Image

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ തന്നെയാണ് യഥാര്‍ത്ഥ അധികാരകേന്ദ്രം; പരിധി എല്ലാവരും ഓര്‍ക്കണം; ഗവര്‍ണറെ തള്ളി സ്പീക്കര്‍

Published on 18 January, 2020
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ തന്നെയാണ് യഥാര്‍ത്ഥ അധികാരകേന്ദ്രം; പരിധി എല്ലാവരും ഓര്‍ക്കണം; ഗവര്‍ണറെ തള്ളി സ്പീക്കര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയില്‍ പോയതിന് അനുമതി തേടയില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്ത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ത്ഥ അധികാരകേന്ദ്രമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.


ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് സംസ്ഥാനത്തിന്റെ അധികാരകേന്ദ്രം. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുത്. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കര്‍ വിശദീകരിച്ചു.


നേരത്തെപൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേയും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന കേരള ഗവര്‍ണര്‍ക്കെതിരേയും വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. സര്‍വകലാശാലകളിലും രാജ്ഭവനുകളിലും ആര്‍എസ്‌എസിന്റെ ഇഷ്ടക്കാരെയാണ് നിയമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവി മാത്രമാണ്. ഗവര്‍ണര്‍ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തിരുമാനങ്ങളനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.


ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടലംഘനമല്ലെന്നും കേന്ദ്രസര്‍ക്കാരുമായ ഏറ്റുമുട്ടുന്ന വിഷയങ്ങളില്‍ മാത്രം ഗവര്‍ണറെ അറിയിച്ചാല്‍ മതിയെന്നാണ് ചട്ടമെന്നും എങ്കിലും അനുമതി തേടേണ്ടതില്ലെന്നുമായിരുന്നു നിയമമന്ത്രി എകെ ബാലന്റെ പ്രതികരണം. ഗവര്‍ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക