Image

കേരളത്തിനും പഞ്ചാബിനും പിന്നാലെ പശ്ചിമബംഗാളും; റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്ന് പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കും

Published on 21 January, 2020
കേരളത്തിനും പഞ്ചാബിനും പിന്നാലെ പശ്ചിമബംഗാളും; റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്ന് പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കും

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും പിന്നാലെ പശ്ചിമ ബംഗാളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ കേന്ദ്രസര്‍ക്കാരിനെതിരെയുളള പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരുങ്ങുന്നു. പ്രത്യേക സമ്മേളനം വിളിച്ച്‌ പ്രമേയം അവതരിപ്പിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.


ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ജനുവരി 26 റിപ്പബ്ലിക് ദിനമാണ്. ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരാണെങ്കിലും യോജിച്ച പ്രക്ഷോഭത്തിന് എല്ലാവരും തയ്യാറല്ല. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനെതിരെയുളള ഭാവി പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായിരുന്നു.


പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. ഇതിന്റെ ചുവടുപിടിച്ച്‌ പഞ്ചാബാണ് പിന്നീട് പ്രമേയം പാസാക്കിയത്. രാജസ്ഥാനും പ്രമേയം അവതരിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാളിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയുളള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം പ്രമേയം അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആഹ്വാനം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക