Image

യൂറോപ്യന്‍ യൂണിയനിലെ സിഎഎ വിരുദ്ധ പ്രമേയം മാറ്റിവയ്പ്പിച്ചത് ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍

Published on 02 February, 2020
യൂറോപ്യന്‍ യൂണിയനിലെ സിഎഎ വിരുദ്ധ പ്രമേയം മാറ്റിവയ്പ്പിച്ചത് ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍
സ്ട്രാസ്ബുര്‍ഗ്: ഇന്ത്യ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ യൂറോപ്യന്‍ യൂണിയനില്‍ വന്ന പ്രമേയങ്ങളിന്‍മേലുള്ള വോട്ടെടുപ്പ് മാറ്റിവച്ചത് ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെത്തുടര്‍ന്നാണെന്നു സൂചന. വന്‍ ഭൂരിപക്ഷം ഉറപ്പുണ്ടായിരുന്ന പ്രമേയങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തെങ്കിലും വോട്ടെടുപ്പ് മാര്‍ച്ചിലെ പ്‌ളീനറി സമ്മേളനത്തിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ് സഖ്യവുമാണ് കഴിഞ്ഞദിവസം പ്രമേയങ്ങള്‍ കൊണ്ടുവന്നത്. ഭിന്നതയുണ്ടാക്കുന്നതും വിവേചനപരവുമാണ് നിയമഭേദഗതി എന്ന് ആരോപിച്ച പ്രമേയങ്ങള്‍ക്ക് 751 അംഗ പാര്‍ലമെന്റിലെ 559 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദത്തിനു വഴങ്ങിയ യൂണിയന്‍ മനുഷ്യാവകാശത്തിനു
മേല്‍ വാണിജ്യത്തിനും വ്യാപാരത്തിനും പ്രാധാന്യം നല്‍കിയെന്ന് പ്രമേയത്തെ അനുകൂലിച്ചവര്‍ ആരോപിച്ചു. പൗരത്വനിയമത്തിനെതിരേ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ തീരുമാനിച്ചതോടെ യൂറോപ്യന്‍ യൂണിയനിലെ അംഗ രാജ്യങ്ങളുമായി ഇന്ത്യ വെവ്വേറെ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ചര്‍ച്ചകള്‍ തുടരുമെന്നു വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം പൗരത്വനിയമം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് ആവര്‍ത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അഭിപ്രായങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ അഭിപ്രായമായി കണക്കാക്കരുതെന്ന പ്രസ്താവനയെ ഇന്ത്യ സ്വാഗതംചെയ്തു.

യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗം മൈക്കിള്‍ ഗ്രാഹ്‌ളറാണ് വോട്ടെടുപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. 483 അംഗ പാര്‍ലമെന്റില്‍ 271 അംഗങ്ങള്‍ വോട്ടെടുപ്പ് മാറ്റാനുള്ള പ്രമേയത്തെ അനുകൂലിച്ചു. 13 പേര്‍ വിട്ടുനിന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക