Image

സൈക്കിള്‍ (അനീഷ് ഫ്രാന്‍സിസ്)

അനീഷ് ഫ്രാന്‍സിസ് Published on 04 January, 2020
സൈക്കിള്‍ (അനീഷ് ഫ്രാന്‍സിസ്)
അമ്മുക്കുട്ടി വാരസ്യാരുടെ വീട്ടില്‍ ഞാന്‍ താമസിക്കാന്‍ തുടങ്ങിയിട്ട് അഞ്ചാറു മാസമായി. നഗരത്തില്‍നിന്ന് പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ്  ഈ വീട്. പച്ചക്കറികളും ചെടികളും നട്ട് പിടിപ്പിച്ചിരിക്കുന്ന തൊടി. നല്ല കാറ്റ്. ശബ്ദവും ബഹളവുമില്ലാത്ത ഒതുങ്ങിയ സ്ഥലം. അതുകൊണ്ടൊക്കെയാണ് അവിടം താമസിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തത്. ചുവന്ന പെയിന്റടിച്ച  പഴയ മാതിരി പണിത വീടിന്റെ രണ്ടാം നിലയിലെ രണ്ടു മുറികളാണ് എനിക്ക് വാടകക്ക് തന്നത്. എന്റെ മുറിയിലേക്ക് പോകാനായി വീടിന്റെ വശത്ത് നിന്ന് ഒരു ഇരുമ്പ്  പിരിയന്‍ ഗോവണിയുണ്ട്. മുറ്റത്ത് ഒരു മൂവാണ്ടന്‍ മാവുണ്ട്. ശിഖരങ്ങള്‍ പടര്‍ത്തിനില്‍ക്കുന്ന അതിന്റെ തണല്‍ ആ  ഗോവണിയുടെ പടികളിലിരുന്നാല്‍ ആസ്വദിക്കാം. വല്ലപ്പോഴും പാട്ട് കേട്ടുകൊണ്ടോ ,പുസ്തകം വായിച്ചു കൊണ്ടോ ഞാനാ പിരിയാന്‍ ഗോവണിയുടെ പടികളില്‍ ഇരിക്കാറുണ്ട്.

നേരത്തെ ഞാന്‍ മെട്രോ സിറ്റിയിലായിരുന്നു താമസിച്ചു കൊണ്ടിരുന്നത്. സ്വന്തമായി ബിസിനസ്സുണ്ട്. വിവാഹം കഴിച്ചിട്ടില്ല. അടുത്ത ബന്ധുക്കള്‍ കാര്യമായിട്ടില്ല. കൂട്ടുകാരും. ബിസിനസ് വളരെ നല്ല രീതിയില്‍ പുരോഗമിക്കുകയായിരുന്നുവെങ്കിലും അടുത്തകാലത്തായി മെട്രോ നഗരത്തിലെ കച്ചവടത്തില്‍ കുറച്ചു ബുദ്ധിമുട്ടുകള്‍. കൂടുതല്‍ ബിസിനസ് എതിരാളികള്‍ വരുന്നത് നമ്മുടെ അവസരം കുറയ്ക്കും. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടണം. അതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ്  ചില്ലറ അസുഖങ്ങള്‍ പിടിപെട്ടത്. ശ്വാസം മുട്ടല്‍ പോലെ. ഒരു തരം അലര്‍ജിയാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കുറച്ചു നാള്‍ ഒരു ഗ്രാമപ്രദേശത്ത് താമസിച്ചാല്‍ വ്യത്യാസം വരുമെന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു.ആ ഉപദേശം നന്നായി എന്ന് തോന്നുന്നു. ഇപ്പൊ കാര്യമായി വ്യത്യാസമുണ്ട്. മാത്രമല്ല ബിസിനസ് കൂടുതല്‍ നന്നാകാന്‍ തുടങ്ങി. കൂടുതല്‍ കസ്റ്റമേഴ്‌സ്. പുതിയ മാര്‍ക്കറ്റ്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉള്ളത് കൊണ്ട് ബിസിനസ് നിയന്ത്രിക്കുന്നതില്‍ വലിയ പ്രശ്‌നമില്ല. ഒരു മേല്‍നോട്ടം മതി. പിന്നെ നമ്മുടെ കീഴിലുള്ള ആളുകളുമായി സദാ ബന്ധം പുലര്‍ത്തുക. അത് കൊണ്ട് ബിസിനസ് വലിയ പ്രശ്‌നമൊന്നുമില്ലാതെ മുന്‍പോട്ട് പോകുന്നു.

അമ്മുക്കുട്ടി വാരസ്യാര്‍ക്ക് പ്രായമായെങ്കിലും നല്ല ആരോഗ്യമുണ്ട്. അവര്‍ക്ക് രണ്ടു ആണ്‍മക്കളാണ്. രണ്ട് പേരും വിദേശത്ത്. ഇളയ മകന്‍ സുധീപിന്റെ മകന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഇഷാനും അമ്മുക്കുട്ടി വാരസ്യാര്‍ക്കൊപ്പമാണ്. ഇഷാന്‍ വീടിന്റെ അടുത്തുള്ള സെയിന്റ് ആന്റണീസ് സ്‌കൂളിലാണ് പഠിക്കുന്നത്. സുധീപും ഭാര്യയും വിദേശത്താണ്. മക്കള്‍ രണ്ടു പേരും വിദേശത്തായ വാരസ്യാര്‍ക്ക് ഞാനും ഇഷാനും വലിയ ഒരു ആശ്വാസമാണ്. മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ നഗരത്തിലേക്ക് പോകുമ്പോള്‍ ഇഷാനെ അവന്റെ സ്‌കൂളില്‍ ഡ്രോപ്പ് ചെയ്യും.

അമ്മുക്കുട്ടി വാരസ്യാര്‍ കവിതയെഴുതും. നല്ല വൃത്തഭംഗിയുള്ള കവിത. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വാരസ്യാര്‍ ആക്ടീവാണ്. ടീച്ചറായി റിട്ടയര്‍ ചെയ്തത് കൊണ്ട് പൊതുപ്രവര്‍ത്തനവും അത്യാവശ്യമുണ്ട്. പ്രളയത്തിന്റെ സമയത്ത് വാരസ്യാരുടെ വാട്ട്‌സാപ്പ് അക്ഷരശ്ലോക ഗ്രൂപ്പ് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടിയിരുന്നു.
ഒന്ന് രണ്ട് മാസം മുന്‍പ്  ഇഷാന്റെ അച്ഛന്‍ സുദീപ് നാട്ടില്‍ വന്നു. സുദീപ് മകനൊരു ഹെര്‍ക്കുലിസ് സൈക്കിള്‍ സമ്മാനിച്ചു. ഇപ്പോള്‍ അതിലാണ് അവന്‍ സ്‌കൂളില്‍ പോകുന്നത്. മുന്‍പ് എന്റെ കാറിന്റെ മുന്‍സീറ്റില്‍ കുത്തിമറിഞ്ഞുകൊണ്ടിരുന്ന ഇഷാന് ഇപ്പോള്‍ അതിനോട് താത്പര്യം പോയി. സൈക്കിളാണ് അവന്റെ എല്ലാം.
ഇന്ന് വൈകുന്നേരം കുറച്ചു വൈകിയാണ് ഞാന്‍ വീട്ടില്‍ വന്നത്. മുറിയില്‍ കയറി ഒന്ന് കുളിച്ചു ഫ്രഷാകാന്‍ തയ്യാര്‍ എടുത്തു തുടങ്ങിയപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു. മുറിയുടെ പുറത്തു അമ്മുക്കുട്ടി വാരസ്യാര്‍. മുഖം വാടിയിരിക്കുന്നു.

'നീ ഒന്ന് താഴെ വരെ വരണം. ആകെ  പ്രശ്‌നമായി.' വാരസ്യാര്‍ പറഞ്ഞു. ഇതിനിടയില്‍ അവരുടെ കയ്യിലിരുന്ന ഫോണ്‍ ബെല്ലടിച്ചു.

'ഓ,എന്റെ സുലോചനേ, ഞാന്‍ നിന്റെ കവിത പോസ്റ്റ് കണ്ടു.കുറച്ചു കഴിഞ്ഞു കമന്റിടാം. ഇവിടെ ഇത്തിരി പ്രശ്‌നമായിട്ടിരിക്യാ...' വാരസ്യാര്‍ ഫോണിലൂടെ അലറി. പിന്നെ എന്റെ കൈപിടിച്ചു താഴേക്കിറങ്ങി.

'എന്താ പ്രശ്‌നം ...'എനിക്ക് ടെന്‍ഷനായി..

'നമ്മുടെ ഇഷാന്റെ സൈക്കിള്‍ കാണാനില്ല..'വാരസ്യാര്‍ കിതച്ചു കൊണ്ട് പറഞ്ഞു.

'കാണാനില്ലേ..??അതെങ്ങിനെ ?'രാവിലെ ഞാന്‍ കണ്ടതാണല്ലോ..'

സ്വീകരണമുറിയിലെ സോഫായില്‍ ഇഷാന്‍ കമിഴ്ന്നു കിടപ്പുണ്ട്.അവന്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്.

'മോന്‍ കരയാതെ ..നമ്മുക്ക് ശരിയാക്കാം..' ഞാന്‍ സമാധിനിപ്പിക്കാന്‍ ശ്രമിച്ചു. അവന്‍ എന്റെ കൈവെട്ടിച്ചു വേഗം മുറിക്കുള്ളിലേക്ക് കയറിപ്പോയി.വാരസ്യാരുടെ മുഖം ഇപ്പൊ കരയും എന്ന് മട്ടില്‍ ചുവന്നു നില്‍ക്കുകയാണ്.

'ചെക്കന്‍ ഇപ്പൊ ഗള്‍ഫിലോട്ട് വിളിക്കും.ഇനി ഒന്ന് രണ്ട് ദിവസം എനിക്ക് ഇരിക്കപ്പോറുതി കാണില്ല. വല്ല പോലീസ് കേസും കൊടുക്കണോ എന്നാ എന്റെ സംശയം..അതാ നിന്നെ വിളിച്ചേ..'വാരസ്യാര്‍ പറഞ്ഞു.

'പോലീസ് കേസോ !എന്തിനു ?' ഞാന്‍ വാ പൊളിച്ചു.
'അതെ. സൈക്കിള്‍ കട്ടോണ്ട് പോയതാ..'അവര്‍ പറഞ്ഞു.

'ആര് ?'ഞാന്‍ അന്തംവിട്ടു ചോദിച്ചു. അപ്പോള്‍ വാരസ്യാര്‍ കാര്യം വിവരിച്ചു.

ഇഷാന് ഉച്ചവരെയേ ക്ലാസുണ്ടായിരുന്നുള്ളു. ഉച്ചയായപ്പോ അവന്‍ വീട്ടില്‍ വന്നു.സൈക്കിള്‍ കാര്‍ പോര്‍ച്ചില്‍ വച്ചിട്ട് വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ക്രിക്കറ്റു കളിയ്ക്കാന്‍ പോയി. വീട്ടില്‍ വാരസ്യാര്‍ മാത്രം.നേരം ഒരു രണ്ടു മണിയായിട്ടുണ്ടാവും. ഡോര്‍ ബെല്ലടിക്കുന്നത് കേട്ടാണ് ഉച്ചമയക്കത്തിലായിരുന്ന വാരസ്യാര്‍ ഉണര്‍ന്നത്.

മുറ്റത്ത് ഒരു ആണ്‍കുട്ടി നില്‍ക്കുന്നു.അവന്‍ വാരസ്യാരെ നോക്കി പുഞ്ചിരിച്ചു. ഇഷാന്റെ പ്രായം തോന്നിച്ചു അവന്.

'ഇത്തിരി വെള്ളം തരാമോ അമ്മുമ്മേ ?'അവന്‍ ചോദിച്ചു.

വെളുത്ത ഷര്‍ട്ടും കറുത്ത നിക്കറും.ദേഹം വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു.വാരസ്യാര്‍ അകത്തു പോയി ഒരു ഗ്ലാസില്‍ തണുത്ത വെള്ളം കൊണ്ട് വന്നു. തടിച്ചു പൊക്കം കുറഞ്ഞ കുട്ടി.ഓമനത്തമുള്ള മുഖം.

'നിന്നെ ഇവിടെയെങ്ങം കണ്ടിട്ടില്ലല്ലോ..!ഇഷാന്റെ കൂടെയാണോ മോന്‍ പഠിക്കുന്നത് ?'വാരസ്യാര്‍ ചോദിച്ചു.

'അല്ല.ഞാന്‍ കുറച്ചു ദൂരെന്നാ...ഇവടെ എന്റെ ഒരു ഫ്രണ്ടിനെ കാണാന്‍ വന്നതാ..'അവന്‍ പറഞ്ഞു.

ഇടയ്ക്കിടെ അവന്റെ നോട്ടം പോര്‍ച്ചിലിരുന്ന സൈക്കിളില്‍ പാറിവീഴുന്നുണ്ടായിരിന്നു. വാരസ്യര്‍ക്ക് അവനോടു വാത്സല്യം തോന്നി.സംസാരത്തിനിടെ അവന്‍ പഠിക്കുന്ന സ്‌കൂളിന്റെ പേര് പറഞ്ഞു.സെയിന്റ് ആഗ്‌നസ് സ്‌കൂള്‍.അത് നഗരത്തിനടുത്താണ്.

'അമ്മുമ്മേ ഞാന്‍ കുറച്ചു ചാമ്പക്കാ പറിച്ചോട്ടെ..'അവന്‍ ചോദിച്ചു.

തൊടിയില്‍ ഒരു ചാമ്പ നിറയെ പൂത്തു പഴുത്തു നില്‍പ്പുണ്ട്. റോഡിലൂടെ പോവുകയാണെങ്കില്‍ ചാമ്പ കാണാം.ചിലപ്പോള്‍ അത് കണ്ടിട്ടാവും അവന്‍ വെള്ളം കുടിക്കാനെന്നുംപറഞ്ഞു  വീട്ടില്‍ കയറിയത്.വാരസ്യാര്‍ക്ക് ചിരി വന്നു.

'അതിനെന്താ  പറിച്ചോളൂ..അതിന്റെ മണ്ടയില്‍ കേറണ്ട.. കട്ടുറുമ്പ് കാണും.എങ്ങാനും തെറ്റി താഴെ വീണാലോ..താഴെ നിന്നോണ്ട് പറിച്ചാല്‍ മതി.'വാരസ്യാര്‍ പറഞ്ഞു.

അവന്‍ വെള്ളം കുടിച്ച ഗ്ലാസ് തിരികെ കൊടുത്തിട്ട്  ചാമ്പയുടെ അരികിലേക്ക് ഓടി.വാരസ്യാര്‍ അകത്തു പോയി ഉറക്കം തുടര്‍ന്നു. ഏകദേശം ഒരു ഒന്നര മണിക്കൂര്‍ കഴിഞ്ഞു ഇഷാന്‍ വന്നു വിളിക്കുമ്പോഴാണ് അവര്‍ ഉറക്കമുണര്‍ന്നത്.
പോര്‍ച്ചില്‍ വച്ചിരുന്ന ഇഷാന്റെ സൈക്കിള്‍ കാണുന്നില്ല. കുറച്ചു മുന്‍പ് വെള്ളം ചോദിച്ചു വന്ന പയ്യനെ അവര്‍ അവിടെയെല്ലാം തിരഞ്ഞു . അവനെയും കാണുന്നില്ല.

'അവന്‍ ഇടയ്ക്കിടെ ആ സൈക്കിളില്‍ നോക്കുന്നുണ്ടായിരുന്നു. അത് അവന്‍ തന്നെയാ കൊണ്ട് പോയത്..'വാരസ്യാര്‍ പറഞ്ഞു.

'ആ പയ്യന്റെ പേര് പറഞ്ഞോ...' ഞാന്‍ ചോദിച്ചു.
'ഇല്ല. ഞാനൊട്ടു അത് ചോദിച്ചുമില്ല.'കുറ്റബോധത്തോടെ വാരസ്യാര്‍ പറഞ്ഞു.

അകത്തു പോയ ഇഷാന്‍ വീണ്ടും സ്വീകരണമുറിയിലേക്ക് വന്നു. അവന്‍ സോഫയില്‍ എന്റെ അരികിലിരുന്നു . വാരസ്യാര്‍ അവന്റെ മുടിയിലൂടെ തലോടി.

'ഇഷാന്‍ വിഷമിക്കണ്ട...നമ്മുക്ക് മോന്റെ സൈക്കിള്‍ കണ്ടുപിടിക്കാം ...' ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വൈകുന്നേരം ഇഷാന്റെ പിതാവ് സുധീപ് എന്നെ ഗള്‍ഫില്‍നിന്ന് വിളിച്ചു. ഞാന്‍ വിവരങ്ങള്‍ അയാളോട് പറഞ്ഞു.

'ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ല. ഏതായാലും നാളെ ഞാനാ സ്‌കൂളില്‍ പോയി അന്വേഷിക്കാം. 'ഞാന്‍ സുധീപിനോട് പറഞ്ഞു.

പിറ്റേദിവസം ഞാന്‍ സെയിന്റ് ആഗ്‌നസ് സ്‌കൂളില്‍ ചെന്നു.
'നിങ്ങള്‍ പറഞ്ഞ അടയാളങ്ങള്‍ വച്ച് മിക്കവാറും ഞാന്‍ ഉദ്ദേശിച്ച കുട്ടിയായിരിക്കും.'പ്രിന്‍സിപ്പല്‍ വിളിച്ചപ്പോള്‍ ഓഫീസിലേക്ക് വന്ന  ആറാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ പറഞ്ഞു.

പിന്നെ മൊബൈല്‍ ഫോണ്‍ എടുത്തു ഒരു ഫോട്ടോ എന്നെ കാണിച്ചു.മൂന്നു കുട്ടികള്‍ ബലൂണുമായി നില്‍ക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്.

'ആ നടുക്ക് നില്‍ക്കുന്ന പയ്യനാണ്  ഗോവിന്ദ് ബാലകൃഷ്ണന്‍..അവനിന്ന് ആബ്‌സന്റാണ്'ടീച്ചര്‍ ചൂണ്ടിക്കാട്ടി. വാരസ്യാര്‍ പറഞ്ഞത് പോലെ നല്ല തടിച്ച പൊക്കം കുറഞ്ഞ കുട്ടി. ഒരു ഗുണ്ട് മണി. നല്ല ഓമനത്തമുള്ള മുഖം. അവന്‍ ഒരു ബലൂണ്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്ന ഭാവമാണ് ഫോട്ടോയില്‍. ഞാന്‍ ഫോട്ടോ വാരസ്യാരുടെ മൊബൈലിലെക്ക് അയച്ചു. ഉടന്‍ തന്നെ അവര്‍ എന്നെ വിളിച്ചു.

'ഇതവന്‍ തന്നെ...വാരസ്യാര്‍ പറഞ്ഞു.

'എനിക്ക് എന്റെ മോന്റെ സൈക്കിള്‍ കിട്ടിയാല്‍ മതി..ഇനി വയസ്സാംകാലത്ത് പോലീസ് സ്‌റ്റേഷനില്‍ കേറിയിറങ്ങാന്‍ വയ്യ.' വാരസ്യാര്‍ പറഞ്ഞു.

'ആ കുട്ടിക്ക് അടുത്തിടെയായി കുറച്ചു മാറ്റങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. ക്ലാസിലെ മറ്റു കുട്ടികള്‍ പറഞ്ഞാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്.അവന്റെ കയ്യില്‍ ഇഷ്ടം പോലെ പൈസ എപ്പോഴുമുണ്ട്. ക്‌ളാസു കഴിഞ്ഞു പോകുമ്പോള്‍ കൂട്ടുകാരുമായി ഹോട്ടലില്‍ കയറി വിലകൂടിയ ഭക്ഷണം കഴിക്കും. ക്ലാസില്‍ വരാതെ സിനിമക്ക് പോകും. അവന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ കിട്ടി. അവനു എന്തിനാണ് ഫോണ്‍?ആരാണ് ഫോണ്‍ വാങ്ങിനല്കിയത് ?വീട്ടില്‍ നിന്ന് വാങ്ങിനല്‍കിയതാണ് എന്ന് അവന്‍ പറഞ്ഞു. ഞങ്ങള്‍ അവന്റെ മാതാപിതാക്കളെ വിളിപ്പിച്ചു.ഇക്കാര്യങ്ങള്‍ അവരുമായി സംസാരിച്ചു...പണവും ഫോണും അവര്‍ നല്‍കിയതാണ് എന്ന് പറഞ്ഞെങ്കിലും അതത്ര വിശ്വസനീയമായി തോന്നിയില്ല. മകനെ രക്ഷിക്കാന്‍ നുണ പറയുന്നത് പോലെ. മാത്രമല്ല ഒരു പാവപ്പെട്ട കുടുംബമാണ് അവന്റെത്. അച്ഛന് നഗരത്തിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി. പക്ഷേ അയാള്‍ മിക്കവാറും ജോലിക്ക് പോകാറില്ല. നല്ല കുടി. അന്ന് സ്‌കൂളില്‍ വന്നതും കുടിച്ചിട്ടാണ്.....'ടീച്ചര്‍ പറഞ്ഞുകൊണ്ടിരിക്കെ പ്രിന്‍സിപ്പലിന്റെ ഫോണ്‍ബെല്ലടിച്ചു.

ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന പ്രിന്‍സിപ്പലിന്റെ മുഖം ഇരുളുന്നത് കണ്ടു.ഫോണ്‍ വച്ചിട്ടു അദ്ദേഹം ഞങ്ങളെ നോക്കി.

'ടൗണിലെ എസ്.ഐയാണ്. എക്‌സ്സൈസുകാര്‍ കവലയില്‍ ചെക്കിംഗ് നടത്തുന്നതിനിടെ ഗോവിന്ദിനെ പിടിച്ചു.അവര്‍ക്ക് എന്തോ സംശയം തോന്നി അവന്റെ ബാഗ് പരിശോധിച്ചു. അരകിലോ കഞ്ചാവിന്റെ പൊതികള്‍ അവന്റെ ബാഗില്‍നിന്ന് അവര്‍ കണ്ടെടുത്തു...'പ്രിന്‍സിപ്പല്‍ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

എനിക്ക് എന്ത് പറയണം എന്ന് മനസ്സിലായില്ല.സൈക്കിളിന്റെ കാര്യം അപ്രസക്തമായത് പോലെ എനിക്ക് തോന്നി. ക്ലാസ് ടീച്ചറുംഞെട്ടലോടെ നില്‍ക്കുകയാണ്.

'ഞാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകാം.ടീച്ചര്‍ പറ്റുമെങ്കില്‍ ഗോവിന്ദിന്റെ വീട് വരെ ഒന്ന് ചെല്ലൂ...' പ്രിന്‍സിപ്പല്‍ പറഞ്ഞു.

'ഞാനും കൂടെ വരാം..' ഞാന്‍ ടീച്ചറിനോട് പറഞ്ഞു.

കാറിലിരിക്കുമ്പോള്‍ ടീച്ചര്‍ ഗോവിന്ദിനെക്കുറിച്ച് വീണ്ടും സംസാരിച്ചു.

'കഴിഞ്ഞ വര്‍ഷം  വരെ നന്നായി പഠിച്ചു കൊണ്ടിരുന്ന കുട്ടിയാണ്. അവന്റെ അമ്മക്ക് ജോലിയൊന്നുമില്ല. പക്ഷേ മോന്റെ കയ്യില്‍ ഇത്രയും പൈസ എവിടുന്നു വരുന്നു എന്നതിനെക്കുറിച്ച് ആ മാതാപിതാക്കള്‍ വലിയ ഗൗരവം കൊടുത്തില്ല..'

'ആ സൈക്കിള്‍ അവന്‍ തന്നെയാണ് എടുത്തതെന്ന് ഇപ്പോഴും പറയാറായിട്ടില്ല..' ഞാന്‍ പറഞ്ഞു. ടീച്ചറുടെ സങ്കടം നിറഞ്ഞ മുഖം കണ്ടപ്പോള്‍ ഗോവിന്ദിനെക്കുറിച്ച് പ്രതീക്ഷബാക്കിനില്‍ക്കുന്ന  എന്തെങ്കിലും പറയണം എന്നെനിക്ക് തോന്നി.

'ഇല്ല...അത് എടുത്തത് അവന്‍ തന്നെയാകണം...ഇപ്പോള്‍ മനസ്സിലായില്ലേ.. അവനു പണം ലഭിക്കുന്നത് കഞ്ചാവ് രഹസ്യമായി കടകളില്‍ എത്തിക്കുന്നതിന്റെ പ്രതിഫലമായിട്ടാണ്. ചിലപ്പോള്‍ കൂടുതല്‍ സ്ഥലത്ത് കൊണ്ട് ചെല്ലുന്നതിനു ഒരു സൈക്കിള്‍ ഉണ്ടെങ്കില്‍ നല്ലതല്ലേ...നിങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ സൈക്കിള്‍ ഇരിക്കുന്നത് കണ്ടു അവന്‍ ആ അവസരം ഉപയോഗിച്ചു. അറിയാതെ സ്‌കൂളിന്റെ പേര് പറഞ്ഞതാണ് അബദ്ധമായത്...'ടീച്ചര്‍ പറഞ്ഞു.

ഞാന്‍ മറുപടി പറഞ്ഞില്ല.അവര്‍ പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലായി.

'കഴിഞ്ഞ ദിവസം പേപ്പറില്‍ വായിച്ചു. മെട്രോ സിറ്റി പോലെ വലിയ നഗരങ്ങളില്‍ കഞ്ചാവ് കച്ചവട സംഘങ്ങള്‍ തമ്മില്‍ വലിയ മത്സരമാണത്രെ. അത് കൊണ്ട് അവരില്‍ ചിലര്‍ ഗ്രാമപ്രദേശങ്ങളിലേക്കും ഇടത്തരം പട്ടണങ്ങളിലേക്കും കച്ചവടം വ്യാപിപിക്കുകയാണ്. വലിയ മാര്‍ക്കറ്റ്. കുട്ടികളെ കാരിയറാക്കിയാല്‍ പെട്ടെന്ന് സംശയം തോന്നില്ലല്ലോ..' ടീച്ചര്‍ പറഞ്ഞു.

ഞാനതിനു മറുപടി പറഞ്ഞില്ല. ഞങ്ങള്‍ അപ്പോഴേക്കും ഗോവിന്ദിന്റെ വീടിന്റെ മുന്‍പില്‍ എത്തിയിരുന്നു. കാറില്‍ നിന്നിറങ്ങിയപ്പോള്‍ ആ ചെറിയ വീടിനുള്ളില്‍ നിന്ന് ഒരു സ്ത്രീയുടെ അലമുറയിട്ട കരച്ചില്‍ കേട്ടു.വീടിനു മുന്‍പില്‍ ഒരാള്‍ക്കൂട്ടം. ഞങ്ങള്‍ വീട്ടിലേക്ക് ഓടിച്ചെന്നു. ജനാലയഴികള്‍ക്കിടയിലൂടെ ഒരു പുരുഷന്‍ കയറില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടു.

ഗോവിന്ദിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍.

'തൂങ്ങിച്ചത്തതാ. മുടിഞ്ഞ കുടിയായിരുന്നു. പണിക്കൊന്നും പോകുകെലായിരുന്നു. ഇപ്പോഴാ ചെക്കനെ എക്‌സൈസുകാര്‍ പിടിച്ചെന്നു പറയുന്നത് കേട്ടു.'ആള്‍ക്കൂട്ടത്തിനിടയില്‍ ഞങ്ങളുടെ അരികില്‍നിന്ന  സമീപവാസികളില്‍ ഒരാള്‍ പറയുന്നത് ഞാന്‍ കേട്ടു.

വീടിന്റെ മുന്നില്‍ കരഞ്ഞു തളര്‍ന്നുകിടക്കുന്ന സ്ത്രീ..അതായിരിക്കും ഗോവിന്ദിന്റെ അമ്മ. ഞാന്‍ മുഖം തിരിച്ചു.വീടിന്റെ പുറകില്‍ ചായ്പിന്റെ അരികില്‍ ഇഷാന്റെ ചുവന്ന ഹെര്‍ക്കുലിസ് സൈക്കിള്‍ ഇരിക്കുന്നത് കണ്ടു. കാരണമില്ലാത്ത ഒരു വെറുപ്പ് ആ സൈക്കിളിനോട് എനിക്ക് തോന്നി.

അകലെ നിന്ന് പോലീസ് ജീപ്പ് വരുന്നത് കണ്ടു. അതില്‍ ഗോവിന്ദ് ഉണ്ടാവണം.

ആ കാഴ്ച കാണാന്‍ എനിക്ക് കരുത്തില്ലായിരുന്നു.

വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഇഷാന് ഒരു പുതിയ ചുവന്ന ഹെര്‍ക്കുലിസ് സൈക്കിള്‍ സമ്മാനിച്ചു. അവന്റെ മുഖം സന്തോഷം കണ്ടു നിറഞ്ഞു. പക്ഷേ ഞാന്‍ അവിടുത്തെ താമസം മതിയാക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവന്റെ മുഖം വാടി. വാരസ്യാരും അമ്പരന്നു.

'അല്ല,എന്തായിപ്പോ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം.?'അവര്‍ ചോദിച്ചു.

അപ്പോള്‍ എന്റെ കാതില്‍ ആ ടീച്ചറുടെ വാക്കുകള്‍ പ്രകമ്പനം കൊണ്ടു.

'മെട്രോ സിറ്റി പോലെ വലിയ നഗരങ്ങളില്‍ കഞ്ചാവ് കച്ചവട സംഘങ്ങള്‍ തമ്മില്‍ വലിയ മത്സരമാണത്രെ. അത് കൊണ്ട് അവരില്‍ ചിലര്‍ ഗ്രാമപ്രദേശങ്ങളിലേക്കും ഇടത്തരം പട്ടണങ്ങളിലേക്കും കച്ചവടം വ്യാപിപിക്കുകയാണ്.വലിയ മാര്‍ക്കറ്റ്....'

'ഒന്നുമില്ല. ഈ ബിസിനസ് ഒക്കെ മടുത്തു.. ഇനി പുതിയത് എന്തെങ്കിലും ചെയ്യണം.'ദുര്‍ബലമായ സ്വരത്തില്‍ ഞാന്‍ വാരസ്യാരോട്  പറഞ്ഞു. ഗോവിന്ദിന്റെ ഓമനത്തം നിറഞ്ഞ മുഖം മനസ്സില്‍ നിറഞ്ഞു.

ആ പിരിയന്‍ ഗോവണി കയറി മുറിയിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സില്‍ പുതിയ ഒരു തീരുമാനമുണ്ടായിരുന്നു.

Join WhatsApp News
joseph abraham 2020-01-04 20:39:58
നന്നായിട്ടുണ്ട്  ക്ളൈമാക്സും  ലളിതമായി പറഞ്ഞു അവസാനിപ്പിച്ചു .  എല്ലാ ഭാവുകങ്ങളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക