Image

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ വാദം തള്ളി സുപ്രീംകോടതി

Published on 20 January, 2020
നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ വാദം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി നിഷ്ക്കരുണം തള്ളി. 2012-ല്‍ കേസിനാസ്പദമായ സംഭവം നടന്നപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയില്‍ ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, എ.എസ്.ബൊപ്പണ്ണ, അശോക് ഭൂഷണ്‍, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ട ശേഷം ഹര്‍ജി തള്ളിയത്.


സമാന രീതിയില്‍ പവന്‍ ഗുപ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ വാദം തള്ളുകയായിരുന്നു. പവന്‍ ഉള്‍പ്പടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.


പവന്‍ ഗുപ്തക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത് അഡ്വ.എ.പി സിങാണ് . കുറ്റകൃത്യം നടന്ന വര്‍ഷം പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ രേഖകള്‍ ഒരു കോടതിയും പരിഗണിച്ചില്ലെന്നും എ.പി.സിങ് കോടതിയില്‍ വാദിച്ചു. അതെ സമയം ഒരേ കാര്യങ്ങളാണ് നിങ്ങള്‍ നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ തന്നെ ഇക്കാര്യങ്ങള്‍ നിരവധി തവണ കേട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലും കീഴ് കോടതികളിലും ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് പ്രതി വാദിച്ചതെന്നും ഹര്‍ജിയില്‍ പുതുതായി ഒന്നുമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു .


കോടതി വിചാരണയുടെ ഒരു ഘട്ടത്തിലും പ്രതി പ്രായപൂര്‍ത്തി ആകാത്ത വ്യക്തിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കൂടാതെ ഹൈക്കോടതി നേരത്തെ ഈ വാദം തള്ളിയിട്ടുമുണ്ട് . ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പുതുതായി ഒന്നും കൊണ്ടുവരാനായിട്ടില്ല. വിധി ന്യായം വായിച്ച്‌ക്കൊണ്ട് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. അതെ സമയം നിര്‍ഭയയുടെ മാതാപിതാക്കളും ഇന്ന് കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക