Image

ഒടുവിലത്തെ കിടപ്പുമുറി (കഥ: ശ്യാംസുന്ദർ പി ഹരിദാസ്)

Published on 31 December, 2019
ഒടുവിലത്തെ കിടപ്പുമുറി (കഥ: ശ്യാംസുന്ദർ പി ഹരിദാസ്)

മരുന്ന് മണങ്ങൾക്ക് നടുവിൽ, നീണ്ട ഉറക്കത്തിനും ബോധത്തിനുമിടയിൽ കിടക്കുമ്പോൾ ആനിക്കുള്ളിൽ ഒരു നിലവിളിയുണർന്നു. ആ നിലവിളിക്ക്  ലൂസ്യളേമ്മയുടെ ശബ്ദമായിരുന്നു. ഏതബോധാവസ്ഥയിൽ നിന്നും ആനിയെ ഉണർത്താൻ ശക്തിയുണ്ട് ലൂസ്യളേമ്മയുടെ ശബ്ദത്തിന്. 'എളേമ്മേ.. എളേമ്മേ.. ' കണ്ണടച്ചു കിടന്ന് ഒരു മന്ത്രം പോലെ ആനി ചുണ്ടനക്കി. 'എളേമ്മേ' എന്നത് ഒരു വിളി മാത്രമായിരുന്നില്ല അവൾക്ക്. അത് ഉയിർത്തെഴുന്നേൽപ്പിന്റെ മന്ത്രമാണ്.
'എളേമ്മ ഇവ്ട്ണ്ട് ട്ടാ.. പേടിക്കണ്ടാട്ടാ.. ഒന്നുല്ല്യറീ നിന്ക്ക്.. ഒന്നുല്ല്യ ' . ലൂസി കിടക്കകരികിലിരുന്ന് ആനിയുടെ വിരലുകളിൽ തഴുകി.. ആനി കണ്ണു തുറന്നു. ഒരു കാറ്റ് ജനാല വഴി അകത്തേക്ക് വീശിയടിച്ചു. വൃശ്ചികത്തിലെ പൊടിക്കാറ്റാണ്. ഓരോ നേരത്തും വീശുന്ന കാറ്റിന് ഓരോ മണമാണ്. അപ്പോൾ വീശിയ കാറ്റിന് പച്ചമണ്ണിന്റെ മണമുണ്ടായിരുന്നു. ലൂസ്യളേമ്മക്കും പച്ചമണ്ണിന്റെ മണമാണ്. ശവക്കുഴി വെട്ടി, ദേഹത്ത് പറ്റിയ മൺതരിയോടെയും വിയർപ്പോടെയും ലൂസ്യളേമ്മ കിണറ്റിൻ കരയിൽ നിന്ന് രണ്ടുതൊട്ടി വെള്ളം തലവഴി കോരിയൊഴിക്കും. പിന്നെയാണ് ചെറുപയറുപൊടി തേച്ചുള്ള കുളി. കുളി കഴിഞ്ഞാലും മണ്ണിന്റെ മണം ദേഹത്ത് പറ്റി നിൽക്കും. ആനിക്കിഷ്ടമാണ് പച്ചമണ്ണിന്റെ ആ മണം.

ലൂസി അവളുടെ ജീവിതത്തിൽ രണ്ടേ രണ്ടു തവണ മാത്രമാണ് 'നിലവിളിച്ചിട്ടുള്ളത്'.ഒരിക്കൽ മാത്രം ശബ്ദമില്ലാതെ കരഞ്ഞിട്ടുണ്ട്, കാലടിയ്ക്കൽ ആന്റണിയുടെ ശവക്കുഴി വെട്ടുമ്പോൾ.  അതവളുടെ ആത്മസംഘർഷം കൊണ്ടുണ്ടായ കരച്ചിലായിരുന്നു.അമ്മാവൻ മരിച്ചപ്പോഴാണ് അവൾ ആദ്യമായി മാതാവിനെ വിളിച്ചു നിലവിളിച്ചത്. ശവക്കുഴി വെട്ടുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു ലൂസിയുടെ അമ്മാവൻ. കുഴിച്ച കുഴിയിൽ തന്നെ 'കർത്താവേ ഞാൻ ദേ അങ്ക്ട് വര്ണ്' എന്നും പറയും പോലെ കൈകാലുകൾ മുകളിലേക്ക് ഉയർത്തിപ്പിടിച്ച് വീണുകിടക്കുകയായിരുന്നു അയാൾ . തുച്ഛമായ വെട്ടുകാശിനാണ് അന്ന് അമ്മാവൻ കുഴിയെടുത്തിരുന്നത്.ഇന്നത്തേത് പോലെ ഒരു കുഴിക്ക് എഴുന്നൂറോ എണ്ണൂറോ  രൂപയൊന്നുമായിരുന്നില്ല, ആറോ ഏഴോ രൂപയായിരുന്നു അക്കാലത്ത് വെട്ടുകാശ്. പണികഴിഞ്ഞു സഞ്ചിയിൽ ഉണക്കകപ്പയുമായി അമ്മാവൻ വരുന്നത് കാത്തിരുന്ന ലൂസിയുടെ മുന്നിലേക്കായിരുന്നു മരിച്ചുപോയ അമ്മാവനെ കൊണ്ടുവന്നു കിടത്തിയത്. ആദ്യമവൾക്ക് അമ്മാവൻ മരിച്ചുപോയെന്ന് വിശ്വസിക്കാനായില്ല.ലൂസിയുടെയും അവളുടെ ബുദ്ധിസ്ഥിരതയില്ലാത്ത ചേടത്തിയാരുടെയും ഒരേയൊരത്താണിയാണ് കണ്മുന്നിൽ മരിച്ചു കിടക്കുന്നത്.  ഒന്നും രണ്ടും തവണ അവൾ അമ്മാവനെ കുലുക്കി വിളിച്ചു. 'ലൂസിക്ക് വെശ്ക്ക്ണ്ട് ട്ടാ.. ഒന്ന് കണ്ണാ തൊറന്നേ അമ്മാവാ'.ലൂസി പറഞ്ഞു. അമ്മാവൻ മിണ്ടിയില്ല. ലൂസിയുടെ ശബ്ദം പിന്നെ വലിയൊരു നിലവിളിയിൽ അവസാനിച്ചു. 'ഇത് വെല്യേ ചത്യായി ട്ടാ അമ്മാവാ' എന്ന് പറഞ്ഞാണ് ലൂസി ആ നിലവിളി അവസാനിപ്പിച്ചത്. അമ്മാവൻ ഇല്ലാതായപ്പോഴാണ് പട്ടിണി എന്തെന്ന് അവൾ  അറിഞ്ഞത്. വിശപ്പ്‌ സഹിക്കാനാവാതെ വന്ന ആദ്യ ദിവസം തന്നെ അവൾ ആത്മഹത്യക്കൊരുങ്ങി. രാത്രി, തലേന്നത്തെ കഞ്ഞിവെള്ളത്തിൽ എലിവിഷം കലക്കുമ്പോഴാണ് ചേടത്തിയാരുടെ കുഞ്ഞ് ആനി പതുക്കെ മുട്ടിലിഴഞ്ഞു വന്ന് ലൂസിയുടെ കാൽതള്ളവിരലിൽ പിടുത്തമിട്ടത്. 'എന്റെ മാതാവേ.. ന്തൂട്ട് അന്തക്കേട്ണ് ഞാൻ കാട്ടാൻ പോയെ ' എന്ന് അടിവയറ്റിൽ നിന്ന് നെറുകന്തലയിലേക്ക് ഉരുണ്ടു കയറിയ ആന്തലോടെ വിഷം കലക്കിയ കഞ്ഞിവെള്ള പാത്രം പുറംകാലുകൊണ്ട് തട്ടി തെറിപ്പിച്ച് ലൂസി, ഒന്നര വയസ്സുകാരി ആനിയെ വാരിയെടുത്ത് നെഞ്ചോടടക്കി പിടിക്കുകയായിരുന്നു. ആനിയെ ഒക്കത്തിരുത്തി നിലത്ത് പരന്നു പോയ കഞ്ഞിവെള്ളത്തിലേക്ക് നോക്കി അവൾ  നെടുവീർപ്പിട്ടു -' ആകെണ്ടായ കഞ്ഞീരെ വെള്ളണ്.. !'
പിൽക്കാലത്ത് ആനിയോട് സ്നേഹം മൂക്കുമ്പോഴെല്ലാം ലൂസ്യളേമ്മ ആ കഥ പറഞ്ഞു ചിരിക്കാറുണ്ട്. ആനിയെ വട്ടം ചുറ്റി പിടിച്ച് കിടന്ന് ലൂസ്യളേമ്മ പറയാറുണ്ടായിരുന്നു -' ആന്യേ.. നീയന്ന് നീന്ത്യാ വന്ന്ട്ട് എളേമ്മേനെ തൊട്ട്ല്ല്യര്ന്നെങ്കി ഇന്നിങ്ങനെ കെടക്കാൻ നിനക്കീ എളേമ്മ ണ്ടാവൂലാര്ന്നു ട്ടാ.. നീ എന്റെ കട്ടേണ്ടീ.. എന്റെ തങ്കകട്ട'. ആനിയപ്പോൾ എളേമ്മയിലേക്ക് ഒന്നുകൂടി പറ്റിചേർന്ന് കിടക്കും. 'ചെല നേര്ത്തൊക്കെ ഇനിക്കും തോന്നും.. മോളില് ദൈവംതമ്പുരാൻന്ന്  പറഞ്ഞ ഒരാളാ ണ്ട്ന്ന്. 'ലൂസി നെടുവീർപ്പിടും.  അങ്ങനേ പഴങ്കഥകൾ പറഞ്ഞവർ ഒരുമിച്ചുറങ്ങുമായിരുന്നു.

വിധി, ഉണ്ണുന്ന ചോറിൽ മണ്ണിട്ടു എന്നാണ്  അമ്മാവൻ മരിച്ചതിനോടടുത്ത നാളുകളിൽ ലൂസിക്ക് തോന്നിയത്.പഠിപ്പും ലോകവിവരവുമില്ലാത്ത മധുരപ്പതിനേഴുകാരി എന്ത് പണിക്ക് പോകും? എത്ര വീടുകളുടെ അടുക്കളപ്പുറങ്ങളിൽ എച്ചിൽ പാത്രം മോറും? മൂന്ന് വയറുകളുടെ വിശപ്പായിരുന്നു ലൂസിക്ക് മുന്നിലുള്ള വലിയ വിഷയം. അവൾക്ക് തലയിൽ ബാന്റ് മേളം കൊട്ടുകയായിരുന്നു. ആ ദിവസങ്ങളിലൊക്കെ അവളുടെ പെടാപ്പാടും വേദനകളുമൊന്നും തിരിച്ചറിയാൻ കഴിയാതെ ആനിയുടെ പൊട്ടിപ്പൊളിഞ്ഞ നിറം മങ്ങിയ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുകയും ഇടക്ക് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ചേടത്തിയാരെ കാണുമ്പോൾ ലൂസിക്ക് കലികയറി. 'ഒന്ന്വങ്ങട് അറിയണ്ടല്ലോ. ഇങ്ങനെ ഇരുന്നാ ചിരിച്ചോ. ഭ്രാന്ത് പിടിച്ചോര്ക്ക് ന്തൂട്ട് വെശ്പ്പ് ന്തൂട്ട് ദണ്ണം ' ലൂസി തല കുമ്മായഭിത്തിയിലിടച്ചുകൊണ്ട് ദേഷ്യം തീർത്തു. അന്ന് രാത്രി ഉറക്കത്തിനിടെ ലൂസിയുടെ കാൽക്കലേക്ക് നിരങ്ങി  വന്നിരുന്നു അവളെ തൊട്ട് വിളിച്ച് ചേടത്തിയാര് പറഞ്ഞു -'വെശ്ക്ക്ണ്ടീ.. ന്തൂട്ടേലും തിന്നാൻ തായോ'..! ലൂസിക്ക് പിന്നെ ഉറക്കം വന്നില്ല. അവൾ തികട്ടി വന്ന സങ്കടങ്ങളെ മുഴുവൻ ഉള്ളിലേക്ക് വിഴുങ്ങി  ചവിട്ടിക്കുത്തി പുറത്തേക്ക് എഴുന്നേറ്റ് പോയി. ഇറയത്ത് അമ്മാവന്റെ മൺവെട്ടി-അതിന്റെ മിനുത്ത മരപ്പിടിയിൽ കൈ പതിഞ്ഞപ്പോൾ ബാധകൂടിയ പെണ്ണുങ്ങൾ ഒല്ലൂര് മാലാഖയുടെ മുന്നിൽ നിന്ന് തുള്ളുന്നത് പോലെ ലൂസി വെട്ടി വിറച്ചു. അങ്ങനേ ലൂസി ആദ്യത്തെ ശവക്കുഴിവെട്ടുകാരിയായി. ആദ്യത്തെ ദിവസം ശവക്കുഴിയിൽ നിന്ന് കയറാതെ ലൂസി പേടിച്ചു നിലവിളിച്ചു. 'മാതാവേ..ഇത് അഴുത്തിട്ടില്യ. 'അടക്കം ചെയ്ത് രണ്ടുവർഷം കഴിഞ്ഞ് കുഴി തുറന്ന് അസ്ഥിയും മുടിയും വാരാനിറങ്ങിയ അവൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു. ഒറ്റയ്ക്കാണ്. ഒരു ധൈര്യത്തിന് അവൾ അമ്മാവന്റെ മുഖമോർത്തു . 'ലൂസ്യേ...നീ നിന്റമ്മാവന്‌ പേര്ദോഷം കേപ്പിക്ക്യാണ്ട് പെട്ടിമ്മല് മൂന്നാല് ഓട്ടങ്ങട് ഇട്ടേറീ.. ന്നട്ട് കുഴ്യാ മൂട് '.അമ്മാവൻ മനസ്സിനകത്തിരുന്ന് പറഞ്ഞു. ചോർന്നുപോയ ചങ്കൂറ്റം വീണ്ടെടുത്ത് ഇന്റാലിയത്തിന്റെ ശവപ്പെട്ടിയിൽ വലിയ ദ്വാരങ്ങളിട്ട് ലൂസി പെട്ടിയടച്ചു. കുഴി മണ്ണ് വെട്ടിയിട്ട് മൂടി. അവൾ നിന്ന് വിയർത്തു. അന്ന് ലൂസി ശവക്കുഴി വെട്ടലിലെ ആദ്യ പാഠം പഠിച്ചു. പിന്നീടൊരിക്കൽപ്പോലും ജീവിതത്തിൽ ലൂസി ഒന്നിനെയും ഭയപ്പെട്ടില്ല. അഴുകിയതും അഴുകാത്തതുമായ 'ശവങ്ങൾ' കുഴിയിൽ കിടന്ന് അവളെ പേടിപ്പെടുത്താൻ ശ്രമിക്കുമ്പോഴെല്ലാം മൺവെട്ടി തോളത്തേറ്റി, ഇടതുകൈ എളിയിൽ കുത്തി ലൂസി നിവർന്നൊരു നിൽപ്പുണ്ട്. 'ഇങ്ങെനെ കെടന്ന് നോക്കീട്ട് ഒരു കാര്യോല്ല്യാട്ടാ.. ലൂസി പേടിക്കില്യ.. പേട്യല്ല. വെശ്പ്പ്ണ് അതിലും വെലുത് '.

ജൂൺ മാസത്തിലാണ് മരണങ്ങൾ ഏറ്റവുമധികം നടക്കുന്നത്. ദീനം വന്നു കിടപ്പിലായി അവശരായിപ്പോയവരെല്ലാം കർത്താവിന്റെ വിളികേൾക്കുന്നത് മഴക്കാലത്താണ്. ഭ്രാന്ത് പിടിച്ച് അട്ടഹസിച്ചു പെയ്യുന്ന മഴയിലും പള്ളിമേടയിൽ മരണമണി മുഴങ്ങുന്നത്
ലൂസ്യളേമ്മ കേൾക്കും. ദേഹത്ത് ഒട്ടിച്ചേർന്ന് കിടന്നിരുന്ന  ആനിയെ മാറ്റിക്കിടത്തി വെളിപാണ്ടുണ്ടായിട്ടെന്നോണം പായയിൽ നിന്നെഴുന്നേറ്റ ലൂസ്യളേമ്മയോട് ഒരിക്കൽ ആനി ചോദിച്ചു-മരിച്ചു പോയൊരെ അടക്കീപ്പഴും കാലാവ്മ്പോ കുഴീന്ന് അസ്ഥി കിണറ്റിൽക്ക് ഇടുമ്പഴും പേടി തോന്നീട്ടില്ല്യെ  എളേമ്മക്ക് '?
'ന്തൂട്ടിന്ണ്ടീ ക്ടാവേ.. കുഴീലായൊരെ പേടിക്കണേ. ജീവിച്ചിരിക്കുന്നോറ്റ്ളേ പേടിച്ചാ പോരെ മ്മ്ക്ക്.? ' എളേമ്മ സെമിത്തേരിയിലേക്ക് നടന്നു-കുഴിവെട്ടാൻ -ആറടി നീളത്തിലും മൂന്നടി ആഴത്തിലും ഒടുവിലത്തെ കിടപ്പുമുറി പണിയാൻ.
'ഒറ്റയ്ക്കാവ്ണ്ത്ണ്ടീ നല്ലത്. പോണോരൊക്കെ പോവും. അടർന്നടർന്ന് പോവും. അടർന്ന് പോകലോളൊക്കെ നല്ലത്ണ്.  അടർന്നടർന്ന് ഒറ്റയ്ക്കാവ്മ്പോള്ണ് അവനോന്റെ ധൈര്യം എത്രെണ്ടെന്ന് മനസ്സിലാവോള്ളൂ.. പെണ്ണുങ്ങള്ക്ക് ധൈര്യാണ് വേണ്ടത്. നീ നല്ല ധൈര്യള്ള പെണ്ണാവണം ട്ടാ'..ലൂസ്യളേമ്മയുടെ വാക്കുകൾ ആനിയുടെ കാതുകളിൽ പെരുമ്പറ മുഴക്കി.ആശുപത്രികിടക്കയുടെ പച്ചവിരിയിൽ വിരലുകളൂന്നി ശേഷിക്കുന്ന ശക്തി മുഴുവൻ പുറത്തേക്കൂറ്റി വലിയൊരു നിലവിളിയോടെ ആനി ഞെട്ടി എഴുന്നേറ്റു. കണ്ണുകൾ വട്ടം പിടിച്ച് അവൾ ലൂസി എളേമ്മയെ നോക്കി.

'എളേമ്മേ.. മരണ മണ്യാ മൊഴങ്ങണെ.. ഇന്നാര്ണ് മരിച്ചേ? ' ആനിയുടെ ചോദ്യം ഒരു കൊള്ളിയാൻ പോലെ ലൂസിയുടെ ഹൃദയത്തിൽ പതിച്ചു. ആനി ഇട്ടിരുന്ന വസ്ത്രം പിച്ചിചീന്താൻ തുടങ്ങുകയായിരുന്നു. അവൾക്ക് തുണി ഒരു 'അധികപ്പറ്റായി' തോന്നി. 'ന്തൂട്ട്നാപ്പൊത് ന്റെ മേത്ത്. യ്ക്ക് തുണി വേണ്ടളെമ്മേ.. ' അവൾ പല്ലുകൾ കടിച്ചുപിടിച്ചു ദേഹത്തെ തുണി വലിച്ചു പറിച്ചു കളയാൻ ശ്രമിക്കുകയാണ്. 'മാതാവേ ഈ ക്ടാവ്ത് '..ലൂസി അവളെ പൊതിഞ്ഞു പിടിച്ചു. എളേമ്മയുടെ ദേഹത്തെ പച്ചമണ്ണിന്റെ മണം ആനിയുടെ നെറുകയിൽ മഞ്ഞു കോരിയിട്ട ആശ്വാസം നൽകി. അവൾ ലൂസിയുടെ നെഞ്ചോട് ചേർന്നു. 'എളേമ്മേ.  ഇനിക്കൊന്നാ മഴ കൊള്ളണം. തുണില്ല്യാതെ മഴേത്ത് നിക്കണം ' ആനിക്കവളുടെ ഉടൽ പൊള്ളുകയാണ്.  കനല് കോരിയിട്ടത് പോലെ നിന്ന് കത്തുകയാണ് ആനി.
'കൊള്ളിക്കാ.. എളേമ്മ കൊള്ളിക്കാട്ടാ.. നീ ഇങ്ങനെ നെലോളിക്കാതെ ഒന്നാ അടങ്യെന്റെ ആന്യേ.. നിന്ക്ക് എളേമ്മ ഇല്ല്യേറീ.. നിന്റെ ഈ ലൂസ്യളേമ്മ'.
ആനിയെ അടക്കിപ്പിടിച്ചു ലൂസി ഇരുന്നിടത്തിരുന്ന് ഡ്യൂട്ടി നേഴ്‌സിനെ വിളിച്ചു. നേഴ്സ് ഡോക്ടറെയും  കൂട്ടി വന്നു. 'വാലും തലേം ഇല്ല്യാണ്ട് ആനി ഓരോന്നാ പറയേണ് ഡോക്റ്റെ.  ' ലൂസി പറഞ്ഞു. ഡോക്ടർ ആനിക്ക് മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചു. ആനിയുടെ മനസ്സിപ്പോൾ വലിയൊരു കയത്തിന് മീതെ നിന്ന് തൂങ്ങിയാടുകയാണ്. കഴിഞ്ഞുപോയ ദിവസങ്ങളിലെല്ലാം ആനി ആശുപത്രിമുറിക്കുള്ളിൽ ബോധമില്ലാതെ ഒരേ കിടപ്പിലായിരുന്നു. അവളിപ്പോൾ ഒരു മഴയാണ് ആഗ്രഹിക്കുന്നത്. വെള്ളം.. -വെള്ളം ഒഴുക്കികളയാത്ത സങ്കടം ഏതാണുള്ളത്.

പുലരുന്നെയുണ്ടായിരുന്നുള്ളൂ. മാതാവിന്റെ പള്ളിയിൽ നിന്ന് മരണമണി മുഴങ്ങുന്നത് കേട്ടാണ് ലൂസി എഴുന്നേറ്റത്. വിരല് വെച്ചാൽ മുറിഞ്ഞു പോകുന്ന മഴയാണ് പുറത്ത്. ഉമിക്കരിയിട്ട് പല്ലുതേച്ച് മുഖമൊന്നു നനച്ചു തുടച്ച് സമയം പാഴാക്കാതെ ലൂസി കരിമ്പടം പോലെ ഇരുട്ട് മൂടിക്കിടന്ന വഴിയിലൂടെ നടന്നു. മൺവെട്ടിയും തൂമ്പയും തോളിലേറ്റി മഴയെ കീറിമുറിച്ച് തണുപ്പിനെ വകവെക്കാതെ നടക്കുമ്പോൾ അവൾ മനസ്സിലോർത്തു -'ഇന്നാര്ണാവോ..?' ഉദയ ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ തോമസ് വിളിച്ചു -'ലൂസ്യേ ചായ വേണ്ടേറീ'..അവിടെ വെച്ചാണ് മരിച്ചത് കാലടിയ്ക്കലെ ആന്റണിയാണെന്ന് ലൂസിയറിഞ്ഞത്. അവളുടെ വെളുത്തു തുടുത്ത മുഖത്തേക്ക് രക്തം ഇരച്ചുകയറി. ലൂസി കാത്തിരുന്ന മരണമായിരുന്നു അത്. ആവി പറക്കുന്ന ചായ ഒറ്റവലിക്കിറക്കി അവൾ പള്ളിമേടയിലേക്ക് ആഞ്ഞു വലിഞ്ഞു നടക്കുകയായിരുന്നു. 'മ്മ്ടെ ലൂസി ചിറിക്കില്ല്യെ തോമാസേട്ടാ'?  പത്രക്കെട്ടെടുക്കാൻ വന്ന ജോൺ  ചോദിച്ചു. 'മ്മ്ടെ ലൂസ്യാ.. അവളെങേനെണ്ടാ മ്മ്ടെ ലൂസ്യാവാ. അവള് ചിറിക്കും. അതവൾടെ ആന്യോട്. നീയായ്ട്ടിനി അവളെ ചിറിപ്പിക്ക്യാൻ നോക്കണ്ടന്റെ ജോണെ'.. തോമാസേട്ടൻ ചായ നീട്ടിയൊരടി അടിച്ചു. ലൂസിയുടെ ആത്മസംഘർഷം ലൂസിക്ക് മാത്രമറിയാവുന്ന ഒരു വലിയ രഹസ്യമായിരുന്നു. അത് ആനിക്കുപോലുമറിയില്ലായിരുന്നു. മരണവീട്ടിൽ നിന്നെത്തിയ ബന്ധുവിനെയും പള്ളീലച്ചനെയും കണ്ടുകഴിഞ്ഞു ലൂസി സെമിത്തേരിയിലേക്കിറങ്ങി. കാലടിയ്ക്കലെ കുടുംബ വക കല്ലറ മാർബിൾ കൊണ്ടുണ്ടാക്കിയതാണ്. ലൂസിക്ക് അരിശം വന്നു. സിമന്റിട്ട് ഉറപ്പിച്ച മാർബിൾ സ്ളാബുകൾ പൊക്കിമാറ്റി കുഴിയെടുക്കേണ്ടതും കുഴിമാന്തേണ്ടതും ലൂസിയാണ്. രണ്ടാണുങ്ങൾ ചെയ്യേണ്ട പണി ഒറ്റയ്ക്ക് പൂർത്തിയാക്കണമവൾ. 'പത്രാസ് കാട്ടാൻ മാത്രം ന്തൂട്ട് തേങ്ങക്ക്ണവോ മാതാവേ ഇങ്ങനെ കല്ലറണ്ടാക്കണെ. ചത്തിട്ടും ആന്റണി ഇനിക്കൊരു തൊയിര്യം തരണ്ല്ല്യല്ലോ. 'എന്ന് പറഞ്ഞുകൊണ്ടാണ് ലൂസി മാർബിൾ സ്ലാബുകൾ കൊത്തിയിളക്കിയത്. അവൾ മഴയിൽ നനഞ്ഞു കുളിച്ചു. ഒരേ ദിവസം അഞ്ചു കുഴിവരെ എടുത്തിട്ടുണ്ട് ലൂസി. അന്നൊന്നും അവൾ തളർന്നിരുന്നില്ല. പക്ഷേ ആന്റണിയുടെ കുഴിവെട്ടുമ്പോൾ ലൂസി തളർന്നു. ഓരോ വെട്ടും ആന്റണിയുടെ നെഞ്ചത്തായിരുന്നു. ലൂസി ആഞ്ഞു വെട്ടി. വെട്ടി വെട്ടി തളർന്നു. ഒടുവിൽ കുഴിയുടെ വക്കത്തേക്ക് നിരങ്ങി കയറുമ്പോൾ അവൾക്ക് രക്തം പോയി. അവൾ നിന്ന് കിതച്ചു. ആന്റണിയുടെ അലങ്കരിച്ച പെട്ടി കുഴിയിലേക്കിറക്കി കുഴി മണ്ണ് വെട്ടിയിട്ട് മൂടുമ്പോൾ ലൂസി നിഗൂഢമായി ചിറികോട്ടി ചിരിച്ചു. കഴിഞ്ഞുപോയ കാലത്തെയാണ് അവൾ കുഴിച്ചു മൂടിയത്. -എല്ല് നുറുങ്ങിയ വേദനയെ, അടക്കിപ്പിടിച്ച നിലവിളികളെ. അടക്കം കഴിഞ്ഞു ബന്ധുക്കൾ പിരിഞ്ഞു പോയിട്ടും ലൂസി സെമിത്തേരിപ്പറമ്പിലെ പൂവരശിന്റെ  ചുവട്ടിൽ തന്നെ നിന്നു. മെയ്‌ മാസത്തിൽ പൂത്ത്, പിന്നീട് പൊഴിഞ്ഞുവീണ  ചുവന്ന പൂക്കൾ മഴയിൽ അളിഞ്ഞു കിടന്നിരുന്നു. അതിന് മീതെയാണ് ലൂസിയുടെ നിൽപ്പ്. അവൾക്ക് പിന്നെയും പെരുവിരലിൽ നിന്ന് തരിപ്പ് അരിച്ചു  കയറി. മൺവെട്ടി കൊണ്ട് ആന്റണിയുടെ നെഞ്ചത്ത് ഒന്ന് കൂടി വെട്ടി അവൾ ആക്രോശിച്ചു - നിന്റെ വെല്ല്യപ്പാപ്പന് കുഴി വെട്ടീണ്ട്രാ ചെളക്കെ ഈ ലൂസി. ഒപ്പീസ് കിട്ടി സുഖായിട്ട് കെടക്കാന്നാ വിചാരം.. ഇല്ല്യാട്ടാ. നിന്റെ കുഴി തോണ്ടണ്തും ഈ ലൂസ്യാണ്ടാ '. അപ്രതീക്ഷിതമായൊരിടി കുടുങ്ങി. ഭൂമി വിറച്ചു. ഈയലുകളും കൂണുകളും മണ്ണിനടിയിൽ നിന്ന് തലപൊക്കി. അന്ന് സെമിത്തേരിയിൽ നിന്ന് തിരികെവന്ന് കിണറ്റിൻ കരയിൽ നിന്ന് വെള്ളം തലയിൽ കോരിഒഴിക്കുമ്പോൾ ലൂസി ശബ്ദമില്ലാതെ കരഞ്ഞു. ജീവിതത്തിൽ ലൂസിയുടെ അവസാനത്തെ കരച്ചിലായിരുന്നു അത്. കുളികഴിഞ്ഞു വന്ന എളേമ്മയുടെ ചുവന്നു വീർത്ത കണ്ണുകളിൽ നോക്കി ആനി ചോദിച്ചു.
"എളേമ്മേ.. എളേമ്മ കരഞ്ഞൂല്ലേ..? മരിച്ചാളെ  ഓർത്ത്ട്ടാ എളേമ്മ കരഞ്ഞേ"

ലൂസി തലയാട്ടി.

"സ്നേഹള്ളോര് മരിച്ചാലല്ലേ മ്മ്ക്ക് കരച്ചില് വെരൊള്ളൂ.. അയാളോട് സ്നേഹണ്ടായ്ര്ന്നാ എളേമ്മക്ക്? "

"ആര്ണ്ടീ ആന്യേ ഈ അന്തല്ല്യാത്തരം പറഞ്ഞേ.. മ്മ്ള് പെണ്ണുങ്ങൾടെള്ളില് ഇഷ്ടക്കണക്കിനൊള്ളോരു സാധനാ ഈ കണ്ണീര്‌.. അതിപ്പോ സ്നേഹായാലും വെറുപ്പായാലും പക്യായാലും ഇനിപ്പോ ഉള്ളിലടിഞ്ഞ അഴുക്കായാലും അതാ മേത്ത്ന്ന് ഒഴിഞ്ഞു പോവ്മ്പോ ഉള്ളിലൊള്ളതൊക്കെ കണ്ണീരായിട്ടാ പൊറത്ത്ക്ക് പോണേ. അതറിയ്യോ നിന്ക്ക്? 

ആനി അവളുടെ എളേമ്മയെ അന്തിച്ചു നോക്കി നിന്നു.

"എളെമ്മേടെ മേത്ത്ന്ന് ഇന്നൊരഴ്ക്ക്ണ് മഴേത്ത് ഒലിച്ചാ പോയത്. എളേമ്മക്ക് ഇന്യോന്ന് നടുനീർത്തണം. "

ലൂസി പറഞ്ഞതൊന്നും ആനിക്ക് മനസ്സിലായില്ല. ഒന്ന് മാത്രം അവൾ പഠിച്ചെടുത്തു. -'എളേമ്മക്ക് ഒരു വല്ല്യേ ദുഃഖണ്ടായിരുന്നു. അതങ്ങട് പോയ്‌.. വെള്ളം കഴുകികളയാത്ത അഴ്ക്കൊന്നും ഈ ലോകത്തില്ല്യ. അത് മഴവെള്ളയാലും അതേ കണ്ണിലെ വെള്ളയാലും അതേ "!

മയക്കമുണർന്നപ്പോൾ ആശുപത്രിക്കിടക്കയിൽ കിടന്ന് ആനി കരയുവാൻ ശ്രമിച്ചു. കരഞ്ഞാൽ വേവുന്ന നെഞ്ചിന് ഒരാശ്വാസമാണെന്നാണ് ആനിക്ക് തോന്നിയത്. പക്ഷേ ആനിക്ക് കണ്ണീര് വന്നില്ല. കഴിഞ്ഞുപോയ ദിവസങ്ങൾ അവളിൽ നിന്ന് കണ്ണീരിനെ ചോർത്തി കളഞ്ഞിരുന്നു. പുറത്ത് പോലീസും ചാനലുകാരുമുണ്ട്. ഏത് നിമിഷവും അവർ ഉന്തിത്തള്ളി വന്നേക്കും. ചോദ്യങ്ങളെ ആനി ഭയക്കുന്നു. തുറിച്ചുനോട്ടങ്ങൾ ആനിയെ തോലുരിപ്പിക്കുന്നു. 'പേരും മുഖവുമില്ലാത്ത' അനേകം പെൺകുട്ടികളെ പോലെ ആനിയും ഇനി ആൾക്കൂട്ടത്തിന്റെ സഹതാപത്തിനിരയാകുന്നത് ലൂസിക്ക് സഹിക്കാനാവില്ല.പേരും മുഖവും ഉണ്ടായിട്ടും എന്ത് കാര്യം.? ആനിക്ക് ബോധം വീണതറിഞ്ഞ പോലീസ് അകത്തേക്ക് കയറി വന്നു. അവർ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ചു. ആനിക്ക് ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ഓർമ്മ,ആനിയിൽ നിന്ന് ദൂരെയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപുള്ള ഓർമ്മകൾ അവളിൽ നിന്ന് അപ്പാടെ മാഞ്ഞുപോയിരിക്കുന്നു. ഇരുട്ട് മാത്രമാണ് ആനിക്ക് കാണാനാവുന്നത്. ആകെ ഓർത്തെടുക്കാനാവുന്നത് മുളങ്കാടുകൾക്ക് നടുവിൽ കരിയിലകൾക്ക് മീതെ നഗ്നയായി കിടന്നിരുന്നതാണ്. കണ്ണു തുറന്നപ്പോൾ അവൾ കണ്ടത് കുത്തനെ നിന്ന് കാറ്റിലാടുന്ന മുളംതണ്ടുകളാണ്. ഇലകൾക്കിടയിലൂടെ വെളിച്ചം കുപ്പിച്ചില്ല് കഷണങ്ങൾ പോലെ ചിതറി  ദേഹത്ത് വീഴുകയായിരുന്നു. അവൾക്ക് എല്ലുമുറിയുന്ന വേദന അനുഭവപ്പെട്ടു. ഒന്നോ രണ്ടോ നിമിഷങ്ങൾ, മെല്ലെ അവളുടെ ബോധം മറഞ്ഞു. പോലീസ് പിന്നെയും ചോദ്യങ്ങൾ ചോദിച്ചു. ഓർത്തെടുക്കാനാവാതെ ആനി വിഷമിച്ചു. അവൾ കിടക്ക വിരിയിൽ മുറുകെ പിടിച്ചു വലിക്കുകയാണ്- പല്ലുകളിറുക്കി.
'മതി സാറമ്മാരെ. ഒന്ന് ഇറങ്യാ പോയെ ' ലൂസി ചങ്കൂറ്റത്തോടെ പറഞ്ഞു. പോലീസ് ലൂസിയെ നോക്കി കണ്ണുരുട്ടി. ലൂസി വിറച്ചില്ല. ലൂസിയുടെ കണ്ണിലായിരുന്നു അപ്പോൾ തീ.എവിടെയുമെത്താതെ ആ  കേസന്വേഷണവും  വഴിമുട്ടി. പോലീസും മാധ്യമങ്ങളും മറ്റൊരു വാർത്തക്ക് പിറകെ പോയി. വാർത്തകൾ അനുദിനം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. ആൾക്കൂട്ടം സമൂഹമാധ്യമങ്ങളിലും നാട്ടുകവലകളിലുമിരുന്ന് കുരയ്ക്കുകയും പിന്നെ തേങ്ങുകയും ചെയ്തു. പതിയെ അവരും വഴിമാറി. തേങ്ങലുകളും ആക്രോശങ്ങളും ഒടുങ്ങി. ആനിയും ലൂസ്യളേമ്മയും ബാക്കിയായി.

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ടും ആനിക്ക് സ്വബോധമുണർന്നില്ല. അവൾ പരസ്പര വിരുദ്ധമായി സംസാരിച്ചു. ഒരേ സമയം ചിരിക്കുകയും സങ്കടപ്പെടുകയും  ചെയ്തു. ചിലപ്പോൾ മൂകമായി ഇരുട്ടിലൊളിച്ചു. ആനിയെയും അവളുടെ അമ്മയെയും മാറി മാറി നോക്കി 'മാതാവേ.. ഇതും കൂടി കാണാനാ തലേലെഴുത്ത് ' എന്ന് വ്യസനിച്ചു ലൂസി കല്ലുപോലെ നിന്നു. സ്വപ്നം പോലെയായിരുന്നു ആനിക്ക് ആ ദിവസങ്ങൾ. നീണ്ടു നിൽക്കുന്ന ഉറക്കത്തിൽ  നീളമുള്ള ദണ്ഡുപോലെയൊന്ന് അവളുടെ വായിൽ തിരുകികയറ്റിയതായി ആനിക്ക് അനുഭവപ്പെട്ടു. ചവർപ്പും പുളിപ്പുമായിരുന്നു  അതിന്റെ രുചി. ആനി ശ്വാസമെടുക്കാനാവാതെ വീർപ്പുമുട്ടി. കണ്ണുകൾ തള്ളി. നെഞ്ചുന്തി.വേദന-ശരീരത്തിന്റെ ഓരോ അണുവിലും അസഹ്യമായ  വേദന- കയറ്റിറക്കങ്ങൾ . അവൾ ഒച്ച വെച്ചില്ല. അതിനും മുൻപേ താൻ മരിച്ചു പോയതായി ആനിക്ക് അനുഭവപ്പെട്ടു. വലിയൊരു ഓക്കാനത്തോടെയാണ് അവൾ ഉറക്കം ഞെട്ടിയുണർന്നത്. വായ്ക്കുള്ളിൽ വിരലുകൾ തള്ളി കയറ്റി ആനി സ്വയം ഛർദിപ്പിക്കാൻ ശ്രമിച്ചു. കിടക്ക വിരികൊണ്ട് അമർത്തിയമർത്തി ദേഹം തുടച്ചു. വൃത്തിയായിട്ടും അവൾക്ക് മതിയായില്ല. അന്ന് ഞായറാഴ്ച പള്ളിയിൽ നിന്ന് മടങ്ങി വരുമ്പോൾ ഉടുതുണിയൂരിയെറിഞ്ഞ് ഉത്തരത്തിൽ തൂങ്ങാനൊരുങ്ങുന്ന ആനിയെയാണ് ലൂസി കണ്ടത്. 'ന്തൂട്ടാണ്ടീ ക്ടാവേ നീ കാട്ട്യേ മാതാവേ' എന്ന് നിലവിളിച്ച് ലൂസി അവളുടെ കാൽപാദങ്ങളിൽ കയറി പിടിച്ചു. ഉത്തരത്തിൽ നിന്ന് താഴെയിറക്കിയപ്പോൾ അവൾ ലൂസിയിലേക്ക് മറിഞ്ഞു വീണു. 'എളേമ്മേ.. എളേമ്മേ '.. അവൾ കണ്ണീരില്ലാതെ കരയുകയാണ്. ലൂസി കരയുകയില്ല. കരയുകയില്ലെന്നവൾ ശപഥം ചെയ്തിട്ടുണ്ട്. ആനിയെ വട്ടംപിടിച്ചു നിൽക്കുകയാണ് ലൂസി. ലൂസ്യളേമ്മയുടെ കൈവട്ടത്തിനു നടുവിൽ താൻ സുരക്ഷിതയാണെന്ന് ആനിക്ക് തോന്നി. അത് കരുത്തുള്ള കൈകളാണ്. 'ശവക്കുഴി' വെട്ടി ഉറച്ചു പോയ കൈകൾ.
'നീ എളേമ്മേ ഒറ്റക്കാക്കി പോവാൻ നോക്കീല്ലേ. നീയ്യാ കൂടി പോയാല് വല്ല്യേ  ചത്യാ.. എളേമ്മ പിന്നെ ന്തൂട്ടിന്ണ്ടീ കെടന്ന് നയ്ക്ക്ണെ. '?  ലൂസി ആനിയെ പിടിച്ചു കുലുക്കുകയാണ്. 'നിന്ക്കൊന്നും പറ്റീട്ട്ല്ല്യന്റെ  ക്ടാവേ.. നിന്റെ ചിറി, നിന്റെ ശബ്ദം ഒന്നങ്ങടാ പോയിട്ട്ല്ല്യ.. ദേ.. ഇങ്ക്ട് നോക്ക്യേറീ മോളെ  .. ഓരോ പെണ്ണുംണ്ടല്ലോ.. അത് അതൊരു ലോക്ണ്.. ആ ലോകം എങ്ങെന്ണ്ടീ ഒരു ഇരുട്ടോണ്ടാ ഇല്ല്യാണ്ടാവാ.. ' ആനി ഉണരുകയായിരുന്നു. വലിയൊരു ബോധത്തിലേക്കാണ് അവൾ ഉയിർത്തെഴുന്നേറ്റത്. അങ്ങനേ നിൽക്കുമ്പോഴാണ് പള്ളിമേടയിൽ മരണമണി മുഴങ്ങിയത്. 'എളേമ്മേ.. മരണമണി '. ആനി ചുണ്ടനക്കി. കൈ വലയത്തിൽ നിന്ന് സ്വതന്ത്രയാക്കി ആനിയെയും വലിച്ചു ലൂസി മുന്നോട്ട് നടന്നു. ഇറയത്ത് ചാരി നിർത്തിയ മൺവെട്ടിയെടുത്ത് ലൂസി ആനിയുടെ കൈകളിലേക്ക് വെച്ചു കൊടുത്തു.
'ദേ.. ഇതങ്ങട് പിടിച്ചേ ക്ടാവേ '. ആനി അനുസരണയുള്ള കുട്ടിയായി. 'ന്നട്ട് ഇങ്ങടാ വായോ നീ' എളേമ്മ അവളെ പിടിച്ചു വലിച്ചു. കൈയിൽ മൺവെട്ടിയുമായി ആനിയും തൂമ്പയുമായി  ലൂസിയും പള്ളിസെമിത്തേരിയിലേക്ക്  നടന്നു. ഉറപ്പുള്ള ചുവടുവെപ്പുകളായിരുന്നു ആനിയുടേത്. കല്ലറ കുത്തിപ്പൊളിച്ച് ലൂസി ആക്രോശിച്ചു -'ദേ വെട്ട്യേ.. വെട്ട്യേറീ നീ   ആദ്യത്തെ വെട്ട്'. ആനി മൺവെട്ടിയോങ്ങി. ആദ്യത്തെ വെട്ടുവീണു. അവൾ പിന്നെയും പിന്നെയും വെട്ടി. ഓരോ വെട്ടിനും ആനി നിന്ന് വിറച്ചു. ആനി വെട്ടും. ലൂസി മണ്ണു കോരും. വെട്ടിയും കോരിയും അവർ ഒടുവിലത്തെ കിടപ്പുമുറി പണിയുകയാണ്. കുഴിയെടുത്ത് മരപ്പെട്ടിയിലടക്കിയ ശവം കയറുവഴി താഴേക്കിറക്കി കുഴി മൂടിയതും ആനി തന്നെയായിരുന്നു.. മൂടിയ കുഴിക്ക് മീതെ ഏറ്റവുമൊടുവിൽ അവളൊരു വെട്ടു കൂടി  വെട്ടി -ഒടുവിലത്തെ വെട്ട്. ആനി വെട്ടിവിയർത്തു. അവൾ ഒരു കാലത്തെ  കുഴിച്ചു മൂടുകയാണ്.മഴ പെയ്തു- കൊടും മഴ. ആനി മഴ നനഞ്ഞു. വെള്ളം -ദേഹത്ത് പറ്റിയ അഴുക്ക് ഒഴുക്കി കളയുകയാണ് വെള്ളം. എളേമ്മയെ പോലെ ആനിയും കുഴിവെട്ടി വന്നു കിണറ്റിൻ കരയിൽ നിന്ന് തലവഴി വെള്ളം കോരിയൊഴിച്ചു.കൈയിൽ മൺവെട്ടിയുമായി അവൾ കാത്തിരിക്കുകയാണ് അടുത്ത മരണമണി.അവൾക്കൊരു കുഴികൂടി  വെട്ടാനുണ്ട്, ഒടുവിലത്തെ ഒരു കിടപ്പുമുറി കൂടി. ലൂസി മുട്ട് കുത്തി പ്രാർത്ഥിക്കുകയാണ്. ലൂസിക്കരികെ വന്നു ആനിയും മുട്ടുകുത്തിനിന്നു. . 'ഒലിച്ചു പോവാനുണ്ട് എളേമ്മേ.. മേത്ത്ന്ന് ഒരഴുക്ക് കൂട്യപോവാന്ണ്ട് '

'മാതാവേ.. ' ലൂസി നീട്ടി വിളിച്ചു.
ലൂസിയുടെ വിളിയാണ്. അതിനെന്തൊരു കരുത്താണ്. ഇരുട്ടിൽ മെഴുകുതിരി വെട്ടത്തിൽ മാതാവിന്റെ മുഖം തെളിഞ്ഞു നിന്നു. !


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക