖതയാണ്. എന്തെങ്കിലും സുഖം അത് അനുഭവിച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അതില്‍ നിന്നും വിട്ടുമാറാന്‍ ഇഷ്ടം കാണിക്കുകയില്ല. ഒരു പക്ഷെ അതിനേക്കാള്‍ സുഖകരമായ അനുഭൂതി വേറെയിടത്ത് കിട്ടുമെങ്കിലും.   അതുകൊണ്ട് അത് നമ്മളെ ഉലച്ചുകൊണ്ടിരിക്കും.  മൂപ്പര്‍ക്ക് ഇഷ്ടമുള്ള വാക്ക് "ഒരു പക്ഷെ". എന്നാണു. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും വേറൊന്നു സ്വീകരിച്ചാല്‍ ശരിയാകുമോ? ഭവിഷ്യത്തുകള്‍ ഉണ്ടായാല്‍ പ്രതിവിധിയെന്തു? മനസ്സ് ഒരാളെ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യും. പലപ്പോഴും അറിവുള്ളവരോട് അഭിപ്രായം ആരായുന്നതും സഹായകമാകണമെന്നില്ല. ഒരിക്കല്‍ ചാര്‍ളി ചാപ്ലിന്‍ മാനസികമായി വളരെ തളര്‍ന്നു ചികിത്സ തേടി ഡോക്ടറുടെ അടുത്ത് ചെന്നു. മുന്നിലിരിക്കുന്നത് ചാര്‍ളി ചാപ്ലിനാണെന്നു മനസ്സിലാകാതിരുന്ന ഡോക്ടറുടെ ചികിത്സ "നിങ്ങള്‍ ഏതെങ്കിലും ചാര്‍ളി ചാപ്ലിന്‍ സിനിമ കാണു" എന്നായിരുന്നു.

ഓരോ വര്‍ഷാരംഭവും കാലത്തിന്റെ മാറ്റങ്ങളെ ബോധ്യപ്പെടുത്തുന്നു. സമയം ആക്ഷേപികമാണെന്ന് ഐന്‍സ്‌റ്റൈന്‍ പറഞ്ഞിട്ടുണ്ട്. അതേപോലെ നമ്മള്‍ കണക്കുകൂട്ടുന്ന കാലത്തിനു വ്യതാസങ്ങള്‍ ഉണ്ടാകാം. പെട്ടെന്ന് ഓര്‍ക്കാന്‍ നമുക്ക് അമേരിക്കയില്‍ രാത്രിയാകുമ്പോള്‍ ഇന്ത്യയില്‍ പകലാകുന്നു. മനുഷ്യരുടെയും ദേവന്മാരുടെയും സമയങ്ങള്‍ തമ്മില്‍ വളരെ വ്യതാസമുള്ളതായി മഹാഭാരതത്തില്‍ പറയുന്നുണ്ട്. കുശസ്ഥലിയിലെ വീരപ്രതാപിയായ രാജാവ് തന്റെ മകളായ രേവതിക്ക് അനുയോജ്യനായ വരനെ അന്വേഷിച്ച് കണ്ടെത്താനാകാതെ ബ്രഹ്മാവിനോട് ഉപദേശം ആരായാമെന്ന ഉദ്ദേശ്യത്തോടെ ഭൂമിയില്‍ നിന്നും ബ്രഹ്മലോകത്തെത്തി.ബ്രഹ്മാവ് അപ്പോള്‍ സംഗീതരസമുള്ള ഒരു പരിപാടി ആസ്വദിക്കയായിരുന്നു. അതുകഴിഞ്ഞപ്പോള്‍ രാജാവ് ബ്രഹ്മാവിനെ വണങ്ങി ആഗമോദേശ്യം അറിയിച്ചു. അതുകേട്ട് ബ്രഹ്മദേവന്‍ പൊട്ടിച്ചിരിച്ചു. ബ്രഹ്മാവ് പറഞ്ഞു.. “അല്ലയോ രാജാവ് നിങ്ങളുടെ മകള്‍ക്ക് അനുയോജ്യരായ രാജകുമാരന്മാര്‍ ഒക്കെ മരിച്ചുപോയി. അവരുടെ മക്കളും, കൊച്ചുമക്കളും എല്ലാം മരിച്ചുപോയി. എന്നിട്ട് ബ്രഹ്മാവ് വിവരിച്ചുകൊടുത്തു . സമയം എല്ലായിടത്തും ഒരു  പോലെയല്ല.നിങ്ങള്‍ എന്നെ കാത്തിരുന്നപ്പോള്‍ ഇരുപത്തിയേഴു ചതുര്‍യുഗങ്ങള്‍ ഭൂമിയില്‍ കഴിഞ്ഞുപോയി. നിങ്ങള്‍ക്ക് ഭൂമിയിലുണ്ടായിരുന്ന എല്ലാം എല്ലാം നഷ്ടപ്പെട്ടുപോയി. നിരാശനായ രാജാവിനെ സമാധാനിപ്പിച്ച് ബ്രഹ്മാവ് പറഞ്ഞു ഇവള്‍ക്ക് അനുരൂപനായ ഒരു വരന്‍ ഇപ്പോള്‍ ഭൂമിയിലുണ്ട്. അത് ശ്രീ കൃഷ്ണന്റെ സഹോദരന്‍ ബാലരാമനാണ്.
നമ്മള്‍ അറിയാതെ സമയം നമുക്ക് ചുറ്റും വരുത്തുന്ന മാറ്റങ്ങള്‍ ഒരു പക്ഷെ നമ്മള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അത് രസകരമാകും. ഒരു പക്ഷെ നമ്മള്‍ അറിയുന്നുപോലുമുണ്ടാകില്ല. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഇങ്ങനെ സമയവ്യതാസങ്ങള്‍ അനുഭപ്പെടുന്നത് നമ്മള്‍ വായിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് പുതുവത്സരങ്ങളെ വരവേല്‍ക്കുക, അത് ആഘോഷിക്കുക. നേരത്തെ സൂചിപ്പിച്ചപോലെ നമ്മുടെ ജന്മരാശിയില്‍ എവിടെയോ ഉദിച്ച് നില്‍ക്കുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും കാലവ്യതിയാനമനുസരിച്ച് നമ്മെ ബാധിക്കുന്നുണ്ടായിരിക്കാം. നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമായിരിക്കും.

കഴിഞ്ഞവര്‍ഷം നിങ്ങള്‍ക്കെങ്ങനെയായിരുന്നു എന്ന് സ്വയം പരിശോധിക്കുക. ഇന്നലെകള്‍ ഇല്ലാതെ ഇന്നില്ല. അതേപോലെ അനുഭവങ്ങള്‍ ഭാവിയെ നിയന്ത്രിക്കുന്നതിനുപയോഗിക്കുക.  ഭാവിയെപ്പറ്റി ആരോ പറഞ്ഞതിങ്ങനെയാണ്. ഇന്ന് എന്ന് പറയുന്നത് നാളെ എന്ന് നിങ്ങള്‍ ഉത്ക്കണ്ഠപ്പെട്ട ഇന്നലെയാണ്.

അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചേടത്തോളം രണ്ട് രാജ്യങ്ങളിലേ സ്ഥിതിഗതികള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. രണ്ട് രാജ്യങ്ങളിലെയും സംഭവവികാസങ്ങള്‍ ആഹ്ലാദജനകങ്ങളല്ല. ഭാരതത്തെ സംബന്ധിച്ചേടത്തോളം അവിടെ നടക്കുന്നതൊക്കെ ദൈവങ്ങളുടെ അവതാരങ്ങളും മഹാപുരുഷന്മാരും മുന്‍ കൂട്ടി പ്രവചിച്ചിട്ടുണ്ട്. രാമായണത്തിലെ സീതയുടെ ചോദ്യത്തിന് ശ്രീരാമന്‍ പറയുന്നുണ്ട്. കലിയുഗം എന്ന ഒരു യുഗം വരും ആ കാലത്ത് മൂല്യച്യുതിയുണ്ടാകും അരയന്നത്തെക്കാള്‍ കാക്കകള്‍ ബഹുമാനിക്കപ്പെടും. അപ്പോള്‍ സീത വീണ്ടും ചോദിക്കുന്നു "കര്‍മ്മധര്‍മങ്ങള്‍" ഉണ്ടാകില്ലേ. അതിനു മറുപടിയായി ശ്രീരാമന്‍ പറഞ്ഞത് എത്രയോ വാസ്തവമായി  എന്ന് നമുക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നു. കര്‍മ്മധര്‍മ്മങ്ങള്‍ വളരെ ചെറുതായി ജനം അനുഷ്ടിക്കുമെങ്കിലും അവര്‍ മാനം കാക്കാത്തവരായിരിക്കും. രാജാവും പ്രജകളും നിയമം അനുസരിക്കാതെ അവര്‍ക്കിഷ്ടമുള്ളത് ചെയ്യും. കയ്യില്‍ ആയുധമുള്ളവന്‍ (അധികാരം എന്നര്ത്ഥത്തിലായിരിക്കാം) കാര്യങ്ങള്‍ നടത്തും. അമ്പലങ്ങള്‍ ഒഴിഞ്ഞുകിടക്കും മധുശാലകള്‍ നിറഞ്ഞുകവിയും. അച്ഛന്‍ മകളെ വിവാഹം കഴിച്ച്‌കൊടുക്കാതെ   നിശാക്ലബുകളില്‍  അയാളോടൊത്ത് നൃത്തം ചെയ്യാന്‍ കൊണ്ടുപോകും. പ്രവചനങ്ങള്‍ പലതും സാക്ഷാത്ക്കരിക്കപ്പെട്ടുവെന്നത് സങ്കടകരം. കാലം എല്ലാറ്റിനും സാക്ഷിയാകുന്നു.

നാളെയെന്ന വാഗ്ദാനം എന്നും മനുഷ്യനൊപ്പം ഉണ്ട്. എന്നാല്‍ മുന്നോട്ട് നോക്കുന്ന മനുഷ്യന്റെ കാഴ്ചയില്‍ മങ്ങല്‍ ഉള്ളതുകൊണ്ട് അവനു നാളെയെ പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നു. ഈ 2020 അവനു നേര്‍ക്കാഴ്ച്ചകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.  എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം ആശംസിക്കുന്നു.

ശുഭം
 
Join WhatsApp News
Promises to be broken 2019-12-30 11:25:44

U


isn't some times, human life is a U turn?

Every New Year's day people make promises to themselves but how many keep it or survive it, very few. Life will never be perfect nor it is intended to be & it shouldn't be. It is ok to error, break promises but learn from it.

The whole humanity regardless of where they are is suffering many evil, religious, political, economic, health, poverty disasters. Will there be an end to all these. I have hope & so is optimistic about a better future.

Hope, more and more will leave the evil religions and become nonreligious.

Hope more and more will leave racist politics and love the whole humanity.

Hope more and more will care for the poor & hungry.

Hope more and more will think rationally and do good deeds.

Hope more kindness will increase in our society.

Thank you Sudhir Panikkaveettil for the entertainment & thoughts you share.

- andrew

Tom Abraham 2020-01-01 11:52:15
I don’t have 20/20 vision but my inner vision , my Hindu- Christian- Judaic vision is a divine grace.  May the author be blessed for an eclectic approach in philosophical introspections.
20/20 VISION 2020-01-01 13:18:00
ചിലരുടെ 20/ 20  വിഷൻ , വലതു കണ്ണ്  45 ഡിഗ്രി വലത്തോട്ടും  ഇടതു  കണ്ണ്  60 ഡിഗ്രി ഇടത്തോട്ടും ആണ് , അതിനാൽ മുന്നിൽ ഉള്ളത് കാണില്ല.  അവരാണ്  സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ എന്നും പുതിയ സംഘടന ഉണ്ടാക്കുന്നുന്നവർ. ഇവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരും. -നാരദൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക