Image

വെള്ളമന്ദാരങ്ങള്‍. (ചെറുകഥ: വി. കെ റീന)

Published on 18 January, 2020
വെള്ളമന്ദാരങ്ങള്‍. (ചെറുകഥ: വി. കെ  റീന)
ചുവന്ന ആകാശത്തിനു കീഴെ തണുത്തസന്ധ്യ മരവിച്ചു നിന്നിരുന്നു.. ആ വഴിയിലൂടെ അയാള്‍ പതുക്കെ നടന്നു.

 ചുമലിലെ ഭാരംകൂടിയ ബാഗ്  താഴത്തേക്ക് ഇറക്കി വെക്കുകയും ഒന്ന് നിശ്വസിച്ചു വീണ്ടും അത് ചുമലിലേക്കിടുകയും ചെയ്തു. നിരത്തു അവസാനിച്ചു ഇനി വീട്ടിലേക്ക് തിരിയേണ്ട ഇടവഴിയാണ്. പക്ഷേ ആ ഇടവഴി അവിടെയുണ്ടായിരുന്നില്ല. ചുവന്നു തെളിഞ്ഞു നിന്ന അരളിമരമോ ഇന്നും പേരറിയാത്ത, വയലറ്റ് പ്പൂക്കള്‍ പൊഴിച്ചിരുന്ന മരമോ അവിടെ കണ്ടില്ല. വീട്ടിലേക്കുള്ള വഴി തെറ്റിപ്പോയോ എന്നുകൂടി അയാള്‍ സംശയിച്ചപോയി. പുതിയ റോഡ് വരുന്നതിന്റെ ആദ്യ സൂചനയായി ഇടവഴി, വീതികൂടിയ ചെമ്മണ്‍പാതയായി രൂപാന്തരം പ്രാപിച്ചതായിരുന്നു.

 മുന്നില്‍ പച്ചസമുദ്രം പോലെയുള്ള കാടുകളും നാട്ടുപ്പൂക്കളും രാഘവേട്ടന്റെ ഗുമിട്ടിപീടികയും അപ്രത്യക്ഷമായിരിക്കുന്നു. അയാള്‍ക്ക് നേരിയ വേദന തോന്നി. രണ്ടു വര്‍ഷത്തെ പ്രവാസജീവിതം തനിക്കന്യമാക്കിയ നഷ്ടങ്ങളുടെ കൂട്ടത്തില്‍ ഇതും

ചെറിയ ശമ്പളത്തിനു ജോലി ചെയ്യുന്ന പ്രവാസിയുടെ വേദനകളാണ് നീണ്ട കാത്തിരിപ്പുകള്‍... അതില്‍ ഒഴുകിപ്പോകുന്നത് അവരുടെ ദിവസങ്ങള്‍ മാത്രമല്ല സ്വപ്നങ്ങള്‍ കൂടിയാണ്. ജീവിതത്തിന്റെ യൗവനവും പ്രസരിപ്പും കുസൃതികളുമാണ്. അവയൊക്കെ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന മണലില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്നു. യാതൊരുവിധ കാത്തിരിപ്പോ പ്രതീക്ഷയോയില്ലാതെ നാട്ടിലേക്കു വരുന്നത് ഇതാദ്യമായാണ്. നാട്ടിലേക്കുള്ള ഓരോ ചുവട്വെപ്പിലും ചിന്തകള്‍ കടന്നല്‍കൂടുകളാകുന്നു. പിന്നെയും പിന്നെയും കുത്തിനോവിപ്പിക്കുന്ന കടന്നലുകള്‍.

വര്‍ഷത്തില്‍ വളരേകുറച്ചു മഴപെയ്യുന്ന ആ മരുഭൂമിയിലെ പൊള്ളുന്ന കാലാവസ്ഥയിലും ചിന്തകളുടെ സൂര്യന്‍ ഇത്രമേല്‍ എരിഞ്ഞസ്വസ്ഥത പടര്‍ത്തിയിട്ടില്ല. പകല്‍മുഴുവന്‍ ജോലിചെയ്തു രാത്രി ക്ഷീണിച്ചുറങ്ങിപ്പോകും. സത്യത്തില്‍ ഒരു തിരിച്ചുവരവ് ഇപ്പോള്‍ ആഗ്രഹിച്ചിട്ടേയുണ്ടായിരുന്നില്ല.

ദരിദ്രരായ യുവാക്കള്‍ക്ക് പ്രവാസജീവിതം ഒരു ശാപമോ ശിക്ഷയോ ആയിരിക്കുമെന്നയാള്‍ക്ക് തോന്നി.

 സ്‌നേഹിക്കാനും കാത്തിരിക്കാനും ഒരാളില്ല എന്ന് തോന്നിത്തുടങ്ങിയ ഒരു പ്രവാസിയുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് നിരര്ഥകമാണെന്നും അയാള്‍ക്ക്‌തോന്നി.

പാതയവസാനിക്കുന്നിടത്തെ സിമന്റ് കോണി ഇടിച്ചുനിരത്തിയിരിക്കുന്നു. പകരം, വീട്ടിന്റെ മുറ്റത്തു വാഹനം പാര്‍ക്ക് ചെയ്യാന്‍ വിധത്തില്‍ വഴി ക്രമീകരിച്ചിരിക്കുന്നു. അമ്മയ്ക്ക് വീണ സമ്മാനിച്ച മന്ദാരചെടി അവിടെയുണ്ടോന്ന് അയാള്‍ പാളി നോക്കി. അതൊരു മരമായിമാറിയിരിക്കുന്നു.

 അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ മനസ്സ് വീണ്ടും പുകയാന്‍ തുടങ്ങി. ലീവ് കിട്ടിയത് മരിച്ചതിനു ശേഷം. എന്നാലും ഒന്ന് അവസാനമായി കാണാമെന്നു കരുതി അപ്പോള്‍ ടിക്കറ്റ് ഓക്കെയായില്ല. പിന്നെ ലീവ് കാന്‍സല്‍ ചെയ്യുകയായിരുന്നു.... മരുഭൂമിയില്‍ എല്ലുമുറിയെ പണി ചെയ്തതിനുള്ള പ്രതിഫലമായി രണ്ടു നിലയുള്ള ഒരു വാര്‍ക്കക്കെട്ടിടം അയാളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

വീട് പൂട്ടി കിടക്കുന്നുണ്ടാകുമെന്നാണ് അയാള്‍ ധരിച്ചത്. എന്നാല്‍ അയാളുടെ വരവ് പ്രമാണിച്ചു കൂടപ്പിറപ്പുകള്‍ അകലെനിന്നേ കുടുംബസമേതം അവിടെയെത്തിയിരുന്നു. അകത്തു പാശ്ചാത്യ സംഗീതത്തിന്റെ ഈരടിയും ബിരിയാണി വെന്തു വരുന്നതിന്റെ കൊതിപ്പിക്കുന്ന മണവും.
അയാള്‍ക്കതില്‍ തീരെ താല്പര്യം തോന്നിയില്ല. "മുഷിഞ്ഞ സാരി വലിച്ചു കുത്തി, എടാ ഗോപാ  നീ ഇന്നെത്തുമെന്ന് അറിഞ്ഞതോണ്ട് ഞാന്‍ കപ്പയും മത്തി മുളകിട്ടതും ഉണ്ടാക്കിയിട്ടുണ്ട് "എന്ന ക്ഷീണിച്ച ശബ്ദം ഇനി കേള്‍ക്കുകയില്ലെന്ന ബോധം അയാളെ നിരാശനാക്കിക്കൊണ്ടിരുന്നു. എത്ര തടി വെച്ചിട്ടും കഷണ്ടി ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അയാളുടെ തലമുടിയില്‍ എത്തിപിടിച്ചു വിരലൊടിച്ചുകൊണ്ട്, നീയൊന്നും കഴിക്കാറില്ലേ മോനെ വല്ലാണ്ട് ക്ഷീണിച്ചു എന്നൊരു വാക്ക് കേള്‍ക്കാന്‍ മനസ്സ് ഉഴറി.

"ഹായ്  ഗോപനങ്കിള്‍ എന്ന കുട്ടികളുടെ കലപില കേട്ടാണ് മറ്റുള്ളവര്‍ പുറത്തേക്ക് വന്നത്... ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെങ്ങളാണ് പറഞ്ഞത് നീ ഓഗസ്റ്റ് പതിനാലിന് വരുമെന്ന് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തായിരിക്കണം അമ്മ ഇടക്കിടെ ഓഗസ്റ്റ് പതിനാലായോ എന്ന് വിളിച്ചു ചോദിക്കാറുണ്ടായിരുന്നു.. അയാള്‍ക്ക് ഒരു കനം നെഞ്ചില്‍ തടഞ്ഞു..

രാത്രി ഏട്ടന്‍ പരിഭവം പറഞ്ഞു. "നിന്റെ വീട്ടിന്റെ പണി മുഴുവന്‍ ഞാനാ ചെയ്യിപ്പിച്ചത്  എങ്ങനയുണ്ട്  ഒന്നും പറഞ്ഞില്ല " അയാള്‍  ചെറുതായി ചിരിച്ചു. രണ്ടുനില അധികമാണ് എന്ന് തോന്നി. " "നിനക്ക് രാത്രി മഴ നോക്കിയിരിക്കാനും കഥകള്‍ മെനയാനും മുകളില്‍ ഒരു വരാന്ത വേണമെന്ന് തോന്നിഏട്ടന്‍ സന്തോഷത്തോടെ പറഞ്ഞു. പിന്നെ കൊണ്ടുവന്ന ഗിഫ്റ്റുകള്‍ കൈമാറുന്നതിലിടക്ക് അളിയനും ചേട്ടനും ഓര്‍മ്മിപ്പിച്ചു  "ഇനി ഒറ്റത്തടിയായി ജീവിക്കാന്‍ പറ്റൂല. ഇത്തവണ വിവാഹം കഴിച്ചിട്ടേ പോകാവൂ "... മറുപടി പറയാതെ ഒഴിഞ്ഞുമാറി..

പുറത്തെ വരാന്തയില്‍ രാത്രി അല്‍പനേരം അയാള്‍ തനിച്ചിരുന്നു. ജീവിതം സമരമാക്കുന്ന പ്രവാസികളെ ഓര്‍ത്തു. അറിഞ്ഞുകൊണ്ട് ഒറ്റപ്പെടേണ്ടി വരുന്നത് എത്ര നിസ്സഹായതയാണ്.. അവനവനെ സ്‌നേഹിക്കാന്‍ മറന്നു പോകുന്നവര്‍... ആര്‍ക്കൊക്കെയോ വേണ്ടി ശരീരത്തേയും കാമനകളെയും മറന്നു റിയാലിനെ സ്‌നേഹിച്ചു തുടങ്ങുന്നു. ഒടുവില്‍ കുറേ സിമന്റും വാര്‍പ്പുകളുമായി വ്യാമോഹങ്ങള്‍ കട്ടപിടിച്ചെന്ന തിരിച്ചറിവില്‍ സ്വയം ഉള്ളിലേക്ക് ഒതുങ്ങുന്നു... അപ്പോള്‍ അയാള്‍ക്ക് വിവാഹത്തെക്കുറിച്ച് ഒരു തീരുമാനവും എടുക്കാനായില്ല.

അയാള്‍ പുറത്തേക്ക് നോക്കിയിരുന്നു. കുന്നുകള്‍ക്കും താഴ്വാരങ്ങള്‍ക്കും മീതെ നിലാവ് പെയ്യുന്നു. നിലാവില്‍ കുളിച്ച സസ്യങ്ങള്‍ ഇളകിയാടുന്നു. അന്നേരം വീണ്ടുമയാള്‍ക്ക് വീണയെ ഓര്‍മ്മ വന്നു. ഒരു സന്ധ്യയിലെ അപാരമായ നിശ്ശബ്ദതയില്‍ എന്നോ കുന്നുകളിലൊന്ന് താഴ്വരയില്‍ ഉപേക്ഷിച്ച ചുകന്ന പാറയില്‍, നിലാവ് പോലെ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെ. അവളുടെ വെളുത്ത കൈത്തണ്ടയിലിരുന്നു പൊട്ടിച്ചിരിക്കുന്ന കുപ്പിവളകള്‍ തലോടിക്കൊണ്ട് അയാള്‍ ചോദിക്കുന്നു. ഇങ്ങനെ ഒറ്റക്കിരിക്കാന്‍ പേടി തോന്നുന്നില്ലേ? അയാളുടെചിന്തകളെ തകിടം മറിച്ചുകൊണ്ട്  അവള്‍ പുഞ്ചിരിക്കുന്നു "എന്തിനാ പേടി?  ഗോപനല്ലേ കൂടെയുള്ളത്?   ഒരു സെമിനാര്‍ കഴിഞ്ഞുള്ള മടക്കം അവളോടൊത്തായിരുന്നു. ഹൃദയത്തിന്റെ ആര്‍ദ്രമായ സ്‌നേഹവും അലൗകികതയുടെ സ്പര്‍ശവും അറിഞ്ഞുകൊണ്ട് കുറച്ചു നിമിഷങ്ങള്‍... വിഷാദത്തിന്റ നിഴല്‍ വീണ കണ്ണുകള്‍ സന്ധ്യയില്‍ തിളങ്ങി... രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്ന് ഒക്ടോവിയ പാസ് പറഞ്ഞത് സത്യമാണ്എന്നയാള്‍ അനുഭവിച്ചു. അപ്പോള്‍ ആകാശം ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നും ചുറ്റും മായാജാലങ്ങള്‍ സൃഷ്ടിക്കുമെന്നും അയാള്‍ നിര്‍വൃതിയോടെയറിഞ്ഞു.

കിട്ടാത്ത തന്റെ ലീവില്‍ നേര്‍ത്തു പോയതാണ് അവളുടെ മോഹങ്ങളത്രയും. തന്റെയും.
ഇപ്പോള്‍ എന്തായിയെന്ന് അന്വേഷിച്ചിട്ടില്ല. ഒന്നോ രണ്ടോ മക്കളായി കാണും.... ഒന്നും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആ നിമിഷങ്ങളില്‍ അയാള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു.
 
പുറത്തു മാനം ഇരുളാനും ശക്തമായ കാറ്റില്‍ എല്ലാ ചെടികളും മരങ്ങളും അയാളുടെ പ്രക്ഷുബ്ധമായ മനസ്സ് പോലെ ആടിയുലയാനും തുടങ്ങി.  ഇരുളില്‍ അല്പം വെളിച്ചം വിതറിക്കൊണ്ട്, പുറത്തെ വെള്ളമന്ദാരത്തിലെ രണ്ടു പൂക്കള്‍ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു..

Join WhatsApp News
കെ.എസ് മിനി 2020-01-20 01:28:15
നല്ല വായനാസുഖം തരുന്ന കഥ. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക