Image

കയറ്റമാണെളുപ്പം ഇറക്കമല്ല (കവിത: സുനീതി ദിവാകരന്‍)

Published on 06 February, 2020
കയറ്റമാണെളുപ്പം  ഇറക്കമല്ല (കവിത: സുനീതി ദിവാകരന്‍)
കയറി വന്ന വഴിയിലൂടെ ഒന്ന്
തിരിച്ചിറങ്ങി നോക്കി
കയറ്റമായിരുന്നു എളുപ്പം എന്ന് തിരിച്ചറിയാന്‍
സമയമാധികം വേണ്ടിവന്നില്ല
എന്നോടൊത്തുറങ്ങുന്നവരും ഉണ്ണുന്നവരും
ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍    
പതറാതെ ഉറച്ച പടികള്‍ വെച്ചു
ഒപ്പമില്ലെങ്കിലും ചിന്തയില്‍ ഞാന്‍ ഉള്ളവര്‍
അറിയാതെ പിന്നില്‍ നിന്നൊന്നു താങ്ങിയിരുന്നു
ഇളകുന്ന പടവുകളില്‍ വഴുക്കാതിരിക്കാന്‍
ചിലരുടെ പ്രാര്‍ത്ഥന ഒരു പിടിവള്ളി ആയിരുന്നു
ചിലരുടെ സ്‌നേഹം ഒരു തണലായിരുന്നു
വഴിയമ്പലങ്ങളില്‍ പലവുരു ഇരുന്നു
വിരുന്നൂട്ടി പലരും മുഖം തിരിച്ചു മറു ചിലര്‍
സഹയാത്രിക രായി പല മുഖങ്ങള്‍ കണ്ടു
ചില മനസ്സുകളോടടുത്തു ചിലരെ മറന്നു
മഴ കൊണ്ടു , വെയില്‍ കൊണ്ടു
ഉലഞ്ഞു പോയി കാറ്റില്‍ നനഞ്ഞു പോയി മഞ്ഞില്‍
കുട പിടിച്ച സന്ധ്യകളും പുതപ്പൊരുക്കിയ രാത്രികളും
കൂട്ടായപ്പോള്‍ കുത്തിനോവിച്ച മുള്ളുകള്‍
പിഴുതെടുത്ത് കയറ്റം തുടര്‍ന്നു
ചിലയിടങ്ങളില്‍ പതറിയതൊഴിച്ചാല്‍
കയറ്റങ്ങള്‍ എളുപ്പമായിരുന്നു
കയറിയിങ്ങെത്തി തിരിഞ്ഞൊന്നു നോക്കുമ്പോള്‍
ഒടുക്കം കാണാത്ത തുടക്കത്തിലേക്കൊരു
തിരിച്ചിറക്കം എളുപ്പമല്ലെന്നറിയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക