Image

ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം പ്രൗഡോജ്ജ്വലമായി

Published on 03 January, 2020
ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം പ്രൗഡോജ്ജ്വലമായി
ലണ്ടന്‍: ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസും ന്യൂഇയര്‍ സംയുക്തമായി ആഘോഷിച്ചു. 

നേറ്റിവിറ്റി ഷോയോടെയാണ് മുതിര്‍ന്നവരും കുട്ടികളും പങ്കെടുത്ത കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മോളി ക്ലീറ്റസിന്റെ കൊറിയോഗ്രാഫിയില്‍ വിടര്‍ന്ന നേറ്റിവിറ്റി ഷോ വിശിഷ്ടാതിഥികള്‍ക്കും മുഴുവന്‍ കാണികള്‍ക്കും നല്ലൊരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്.

യൗസേപ്പിതാവായി എല്‍ദോകുര്യാക്കോസും മാതാവായി നീനു നോബിയും എലിസബത്ത് ആയി ജിഷ ബോബിയും സത്രം സൂക്ഷിപ്പുകാരിയായി ബിനി സജിയും വേഷമിട്ടു. നിരവധി കൊച്ചു കുട്ടികളടക്കം അനുയോജ്യമായ വേഷപ്പകര്‍ച്ചയില്‍ നേറ്റിവിറ്റി ഷോയില്‍ പങ്കെടുത്ത മുഴുവന്‍ കലാ പ്രതിഭകളും കാണികളുടെ മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ജിഎസിഎ പ്രസിഡന്റ് നിക്‌സണ്‍ ആന്റണി അധ്യക്ഷത വഹിച്ചു. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഗില്‍ഫോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടണ്‍ മലയാളത്തില്‍ ആശംസ നേര്‍ന്നത് സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ആള്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനവും മേയര്‍ നിര്‍വഹിച്ചു. 

ഗില്‍ഫോര്‍ഡിലെ പ്രാദേശീക സമൂഹവുമായി ഒത്തുചേര്‍ന്ന് ഗില്‍ഫോര്‍ഡ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ജിഎസിഎ യുടെ അംഗങ്ങള്‍ വോളന്റിയേര്‍സ് ആയിപ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരാണെന്നും പ്രസിഡന്ററ് നിക്സണ്‍ ആന്റണി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

വിശിഷ്ടാതിഥികളെ ജിഎസിഎ യുടെ ആദരവ് പ്രകടിപ്പിക്കുന്നതിനായി പൊന്നാട അണിയിച്ച് വേദിയില്‍ ആദരിച്ചു. മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടനെ സി.എ ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍ യുക്മ ദേശീയപ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയെ നിക്സണ്‍ ആന്റണിയും യുക്മ ദേശീയ കലാ പ്രതിഭ ടോണി അലോഷ്യസിനെ ജിഎസിഎ വൈസ് പ്രസിഡന്റും കള്‍ച്ചറല്‍ കോഓര്‍ഡിനേറ്ററുമായ മോളി ക്ലീറ്റസും പൊന്നാടഅണിയിച്ച് ആദരിച്ചു. ജി എ സി എ യുടെ സ്‌നേഹോപഹാരം പ്രസിഡന്റ് നിക്സണ്‍ ആന്റണിയും സെക്രട്ടറിസനു ബേബിയും ചേര്‍ന്ന് ജി എ സി എ എക്‌സികുട്ടീവ് മെമ്പറും യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയുമായ സി.എ ജോസഫിനും നല്‍കി ആദരിച്ചു. വിശിഷ്ടാതിഥികളോടൊപ്പം ജിഎസിഎ യുടെ ഭാരവാഹികളും മുഴുവന്‍ നിര്‍വാഹക സമിതി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

സി.എ ജോസഫ് സ്വാഗതവും കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ഫാന്‍സി നിക്‌സണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു ക്രിസ്മസ് ഡിന്നറും വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക