Image

ഫൈന്‍ മത്തായിയും ന്യൂനമര്‍ദ്ദം പൊന്നമ്മയും (നര്‍മ്മം : തോമസ് ഫിലിപ്പ്, പാറയ്ക്കമണ്ണില്‍)

തോമസ് ഫിലിപ്പ്, പാറയ്ക്കമണ്ണില്‍ Published on 05 February, 2020
  ഫൈന്‍ മത്തായിയും ന്യൂനമര്‍ദ്ദം പൊന്നമ്മയും (നര്‍മ്മം : തോമസ് ഫിലിപ്പ്, പാറയ്ക്കമണ്ണില്‍)
ഫിലാഡല്‍ഫിയായില്‍ പതിറ്റാണ്ടുകളായി ഗവര്‍ണെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്ന ഫൈന്‍ മത്തായിയ്്ക്ക് പലപ്പോഴും ഹൈ ബിപിയാണ്. ഫോണിലൂടെയും അല്ലാതെയുമുള്ള മത്തായിയുടെ സംസാരങ്ങളില്‍ സ്ഥാനത്തും അസ്ഥാനത്തും, സായിപ്പും മദാമ്മയും വഴിയില്‍ കാണുന്നവരോടൊക്കെ ഹായ് പറയുന്നതു പോലെ എല്ലാവരോടും ഇടയ്ക്കിടയ്ക്ക് 'ഫൈന്‍' പറഞ്ഞ്  പറഞ്ഞാണ് മത്തായി ഫൈന്‍ മത്തായി ആയി തീര്‍ന്നത്. സ്ത്രീകളോടുമൊക്കെ കൂടുതലായി ഫൈന്‍ പറയുന്ന ശുദ്ധനായ മത്തായിയെ വനിതാ സമാജക്കാര്‍ക്കും പള്ളിയിലെ സേവികാ സംഘക്കാര്‍ക്കും ഇഷ്ടമാണ്. സ്‌നേഹം കൂടിയാല്‍ മത്തായിയ്ക്ക് എല്ലാവരെയും ഒന്ന് തൊടണം. കുഴപ്പമൊന്നും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി സ്ത്രീകളെ തൊടാന്‍ മത്തായി ക്ഷേയ്ക്ക് ഹാന്‍ഡും കൊടുത്ത് ഫൈന്‍ പറയും. എന്താണ് ഈ ഫൈന്‍ എന്ന് ചിന്തിച്ച് കേള്‍ക്കുന്നവരും ചിരിക്കും.

സംസാരത്തില്‍ ഒരു ശൈലി പോലെ വന്നു കൊണ്ടിരിക്കുന്ന മത്തായിയുടെ ഈ 'ഫൈന്‍' പ്രയോഗം പലപ്പോഴും ഗുണത്തേക്കാളധികം ദോഷവും ഉണ്ടാക്കി വെക്കാറുമുണ്ട്. കഴിഞ്ഞാഴ്ച വീക്കെന്റില്‍ അങ്ങനെ ഒരബദ്ധം മത്തായിയ്ക്ക് ഉണ്ടായി. സ്ഥലം പള്ളി വികാരി അച്ചനും കമ്മറ്റിക്കാരും കൂടി പള്ളിപ്പിരിവിനായി മത്തായിയുടെ ഭവനത്തിലും വന്നു. തങ്ങളുടെ വരവിന്റെ ഉദ്ദേശം ട്രസ്റ്റി മത്തായിയോട് പറഞ്ഞു. മത്തായി ഉടന്‍ ഫൈന്‍ പറഞ്ഞു. അച്ചന്‍ മത്തായിയെ നോക്കി പറഞ്ഞു മത്തായിച്ചനെപ്പോലെ സൗകര്യമുള്ളവരില്‍ നിന്നും 2000 ഡോളര്‍ വരെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന്. കേട്ട പാതി, കേള്‍ക്കാത്ത പാതി മത്തായി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു 'ഫൈന്‍ അച്ചോ' എന്ന്്. അച്ചന്‍ അടുത്തിരുന്ന ട്രസ്റ്റിയുടെ ചെവിയില്‍ പതുക്കെപ്പറഞ്ഞു ഒരു 2500 ഡോളര്‍ മത്തായിയുടെ പേരില്‍ എഴുതി രസീത് കൊടുക്കാന്‍. ട്രസ്റ്റി 2500 ഡോളറിന്റെ രസീത് എഴുതി മത്തായിയുടെ കൈയില്‍ കൊടുത്തിട്ട് ഇത് 3 തവണയായി നല്‍കിയാല്‍ മതിയെന്നു പറഞ്ഞു. ഭാര്യ പൊന്നമ്മ ഇതറിഞ്ഞാലുണ്ടാകാവുന്ന അനിഷ്ട സംഭവ പരമ്പരകള്‍ ഓര്‍ത്ത് ഫൈന്‍ മത്തായിയുടെ കണ്ണില്‍ ഇരുട്ടു കയറി. ശനി പിടിച്ച ഈ ശനിയാഴ്ച ദിവസത്തെയും മത്തായി പഴിച്ചു. 'കാലനുമുണ്ടാകും കാലക്കേട്' എന്ന പഴം ചൊല്ല് ഓര്‍ത്ത് മത്തായി സമാധാനപ്പെട്ടു. തന്റെ 'ഫൈന്‍' പ്രയോഗം വരുത്തിവെച്ച വിനയോര്‍ത്ത് മത്തായി ദുഃഖിച്ചു.

ഡസന്‍ കണക്കിന് കല്യാണാലോചനകള്‍ തനിക്ക് വന്നിട്ട് ഒന്നും നടക്കാഞ്ഞതില്‍ ശക്തമായ പ്രതിഷേധത്തില്‍ കഴിയുന്ന മോളിക്കുട്ടി 28 വയസ്സ് തന്റെ മുറിയിലിരുന്ന് പള്ളിപ്പിരിവുകാരും മത്തായിയും തമ്മില്‍ നടന്ന ഡയലോഗെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടായിരുന്നു. പള്ളിപ്പിരുവുകാര്‍ പോയ സമയം നോക്കി മോളിക്കുട്ടി മുറിയില്‍ നിന്നും പതുക്കെ ഇറങ്ങി മത്തായിയുടെ മുമ്പിലെത്തി. മത്തായിയെ നോക്കിപ്പറഞ്ഞു 'പപ്പാ ഫൈന്‍' . പപ്പാ ഇത്രയും റിച്ചാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായതെന്ന്. പള്ളിക്ക് അവര്‍ ചോദിക്കുന്നതെല്ലാം നമ്മള്‍ കൊടുക്കുന്നു; പട്ടിണിപ്പാവങ്ങള്‍ക്ക് പള്ളിയും പട്ടക്കാരനും പാസ്റ്ററും പ്രവാചകനും ഒരു വക കൊടുക്കുകയുമില്ല. ബൈബിളില്‍ അവഗാഹമുള്ള മോളിക്കുട്ടി ആ വഴിയിലും മത്തായിയ്ക്ക് മറ്റൊരു മാന്തും കൊടുത്തു. അത് ഇങ്ങനെ ആയിരുന്നു: പപ്പായെ നോക്കിക്കൊണ്ട് ചിരിച്ചു കൊണ്ട് മോളിക്കുട്ടി തട്ടി വിട്ടു 'നീതിമാന്റെ വീട്ടില്‍ വളരെ നിക്ഷേപമുണ്ട്' എന്നാല്‍ പപ്പായുടെ വീട്ടിലോ നിക്ഷേപമായി സ്‌ക്കോട്ടലന്‍ണ്ടിലെ ധാരാളം മദ്യക്കുപ്പികളുമുണ്ട്. ഇത് കേട്ട് മറ്റൊരു മുറിയിലിരുന്ന് പിച്ച്ഡിയ്ക്ക് പഠിച്ചു കൊണ്ടിരുന്ന മോളിക്കുട്ടിയുടെ സിസ്റ്റര്‍ മോഹിനിക്കുട്ടി 25 വയസ്സുകാരിയും പൊട്ടിച്ചിരിച്ച് മോളിക്കുട്ടിയ്ക്ക് ഒരു 'ഫൈന്‍' വിളിച്ചു പറഞ്ഞു. മോളിക്കുട്ടി പപ്പായ്ക്ക് എതിരായി നടത്തിയ ഈ പ്രതികരണം മത്തായിയ്ക്ക് വല്ലാതെ കൊണ്ടു. തന്റെ പ്രിയപ്പെട്ട മോളിക്കുട്ടിയും തനിക്കെതിരേ ഇങ്ങനെതിരിയുമെന്ന് മത്തായി ഒരിക്കലും വിചാരിച്ചതുമല്ല.

ഫൈന്‍ മത്തായിയുടെ മനസ്സ് ഇടിഞ്ഞു. മത്തായിയ്ക്ക് തലവേദനയും ബിപിയും കൂടി. നിരാശ മാറ്റായി മത്തായി തന്റെ ബഡ്‌റൂമില്‍ കയറി അലമാരി തുറന്ന് ദുഃഖനിവാരണി സ്‌ക്കോട്ട്‌ലന്റ് രസായനം ബോട്ടില്‍ തുറന്ന് രണ്ട് ഡോസ് ഗ്ലാസ്സിലൊഴിച്ച് വെള്ളവും ഒഴിച്ച് മോന്തി. അല്‍പ്പം ഉന്മേഷം തോന്നിയ മത്തായി തുടര്‍ച്ചയായി 2 'ഫൈന്‍' കൂടി പറഞ്ഞു.
മത്തായി ചാരുകസേരയില്‍ കിടന്ന് റിലാക്‌സ് ചെയ്യുന്ന സമയത്താണ് നേഴ്‌സായ തന്റെ ധര്‍മ്മപത്‌നി 'ന്യൂനമര്‍ദ്ദം പൊന്നമ്മ' സെക്കന്‍ഡ് ഡ്യൂട്ടിയും കഴിഞ്ഞ് സ്വയം കതകും തുറന്ന് വടിപോലെ മൂഡോഫോടെ കയറി വന്നത്. കുളവി കുത്തിയതു പോലെ 'പൊന്നു മുഖം' വീര്‍ത്തിരിക്കുന്നത് കണ്ടിട്ട് ആരോടെങ്കിലും വല്ല ഉടക്കും ഉണ്ടായോന്ന് മത്തായി പൊന്നമ്മയോട് അന്വേഷിച്ചു. പേര് പോലൊന്നും പൊന്നോ തങ്കമോ ഒന്നുമല്ല ഈ ഉരുപ്പടിയെന്ന് ഫൈന്‍ മത്തായിയ്ക്ക് ശരിക്കറിയാം. അന്നത്തെ വാര്‍ഡ് ഡ്യൂട്ടിയില്‍ ഒരു ഹൈബിപിക്കാരി മദാമ്മ പൊന്നമ്മയെ ഭള്ള് പറഞ്ഞതാണ് പൊന്നമ്മയ്ക്കുണ്ടായ മൂഡോഫിന് കാരണമെന്ന് പൊന്നമ്മയില്‍ നിന്നും പിന്നീട് മത്തായി അറിഞ്ഞു.
 ലേശവും വിശ്രമമില്ലാതെ, ജോലിയിലെ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും അതുകഴിഞ്ഞ് വീട്ടില്‍ വന്നാലും ആശ്വാസമില്ലാത്ത അവസ്ഥയുമൊക്കെ ഓര്‍ക്കുമ്പോള്‍ അറേബിയന്‍ കടലില്‍ ന്യൂനമര്‍ദം ഉണ്ടാകുന്നതു പോലെ പൊന്നമ്മയില്‍ ടെന്‍ഷനും കോപവും ഇളകിയാല്‍ അതുപിന്നെ ചുഴലികാറ്റായി വീടുമുഴുവന്‍ കുറെനേരം ആഞ്ഞടിക്കുമെന്ന് മോളിക്കുട്ടിയ്ക്കും മത്തായിയ്ക്കുമറിയാം. പോരടിക്കാതെ അന്തിയുറങ്ങുന്ന മലയാളി ഉണ്ടോ? അവനെ, അവളെ അങ്ങനെ വിടരുതെന്ന് ഉറക്കത്തിലും വിളിച്ചു പറയുന്നവനാണ് മലയാളിയെന്ന് മോളിക്കുട്ടി മനസ്സില്‍ ഓര്‍ത്തു. മുമ്പൊരിക്കല്‍ പൊന്നമ്മ മത്തായിയുമായി ഏറ്റുമുട്ടല്‍ ഉണ്ടായപ്പോള്‍ ന്യൂനമര്‍ദ്ദത്തിന് ശമനമുണ്ടാകാതെ പൊന്നമ്മ ഒരു ചുഴലികാറ്റായി അടുക്കളയില്‍ നിന്നും വീടു മുഴുവന്‍ ആഞ്ഞടിച്ചു. അടുക്കളയില്‍ നിന്നും ചിരവയും ചപ്പാത്തിപ്പലകയും പൂട്ടുകുറ്റിയുമൊക്കെ കാറ്റില്‍ പറന്നു! ദേഷ്യം മൂത്ത് പൊന്നമ്മ തലമുടിയും അഴിച്ചിട്ടു. ബിപി കൂടി 'ഫൈന്‍ മത്തായി'യും തന്റെ സമനില വിട്ട് പൊന്നമ്മയ്‌ക്കെതിരായി വായില്‍ വന്നതൊക്കെ വിളിച്ചു പറഞ്ഞു. എത്ര കോപമുണ്ടായാലും ഫൈന്‍ മത്തായി ഭാര്യയെയോ സ്ത്രീകളെ ആരെയും നുള്ളി നോവിക്കയുമില്ല. മത്തായിയുടെ ഭാര്യയും പെണ്‍മക്കളും ആദരിക്കുന്ന മത്തായിയുടെ അനന്യസാധാരണമായ ഏറ്റവും വലിയ സല്‍ഗുണം അതാകുന്നു ഇങ്ങനെയുള്ള എത്ര മലയാളി കണവന്മാരുണ്ട്?
ഒരു ദൈവവിശ്വാസി കൂടിയായ മോളിക്കുട്ടി ഫൈന്‍ മത്തായിയും ന്യൂനമര്‍ദം പൊന്നമ്മയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നതിനിടയിലും ഓടിവന്ന് ചിരിച്ചുകൊണ്ട് പപ്പാ 'ഫൈന്‍' 'എന്നും മമ്മി' ന്യൂനമര്‍ദ്ദമെന്നും വിളിച്ചു പറഞ്ഞ് കളിയാക്കും. ഏത് ഭോഷനും ശണ്ഠ 'കൂടും' എന്നുള്ള സോളമന്റെ സുഭാഷിതവും മോളിക്കുട്ടി കൂട്ടത്തില്‍ തട്ടിവിടും.

നിലവിലുള്ള ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മനസ്സിലാക്കിയും പപ്പായുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചും പള്ളിക്കാര് തന്നിട്ടു പോയ 2500 ഡോളറിന്റെ രസീത് മമ്മി കാണാതെയും അടുത്ത കുടുംബ കലഹത്തിനുള്ള നല്ലോരു വെടിമരുന്നായും പൊന്നമ്മ ഞായറാഴ്ച വരെ പപ്പായും സമാധനത്തില്‍ കഴിഞ്ഞോട്ടെന്നും മോളിക്കുട്ടി ചിന്തിച്ചു. പൊന്നമ്മയെ ഇടയ്ക്കിടയ്ക്ക് ബാധിക്കുന്ന ഈ 'ന്യൂനമര്‍ദ്ദം' പൊന്നമ്മയെ വിട്ടു പോകാനും മോളിക്കുട്ടി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആരോടോ ആയി ഫോണില്‍ മത്തായി മറ്റൊരു  'ഫൈന്‍' കൂടി വിളിച്ചു പറഞ്ഞു!

  ഫൈന്‍ മത്തായിയും ന്യൂനമര്‍ദ്ദം പൊന്നമ്മയും (നര്‍മ്മം : തോമസ് ഫിലിപ്പ്, പാറയ്ക്കമണ്ണില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക