Image

ടെക്‌സസില്‍ ഡെമോക്രാറ്റിക് പ്രൈമറി മാര്‍ച്ച് മൂന്നിന്; ബൈഡന്‍ മുന്നിൽ (ഏബ്രഹാം തോമസ്)

Published on 31 January, 2020
ടെക്‌സസില്‍ ഡെമോക്രാറ്റിക് പ്രൈമറി മാര്‍ച്ച് മൂന്നിന്;  ബൈഡന്‍  മുന്നിൽ  (ഏബ്രഹാം തോമസ്)
മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മാര്‍ച്ച് മൂന്നിന് നടക്കുന്ന ടെക്‌സസ് പ്രൈമറിയില്‍ നേരിയ ലീഡ് നേടുമെന്ന് ടെക്‌സസ് ലൈസിയം പോള്‍ പ്രവചിച്ചു. മറ്റ് 13 സംസ്ഥാനങ്ങള്‍ക്കൊപ്പം സൂപ്പര്‍ ട്യൂസ് ഡേ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൈമറിയില്‍ ബൈഡന്‍ 28% പിന്തുണ നേടുമ്പോള്‍ സെന. ബേണി സാന്‍ഡേഴ്‌സ് 26% വും സെന. എലിസബെത്ത് വാറന്‍ 13% വും ധനാഡ്യന്‍ മൈക്കേല്‍ ബ്ലൂം ബെര്‍ഗ് 9%വും മുന്‍ സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടീജ് 6%വും വോട്ടുകള്‍ നേടുമെന്ന് സര്‍വേ പറഞ്ഞു. ഈ ഫലങ്ങളുടെ മാര്‍ജിന്‍ ഓഫ് എറര്‍ 4.3% ആണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്.

സാധാരണയായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്ഥാനാര്‍ഥികള്‍ പണവും സമയവും ടെക്‌സസില്‍ വിനയോഗിക്കാറില്ല. എന്നാല്‍ ഇത്തവണ സംസ്ഥാനത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ വലിയ പ്രാധാന്യം നല്‍കുന്നു. ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലേയ്ക്ക് ഏറ്റവുമധികം പ്രതിനിധികള്‍ - 261 (228 പ്ലെഡ്ജ്ഡ്) അയയ്ക്കുവാന്‍ കഴിയുന്ന രണ്ടാമത്തെ സ്ഥാനം (ആദ്യത്തേത് കലിഫോര്‍ണിയ) പ്രൈമറികള്‍ നേരത്തെ നടക്കുന്നു എന്നിവയാണ് കാരണം. മുന്‍പ് പ്രൈമറികള്‍ താമസിച്ചു നടന്നിരുന്നപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പലരും പിന്മാറിയിട്ടുണ്ടാവുമായിരുന്നു.

ഇപ്രാവശ്യം ഏറെ പേര്‍ രംഗത്തുണ്ട്. പക്ഷെ ഇപ്പോഴും സ്ഥാനാര്‍ഥികള്‍ ടെക്‌സസില്‍ നിന്ന് ശേഖരിക്കുന്ന ധനത്തിന്റെ പങ്ക് മറ്റ് സ്ഥാനങ്ങളിലെ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്.

261 ഡെലിഗേറ്റുകളില്‍ 149 പേര്‍ വിവിധ ഡിസ്ട്രിക്ടുകളെ പ്രതിനിധീകരിക്കുന്നു. സംസ്ഥാനത്തിന്റെ 31 സെനറ്റോയില്‍ ഡിസ്ട്രിക്ടുകള്‍ക്ക് അനുപാതമായി വീതം വെച്ചിരിക്കുന്നു. 49 പേര്‍ അറ്റ്‌ലാര്‍ജ് ഡെലിഗേറ്റുകളാണ്. പ്രൈമറി വോട്ടുകള്‍ അനുസരിച്ച് ഇവ പങ്ക് വയ്ക്കും. 30 പേര്‍ പാര്‍ട്ടി നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമാണ്. 33 പേര്‍ കോണ്‍ഗ്രസംഗങ്ങളും നാഷണല്‍ കമ്മിറ്റി അംഗങ്ങളാണ്. ഈ രണ്ട് കൂട്ടര്‍ ചേര്‍ന്നാണ് സൂപ്പര്‍ ഡെലിഗേറ്റ്‌സ് എന്നറിയപ്പെട്ടിരുന്നത്. സെനറ്റോറിയല്‍ ഡിസ്ട്രിക്ടുകളിലെ ഡെലിഗേറ്റുകളുടെ അനുപാതം നിശ്ചയിച്ചത് 2018 ലെ തിരഞ്ഞെടുപ്പിലെ വോട്ടര്‍ ടേണ്‍ ഔട്ട് അനുസരിച്ചാണ്.

സെനറ്റോറിയല്‍ ഡിസ്ട്രിക്ട് ഡെലിഗേറ്റുകളും അറ്റ്‌ലാര്‍ജ് ഡെലിഗേറ്റുകളും 15% വോട്ടുകള്‍ എങ്കിലും ലഭിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ആനുപാതികമായി വിഭജിച്ച് നല്‍കുന്നു. ഇങ്ങനെയാകുമ്പോള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നിലക്കുന്ന സ്ഥാനാര്‍ത്ഥിക്കും താഴെയുള്ളവര്‍ക്കും അര്‍ഹമായ നിലയില്‍ പ്രതിനിധികളെ ലഭിക്കുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥികളാരും തന്നെ ടെക്‌സസില്‍ വലിയ തോതില്‍ താഴേക്കിടയില്‍ പ്രചരണം നടത്തിയിട്ടില്ല. ബ്ലൂം ബെര്‍ഗ് 18 ലെ വിഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രചരണം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും എന്ന് പറയുന്നു. പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ പ്രാദേശികം നേതാക്കള്‍ ഓരോരുത്തരെയായി ചാക്കിട്ടു കഴിഞ്ഞു. ബൈഡനും സാന്‍ഡേഴ്‌സിനും വാറനും ബട്ടീജിനും പിന്തുണ ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അണികള്‍ ഇത് എത്രമാതം ഏറ്റെടുക്കും എന്നറിയില്ല.

ബൈഡന്‍ ഈയാഴ്ച ഡാലസില്‍ ഒരു പ്രചരണകേന്ദ്രം തുറക്കുകയാണ്. അഭിപ്രായ സര്‍വേയില്‍ മുന്നില്‍ നില്ക്കുന്ന ബൈഡന്‍ എതിരാളികളില്‍ നിന്ന് ഡെലിഗേറ്റുകളെ തട്ടിയെടുക്കും എന്നാണ് കരുതുന്നത്.വൈകിയെത്തിയ ബ്ലൂം ബെര്‍ഗിനെ മുന്‍ നിരയിലേയ്ക്ക് മാറ്റി നിര്‍ത്താന്‍ വിഷമം ഉണ്ടെന്ന് ലൈസിയം ഭാരവാഹികള്‍ പറഞ്ഞു. എങ്കിലും 9% പിന്തുണയുമായി നാലാം സ്ഥാനത്ത് ഉള്ളതായി രേഖപ്പെടുത്തി.

പ്രസിഡന്റ് ട്രപുമായി താരതമ്യം ചെയ്യുമ്പോള്‍ ബൈഡനും (ട്രംപിന്റെ 51% ന് എതിരെ 46%), സാന്‍ഡേഴ്‌സും (50%, 47%) വാറനും (52%, 44%) ബട്ടീജും (51%, 43%) ടെക്‌സസില്‍ പിന്നിലാണെന്നും സര്‍വേ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക