Image

ദ്രൗപദി (ചെറുകഥ: കൊല്ലം ഷിനോ, യു.എസ്.എ)

Published on 15 January, 2020
ദ്രൗപദി (ചെറുകഥ: കൊല്ലം ഷിനോ, യു.എസ്.എ)
മൂന്ന് മണിക്കൂറിലെറേയായി ബസ് യാത്ര തുടങ്ങിയിട്ട്.ഇനിയും ഇത്ര തന്നെ സമയം സഞ്ചരിച്ചാലേ ദ്രൗപദിയുടെ നാട്ടിലെത്തു. പിന്നെ കടത്തു കടന്ന് വൈകുന്നതിന് മുമ്പ് ദ്രൗപദിയുടെ വീട്ടിലെത്തുവാന്‍ കഴിഞ്ഞാല്‍ മതിയാരുന്നു. ആദിത്യന്‍ ഓര്‍ത്തു. ഇയര്‍ എന്‍ഡിംഗ് ഓഡിറ്റിംഗ്, ഇന്‍വെന്ററി, അടുത്ത ഫിനാന്‍ഷ്യല്‍ ഇയറിലേക്കുള്ള ബിസിനസ് സ്ട്രാറ്റജി രൂപപ്പെടുത്തല്‍-ഓഫീസില്‍ ആകെ തിരക്ക് പിടിച്ച സമയമാണ്. പക്ഷെ നാലഞ്ചു വര്‍ഷമായുള്ള സൗഹൃദത്തിനിടയില്‍ ദ്രൗപദി ആദ്യമായി ആവശ്യപ്പെട്ട കാര്യമായതിനാലാണ് ഒഴിവാക്കുവാന്‍ തോന്നാതിരുന്നത്.

ആദിത്യന്,

നിനക്ക് സുഖം എന്ന് വിശ്വസിക്കുന്നു.സുഖാസുഖങ്ങളുടെ അതിര്‍ത്തി സ്വയം നിശ്ചയിക്കുന്നതിനാല്‍ എനിക്ക് സുഖം. ഒരു ആവശ്യത്തിനാണ് ഈ കത്ത്. നിനക്ക് ബുദ്ധിമുട്ടാണ് എന്നറിയാം.എങ്കിലും നീ ഒന്നിവിടെ വരെ വരണം. എന്റെ ഏറ്റവും നല്ല സുഹൃത്തായ നീ ഒപ്പം ഉണ്ടെങ്കിലെ ഈ അവസ്ഥ എനിക്ക് തരണം ചെയ്യാനാവൂ.. --- തീയതി ഉച്ചയോടെ എത്തുക. ഒന്നു രണ്ട് ദിവസം എന്റെ ഗ്രാമത്തില്‍ തങ്ങുവാനുള്ള തയ്യാറെടുപ്പോടെ വരിക. അമ്മാവനോട് ചോദിച്ച് അനുവാദം കിട്ടിയ ശേഷമാണ് ഈ കത്ത് 

ഹൃദയപൂര്‍വം     ദ്രൗപദി                                                     

വരാം എന്ന് മറുപടി എഴുതി. പക്ഷെ എത്ര ആലോചിച്ചിട്ടും ഇത്ര അത്യാവശ്യമെന്തെന്ന് മനസിലായില്ല. ദ്രൗപദിയുടെ കല്ല്യാണം.. ഏയ് ആവില്ല.. കല്ല്യാണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല എന്നാണ് കഴിഞ്ഞ ഏതോ കത്തില്‍ എഴുതിയിരുന്നത്.

ചെറിയ കത്തുകള്‍ വളരെ അപൂര്‍വമാണ്. ദ്രൗപദിയുടെ ആശയങ്ങള്‍ പേജുകളില്‍ ഒതുങ്ങുകയില്ല. അവയ്ക്ക് ദിവസങ്ങളുടെ ആഴ്ചകളുടെ ചിലപ്പോള്‍ മാസങ്ങളുടെ ദൈര്‍ഘ്യമുണ്ടാവും.അവളുടെ കത്തുകളില്‍ രാത്രിയും പകലും മഴയും വേനലും തണുപ്പും ചൂടും ഒക്കെ ഉണ്ടാകും. ഭ്രാന്താണ് എന്ന് സ്വയം പറഞ്ഞുകൊണ്ട് അവള്‍ തുടങ്ങുന്ന ചില കത്തുകള്‍ ചിലപ്പോള്‍ ഭ്രാന്തമാകാറുണ്ട്.

ആദിത്യന് ദ്രൗപദിയെ അറിയുന്നത് അവളുടെ കത്തുകളിലൂടെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ അവര്‍ നേരില്‍ കണ്ടിട്ടുണ്ട്. വിശദമായ സംഭാഷണങ്ങള്‍ക്ക് അന്നവള്‍ക്ക് സമയം ഉണ്ടായതുമില്ല. പക്ഷെ ആദിത്യന് ദ്രൗപദിയെ വ്യക്തമായി മനസിലാക്കാനാവും. അവളുടെ കത്തിലെ ആദ്യ വാചകത്തില്‍ നിന്ന് തന്നെ അവളുടെ അപ്പോഴത്തെ മാനസിക വികാരം മനസിലാക്കാനുമാവും.

പേജുകള്‍ നിറയെ കുനുകുനെ പകരുന്ന അക്ഷരങ്ങള്‍ക്ക് ജീവനുണ്ടാകും. മഴയെക്കുറിച്ച് ചുള്ളിക്കാടിന്റെ കവിതയെക്കുറിച്ച്, വിജയലക്ഷ്മിയോടുള്ള അസൂയയെക്കുറിച്ച്, ദേഹം-ദേഹി ബന്ധങ്ങളെക്കുറിച്ച്, ഗീതയിലെ ആത്മാവിനെക്കുറിച്ച്, മുകുന്ദന്റെ രാധയെക്കുറിച്ച്, രമേശിനെയും സുജയെയും കുറിച്ച്,സ്വപ്നത്തില്‍ കണ്ട ഹരിദ്വാറിനെക്കുറിച്ച്, ഹരിദ്വാറിലെ ഇരുണ്ട തെരുവില്‍ കണ്ട സത്വത്തെക്കുറിച്ച്, മാസമുറ ദിവസങ്ങളില്‍ തോന്നുന്ന മാനസിക പിരിമുറുക്കത്തെക്കുറിച്ച്, ആനന്ദിന്റെ മരുഭൂമിയെക്കുറിച്ച് ഒക്കെ.  മഴയാണ് ദ്രൗപദിയുടെ ഇഷ്ടം. പെയ്‌തൊഴിഞ്ഞ മഴയുടെ താളത്തിലാവും ദ്രൗപദി ശാന്തമാവുക.

പക്ഷെ ഭ്രാന്തമായ അക്ഷരങ്ങള്‍ നൃത്തത്തെക്കുറിച്ചാവും.

നൃത്തം ദ്രൗപദിയുടെ ജീവനാണ്. ജീവിതവും. നൃത്തവേദിയില്‍ വച്ചാണ് ആദിത്യന്‍ ദ്രൗപദിയെ ആദ്യം കണ്ടത്. കോളേജില്‍ അവസാന വര്‍ഷം ആഘോഷിക്കുന്നതിനിടയിലാണ് സ്വന്തം കോളേജ് യുവജനോത്സവത്തിന് വേദിയായ കോളേജ് സമൂഹത്തിലെ പ്രമുഖരില്‍ ഒരാളായ ആദിത്യന്‍ സ്റ്റുഡന്റ്‌സ് ഗസ്റ്റ് ജഡ്ജ് ആയി വിലസിയ രണ്ടാം ദിവസം ഒരു പരാതിയുമായാണ് ദ്രൗപദി എത്തിയത്. അര്‍ഹമായ ഒന്നാം സമ്മാനം നല്‍കിയില്ലെന്ന പരാതി അല്‍പം പരിഹാസത്തോടയാണ് സ്വീകരിച്ചത്. അന്വേഷിക്കാമെന്ന സ്ഥിരം മറുപടിയോടെ ആ സംഭവം മറന്നപ്പോഴാണ് പാര്‍ട്ടി ഓഫീസില്‍ വച്ച് ദ്രൗപദിയുടെ പരാതി ന്യായമായിരുന്നു എന്നറിഞ്ഞത്. പാര്‍ട്ടിയുടെ ഏതോ പരിപാടിയില്‍ ക്ഷണിച്ചിട്ട് നൃത്തം ചെയ്യാന്‍ വരാതിരുന്നതിലുള്ള പ്രതികാരം.

മനസിന്റെ കുറ്റബോധം ഒഴിവാക്കുവാന്‍ നേരിട്ട് ഒരു ക്ഷമാപണക്കുറിപ്പയച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് മറുപടി വന്നത്. പട്ടണത്തില്‍ ഒരു പ്രോഗാമിന് വരുന്നു എന്ന അറിയിപ്പും ഉണ്ടായിരുന്നു. പക്ഷെ പുതിയ ജോലിയില്‍ തിരക്കായതിനാല്‍ കാണാനായില്ല.പിന്നെ കത്തുകളിലൂടെ സൗഹൃദം വളര്‍ന്നു. ദ്രൗപദിക്ക് നൃത്തം എന്നും ഭ്രാന്തായിരുന്നു. നൃത്തവേദിയില്‍ ചുവടുകള്‍ മൂര്‍ധന്യത്തിലെത്തുമ്പോള്‍ പെട്ടെന്ന് നൃത്തം അവസാനിപ്പിച്ച് കാഴ്ചക്കാരെ വേദനയിലാഴ്ത്തണമെന്ന് തോന്നാറുണ്ട്. നൃത്തം അവസാനിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ രുദ്ര താളത്തില്‍ താണ്ഡവം ആടണമെന്ന് തോന്നാറുണ്ട്. എന്നൊക്കെ ദ്രൗപദി വളരെ ഗൗരവത്തില്‍ എഴുതാറുണ്ട്.

കായലില്‍ നിന്നും വീശിയ തണുത്ത കാറ്റേറ്റപ്പോഴാണ് ആദിത്യന്‍ ഉണര്‍ന്നത്.

ദ്രൗപദിക്ക് കത്തെഴുതുക ആദിത്യനും ഒരാശ്വാസമാണ്. ഓഫീസിലെ പ്രശ്‌നങ്ങളും അച്ഛനും ചേച്ചിയും ഒക്കെ അയച്ച കത്തുകളിലൂടെ ആദിത്യനെപ്പോലെ തന്നെ ദ്രൗപദിക്കും പ്രിയപ്പെട്ടവരായി. ചേച്ചിയുടെ മകള്‍ക്ക് ഒരു പേര് പറയാന്‍ എഴുതിയപ്പോള്‍ 101 പേരാണ് ദ്രൗപദി എഴുതിയത്. പിന്നെ മൂന്നാല് പേരുകള്‍ ആദിത്യന് ഇഷ്ടമുള്ള പേര് സെലക്ട് ചെയ്ത ശേഷം മാത്രമെ തുറക്കാവു എന്ന കുറിപ്പോടെ അയച്ചു.  ആദിത്യന്‍ ഇഷ്ടപ്പെട്ട് സെലക്ട് ചെയ്ത പേര് ആ കുറിപ്പില്‍ ഉണ്ടായിരുന്നത് വീട്ടില്‍ എല്ലാവര്‍ക്കും അത്ഭുദമായിരുന്നു.

കായലിലെ ചെറു ഓളങ്ങള്‍ക്ക് മുകളിലൂടെ കടത്തു വന്നു. ഭൂമിയുടെ ഉറപ്പില്‍ നിന്നും വെള്ളത്തിലെ ചലിക്കുന്ന പ്രതലത്തിലൂടെയുള്ള യാത്ര എന്നും ആദിത്യന് ഭയമാണ്. കായലുകളാല്‍ ചുറ്റപ്പെട്ട തുരുത്താണ് എന്റെ ഗ്രാമം. ദ്രൗപദി പറയാറുണ്ട്. ഈ കായല്‍ ജലം എന്റെ ഗ്രാമത്തിന്റെ ദുഃഖങ്ങള്‍ വാങ്ങി എന്നും കടുംനിറത്തില്‍ നിശബ്ദമായി കരയാറുള്ളത് ഗ്രാമവാസികള്‍ക്ക് ആശ്വാസമേകാനാണ് എന്നതും ദ്രൗപദിയുടെ വിശ്വാസമാണ്.

കടവിന് മുകളില്‍ രണ്ട് കടകളെ ഉണ്ടായിരുന്നുള്ളു.

‘ദ്രൗപദിയുടെ വീട് എവിടെയാണ്?’ ദ്രൗപദിയുടെ കത്തുകളിലൂടെ നായരെ ആദിത്യന് അറിയാമായിരുന്നെങ്കിലും നായര്‍ അപരിചിതത്വം കാട്ടി. പെട്ടെന്നാണ് ഓര്‍ത്തത്. ദ്രൗപദിയെന്ന പേര് ഗ്രാമത്തില്‍ അജ്ഞാതം.

"വീണ...യുടെ വീട്'..

‘ങാ.. മോളുടെ വീടോ? വരൂ കയറിയിരിക്കു.. പട്ടണത്തില്‍ നിന്നല്ലേ..’നായര്‍ ചിരപരിചിതനപ്പോലെ ആദിത്യനെ കടയിലേക്ക് ആനയിച്ചു.

ക്ഷണത്തിനുള്ളില്‍ കടുപ്പം കൂടിയ ഒരു ചായയും പരിപ്പുവടയും ആദിത്യന് മുന്നില്‍ നിരന്നു.

തലയിലെ തോര്‍ത്തഴിച്ച് അരയില്‍ കെട്ടി വിനീതനായി നില്‍ക്കുന്ന നായര്‍ ആദിത്യന് അത്ഭുതമായി.

"വീണക്കുട്ടിയുടെ വീട്ടിലേക്കാണ്, പട്ടണത്തില്‍ നിന്നും വന്നത്. അവിടെ കൃത്രിമ ഹൃദയങ്ങളുടെ ബിസിനസ് ചെയ്യുന്ന വലിയ കമ്പനിയുടെ മാനേജരാണ്'.. നായര്‍ തന്റെ അറിവ് കടയില്‍ ഇരുന്നവര്‍ക്ക് വിശദീകരിച്ച ശേഷം ശരിയല്ലേ എന്ന ഭാവത്തില്‍ നോക്കി. നീണ്ട യാത്രക്കു ശേഷം ലഭിച്ച ചൂടു ചായ ആസ്വദിക്കുന്നതിനിടയില്‍  ആദിത്യന്‍ തല ഉയര്‍ത്തിയില്ല.

"വരുമെന്ന് പറഞ്ഞിരുന്നു'..

"വീട് ഒന്നു പറഞ്ഞ് തന്നാല്‍..’ ചായയുടെ പണം എടുത്തു കൊണ്ട് ആദിത്യന്‍ മുഖം ഉയര്‍ത്തി. നായരുടെ മുഖത്ത് അല്‍പം ദേഷ്യം ഉയര്‍ന്നുവെന്ന് തോന്നി.

"പണം ഒന്നും വേണ്ടാ ട്ടോ'.. വീണക്കുട്ടി ഞങ്ങളുടെ മോളാണ്. കുട്ടിയുടെ വീട്ടില്‍ വരുന്നരൊക്കെ ഞങ്ങളുടെ അതിഥിയാണ്.’നായര്‍ ഇറങ്ങി നടന്നു കഴിഞ്ഞു.

ആദിത്യന്‍ തന്റെ ബാഗും എടുത്ത് പിറകെ ഇറങ്ങി.

"ദാമോദരാ- കടയൊന്ന് നോക്ക് ട്ടോ ഞാന്‍ വീണക്കുട്ടിയുടെ വീട്ടില്‍ ഇദ്ദേഹത്തെ എത്തിച്ചിട്ട് വരാം. പട്ടണത്തില്‍ നിന്നാണ്..’

"ആരാ.. പത്രക്കാരാ..' ദാമോദരന്റെ ജിജ്ഞാസ വളര്‍ന്നു.

"ഏയ് അല്ല.. ഞാന്‍ വീണയുടെ ഒരു കൂട്ടാണ്..’    ആദിത്യന് കടയില്‍ നിന്ന് പിന്‍തുടരുന്ന കണ്ണുകള്‍ മടുപ്പുളവാക്കി.

ദ്രൗപദി പറയാറുള്ളത് ശരിയാണ്. അവളുടെ ഗ്രാമം മനോഹരമാണ്. വൃക്ഷങ്ങളും വയലും ചെറിയ തോടുകളും ഒക്കെയായി..നായര്‍ എന്തൊക്കയോ ചോദിച്ചു കൊണ്ട് വേഗത്തില്‍ നടന്നു. യാന്ത്രികമായി ഉത്തരങ്ങള്‍ പറഞ്ഞ് ആദിത്യന്‍ പിറകെ നടന്നു.

ചെറിയ വീടിന് വലിയ ഒരു പടിപ്പുര ദ്രൗപദിയുടെ വീട് കണ്ട മാത്രയില്‍ ആദിത്യന് തോന്നിയത് അങ്ങനെയാണ്. പടിപ്പുര കടന്നപ്പോള്‍ നായര്‍ കുറെക്കൂടി വിനീതനായി.. തുളസിത്തറയില്‍ വെള്ളം നനച്ചു കൊണ്ട് ദ്രൗപദിയുടെ അനിയത്തി ഉണ്ടായിരുന്നു. കണ്ട മാത്രയില്‍ ഓടി അടുത്ത് വന്നു..

"ഏട്ടന്‍ വരുമെന്ന് വീണേടത്തി പറഞ്ഞിരുന്നു. എന്തേ വൈകിയത്.? കടത്ത് വള്ളത്തില്‍ കയറി പേടിച്ചോ?' കിലുകിലെ ചോദ്യങ്ങളുമായി അവള്‍.  വീട്ടു തൊടിയിലെ കാശിത്തുമ്പയ്ക്ക് വരെ ആദിത്യനെ പരിചയമുള്ള പോലെ ചിരിച്ചു.

"അമ്മാവന്‍ ഇല്ലേ?’  നായര്‍ പതിഞ്ഞ സ്വരത്തിലാണ്. അയാളുടെ സ്വരത്തിലെ ഭക്തി ആദിത്യനെ അമ്പരിപ്പിച്ചു..

"കയറി വരിക, എന്തേ നീ താമസിച്ചത്?' പാല്‍ച്ചിരിയുമായി ദ്രൗപദി വാതില്‍ക്കല്‍ എത്തി. കടുത്ത നൃത്തച്ചയങ്ങളിലും ചെറുവാക്കുകളിലും മാത്രം കണ്ട ദ്രൗപദി ഈ നാടന്‍ പെണ്‍കുട്ടിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പരിചയമായ ശേഷം ഒരിക്കല്‍ മാത്രം കണ്ട നൃത്തത്തില്‍ ദ്രൗപദി ചുവടുകളുടെ ചലനത്തിലും വേഗം മുഖത്തെ വികാരചലനങ്ങളായിരുന്നുവെന്ന് ആദിത്യന്‍ ഓര്‍ത്തു. ഈ മുഖത്ത് ഇപ്പോള്‍ സൗഹൃദത്തിന്റെ പാല്‍ നിറം മാത്രം.

"അമ്മാവന്‍ അകത്തുണ്ട്. നല്ല സുഖമില്ല..’ പടിക്കല്‍ വച്ചിരുന്ന വലിയ കിണ്ടിയിലെ വെള്ളം എടുത്ത് കാല്‍ കഴുകി നായര്‍ അകത്തേക്കു കടന്നു. തന്റെ പരുങ്ങല്‍ കണ്ടാകും ദ്രൗപദി ബാഗ് വാങ്ങി സ്വന്തം തോളില്‍ തൂക്കി അകത്തേക്ക് നടന്നു. ആദിത്യന്‍ കാലും കഴുകി അല്‍പം വെള്ളം കൊണ്ട് മുഖവും നനച്ച് അകത്തേക്ക് കടന്നു.

പൊട്ടന്‍ചുക്കാദി തൈലത്തിന്റെ മണം നിറഞ്ഞ മുറിയില്‍ ചാരുകസേരയില്‍ വിശ്രമിച്ചിരുന്ന അമ്മാവന്റെ മുഖത്തെ ഗാംഭീര്യം പഴയ ഒരു രാജാവിന്റെ പ്രതീതി നല്‍കി.

"ഇരിക്ക, പണ്ടു കണ്ടതില്‍ നിന്നും ആദിത്യന്‍ ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോള്‍ ശരിക്കും ഒരു ഉദ്യോഗസ്ഥന്‍ തന്നെ. പക്ഷെ നിറം ലേശം മങ്ങി.’ അമ്മാവന്‍ സ്വാഗതം പോലെ വിലയിരുത്തി..

ആദിത്യന്‍ ഒന്നും മിണ്ടിയില്ല. "നായരെ എന്തൊക്കെയുണ്ട് ? കച്ചവടം എങ്ങനെയുണ്ട്'

"ദേവീകടാക്ഷം കൊണ്ട് നന്നായി പോകുന്നു.’ നായര്‍ തികച്ചും ഭയഭക്തിയോടെയാണ് ഓരോ അക്ഷരവും ഉച്ചരിച്ചത്.

"എന്താണാവോ സുഖമില്ലായ്മ' ?

"പൊതുവെ വയ്യ നായരെ, വാതം, പിന്നെ ശരീര അസ്വസ്ഥതകള്‍, വയസായില്ലേ അതാണ്.’

"ഞാനിറങ്ങുകയാണ്. ഈ കുട്ടിയെ ഇങ്ങോട്ട് എത്തിക്കാന്‍ പുറപ്പെട്ടതാണ്'..

നായര്‍ തൊഴുത് യാത്ര പറഞ്ഞു.

"ആദിത്യനെ ബുദ്ധിമുട്ടിക്കണ്ട എന്ന് ഞാന്‍ വീണക്കുട്ടിയോട് പറഞ്ഞതാണ്.. സാരമില്ലത്ര.. ശരിയോ ആദിത്യാ ? '

"ഏയ് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല'

‘വീണക്ക് മയിലാടുംപറമ്പില്‍ നാളെ ഒരു നൃത്തമുണ്ട്. ഞാന്‍ കൂടെ പോകാം എന്നു കരുതിയതാണ്. പക്ഷെ ഒട്ടും വയ്യ. കുറെ ദിവസമായി പുറത്തിറങ്ങാറില്ല.. നാലഞ്ച് മാസമായുള്ള തയ്യാറെടുപ്പിന് ശേഷം പോകണ്ട എന്ന് വിധിയ്ക്കാനും വയ്യ..’

ആദിത്യന്‍ മറുപടി ഒന്നും പറഞ്ഞില്ല.. ദ്രൗപദിക്കൊപ്പം ഒരു യാത്ര ആദിത്യനും സന്തോഷമുള്ളതായിരുന്നു.

"മുറി തയ്യാറായിട്ടുണ്ടാവും പോയി കുളിയൊക്കെയാവാം.. അത്താഴം കാലമായിട്ടുണ്ടാവില്ല.. വിശക്കുന്നോ ആദിത്യന് ? '

കമ്പനിയുടെ മുറിയില്‍ സ്വയം പാചകവുമായി കഴിയുന്ന ആദിത്യന് സൂര്യന്‍ അസ്തമിക്കും മുന്‍പ് അത്താഴം ശരിയായില്ല എന്ന് ഖേദം പ്രകടിപ്പിക്കുന്ന അമ്മാവനോട് സ്‌നേഹം തോന്നി. ആദിത്യന്‍ പുറത്തേക്ക് നടന്നു.

‘അനിയത്തിയുടെ മുറിയാണ്. നീ വരുന്നത് കൊണ്ട് വൃത്തിയാക്കിയതാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം. കുളിമുറിയില്‍ വെള്ളം നിറച്ചിട്ടുണ്ട്, നിനക്ക് കുളിക്കാന്‍ ചൂടുവെള്ളം വേണോ?'

പക്വമതിയായ ഗൃഹനാഥയുടെ ചോദ്യങ്ങളുമായി ദ്രൗപദി മുഖം ഉയര്‍ത്തിയപ്പോള്‍ ആദിത്യന്‍ അവളെ തന്നെ തുറിച്ച് നോക്കി നില്‍ക്കുകയായിരുന്നു.

"നീ അത്ഭുതപ്പെടണ്ട. ഇവിടെ എല്ലാവര്‍ക്കും നിന്നെ നല്ല പരിചയമാണ്.'.. തോര്‍ത്ത് കയ്യില്‍ വച്ചു തന്ന് ചെറുപുഞ്ചിരിയോടെ ദ്രൗപദി പറഞ്ഞു.

ചൂടുവെള്ളം എന്ന് പറഞ്ഞെങ്കിലും തണുത്ത വെള്ളം ദേഹത്ത് ഒഴിച്ചപ്പോള്‍ തണുപ്പ് അസ്ഥികള്‍ക്കുള്ളിലേക്ക് അരിച്ചു കയറി. പക്ഷെ കുളിക്കിടെ വിഴുങ്ങിയ വെള്ളത്തിന് നല്ല സ്വാദുണ്ടായിരുന്നു.

"വീണേടത്തി ഉടനെ എത്തും. അത്താഴത്തിന് പപ്പടം കാച്ചുകയാണ്.  അതുവരെ സംസാരിച്ചിരിക്കാന്‍ എന്നോട് പറഞ്ഞു'.

"എന്താ നമുക്ക് സംസാരിക്കാവുന്നത്? '

"ഏട്ടാ ഈ കൃത്രിമ ഹൃദയം നമ്മുടെ ഹൃദയം പോലെ തന്നെയിരിക്കുമോ?’ ഏറെക്കാലമായി സൂക്ഷിച്ച ചോദ്യം പോലെയാണവള്‍ പെട്ടെന്ന് ചോദിച്ചത്..

ഹൃദയവാല്‍വുകളെക്കുറിച്ചും അതിന്റെ സാങ്കേതികത്വവും ആദിത്യന്‍ ലളിതമായി വിശദീകരിച്ചപ്പോള്‍ മാളുവിന്റെ മുഖത്ത് അത്ഭുതം  വിടര്‍ന്നു.

"ഇങ്ങനെയൊക്കെ കീറിമുറിച്ച് തുന്നിപ്പിടിപ്പിച്ചാല്‍ നമ്മുടെ ഹൃദയത്തിലെ ഇഷ്ടങ്ങള്‍ മാറുമോ ?'

"അറിയില്ല.. മാളു കോളേജ് ഒക്കെ പഠിച്ച് ഡോക്ടര്‍ ആയി എനിക്കും പറഞ്ഞ് തരിക'

"ഏട്ടാ കോളേജില്‍ ഒരുപാട് കുട്ടികളുണ്ടാവില്ലേ.. ഞാന്‍ കോളജിലാകുമ്പോള്‍ ചേച്ചിയും വരാമെന്ന് പറഞ്ഞിട്ടുണ്ട്.' അവള്‍ സംസാരിച്ച് കൊണ്ടേയിരുന്നു..

"ആദിത്യന് ബോറായോ-അവള്‍ അങ്ങനെയാ ഒരു നിമിഷം നാവടക്കില്ല'. അത്താഴം കാലമായിട്ടുണ്ട്. വരിക' മേശമേല്‍ ഇലയില്‍ ആഹാരം വിളമ്പിയപ്പോള്‍ ആദിത്യന് സന്തോഷം തോന്നി.

"ഞാന്‍ സ്ഥിരം ഇലയില്‍ അല്ലോ ട്ടോ! ഇന്ന് ആദിത്യന് സ്‌പെഷ്യല്‍ എന്ന് മാളുവിന്റെ സജഷന്‍ ആണിത് '.

"നന്നായി. കഴിഞ്ഞ ഓണത്തിന് പോലും എനിക്ക് ഇലയില്‍ ആഹാരം കഴിക്കാനായില്ല. ഡല്‍ഹിയില്‍ ഓഫീസ് ടൂറിനിടയില്‍ ചപ്പാത്തിയും കറിയും കഴിക്കേണ്ടി വന്നു.’

സസ്യാഹാരവും രാത്രി 8 മണിക്ക് മുന്‍പ് തന്നെയുള്ള ഉറക്കവും ആകെ മാറ്റങ്ങളുടെ ദിവസമായിരുന്നു അന്ന് ആദിത്യന്. സാധാരണ 8 മണിക്ക് ഓഫീസില്‍ നിന്നും എത്താറില്ല. ഉറങ്ങുമ്പോള്‍ പാതിരാവ് കഴിഞ്ഞിട്ടുണ്ടാവും.

പഴമയുടെ ഗന്ധവും കായലിലെ തണുത്ത കാറ്റും ഏറ്റ് ആദിത്യന്‍ നന്നായി ഉറങ്ങി. പട്ടണവും അവിടുത്തെ തിരക്കുകളും മറന്നു.

രാവിലെ ദ്രൗപദിക്കാകെ ഒരു ഈശ്വര സാമീപ്യം ഉണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രാര്‍ഥനയും പൂജയും കഴിഞ്ഞു. അമ്മാവന് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞപ്പോള്‍ ദ്രൗപദിയുടെ മനസിന് കനം കൂടി വന്നു. സാഹചര്യത്തിന്റെ ഗൗരവം ആദിത്യനും ഉള്‍ക്കൊണ്ടു.നടവഴിയിലും കടത്തുവള്ളത്തിലും പരിചയക്കാരുടെ ചെറുചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ദ്രൗപദി ആദിത്യനൊപ്പം നീങ്ങി.

ബസില്‍ കയറിയപ്പോള്‍ മുതല്‍ ദ്രൗപദി സംസാരിച്ച് തുടങ്ങി. നൃത്തത്തെക്കുറിച്ചായിരുന്നു അവളെറേയും സംസാരിച്ചത്.

നാലുവയസില്‍ അച്ഛന്‍ പഠിപ്പിച്ച പദങ്ങള്‍ ചുവടുവച്ചിരുന്ന അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവിടെ ആ തപസ്യ തുടങ്ങി. പരിശീലനത്തിന്റെ നാളുകള്‍.. ആറാം ക്ലാസില്‍ അരങ്ങേറ്റം പിന്നെ മത്സരങ്ങള്‍. ആറുമാസത്തോളം ഉള്ള തയ്യാറെടുപ്പ്. ജയങ്ങള്‍ ഏറെയുള്ള മത്സരഫലങ്ങള്‍.

ദ്രൗപദി തന്റെ നൃത്തജീവിതം ആകെ ഓര്‍മ്മിച്ചെടുക്കുകയായിരുന്നു. ദ്രൗപദിയുടെ ശാന്തമായ ഭാവത്തില്‍ അവളുടെ ജീവിത ചിത്രത്തില്‍ നൃത്തത്തിനുള്ള ഗൗരവമായ സ്ഥാനം ആദിത്യനെ അത്ഭുതപ്പെടുത്തി. ഒരു വിനോദം എന്നതിലുപരി ദ്രൗപദി നൃത്തത്തിലൂടെ ജീവിക്കുകയായിരുന്നു.

ഉച്ചയോടെ മയിലാടുംപാറയിലെത്തി. ഊണും വിശ്രമവും കഴിഞ്ഞ് ദ്രൗപദി നൃത്തച്ചമയങ്ങളുടെ ലോകത്തേക്ക് നീങ്ങിയപ്പോള്‍ ദ്രൗപദിയുടെ നൃത്തലോകത്തിലെ പരിചയം ആദിത്യന്റെ കണക്കു കൂട്ടലിനും വളരെ മുകളിലായിരുന്നു. ഗുരുക്കളെ കാല്‍തൊട്ട് വന്ദിച്ചു. പരിചയക്കാരെ ഹൃദ്യമായ ചിരിയോടെയും ദ്രൗപദി കുശലങ്ങള്‍ ചോദിച്ചു. ദ്രൗപദിയുടെ സുഹൃത്ത് എന്ന് പറഞ്ഞ് പരിചയപ്പെടുമ്പോള്‍ ആദിത്യന് അഭിമാനം തോന്നി. ദ്രൗപദിയുടെ ബന്ധങ്ങള്‍ മത്സരത്തിനും ഉപരിയായിരുന്നു.

"ആദിത്യാ- നൃത്തം കഴിയും വരെ നീ മുന്‍നിരയില്‍ തന്നെയുണ്ടാകണം'. തന്റെ ഊഴം കാത്തിരുന്നപ്പോള്‍ ദ്രൗപദിയുടെ സ്വരത്തില്‍ അല്‍പം സഭാകമ്പം ആദിത്യന് തോന്നി.

ദ്രൗപദിയുടെ പേര് അനൗണ്‍സ് ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ദ്രൗപദി ആദിത്യന്റെ കാല്‍തൊട്ട് വന്ദിച്ചത്. ആദിത്യന് താന്‍ ആകാശത്തോളം ഉയര്‍ന്നതായി തോന്നി.

"ആദിത്യാ നിനക്കു വേണ്ടി മാത്രമാണ് ഞാനിന്ന് ചുവടു വയ്ക്കുന്നത്.’ ദ്രൗപദി മുഖമുയര്‍ത്തിയപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞിരിക്കുന്നത് എന്തിനെന്ന് ആദിത്യന് മനസിലായില്ല..

നൃത്തം ഗംഭീരമായിരുന്നു. ദ്രൗപദിയുടെ കാലുകളിലും വേഗത്തില്‍ മുഖഭാവങ്ങള്‍ മാറി വന്നു. അവളുടെ കണ്ണുകള്‍ ആദിത്യനെ തേടിയെത്തി. ദ്രൗപദി എഴുതാറുള്ള നൃത്തത്തിന്റെ ഭ്രാന്തമായ നിമിഷങ്ങളുടെ താളഭേദങ്ങളിലൂടെ ആദിത്യനും സഞ്ചരിച്ചു. താളം ആരോഹണാവരോഹണത്തിലെത്തി കരഘോഷം ഉയരും വരെ ആദിത്യന്‍ തന്നെത്തന്നെ മറന്നിരുന്നു. നൃത്തം കഴിഞ്ഞു എന്ന് ബോധ്യമായപ്പോള്‍ ആദിത്യന്‍ സ്റ്റേജിന് പിറകിലേക്ക് ഓടുകയായിരുന്നു. നേര്‍ത്ത ചലനങ്ങളുമായി ആശങ്ക നിറഞ്ഞ മുഖത്തോടെ മുന്‍പിലേക്ക് വന്ന ദ്രൗപദിയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ആദിത്യന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

"നന്നായിരുന്നു'.. വാക്കുകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ആദിത്യന് ഒരുപാട് സമയം വേണ്ടി വന്നു.

ദ്രൗപദി ആദിത്യന്റെ മുഖത്ത് തന്നെ നോക്കി നിന്നു. അവള്‍ അവന്റെ നെഞ്ചിലേക്ക് മുഖം അമര്‍ത്തി. തന്റെ ഷര്‍ട്ടിലേക്ക് നനവ് പടരുന്നത് അറിഞ്ഞപ്പോഴാണ് ആദിത്യന്‍ ദ്രൗപദിയുടെ മുഖം ഉയര്‍ത്തിയത്.

"ദ്രൗപദി നീ വിഷമിക്കണ്ട.. നിനക്കു തന്നെ ഒന്നാം സമ്മാനം കിട്ടും'.. ആശ്വസിപ്പിക്കാനായി അത് പറയുമ്പോള്‍ ദ്രൗപദിയുടെ വിഷമം എന്തെന്ന് ആദിത്യന് മനസിലാക്കാനായില്ല..

"ഞാന്‍ ഇനി ഒരിക്കലും വേദിയിലേക്ക് ചിലങ്ക കെട്ടില്ല '.. ദ്രൗപദി പറഞ്ഞത് മനസിലാവാതെ ആദിത്യന്‍ മിഴിച്ചു നിന്നു. അവളുടെ കയ്യിലിരുന്ന് ചിലങ്ക വിറച്ചു.

"അതേ ആദിത്യ ഇനി നൃത്തവേദികളിലേക്കില്ല എന്ന തീരുമാനത്തോടെയാണ് ഇന്ന് നൃത്തം ചവിട്ടിയത്.'

"ദ്രൗപദി-- ഹൃദയം നിറഞ്ഞ ആഹ്ലാദം വേദനയായി പടരുവെന്നറിയുമ്പോഴും എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ആദിത്യന് വാക്കുകള്‍ അന്യമായി.

"വീട്ടില്‍ ഉത്തരവാദിത്വങ്ങള്‍ അല്‍പമുണ്ട്.ഇത്രനാള്‍ ഞങ്ങള്‍ക്കായി ജീവിച്ച അമ്മാവന്റെ കാര്യങ്ങള്‍ അന്വേഷിക്കുക എന്റെ കടമയും ഒരു ഭാഗ്യവുമാണ്. പിന്നെ നൃത്തം പഠിക്കാനെത്തുന്ന കുറെ കുട്ടികളും.. അത്രയൊക്കെ ധാരാളം.. കുറെ മാസങ്ങളായി ആലോചിച്ച് എടുത്ത തീരുമാനമാണ് '.. ദ്രൗപദി പറഞ്ഞു കൊണ്ടേയിരുന്നു. ആദിത്യന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..

"ഈ വര്‍ഷം മാളുവിന്റെ അരങ്ങേറ്റമുണ്ട്. അവള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ എനിക്ക് കിട്ടിയ അവസരങ്ങളും സംതൃപ്തിയും ഒക്കെ കിട്ടട്ടെ. നൃത്തോത്സവത്തില്‍ ഭരതനാട്യത്തിന് ഒന്നാം സമ്മാനം…. സ്റ്റേജിലെ മൈക്ക് ശബ്ദിക്കുന്നു...

മടക്കയാത്രയില്‍ ഉടനീളം ദ്രൗപദി മൗനമായിരുന്നു. ആദിത്യനും. ബസ് യാത്രയില്‍ എപ്പോഴോ ദ്രൗപദി ആദിത്യന്റെ തോളില്‍ ചാരി ഉറക്കമായി. ആശ്വാസത്തിന്റെ സുഖം അവളുടെ ചൊടികളില്‍ നിറഞ്ഞു നിന്നു. ആദിത്യന് ആ ആശ്വാസം ഉള്‍ക്കൊള്ളാനായില്ല..

"മടങ്ങുകയാണോ ?

"അതെ'

"മോളുടെ പരിപാടി എങ്ങനെ ഉണ്ടായിരുന്നു'

"നന്നായിരുന്നു'

"ഇനിയും വരണം ട്ടോ '    കടയിലെ നായരാണെന്ന് തോന്നുന്നു.

കടത്തു കടക്കുമ്പോള്‍ മഴ ശമിച്ചിരുന്നു. കായലിനും ആശ്വാസത്തിന്റെ സുഖം നിറഞ്ഞു നിന്നു..

                                                                       

Join WhatsApp News
സർ സോഡാ 2020-01-16 22:16:40
നന്നായി എഴുതിയിരിക്കുന്നു ..ക്ലൈമാക്സ് ഇത്തിരി കൂടി നന്നാക്കാമായിരുന്നു ... അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക