Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -22: കാരൂര്‍ സോമന്‍)

Published on 07 January, 2020
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -22: കാരൂര്‍ സോമന്‍)
തിരിച്ചറിവിന്റെ തിരശീലകള്‍

കാറില്‍ വന്നിറങ്ങിയ സിസ്റ്റര്‍ കാര്‍മേല്‍ പുറത്തുനിന്ന്  രണ്ട് വനിതാപോലീസുകാരുമായി സംസാരിക്കുന്ന നോറിനെ ഉറ്റുനോക്കി. പോലീസുകാരില്‍ ഒരുവള്‍ കറുത്തനിറമുള്ളവളും മറ്റേത് ബ്രിട്ടീഷുകാരിയുമാണ്. കറുമ്പി അവിടെ കൂടി നിന്ന സ്ത്രീകളെ അടിമുടി നോക്കുന്നുണ്ടായിരുന്നു. അവളുടെ കറുത്ത തലമുടി കയറുപോലെ പിരിച്ച് കെട്ടിയിരിക്കുന്നു. സിസ്റ്റര്‍ കാര്‍മേലിന് പ്രത്യേകിച്ച് ഒരു സന്ദേഹവും തോന്നിയില്ല. ഫാത്തിമ സിസ്റ്റര്‍ കര്‍മേലിനോട് അവര്‍ വന്നത് ഇങ്ങനെ വിവരിച്ചു.
""ഇവിടെ ജനിച്ചു വളര്‍ന്ന ഒരു മുസ്ലീം പെണ്‍കുട്ടിക്ക് അറേബ്യയിലെ ഏതോ ഒരു ഭീകരസംഘടനയുമായി ബന്ധമുണ്ട്. അവളെ തിരഞ്ഞു വന്നതാണ്''. അകത്ത് കയറി അവര്‍ പരിശോധിച്ചു.
സിസ്റ്റര്‍ ഇങ്ങനെ പറഞ്ഞു
""ഞങ്ങള്‍ കുറ്റവാളികളെയും രാജ്യദ്രോഹികളെയും ഇവിടെ പാര്‍പ്പിക്കില്ല. ദൈവത്തിന്റെ പേരില്‍ ആണയിട്ട്, മാനസാന്തരപ്പെട്ട്, തികച്ചും നിര്‍മ്മല ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ളവര്‍. അവര്‍ വീണ്ടും തിന്മയിലേക്ക് വീഴാതിരിക്കാന്‍ ഞങ്ങള്‍ കരുതലും, പ്രാര്‍ത്ഥനയും, ധ്യാനവും, ത്യാഗവും നല്‍കുന്നു. 
നിങ്ങള്‍ അന്വേഷിക്കുന്നതരത്തില്‍ ആരും ഇവിടെയില്ല.
നിങ്ങള്‍ വിശ്വസിച്ചേ പറ്റു'' സിസ്റ്റര്‍ നോറിന്‍ കാര്യഗൗരവത്തോടെ പറഞ്ഞു.
കറുത്ത പോലീസുകാരി ആരുമായോ ഫോണില്‍ സംസാരിച്ചു. ഇവിടെ തെരുവ് വേശ്യകളെ കണ്ടെത്തി പാര്‍പ്പിക്കുമ്പോള്‍ ഈ യുവതികള്‍  തെരുവുനായ്ക്കളെ പോലെ മറ്റുള്ളവരെ കടിച്ചുകീറി കൊല്ലാന്‍ അനുവദിക്കില്ല.  ഈ പേപ്പട്ടികളെ വെടിവച്ചുകൊല്ലുകതന്നെ വേണം. ആരോടോ പോലീസുകാരി ഫോണിലൂടെ ശൗര്യം പ്രകടമാക്കുന്നു. അകത്തേക്ക് പോയ പോലീസുകാര്‍ പ്രതീക്ഷിച്ച യുവതിയെ കാണാതെ നിരാശരായി പുറത്തുവന്നു.  അവര്‍ സിസ്റ്റര്‍ കാര്‍മേലിനോടും  നോറിനോടും ഒരു ക്ഷമാപണം നടത്തിയിട്ട് യാത്രയായി.
"" ദൈവ മക്കളും അറിവുള്ളവരും ജ്ഞാനികളും പാര്‍ക്കുന്ന പട്ടണങ്ങളിലാണ് സമാധാനമുള്ളത്. ദൈവത്തിന്റെ കണ്ണുകള്‍ എന്നും നീതിമാന്മാരുടെ മേല്‍ തന്നെയാണ്'' സിസ്റ്ററ് കാര്‍മേല്‍ പറഞ്ഞു.
മനുഷ്യര്‍ വിദ്വോഷം വിട്ടകന്ന് സമാധാനം അന്വേഷിക്കാന്‍ ഇടവരട്ടെയെന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. അവര്‍ സിസ്റ്റര്‍ കാര്‍മേലിന്റെ മുറിയില്‍ വന്നിരുന്ന് അഭിസാരികയായ ജസീക്കയെപ്പറ്റി വിശദമായി സംസാരിച്ചു.
"" ജസീക്കയെ സഹായിക്കുവാന്‍ നമ്മള്‍ മുന്നോട്ട്  തന്നെ വരണം. നമുക്ക് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ഇതുപോലെ എത്രയെത്ര രാജ്യങ്ങളില്‍  സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. നമ്മള്‍ പോകുന്ന ഓരൊ രാജ്യങ്ങളിലും നമ്മുടേതായ സഹോദര സ്ഥാപനങ്ങള്‍ സ്ഥാപിക്കണം. പാപത്തില്‍  ജീവിക്കാന്‍ സ്ത്രീകളെ അനുവദിക്കരുത്.  ഇന്ന് തന്നെ റോമില്‍ നിന്നുള്ള പിതാവിന്റെ അനുവാദം ഞാന്‍ വാങ്ങും. സിസ്റ്റര്‍ ധൈര്യമായി  മുന്നോട്ട് പോകുക'' സിസ്റ്റര്‍ നോറിന്‍ അറിയിച്ചു.
"" ജസീക്ക മാനസാന്തരപ്പെട്ട് നന്മയുടെ വഴി  തെരെഞ്ഞെടുത്തിരിക്കുന്നു. അവള്‍ ചെയ്തുകൂട്ടിയ തിന്മകള്‍ക്ക് പകരമായി നന്മകള്‍ ചെയ്തിട്ട്  മരിക്കാനാണ് അവളുടെ ആഗ്രഹം. അവിടുത്തെ ഭരണാധിപന്‍ന്മാര്‍ക്കു പോലും അവളെ ഭയമാണ്.
അവളുടെ മനസുതുറന്നാല്‍ പലരുടെയും തൊപ്പികളും കസേരകളും തെറിക്കും. അതും അനൂകൂലമായ ഒരു ഘടകമാണ് '' സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു. "" അടുത്തമാസത്തെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് മീറ്റിംഗില്‍ ഇതും അജണ്ടയില്‍ ഉള്‍പ്പെടുത്തണം. വേശ്യകള്‍ പെരുകുന്ന രാജ്യങ്ങളില്‍ നമ്മുടെ സ്ഥാപനം അനിവാര്യമാണ്''. നോറിന്‍ പറഞ്ഞതിനോട് സിസ്റ്റര്‍ കാര്‍മേല്‍ യോജിച്ചു. "" സിസ്റ്റര്‍ നമ്മള്‍ ചോദിച്ച രണ്ട് സിസ്റ്റേഴ്‌സിന്റെ കാര്യം എന്തായി? കിട്ടുമോ? '' സിസ്റ്റര്‍ കാര്‍മേല്‍ ഓര്‍മിപ്പിച്ചു. "" ഞാനും പിതാവുമായുള്ള ബന്ധം സിസ്റ്റര്‍ക്കറിയില്ലെ? തന്റെ ആവശ്യം നിരസിക്കില്ല. നല്ല രണ്ട് സിസ്റ്റേഴ്‌സിനായി തിരച്ചില്‍  തുടങ്ങിയെന്നാണ് എന്നോട് ഫോണില്‍ പറഞ്ഞത്. നമുക്ക് പ്രാര്‍ത്ഥിക്കാം'' അവിടേക്ക് ധൃതിയില്‍ ഫാത്തിമ കടന്നുവന്നിട്ടറിയിച്ചു.
""സിസ്റ്റര്‍ ഇവിടെ തിരച്ചിലിനെത്തിയ പോലീസ്  ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു പാകിസ്ഥാനി പെണ്ണിനെ പിടിച്ച വാര്‍ത്ത ഇപ്പോള്‍ ന്യൂസില്‍ കണ്ടു   ഈസ്റ്റ് ലണ്ടനിലെ ഏതോ മോസ്ക്കിന് മുന്നില്‍  വെച്ചാണ് അറസ്റ്റുചെയ്തത്. അവള്‍ ഒറ്റക്കല്ല ഒരു സോമാലിയക്കാരിയുമുണ്ട്.''
ആ വാര്‍ത്ത അവര്‍ക്ക് ആശ്വാസകരമായിരുന്നു. സിസ്റ്റര്‍ കാര്‍മേല്‍ അതിനോട് പ്രതിവചിച്ചു.
"" മനുഷ്യന്‍ ഒരു അണു തൂക്കം തിന്മ ചെയ്താല്‍ അതും പടച്ചോന്‍ കാണുമെന്ന് ഇതിലൂടെ മനസ്സിലായില്ലേ? ഫാത്തിമ വന്നതുകാര്യമായി. അടുത്ത മീറ്റിംഗിനുള്ള കുറേ പേപ്പര്‍ തയ്യാറാക്കാനുണ്ട്. ഞങ്ങളെ ഒന്നു ഹെല്‍പ്പ് ചെയ്യ്'' തുടര്‍ന്നവള്‍ എഴുത്തിലും പേപ്പറുകളിലും മുഴികിയിരുന്നു.
ബ്രിട്ടനിലെങ്ങും മഴയും മഞ്ഞും പൂക്കളും പൊഴിഞ്ഞുതുടങ്ങി. പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ ജസീക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലേഡീസ് കെയര്‍ ഹോമിന്റെ ഉദ്ഘാടനചടങ്ങിന് മെക്‌സിക്കോയിലും ബ്രസീലിലും സിസ്റ്റര്‍ കാര്‍മേലും നോറിനും റോമില്‍ നിന്നും ആ രാജ്യങ്ങളിലെ ബിഷപ്പന്‍ന്മാരും പങ്കെടുത്തു.
രണ്ട് രാജ്യങ്ങളിലെ മെഡിക്കല്‍, ആതുരസേവനരംഗത്ത് ബിരുദം നേടിയ രണ്ട് കന്യാസ്ത്രീകളെ സ്ഥാപനത്തിന്റെ ഭരണചുമതലയേല്‍പ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചു. അതില്‍ കന്യാസ്ത്രീവസ്ത്രംപോയ വേശ്യകളുമുണ്ടായിരുന്നു. അവരുടെ പീഡനകദനകഥകള്‍ ആരംഭിക്കുന്നതും കന്യാസ്ത്രീകളുടെ മഠങ്ങളില്‍ നിന്നായിരുന്നു. ജസീക്കയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍കണ്ട് ഭരണത്തിലുള്ളവരും ആശ്ചര്യപ്പെട്ടു. സുന്ദരിമാരായ സ്ത്രീകളെ തങ്ങള്‍ക്ക് കാഴച്‌വെച്ചുകൊണ്ടിരുന്നവള്‍ പുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് അവര്‍ക്ക് വിശ്വസിക്കാനായില്ല. യേശുക്രിസ്തു ഇവള്‍ക്ക് പ്രത്യക്ഷപ്പെട്ടോ? അതായിരുന്നു ചിലരുടെ സംശയം. സിസ്റ്റര്‍ കാര്‍മേലും നോറിനും അവിടെ സന്ദര്‍ശിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടായിരുന്നു.
സിസ്റ്റര്‍ കാര്‍മേലിന്റെ ഇന്ത്യാസന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനിച്ചു വളര്‍ന്ന നാടും നഗരങ്ങളും സഹോദരനെ കാണാനും മനസ്സാഗ്രഹിച്ചു.
സിസ്റ്റര്‍ കാര്‍മേലിന്റെ അവധിക്കാലത്ത് സേവനം ചെയ്യാനായി ജര്‍മ്മനിയില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയെത്തി. അത് നോറിന് സഹായമായി.
കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് പോകുന്നത്.  മനസ്സ് തുള്ളിച്ചാടുന്നു. സഹോദരനെ നേരില്‍ കാണാനും പരസ്പരം അറിയുവാനും പോകുന്നു. മറ്റോരു ആഗ്രഹം ബഹ്‌റനില്‍ പോയപ്പോള്‍ മക്കയില്‍ നന്നുള്ള സംസം എന്ന പരിശുദ്ധജലം കുടിച്ചിരുന്നു. ഗംഗയിലെ പരിശുദ്ധ ജലവും കല്‍ക്കട്ട യാത്രയില്‍ കുടിക്കണം. ഈ രണ്ട് ജലവും മറ്റ് ജലം പോലയല്ല. എത്രനാള്‍ വേണമെങ്കിലും സൂക്ഷിച്ചുവെക്കാം. ഹിമപ്രപഞ്ചത്തില്‍ നിന്നുവരുന്ന പരിശുദ്ധിയുള്ളതാണ് ഗംഗാജലം. നാടൊക്കെ നഗരങ്ങളായി വളര്‍ന്നുകാണും.  പിതാവിന്റെ ശവകുടീരം കാണുക എന്നത് മനസ്സിനുള്ളിലെ വലിയ ആഗ്രഹമാണ്. ഏകാഗ്രതയോടെ ഇരുന്ന് നിമിഷങ്ങളില്‍ മൊബൈല്‍ ശബ്ദിച്ചു. 
ലണ്ടനിലെ ഹീദ്രു വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന ദിവസം ജസീക്കയുടെ ഫോണ്‍ വന്നു. സംസ്സാരത്തിനിടയില്‍ ധൈര്യമായി മുന്നേറാന്‍ അവള്‍ക്ക് പ്രചോദനം കൊടുത്തു. സുന്ദരദേശമായ കേരളവും ഇന്ത്യയുമൊക്കെ കാണാന്‍ ആഗ്രഹമുണ്ടെന്നും സിസ്റ്റര്‍ മടങ്ങിവരുന്നതിന് മുന്‍മ്പ് താന്‍ വരുമെന്നുമറിയിച്ചപ്പോള്‍ സിസ്റ്റര്‍ക്ക് അതിരറ്റ സന്തോഷം തോന്നി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കവളെ സ്വാഗതം ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനമായ കല്‍ക്കട്ടയും മദര്‍ തെരേസയുടെ ആതുര സ്ഥാപനവും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സിസ്റ്റര്‍ കൊടുത്ത മറുപടി. ആദ്യം ഞാന്‍ കല്‍ക്കട്ടയില്‍ ചെന്നിട്ട് അറിയിക്കാമെന്നാണ്.
  കാറില്‍ കയറുന്നതിന് മുന്‍പ് കൂട്ടമായി നിന്ന അവിടുത്തെ അന്തേവാസികളോട് കൈയ്യുയര്‍ത്തി സ്‌നേഹപുരസ്സരം വിട പറഞ്ഞു. സിസ്റ്റര്‍ നോറിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. മെര്‍ളിനും ഫാത്തിമയും സിസ്റ്റര്‍ക്കൊപ്പം കാറില്‍ യാത്രയായി. വിമാനത്താവളത്തിലെത്തി രണ്ടുപേരും കെട്ടിപ്പുണര്‍ന്ന് വിട പറയുമ്പോള്‍ അവരുടെ മുഖം ശോകമൂഖമായിരുന്നു. ഇനിയും സിസ്റ്ററെ കാണണമെങ്കില്‍ മാസങ്ങള്‍  കഴിയണം. എന്തോ നഷ്ടപ്പെട്ടവരെപോലെ സിസ്റ്റര്‍ കണ്‍മുന്നില്‍ നിന്നും മായുന്നതുവരെ അവരവിടെ നിന്നു . അനാഥാലയങ്ങളിലെ കുട്ടികളെ പരിചരിക്കുന്നതുപോലെ അഴുക്കുചാലുകളില്‍ നിന്ന് എത്രയെത്ര സ്ത്രീകള്‍ക്കാണ് മാനസികവും ആത്മീയവും ശാരീരികവുമായ പരിശീലനങ്ങള്‍ കൊടുത്ത് അവരെ ജീവതത്തിലേക്ക് സിസ്റ്റര്‍ കൊണ്ടുവന്നത്. സ്വന്തം ജീവിതവും ജീവനും നല്‍കാന്‍ ഇതുപോല ലോകത്ത് എത്ര പേരുണ്ടാകുമോ?
ആകാശ ഗംഗയില്‍ വിമാനമൊരു പക്ഷിയെപ്പോലെ പറന്നു. പ്രഭാ കിരണങ്ങളില്‍ വിമാനം ഇളകിയാടി.
അതാ! തിരുവനന്തപുരം വിമാനത്താവളം. ആകാശത്ത് നിന്നും നോക്കുമ്പോള്‍പോലും സ്വന്തം ജന്മദേശം  എത്ര മനോഹരം. എത്ര ചേതോഹരം. കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു.
വിമാനമിറങ്ങി. പുഞ്ചിരിപൊഴിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാലുകുത്തി.  ലോകത്തിന്റെ മാറ്റങ്ങള്‍ ഇവിടെയും പ്രകടമാകുന്നുണ്ട്. അകത്തേക്ക് പ്രവേശിച്ചു പതിവ് പരിശോധനകള്‍ കഴിഞ്ഞ് പെട്ടിയുമായി പുറത്തെത്തി.
"" ആനന്ദാശ്രുക്കള്‍ നിറഞ്ഞ മിഴികളോടെ അവിടെ നില്ക്കുന്നവരിലേക്ക് നോക്കി. അവരുടെ കണ്ണുകള്‍ ഉടക്കി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു. ആ നില്ക്കുന്നത് കോശിയല്ലേ? അതേ...... എന്റെ......സഹോദരന്‍ കോശി.......അടുത്തു നില്ക്കുന്ന സുന്ദരിക്കുട്ടി........ങ്ഹാ.......അതെ.........ഷാരോണ്‍ തന്നെ.
തനിക്ക് അവളുടെ പേരറിയാം.
ങ്ഹാ! അതെ.. തന്നെ മനസ്സിലാക്കി കൈവീശി കാണിക്കുന്നു.താനണിഞ്ഞിരിക്കുന്ന ശ്രേഷ്ടവസ്ത്രം...സഭാ വസ്ത്രം....എവിടെയും എപ്പോഴും ഒരടയാള വസ്ത്രമാണല്ലോ. ഈ രംഗത്ത് പ്രലോഭനങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇന്നുവരെ താനതിന് കളങ്കം വരുത്തിയിട്ടില്ല. ക്രിസ്തുവിന്റെ മണവാട്ടിയായി എല്ലാ തിന്മകളെയും അതിജീവിച്ച് വീണ്ടും ജന്മനാട്ടിലെത്തിയിരിക്കുന്നു.
സിസ്റ്റര്‍ കാര്‍മേലിന്റെ മനസ്സില്‍ കുളിരിന്റെ നിലാവിന്റെ തിളക്കം. തന്റെ  യാത്ര സഫലമായിരിക്കുന്നു.
അതാ! അവനും ധൃതിയില്‍ മുന്നോട്ട് നടന്നുവരുന്നു. ആ ദിവ്യമായ സഹോദര സ്‌നേഹത്തില്‍ ആത്മനൊമ്പരം കലര്‍ന്നൊരു വിളി.
""പെങ്ങളെ. കോശി വിളിച്ചു.
ആ സഹോദരന്റെ അധരങ്ങളില്‍ നേരിയ വിറയലും മിഴികളില്‍ നനവിന്റെ ചലനങ്ങളും. സ്‌നേഹത്തിന്റെ പവിത്രതയില്‍ അവരുടെ മിഴികള്‍ നിറഞ്ഞു.
""കോശി'' സിസ്റ്റര്‍ കാര്‍മേല്‍ വിളിച്ചു.
പരിസരബോധം മറന്നവര്‍ കെട്ടിപ്പുണര്‍ന്നു. ഗൃഹാത്വരത്വത്തിന്റെ വൈകിവന്ന താളലയങ്ങള്‍.
"" ബന്ധങ്ങളുടെ കടലാഴങ്ങള്‍ അളന്നുതീര്‍ത്ത നിമിഷങ്ങള്‍'' ഇരുവരിലും രക്തബന്ധത്തിന്റെ ജൈവചോദനകള്‍.
മുന്നോട്ട് നടന്ന് ഷാരോണിനെ മാറോടമര്‍ത്തി നെറ്റിയില്‍ ചുംബിച്ചു. ഇരുവരും പരസ്പരം കൈകള്‍ കോര്‍ത്തു.
""പെങ്ങളെ........പെങ്ങളെ.......സന്തോഷമായി..............
എനിക്ക് സന്തോഷമായി......''
കോശിയുടെ കണ്ണുകള്‍ നനഞ്ഞുതുളുമ്പി അത് കണ്ടപ്പോള്‍........
"" കോശീ.....എടാ കോശീ എന്താണിത് ........?
അത് സന്തോഷത്തിന്റെ കണ്ണീരാണെന്ന് സിസ്റ്റര്‍ കാര്‍മേലിനറിയാം തന്റെയും കണ്ണുകള്‍ നനഞ്ഞില്ലേ?  ആദ്യമായിട്ടാണ് പപ്പായുടെ കണ്ണുനീര്‍തുള്ളികള്‍ ഷാരോണ്‍ കാണുന്നത്. എത്ര നാളുകള്‍ നിശബ്ദ നോമ്പരങ്ങളായി ഇവര്‍ കഴിഞ്ഞു. ആ കണ്ണുനീരില്‍ നിറഞ്ഞുനിക്കുന്നത് സ്‌നേഹവും വിശുദ്ധിയുമാണ്. സ്‌നേഹമുള്ളടത്തേ സന്തോഷവും സമാധാനവുമുള്ളത്. ഇനിയുള്ള കാലം അവര്‍ സന്തോഷമായിരിക്കട്ടെ.
"" മോളെ ! ഷാരോണ്‍ ! നീ എന്നെ അറിയുമോ?............''
സിസ്റ്റര്‍ കാര്‍മേല്‍ വാത്സല്യത്തോടെ ചോദിച്ചു. പെട്ടന്നൊരു മറുപടി ഷാരോണില്‍ നന്നുണ്ടായി.
"" അറിയാം....അറിയാം....എനിക്കറിയാം ആന്റി.........
"" ങേ!''
ഇപ്പോള്‍ തികച്ചും അമ്പരന്നുപോയത് സഭയിലെ ശ്രോഷ്ട സന്യാസിനി സിസ്റ്റര്‍ കാര്‍മേലാണ്.
    സിസ്റ്റര്‍ കാര്‍മേല്‍ ദയനീയമായി കോശിയെ തുറിച്ചു നോക്കി.
ധ്യാനത്തിലെന്നവണ്ണം മിഴികളടച്ച് കോശി ശിരസ്സ് കുനിച്ചു.
""ശരി'' എന്നതിന്റെ അര്‍ത്ഥഭാവം പ്രശസ്തനായ ആ വക്കീല്‍ സഹോദരന്റെ മുഖത്ത് തെളിഞ്ഞു.
"" അതെ പെങ്ങളെ !
ആ രഹസ്യം എന്റെ മകള്‍ക്കറിയാം......
ഏലിയാമ്മക്കും. പെങ്ങള് ഞങ്ങളെ കാണാനെത്തുവെനന്നറിയിച്ചപ്പോള്‍ ഞാനെല്ലാം മറന്നു.
അപ്പച്ചന് കൊടുത്ത വാക്കുപോലും. എന്റെ സന്തോഷം
പങ്കുവെക്കുന്നതില്‍ എനിക്കാ രഹസ്യം സൂക്ഷിച്ചുവെക്കാനായില്ല....
ഇല്ല.....ഇല്ല....... എന്നില്‍ അപകര്‍ഷതയില്ല. അഭിമാനം മാത്രം.... എന്റെ രക്തം.........
എന്റെ രക്തം....... ഞാനെങ്ങനെ മറച്ചുവെക്കും പെങ്ങളെ....''
കോശി ഷാരോണിനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു.
"" ഇവളാണ് അതില്‍ ഏറ്റവും സന്തോഷിച്ചത്''
കോശി അതീവ സന്തോഷത്തോടെ സിസ്റ്റര്‍ കാര്‍മേലിന്റെ മുഖത്തേക്ക് നോക്കി.
"" എനിക്ക് അഭിമാനമുണ്ട് പെങ്ങളെ.... നമ്മുടെ ലോകസഭയിലെ ശ്രഷ്ടപദവിയുള്ള, പാപികളുടെ രക്ഷക എന്റെ പെങ്ങളാണെന്ന് പറയുന്നതില്‍....... ഞാനതില്‍ അഭിമാനിക്കുന്നു പെങ്ങളെ...''
കോശിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. സിസ്റ്റര്‍ കാര്‍മേല്‍ ഷാരോണിനെ ഗാഡമായി ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
"" മോളെ....സിസ്റ്റര്‍ ആന്റിക്ക് തൃപ്തിയായി...സന്തോഷമായി....''
ഇത്രയും നേരം വീര്‍പ്പടക്കിപ്പിടിച്ചു നിന്നതു വിതമ്പലുകളായി മാറി. കന്യാസ്ത്രീ കാര്‍മേല്‍ വിങ്ങി പൊട്ടികരഞ്ഞു.
പെട്ടന്ന് വീര്‍പ്പുമുട്ടലുകള്‍ ഒതുക്കി, കണ്ണുകള്‍ തുടച്ചു ഷാരോണിന്റെ  ഇരു കരങ്ങളുമെടുത്ത് സിസ്റ്റര്‍ പറഞ്ഞു.
"" എന്റെ സുന്ദരികുട്ടി.........ദൈവം....ദൈവം......
എന്റെ പ്രാര്‍ത്ഥന കേട്ടു..... ആ ദൈവമാണ്
നിങ്ങളെ കാണിച്ചു തന്നത്. ജാക്കി അതിനൊരു
നിമിത്തമായി...... ഇവള്‍ക്ക് ആരുടെ ഛായയാ കോശി''
"" ഇവള്‍ക്ക് ഏലീയാമ്മയുടെ ഛായയാണ്'' കോശി പറഞ്ഞു.
"" എനിക്ക് അവളേയും കാണാന്‍ തിടുക്കമായി....
വാ.....വേഗം പോകാം...... നീ കാറെടുക്ക്....''
ഇനിയും പറഞ്ഞു തീരാത്ത ഒരു കടങ്കഥ പോലെ മൂവരും കാര്‍പാര്‍ക്കിലേക്ക് വേഗത്തില്‍ നടന്നു. അവര്‍ പുറപ്പെട്ടു.
കൊട്ടാരം വീടിന്റെ വലിയ മതില്‍ക്കെട്ടിനുള്ളിലേക്ക് കാര്‍ കടന്നുചെന്നു.
വാതില്‍ക്കല്‍ സാധാരണ വേഷത്തില്‍ ഒരു പാവം കുടുംബിനിയായി ഏലീയാമ്മയെന്ന മികച്ച ഉദ്യോഗസ്ഥ നിറഞ്ഞ പുഞ്ചിരിയോടെ കാത്തിരിയ്ക്കുന്നു.
അകത്തെ വാതിലിന്റെ മറവില്‍ ശാന്തയെന്ന വേലക്കാരി സ്ത്രീയും. സിസ്റ്റര്‍ കാര്‍മേലും ഏലീയാമ്മയും അളവുകള്‍ക്കപ്പുറത്തുള്ള ആനന്ദത്തോടെ നാലഞ്ചാറ് നിമിഷങ്ങള്‍ പരസ്പരം നോക്കി നിന്നു.വാക്കുകള്‍ക്ക് അക്ഷരങ്ങള്‍ കിട്ടാത്തവണ്ണം നോക്കി നോക്കി നിന്നു. ഒടുവില്‍ വിളിച്ചു.
"" ഏലീയാമ്മേ.....''
ആ വിളിയില്‍ സ്‌നേഹത്തിന്റെ അര്‍ത്ഥങ്ങള്‍ എത്രയോ!!
ആലിംഗനബന്ധരായി നാത്തൂനും നാത്തൂനും സന്തോഷത്തോടെ അകത്തേക്ക് നടന്നു.
 ഷാരോന്‍ പെട്ടിയുമായി പിറകെയെത്തി. അകത്ത് ഭിത്തിയില്‍ തൂക്കിയിരിക്കുന്ന പിതാവിന്റെ ഫോട്ടോയില്‍ സിസ്റ്റര്‍  കാര്‍മേല്‍ നിറകണ്ണുകളോടെ നോക്കി നിന്നു. പിതാവിന് കൊടുത്ത വാക്ക് പാലിക്കാന്‍വേണ്ടി തന്റെ സഹോദരിയെ അകറ്റിനിര്‍ത്തേണ്ടി വന്നല്ലോയെന്ന് കോശി സങ്കടത്തോടെ ചിന്തിച്ചു. ഇപ്പോള്‍ ലോകത്തോട് മുഴുവന്‍ വിളിച്ചുപറയാന്‍ തോന്നുന്നുണ്ട് ഇത് തന്റെ സഹോദരിയാണെന്ന്.
ഷാരോണ്‍ സിസ്റ്റര്‍ക്ക് മുറി കാണിച്ചുകൊടുത്തു.
""സിസ്റ്റര്‍ കാപ്പി കുടിച്ചിട്ട് കുളിക്കൂ, അപ്പോഴേയ്ക്കും ഭക്ഷണം എടുത്തുവയ്ക്കാം''
ഏലിയാമ്മ കാപ്പി കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു.
കുളി കഴിഞ്ഞെത്തിയ സിസ്റ്റര്‍ കര്‍മേലിനെ വീട്ടുകാര്‍ ടൈനിംഗ് ടേബിളില്‍ കാത്തിരുന്നു. മേശപ്പുറത്ത് പുട്ടും പപ്പടവും, ദോശയും ചമ്മന്തിയും ഒക്കെ കണ്ടപ്പോള്‍ നാവില്‍ വെള്ളമൂറി. നാടന്‍ ഭക്ഷണം കണ്ടിട്ട് എത്ര നാളായി. അവര്‍ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.
മുദ്രാവാക്യങ്ങള്‍ ശക്തിയില്‍ മുഴങ്ങുന്നത് കേട്ട് സിസ്റ്റര്‍ കോശിയെ നോക്കി,
 ""നിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യൂക, പോലീസ് നീതി പാലിക്കുക, മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുക''.
എന്നിങ്ങനെ അലറി വിളിക്കുന്നു.
താമരക്കുളത്തുനിന്ന് വന്ന ജാഥ ചാരുംമൂട്ടിലേക്ക് പോകുന്നു. അവരുടെ ഇടയില്‍ നിന്ന് മദ്ധ്യവയസ്കരായ സ്ത്രീയും പുരുഷനും മുറ്റത്തേക്കു വന്നു. വീട്ടിലെ നായ കിട്ടു അവരെ കണ്ട് കുരച്ചു. കോശിയുടെ മുന്നില്‍ കൈ കൂപ്പി നിന്നിട്ട് പറഞ്ഞു.
""രക്ഷിക്കണം സാര്‍, എന്റെ മകളെ ബലാത്സംഗം ചെയ്ത് കൊന്നവരെ ഇന്നുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
നിഷയുടെ അമ്മ കരഞ്ഞു.
""ഞങ്ങള്‍ പാവപ്പെട്ടവരാ, ഈ കുടുംബം പാവങ്ങളെ സഹായിക്കുന്നവരല്ലേ, സഹായിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം''
അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
സിസ്റ്റര്‍ കര്‍മേല്‍ അവിശ്വസനീയതയോടെയാണ് അത് കേട്ടത്. പോയിട്ടുള്ള രാജ്യങ്ങളിലൊന്നും ഇങ്ങനെ ഒരു സംഭവം കേട്ടിട്ടില്ല. നീതി വ്യവസ്ഥയും ജനാധിപത്യവും കശാപ്പു ചെയ്യുന്ന ഒരു രാജ്യത്തല്ലേ ഇതെല്ലാം നടക്കൂ. തന്റെ സഹോദരന്‍ പാവങ്ങളുടെ കേസ് വാദിക്കുന്നവനാണെന്നാണ് കേട്ടിട്ടുള്ളത്. ഷാരോണും ഏലിയാമ്മയും വേദനയോടെ നോക്കി.
സിസ്റ്റര്‍ പറഞ്ഞു
""എന്തൊരു ക്രൂരതയാണ് ഇവിടെ നടക്കുന്നത്.? ഇവിടുത്തെ ജനങ്ങള്‍ ഇതൊക്കെ എങ്ങിനെ കണ്ടിരിക്കുന്നു''
കോശി ഉടന്‍ പറഞ്ഞു
""ഈ കേസ് ഞാന്‍ വാദിക്കാം. നിങ്ങള്‍ വിഷമിക്കേണ്ട'' അവരുടെ വിളറിയ കണ്ണുകളില്‍ പ്രകാശം നിറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക