Image

ദൈവത്തെ നേരിട്ടു കാണാന്‍ കിട്ടുന്ന അവസരം (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 6: മിനി വിശ്വനാഥന്‍)

Published on 28 January, 2020
ദൈവത്തെ നേരിട്ടു കാണാന്‍ കിട്ടുന്ന അവസരം (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 6: മിനി വിശ്വനാഥന്‍)
സ്വയംഭൂനാഥില്‍ നിന്ന് പടിയിറങ്ങുമ്പോഴേക്ക് ഞങ്ങള്‍ക്ക് വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നു.  ബ്രേക്ക്ഫാസ്റ്റ് വന്‍ പരാജയമായിരുന്നെന്ന് പറഞ്ഞിരുന്നല്ലോ. ചന്ദ്രഗിരിയിലെ കാപ്പിയുടെ ശക്തിയേക്കാളുപരി മനസ്സ് നിറയ്ക്കുന്ന കാഴ്ചകളാണ് ഇതു വരെ വിശപ്പിനെ പിടിച്ച് നിര്‍ത്തിയിരുന്നത്. വിശപ്പിന്റെ വിളിയുമായി വണ്ടിയില്‍ കയറിയ ഞങ്ങളോരുത്തരും അടുത്ത ലൊക്കേഷന്‍ നല്ലൊരു റെസ്‌റ്റോറന്റ് എന്ന് വിളിച്ചുകൂവിത്തുടങ്ങി. നേപ്പാള്‍ പാരമ്പര്യ ഭക്ഷണശാലകളില്‍ മോമോസ് ആണ് പ്രധാന ഐറ്റം എന്ന് നരേഷ് സൂചിപ്പിച്ചു. മോമോസ് ഇഷ്ടമില്ലാത്ത ഞാന്‍ പാരമ്പര്യത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ ഡര്‍ബാര്‍ സ്ക്വയറില്‍ ഇഷ്ടം പോലെ ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍ ഉണ്ടാവുമെന്നും ഇനി ഭക്ഷണം അവിടെയെത്തിയിട്ടാവാമെന്നും അയാള്‍ പറഞ്ഞു.

കാഠ്മണ്ഡു താഴ് വരയിലെ സാംസ്കാരിക കേന്ദ്രങ്ങളാണ് ദര്‍ബാര്‍സ്ക്വയറുകള്‍. മൂന്നാം നൂറ്റാണ്ടില്‍ രാജാ രത്‌നമല്ലയുടെ നിര്‍ദ്ദേശപ്രകാരമാണത്രെ കൊട്ടാരങ്ങള്‍ക്ക് ചുറ്റും ദര്‍ബാര്‍സ്ക്വയറുകള്‍ ഉണ്ടാക്കപ്പെട്ടത്. രാജകൊട്ടാരങ്ങള്‍ക്ക് അനുബന്ധമായി ക്ഷേത്രങ്ങളും മാര്‍ക്കറ്റുകളും മറ്റ് കെട്ടിടങ്ങളുമടങ്ങുന്ന സമുച്ചയമാണ് ഓരോ ദര്‍ബാര്‍ സ്ക്വയറുകളും. യുണെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചവയാണ് ഇവയോരോന്നും..

വണ്ടി ഇടുങ്ങിയ ഒരു തെരുവിന്റെ സമീപത്തായി പാര്‍ക്ക് ചെയ്തു. ശരിക്കുമൊരു നാട്ടു ചന്തയായിരുന്നു ആ തെരുവ്. പുഴയുടെ ഒരു ചെറിയ കൈവഴി ഒഴുകുന്നതിന് സമീപം കസേരയിട്ടിരുന്ന് ക്ഷൗരം ചെയ്യുന്ന ബാര്‍ബറുടെ പഴയ നാട്ടുകാഴ്ച ശ്രീക്കുട്ടിയില്‍ ചിരിയുണര്‍ത്തി. കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ സ്ത്രീകള്‍ ഉറക്കെ വിലപേശുകയും കച്ചവടം നടത്തുകയും ചെയ്തു. അവിടെ പുരുഷന്‍മാര്‍ സ്ത്രീകളെ അപേക്ഷിച്ച് നിശബ്ദരാണ് കച്ചവട സ്ഥലങ്ങളില്‍ എന്ന് തോന്നി എനിക്ക്. ഈ തെരുവ് നിത്യോപയോഗ വസ്തുക്കളും പ്ലാസ്റ്റിക്ക് പാത്രക്കടകളും നിരന്നു നില്‍ക്കുന്ന ഒന്നായിരുന്നു. കൗതുകവസ്തുക്കളും കമ്പിളി ഉടുപ്പുകളും കുറവായിരുന്നു ഇവിടെ.

അതി ദയനീയമായിരുന്നു ആ റോഡിന്റെ അവസ്ഥ. മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ രൂപം തന്നെ മാറിയിരുന്നു. കുറച്ച് ദൂരം നടന്നതിനു ശേഷം കൗണ്ടറില്‍ നിന്ന്  കാഴ്ചക്കാര്‍ക്കുള്ള ടിക്കറ്റ് എടുത്തു വീണ്ടും ഇടുങ്ങിയ തെരുവിലൂടെ നടന്ന് തുടങ്ങി. പലഹാരക്കച്ചവടക്കാരും പാന്‍കടക്കാരും കറുത്ത കല്ലുകള്‍ വില്ക്കുന്നവരും ഇടകലര്‍ന്നിരിക്കുന്ന ആ തെരുവിലൂടെ അല്പ ദൂരം നടന്നപ്പോള്‍ ദര്‍ബാര്‍ സ്ക്വയറിലെ കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും കാഴ്ചകള്‍ കണ്ടു തുടങ്ങി. ആദ്യ കാഴ്ചയില്‍  നമുക്ക് അതികഠിനമായ സങ്കടം തോന്നുന്ന ഒരിടമാണിത്. പുരാതനമായ ചില മണ്ഡപങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാവാത്ത വിധത്തില്‍ ഇഷ്ടികക്കൂട്ടങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. ചിലതൊക്കെ പുറത്ത് നിന്ന് കുത്തിവെച്ച തൂണുകളുടെ ബലത്തില്‍ താത്കാലികമായി നിലനില്കുന്നു. വിണ്ടു കീറിയ കെട്ടിടങ്ങളടങ്ങുന്ന ചരിത്രാവശിഷ്ടങ്ങള്‍ ദു:ഖ സ്മാരകങ്ങളായി അവിടെ നിലകൊള്ളുന്നു.

ഇവിടെയെത്തിയപ്പോള്‍ ഒരു ഗൈഡിനെ ഏര്‍പ്പാടാക്കിത്തന്നു നരേഷ് തത്ക്കാലം രംഗമൊഴിഞ്ഞു. ഗൈഡ് ഞങ്ങളെ ഏറ്റെടുത്ത് വിശദമായി കാര്യങ്ങള്‍ പറഞ്ഞ് സ്ഥലങ്ങളുടെ ചരിത്രം വിശദമാക്കിത്തുടങ്ങി.

ബസന്ത്പൂര്‍ ദര്‍ബാര്‍ സ്ക്വയര്‍ ,ഹനുമാന്‍ ധോകാ ദര്‍ബര്‍ സ്ക്വയര്‍ എന്നീ പേരുകളില്‍ പ്രശസ്തമായ ഈ സ്ക്വയറില്‍ അനേകം ഹിന്ദു അമ്പലങ്ങളും ഉണ്ട്. 1622 ല്‍ രാജാപ്രതാപ് മല്ല കൊട്ടാര വാതില്‍ക്കല്‍ സ്ഥാപിച്ച  ഹനുമാന്‍ പ്രതിമയ്‌ക്കൊപ്പം രണ്ടു സുവര്‍ണ്ണ സിംഹങ്ങളുമുണ്ടായിരുന്നു. കൊട്ടാരത്തിന്റെ സംരക്ഷണം സര്‍വ്വ സംഗപരിത്യാഗിയായ ഹനുമാന്റെ കൈയില്‍ സുഭദ്രമാണെന്ന് രാജാവിന് ഉറപ്പായിരുന്നു. ഹനുമാന്‍ ധോക എന്ന പേരിന് കാരണവും ഈ വിഗ്രഹം തന്നെ.

ഭക്ഷണമന്വേഷിച്ചുള്ള നടപ്പിനിടയില്‍ തിരക്കുപിടിച്ചതെങ്കിലും അലസമായ തെരുവുജീവിതം കാണാനായി. ശരീരത്തില്‍ ടാറ്റു ചെയ്യുന്നത് അവിടത്തെ ഒരു വന്‍ ബിസിനസ് ആണെന്ന് തോന്നുന്ന വിധം ഒന്നിടവിട്ട് അത്തരം ഷോപ്പുകള്‍ കണ്ടു. തലമുടിയില്‍ കൃത്രിമമായി ജഢ പിടിപ്പിക്കുന്നതും ചില വിദേശികളുടെ വിനോദമാണത്രെ. വിചിത്രങ്ങളായ ഹോബികള്‍ നടപ്പിലാക്കുന്ന ഷോപ്പുകള്‍ക്കിടെ ഇന്ത്യന്‍ ഭക്ഷണശാലയിലെത്തി. വൃത്തിയുള്ള ചെറിയൊരു കടയായിരുന്നു അത്. അതിഥികളെ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചിരുത്തി ഉപചാരപൂര്‍വ്വം ഭക്ഷണം വിളമ്പുന്ന അവിടെ താരതമ്യേന നല്ല തിരക്കുണ്ടായിരുന്നു. ചൂട് തന്തുര്‍ റൊട്ടിയും പനീര്‍ , മഷ്‌റും , ആലു വിഭവങ്ങളുമായിരുന്നു ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഓരോരു ഐറ്റവും അതീവ രുചികരമായിരുന്നു. യാത്രകളില്‍ നോണ്‍വെജ് രുചികള്‍ പലപ്പോഴും പണി തരാറുള്ളത് കൊണ്ട് അത്തരം ഐറ്റങ്ങള്‍ പരീക്ഷിച്ചില്ല. ഭക്ഷണം കഴിക്കുന്ന ആവേശം  കെടുത്തിക്കളയുന്നതാണ് കൈ കഴുകല്‍ സ്ഥലങ്ങള്‍ എന്നത് നേപ്പാള്‍ യാത്രയിലെ ദുരനുഭവങ്ങളില്‍ ഒന്നായിരുന്നു.

ബസന്ത്പൂര്‍ ദര്‍ബാര്‍ സ്ക്വയറിന്റെ പ്രത്യേകത അവിടെ നിറഞ്ഞ് നില്‍ക്കുന്ന ക്ഷേത്രങ്ങളാണ്. ബുദ്ധിസ ത്തോടൊപ്പം ഹിന്ദു ദൈവങ്ങളും അവിടെ കൈകോര്‍ത്ത് പിടിച്ച് നിന്ന് അനുഗ്രഹം ചൊരിയുന്നുന്ന അവിടെ ഞങ്ങളെ ആകര്‍ഷിച്ച ഒരു ഘടകം മരത്തില്‍ ചെയ്തിട്ടുള്ള അതി സൂക്ഷ്മമായ കൊത്തുപണികളാണ്. മരത്തില്‍ കവിത വിരിയിക്കുന്നതിലുള്ള പ്രസിദ്ധി ഇന്നുമവര്‍ പിന്‍തുടരുന്നു.

ഭൂകമ്പത്തിന് മുന്‍പേ ഈ രാജ്യം സന്ദര്‍ശിക്കാനാവാത്തതില്‍ ഏറ്റവും ദു:ഖം തോന്നുക ഇവിടം കാണുമ്പോഴാണ്. ചരിത്രം പുനര്‍ നിര്‍മ്മിക്കുന്നതിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് വിദേശ രാജ്യങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെ നേപ്പാള്‍ ഭൂകമ്പത്തിന്റെ ഓര്‍മ്മകളില്‍ അകലുകയാണ്. എല്ലാം പുനര്‍ നിര്‍മ്മാണത്തിന്റെ പാതയിലാണ്. ഗ്രാമത്തില്‍ നിന്ന് പാരമ്പര്യ കൊത്തുപണിക്കാരെ കൊണ്ട് വന്ന് താമസിപ്പിച്ച് എല്ലാം പഴയതു പോലെ നിര്‍മ്മിക്കുന്നതില്‍ അവര്‍ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. അവിടെ കണ്ട ഓരോ ജാലകങ്ങളും വാതിലുകളും കൊത്തുപണികളാല്‍ അലംകൃതമാക്കിയതായിരുന്നു.

ജനാല കിളിവാതിലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ശിവപാര്‍വ്വതിമാരും, രുഗ്മിണീ സത്യഭാമമാരോടൊപ്പം വേണുഗാനം മൂളി ഉല്ലസിക്കുന്ന ശ്രീകൃഷ്ണനും , ഒറ്റക്കല്ലില്‍ ധ്യാന നിഗമ്‌നനായ ഹനുമാനും , മാറുഗണേഷ് എന്ന വിളിപ്പേരോടുകൂടിയ ഗണേഷനും, ശിവനും, ജഗന്നാഥനും കൂട്ടത്തില്‍ ഒറ്റക്കല്‍ വിഗ്രഹമായ ഒറ്റക്കാലില്‍ താണ്ഡവമാടുന്ന കാലഭൈരവനും ഒരേ അങ്കണത്തില്‍ അടുത്തടുത്ത് സൗഹാര്‍ദ്ദപൂര്‍വ്വം വസിച്ചു.

നേപ്പാളിലെ പാരമ്പര്യ വാസ്തു രീതിയായ പഗോഡ രീതിയിലാണ് അവിടത്തെ മിക്ക കെട്ടിടങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ കാലഭൈരവ പ്രതിമയ്ക്കും െ്രെതലോക്യ നാരായണ ക്ഷേത്രത്തിനുമിടയില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് നോക്കിക്കൊണ്ടിരിക്കെ ഗൈഡ് തിടുക്കം കൂട്ടി.

നാലു മണിയാവാനായി, ദേവി പ്രത്യക്ഷപ്പെടാന്‍ സമയമായെന്ന് പറഞ്ഞു. ജീവിച്ചിരിക്കുന്ന ദേവതയായ കുമാരിയുടെ കഥ അയാള്‍ ചുരുക്കിപ്പറഞ്ഞ് കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് നടന്നു.

കുമാരീ രൂപത്തില്‍ ദേവി അനുഗ്രഹങ്ങളുമായി നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് നേരിട്ടു കാണാനൊരു അവസരമുണ്ടിവിടെ. ദൈവത്തെ നേരിട്ടു കാണാന്‍ കിട്ടുന്ന അവസരം ഒഴിവാക്കുന്നതെങ്ങനെ? ഞങ്ങളും കുമാരീ ഘര്‍ ലക്ഷ്യമാക്കി നടന്നു. സ്വദേശികളും വിദേശികളുമടങ്ങുന്ന വലിയൊരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു അവിടെ.

കുമാരിഘര്‍ കാഴ്ചകളും അനുഭവങ്ങളുമായി അടുത്ത ആഴ്ച വീണ്ടും.

ദൈവത്തെ നേരിട്ടു കാണാന്‍ കിട്ടുന്ന അവസരം (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 6: മിനി വിശ്വനാഥന്‍)
Join WhatsApp News
ദൈവത്തെ കണ്ട് കടലില്‍ ചാടിയവര്‍ 2020-01-28 14:07:15
ദൈവത്തെ നേരിട്ട് കാണാന്‍ സാധിക്കും എന്ന തോന്നല്‍ പോലും മനോരോഗം ആണ്. മരണ വാര്‍ത്ത ഇ മലയാളിയില്‍ വന്നാല്‍ ഉടന്‍ അതിന്‍റെ അടിയില്‍ മരിച്ചവരെ അബ്രഹാം, ഇസ്ഹാൿ യാക്കോബ് എന്നിവരുടെ മടിയില്‍ ഇരുത്താന്‍ കമന്റെ എഴുതുന്നതും, സത്യം, നീതി, ധര്‍മ്മം ഇല്ലാത്ത ഒരുത്തന്‍ അവരുടെ പഴയ യേശു ദൈവം ആണെന്ന് എഴുതുന്നതും - മനോരോഗം തന്നെ. ഫലപ്രദമായ ചികിത്സ ഒന്നും തന്നെ ഇല്ല, അതിനാല്‍ ഇത്തരം ചിത്തഭ്രമം ഉള്ളവര്‍ക്ക് ശക്തമായ മയക്കുമരുന്ന് കൊടുത്തു മയക്കി കിടത്തും. അങ്ങനെ അവർ അറിയാതെ, മറ്റാരും അറിയാതെ മയക്കത്തിൽ അവർ മരിക്കും. ചത്തതിന് ഒക്കുമെ ജീവിച്ചിരിക്കിലും എന്ന ചൊല്ല് ഇവരെ ഉദ്ദേശിച്ചു ഉള്ളത് തന്നെ. എഴുത്തുകാരൻ സത്യം മാത്രമേ എഴുതാവൂ. കറുത്ത കണ്ണട വെച്ച് കള്ളം എഴുതിയാൽ സത്യം ആവില്ല. കള്ളം മാത്രം പറയുന്ന ഒരുവനെ ഹീറോ ആയി കാണുന്നവരും അത്തരക്കാർ തന്നെ. ' അയ്യോ ഇവൻ ജനിക്കാതിരുന്നെങ്കിൽ' എന്ന വേദ വാക്യം ഇവരെക്കുറിച്ചുള്ളതു ആവുന്നു. ഇത്തരം തറ എഴുത്തുകാരെ അവഗണിക്കുക അല്ലാതെ മറ്റു പോംവഴി ഇല്ല. ഇവർ ചെയ്യുന്ന സാമൂഹ്യ ദ്രോഹം വളരെ ഹീനം ആണ് എന്ന് മനസ്സിൽ ആക്കാൻ ഉള്ള നേരിയ ധാർമ്മിക ബോധം ഇവർക്ക് ഇല്ല. എന്ത് ചെയ്യാം! ഇത്തരക്കാരുടെ എണ്ണം കൂടുന്നത് അല്ലാതെ കുറയുന്നുമില്ല. ' ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവർക്ക് അറിയാത്തതിനാൽ'- ഇവരോട് ഷമിക്കുംതോറും അവരുടെ വിഡ്ഢിത്തം വർധിക്കുന്നു, അഹംകാരം കൂടുന്നു, യേശു ശപിച്ച ദുർ ഭൂതങ്ങളെ പോലെ അവരുടെ ശക്തി വർധിക്കുന്നു, കൂടുതൽ അത്തരക്കാരെ കൂടെ ചേർക്കുന്നു. അവസാനം അവ താനെ കടലിൽ ചാടി ..... -andrew
കറുത്ത കണ്ണട വച്ച ഭൂതം 2020-01-28 14:42:50
അന്ത്രയോസെ അന്ത്രയോസെ നീ എന്തിന് എന്നെ പുറകെ നടന്നു ശല്യം ചെയ്യുന്നു . നീ എന്നെ വിട്ടു പോകുമെന്ന് വച്ചാണ് ഞാൻ കടലിൽ ചാടിയത് ?. എവിടെയെങ്കിലും കയറി കുടിയിരിയ്ക്കണം എന്ന് വിചാരിച്ചാണ് ഞാൻ കറുത്ത കണ്ണട വച്ച് അയാളുടെ ദേഹത്തും കണ്ണട വയ്ക്കാതെ എബ്രാഹാമിന്റെയും ഐസക്കിന്റെയും യാക്കോബിന്റെയും മടിയിൽ ഇരിക്കുന്നവന്റെയും കൂടെ കൂടിയത്. (എനിക്ക് ഒരേ സമയത്ത് പലരുടെ ദേഹത്തും കേറാമെന്ന് നിനക്കറിയാം ) പക്ഷെ നീ എന്നെ പിന്തുടർന്നാൽ എനിക്ക് ഇനി ചാടാൻ കടലില്ലല്ലോ? . ഞാൻ ഇനി എങ്ങോട്ടു പോകും ? പാമ്പിനെ വടികൊണ്ടടിച്ചാൽ പാമ്പ് വടിയിൽ ചുറ്റുന്നതുപോലെ നിവർത്തിയില്ലേൽ ഞാൻ നിന്റെ ദേഹത്ത് കയറും . നീ ഈ ലേഖനത്തിന്റെ അടിയിൽ കൊണ്ടുവന്നു കമെന്റ്റ് എഴുതിയെകിലും കറുത്ത കണ്ണടക്കാരന്റെ ദേഹത്ത് ഇരിക്കുന്ന എനിക്കിട്ടാണ് പണിയുന്നെതെന്ന് എനിക്കറിയാം . ഇവിടെ ഒരുത്തൻ ഡൊണാൾഡാണെന്ന് പറഞ്ഞ് എനിക്കിട്ട് പാര പണിയുന്നുണ്ട് . ദയവ് ചെയ്ത് എന്നെ കറുത്ത കണ്ണടക്കാരന്റെ കൂടെ വീട് . അവന്റെ തലയിൽ എനിക്ക് മരണം വരെ ജീവിക്കാനുള്ള സൗകര്യം ഉണ്ട് . അവൻ മരിക്കുമ്പോൾ ഞാൻ അവന്റെ കൂടെ പൊക്കോളാം . സ്വഗ്ഗത്തിൽ പോകാതെ നോക്കണമല്ലോ ? ഇനി ഞാൻ നിന്നെ ശല്യപ്പെടുത്തില്ല . പ്ലീസ് . എനിക്കറിയാം നീ എന്നെ വിശ്വസിക്കുന്നില്ലെന്ന് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക