ലണ്ടന്‍: വില്‍ഷയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷം നടത്തി. സ്വിന്‍ഡണ്‍ സൂപ്പര്‍ മറൈന്‍ സ്പോര്‍ട്സ് സെന്ററില്‍ നൂറുകണക്കിന് വില്‍ഷയര്‍ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഒരുമയുടെ സന്ദേശമോതി മെറിന് ജോസഫ് ഐപിഎസ് കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസികളുടെ ഇടപെടലുകളും സംഭാവനകളും ഭാരതത്തിനു നല്കുന്ന പിന്തുണ മഹത്താണെന്നും പ്രവാസികളടക്കം ഇന്ത്യക്കാര്‍ ഒരുമിച്ചുനിന്ന് പ്രശ്നങ്ങളെ നേരിടണമെന്നും ഇതിനു കാര്യക്ഷമമായ് പ്രവര്‍ത്തിക്കുന്ന എന്‍ആര്‍ഐ സെല്‍ ബൃഹത്തായ സേവനമാണ് നല്‍കുന്നതെന്നും മെറിന് അഭിപ്രായപ്പെട്ടു. പഠനം ജീവിതചര്യയാക്കണമെന്നും ഭാവിയിലെ എന്ത് ആവിശ്യങ്ങള്‍ക്കും തന്നോട് ബന്ധപ്പെടാമെന്നും തന്റെ പരിധിയില്‍ നിന്ന് മാര്‍ഗ നിര്‍ദ്ദേശം നല്കാന് തയാറാണെന്നും മെറിന് ജോസഫ് വാഗ്ദാനം ചെയ്തു.
സെക്രട്ടറി മാര്ട്ടിന് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഡബ്ല്യുഎംഎ പ്രസിഡന്റ് ജിജി വിക്ടര്‍ കഴിഞ്ഞ കാലയളവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് വിമന്‍സ് ഫോറവും മ്യൂസിക്ക് ക്ലാസുകളും എങ്ങനെ അസോസിയേഷനു പകിട്ടേകുന്നുവെന്നും ഏറ്റവും പുതിയ പ്രോജക്ടായ യുത്ത് ഡെവലപ്മെന്റ് പ്രോഗ്രാം ലക്ഷ്യമാക്കുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും കോണ്ഫിഡസ് ബില്‍ഡിംഗ്, ക്യാരക്ടര്‍ ബില്‍ഡിംഗ്, കംപാഷന്‍ എന്നിവയായിരിക്കും മുഖ്യഘടകം എന്നും ഓര്‍മപ്പെടുത്തി. വേദിയില്‍ പുതിയതായി തിരഞ്ഞെടുത്ത യൂത്ത് ചാംപ്സിനെ ആദരിച്ചു. യുക്മാ കാലാ-കായിക റീജണല്‍ - നാഷണല്‍ മത്സരങ്ങളില്‍ കീരീടം ചൂടിയത് ഡബ്ല്യുഎംഎ യുടെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയെന്നും ജിജി വിക്ടര്‍ പറഞ്ഞു.
തുടര്‍ന്നു ആഘോഷ പരിപാടികളുടെ ഭാഗമായി ക്രിസ്മസ് പാപ്പായെ വരവേറ്റു. കുഞ്ഞുമക്കളുടെ ഏയ്ഞ്ചല്‍ ഡാന്‍സോടെ കലാപരിപാടികള്‍ ആരംഭിച്ചു.
പ്രായഭേദമെന്യെ കൂടുതല്‍ ആളുകള്‍ സ്റ്റേജില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ കലാസന്ധ്യ നയന മനോഹരമായി.
കരോള്‍ഗാനങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഘനൃത്തങ്ങള്‍, മിമിക്രി, സ്കിറ്റ് തുടങ്ങിയവയും ജനഹൃദയങ്ങളെ കീഴടക്കി. ക്രിസ്മസ് പുല്‍ക്കൂട് മത്സരം, സാന്താക്ലോസ് മത്സരം എന്നിവയ്ക്കുള്ള സമ്മാനങ്ങളും കുട്ടികളെയും മുതിര്‍ന്നവരെയും നൃത്തം അഭ്യസിപ്പിച്ച ടീച്ചര്‍മാര്‍ക്കുള്ള പുരസ്കാരങ്ങളും നല്കി. റാഫിള്‍ ടിക്കറ്റ് പ്രൈസ്, ഇന്‍ഫിനിറ്റ് ഫിനാന്‍ഷ്യല്‍ സ്പോണ്സര് ചെയ്ത ഗോള്‍ഡ് കോയിന് എന്നിവ വിജയികള്‍ക്ക് വിതരണം ചെയ്തു.
ഡബ്ല്യുഎംഎ പ്രസിഡന്റ് ജിജി വിക്ടര്‍, സെക്രട്ടറി മാര്ട്ടിന് വര്‍ഗീസ്, ട്രഷറര്‍ ജെയ്മി നായര്‍, വൈസ് പ്രസിഡന്റ് ജിന്‍സ് ജോസ്, കമ്മിറ്റി അംഗങ്ങളായ അനുചന്ദ്ര, സെലിന് വിനോദ്, ബിജു വര്‍ഗീസ്, ജോണ്സണ് പോള്‍, ബോബി പെരപ്പാടന്‍, ബൈജു വാസുദേവന്‍, സോണി ആന്റണി, ഷാജു ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ഏരിയ അംഗം സോണി ആന്റണി നന്ദി പറഞ്ഞു. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
റിപ്പോര്‍ട്ട്:ജെഗി ജോസഫ്