Image

കൊളോണില്‍ ഇന്ത്യന്‍ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു

Published on 05 January, 2020
കൊളോണില്‍ ഇന്ത്യന്‍ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു

കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു.

ഡിസംബര്‍ 25 ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ലുവൈനില്‍ ഉപരിപഠനം നടത്തുന്ന ഫാ.ജസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ സിഎംഐ സന്ദേശം നല്‍കി. ആന്റണി സഖറിയാ ലേഖനം വായിച്ചു. ജിം ജോര്‍ജ് വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുന്പിളുവേലില്‍, ജോഷ്വ സഖറിയാ, ടിലോ മൂര്‍, അഡോണ കരിന്പില്‍, ജോനാസ് കാരുവള്ളില്‍, നോബിള്‍ & നോയല്‍ കോയിക്കേരില്‍, നോയല്‍ ജോസഫ് എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത്‌കൊയറിന്റെ ഭക്തിനിര്‍ഭരമായ ഗാനാലാപനം ദിവ്യബലിയെ സജീവമാക്കി.


സുവര്‍ണജൂബിലി നിറവിലെത്തിയ കമ്യൂണിറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിനായി തയാറാക്കിയ സ്റ്റാന്പിന്റെ പ്രകാശനം ഇഗ്‌നേഷ്യസച്ചന്‍ നിര്‍വഹിച്ചു. ആന്ധ്രയിലെ അദിലാബാദ് രൂപതയില്‍ 10 വീടുകളും, ഒരു ദേവാലയവുമാണ് ഇന്‍ഡ്യന്‍ കമ്യൂണിറ്റി നിര്‍മ്മിച്ചു നല്‍കുന്നത്.

2018 ല്‍ കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ട കുട്ടനാട്ടിലെ കൈനകരിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി നടത്തുന്ന ഭവന നിര്‍മാണ പദ്ധതിയുടെ പ്രവര്‍ത്തനത്തെപ്പറ്റി ഡോ.ജോര്‍ജ് അരീക്കല്‍ വിശദീകരിച്ചു.ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 75,000 യൂറോ കൊണ്ട് 10 ലക്ഷം മുതല്‍മുടക്കി അഞ്ചു വീടുകളും അവിടുത്തെ ഒരു സ്‌കൂളില്‍ രണ്ടു ലക്ഷം രൂപയുടെ ഒരു കുടിവെള്ള പദ്ധതിയുമാണ് നടത്തിയത്. ഇതില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ ദാനവും നടന്നു.

തുടര്‍ന്ന് പാരീഷ് ഹാളില്‍ മധുരം പങ്കുവെയ്ക്കലും, കൈനകരിയിലെ വീടുനിര്‍മ്മാണ പ്രൊജക്ടിന്റെ ഡോക്കുമെന്ററിയും പ്രദര്‍ശനവും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കൊച്ചുകുരുന്നുകള്‍ അവതരിപ്പിച്ച നേറ്റിവിറ്റിപ്‌ളേ, ഗെസാങ് ഗ്രൂപ്പിന്റെ സംഘഗാനം, ലീബ ചിറയത്തിന്റെ അര്‍ദ്ധശാസ്ത്രീയ നൃത്തം, ഫ്യൂഷന്‍ ഡാന്‍സ്, ക്രിസ്മസ് പാപ്പാ തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. തംബോലയുടെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പ് കോര്‍ഡിനേറ്റു ചെയ്ത പരിപാടികള്‍ പിന്േറാ ചിറയത്ത് മോഡറേറ്റ് ചെയ്തു. ഇഗ്‌നേഷ്യസച്ചന്‍ സ്വാഗതം ആശംസിച്ചു. കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ 19,20,21 തീയതികളില്‍ നടക്കുന്ന കമ്യൂണിറ്റിയുടെ സുവര്‍ണ്ണജൂബിലി തിരുനാളിനോട് അനുബന്ധിച്ചുള്ള ലോട്ടറിയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി നടപ്പുവര്‍ഷത്തെ പ്രസിദേന്തി ആന്റണി സഖറിയായ്ക്ക് നല്‍കി നിര്‍വഹിച്ചു.തോമസ് അറന്പന്‍കുടിയാണ് ലോട്ടറി കണ്‍വീനര്‍.

കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ഡേവിഡ് അരീക്കല്‍, ഷീബ കല്ലറയ്ക്കല്‍, ആന്റണി സഖറിയ, സന്തോഷ് വെന്‌പേനിയ്ക്കല്‍, സൂസി കോലേത്ത് എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ നടത്തി.

കമ്യൂണിറ്റിയിലെ സെന്റ് ഫ്രാന്‍സിസ്‌കൂസ്(ബോഹും), സെന്റ് ചാവറ (ഹോള്‍വൈഡെ), സെന്റ് തോമസ്(ലിങ്ക്‌സ്‌റൈനിഷ്), സെന്റ് ജോര്‍ജ് (ഡ്യൂസ്സല്‍ഡോര്‍ഫ്), സെന്റ് അഗസ്റ്റിന്‍(ബോണ്‍), സെന്റ് സെബാസ്റ്റ്യന്‍ (ഡൂയീസ്ബുര്‍ഗ്), സെന്റ് ജോസഫ്(മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ്), സെന്റ് മാര്‍ട്ടിന്‍ (ബെര്‍ഗിഷസ്ലാന്റ്), സെന്റ് അല്‍ഫോന്‍സ(എര്‍ഫ്റ്റ്‌ക്രൈസ്) എന്നീ ഒന്‍പത് കുടുംബ കൂട്ടായ്മകളില്‍ ആഗമനകാലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക