Image

ജനപ്രതിനിധികളുടെ അയോഗ്യത; സ്പീക്കറുടെ അധികാരം പുനരാലോചിക്കണമെന്ന് സുപ്രീം കോടതി

Published on 21 January, 2020
 ജനപ്രതിനിധികളുടെ അയോഗ്യത; സ്പീക്കറുടെ അധികാരം പുനരാലോചിക്കണമെന്ന് സുപ്രീം കോടതി

ദില്ലി: ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച്‌ തിരുമാനമെടുക്കുന്നതിന് സ്വതന്ത്ര സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് പരാമര്‍ശം. രാഷ്ട്രീയ പാര്‍ട്ടി അംഗമായ സ്പീക്കര്‍ക്ക് ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള അധികാരം സംബന്ധിച്ച്‌ പാര്‍ലമെന്‍റ് പുനരാലോചിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.


സ്പീക്കര്‍ ഒരു സ്വതന്ത്ര പദവിയല്ലെന്നിരിക്കെ അയോഗ്യത സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിക്കുന്നതിന് സ്വതന്ത്രമായ സമിതി രൂപീകരിക്കുന്നതിനെ കുറിച്ച്‌ പാര്‍ലമെന്‍റ് ചര്‍ച്ച നടത്തണമെന്ന് കോടതി പറഞ്ഞു. കര്‍ണാടകത്തില്‍ അടക്കം സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് കോടതിയില്‍ വന്ന ചില കേസുകളും ബെഞ്ച് ചൂണ്ടിക്കാട്ടി.


 അയോഗ്യത പരാതികളില്‍ മൂന്ന് മാസത്തിനകം തിരുമാനം എടുക്കുന്നതാണ് ഉചിതമെന്നും ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മണിപ്പൂര്‍ ബിജെപി സര്‍ക്കാരിലെ വനം പരിസ്ഥിതി മന്ത്രി ശ്യാം കുമാറിന്‍റെ അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നുകോടതിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശ്യാം കുമാര്‍ പിന്നീട് ബിജെപിയിലേക്ക് കൂറുമാറുകയായിരുന്നു. അതേസമയം അയോഗ്യത സംബന്ധിച്ച്‌ നാലാഴ്ചയ്ക്കുള്ളില്‍ തിരുമാനമെടുക്കാന്‍ സുപ്രീം കോടതി സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുമാനം കൈക്കൊള്ളാന്‍ സ്പീക്കര്‍ വൈകിയാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക