Image

പ്‌ളാസ്റ്റിക് പാവക്കുട്ടികള്‍ (എം.ബഷീര്‍)

എം.ബഷീര്‍ Published on 04 February, 2020
പ്‌ളാസ്റ്റിക് പാവക്കുട്ടികള്‍ (എം.ബഷീര്‍)
പ്ലാസ്റ്റിക് നിരോധിച്ചതിന്റെ പിറ്റേന്ന്
സ്വീകരണമുറിയില്‍ നിന്നും
കിടപ്പറയില്‍ നിന്നും
പുറത്തുകടന്ന കുറേപ്പേര്‍
വീട് ചാടാനുള്ള
ഗൂഡാലോചന നടത്തുന്നതിനായി
അടുക്കളയില്‍ ഒത്തുകൂടി

നാളെയോ മറ്റന്നാളോ
ആക്രിക്കച്ചവടക്കാരന്‍ വരും
അതിന് മുമ്പേ രക്ഷപ്പെടാനുള്ള
മാര്‍ഗ്ഗങ്ങള്‍ ആധിയോടെ
പങ്കുവെച്ചു അവര്‍

കുട്ടികള്‍ക്ക്
ഉപഹാരമായി കിട്ടിയ
പ്ലാസ്റ്റിക് പൂക്കള്‍

മുതിരും വരെ
അവര്‍ കളിച്ചിരുന്ന
പല നിറങ്ങളിലുള്ള വീടുകള്‍
മാനുകള്‍ പുലികള്‍ ഒട്ടകങ്ങള്‍

പാത്രങ്ങള്‍ കൊച്ചു കാറുകള്‍
സോപ്പ് പെട്ടികള്‍
ഉപേക്ഷിക്കപ്പെട്ട ടൂത്ത് ബ്രഷുകള്‍

പെന്‍സില്‍ കൂര്‍പ്പിക്കുന്ന കട്ടറുകള്‍
മഷി തീര്‍ന്ന പേനകള്‍
പൊട്ടിയ ബക്കറ്റുകള്‍
യാത്ര മതിയാക്കിയ ചെരുപ്പുകള്‍
ഇഴപിന്നിയ കയറുകള്‍

പുലരും മുമ്പേ മതില് ചാടിയില്ലെങ്കില്‍
നമ്മള്‍ പിടികൂടപ്പെടും
എല്ലാവരും ഒരേസ്വരത്തില്‍
ആകുലപ്പെട്ടു

പിടികൂടപ്പെട്ടാല്‍
നമുക്കിപ്പോഴുള്ള രൂപങ്ങള്‍
നഷ്ടപ്പെടും

കത്തിച്ച് ഉരുക്കി നമ്മെ
വേറെയേതോ അച്ചിലിട്ടു വാര്‍ക്കും
പൂക്കള്‍ ചിലപ്പോള്‍
പുലികളായി പുനര്‍സൃഷ്ടിക്കപ്പെടും
പേനകള്‍ സോപ്പ് പെട്ടികളാകും
ഈ ജന്മം ഇതോടെ അവസാനിക്കും

എന്ത് വിലകൊടുത്തും
നമുക്കിതിനെ അതിജീവിക്കണം

അതിനിടെ
പാത്രങ്ങള്‍ തട്ടിമറിയുന്ന ശബ്ദം കേട്ട്
വീട്ടുകാരി അടുക്കളയിലെ വെളിച്ചമിട്ടു

എല്ലാം വാരിക്കൂട്ടി ചാക്കിലാക്കി കെട്ടി
മൂലയിലേക്കിട്ടു

ഓഷ്‌വിറ്റ്‌സിലേക്കുള്ള വാഹനത്തില്‍
കയറ്റിയ എല്ലും തോലുമായ
മനുഷ്യരെപ്പോലെ
ഗ്യാസ് ചേമ്പറുകള്‍ സ്വപ്നം കണ്ട്
അവര്‍ ചാക്കില്‍ കെട്ടിപ്പിടിച്ചു കിടന്നു

നേരം വെളുത്തപ്പോള്‍
ആക്രിക്കാരന്‍ വന്ന്
വിലപേശി എല്ലാം കെട്ടിവരിഞ്ഞ്
വണ്ടിയില്‍ തള്ളി
പല വീടുകളില്‍ നിന്നായി
പിടികൂടപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ
നിലവിളിയാല്‍
മറ്റൊരു വാഗണ്‍ ട്രാജഡിപോലെ
വണ്ടി പ്രകമ്പനം കൊണ്ടു

അതേ സമയം

പാതിരാവില്‍ മതില് ചാടിയ
മുഷിഞ്ഞ ഉടുപ്പിട്ട ഒരു പാവക്കുട്ടി
ആരും കാണാതെ നിരത്തിലേക്കിറങ്ങി
അതിന്റെ നീലക്കണ്ണുകള്‍
വെയിലേറ്റ് ഉരുകിയിരുന്നു

അതിനെ കുളിപ്പിക്കുകയും
കൂടെ കളിക്കുകയും
പാട്ടുപാടുകയും
പുത്തനുടുപ്പിട്ട് ഒരുക്കുകയും ചെയ്തിരുന്ന
ആ വീട്ടിലെ പെണ്‍കുട്ടി
മുതിര്‍ന്ന് വലിയ ആളായി
വേറെ വീട്ടിലേക്ക്
മണവാട്ടിയായി പോയിക്കഴിഞ്ഞിരുന്നു

വഴിയറിയാതെ
ചുട്ടുപഴുത്ത റോഡിലൂടെ
എങ്ങോട്ടെന്നില്ലാതെ നടക്കവേ
മറ്റെല്ലാ വീടുകളില്‍ നിന്നും
ഉപേക്ഷിക്കപ്പെട്ട
പ്ലാസ്റ്റിക് പാവക്കുട്ടികള്‍
കീറിപ്പറിഞ്ഞ ഉടുപ്പുകളിട്ട്
വഴിയിലേക്കിറങ്ങി വന്നു

പൗരത്വം നഷ്ടപ്പെട്ട
അഭയാര്‍ത്ഥികളെപ്പോലെ
അവര്‍ തങ്ങളുടെ മരണഗൃഹം തേടി
കൂട്ടം കൂട്ടമായി നടന്നു നീങ്ങി..

പ്‌ളാസ്റ്റിക് പാവക്കുട്ടികള്‍ (എം.ബഷീര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക