Image

വാപ്പിച്ചി എന്റെ സിനിമകള്‍ക്ക് അഭിപ്രായം പറയാറില്ല, ചിലപ്പോള്‍ അതൊക്കെ കേട്ട് എന്റെ 'തല' വലുതായാലോ എന്നു വിചാരിച്ചിട്ടാകും; ദുല്‍ഖര്‍

Published on 13 February, 2020
വാപ്പിച്ചി എന്റെ സിനിമകള്‍ക്ക് അഭിപ്രായം പറയാറില്ല, ചിലപ്പോള്‍ അതൊക്കെ കേട്ട് എന്റെ 'തല' വലുതായാലോ എന്നു വിചാരിച്ചിട്ടാകും; ദുല്‍ഖര്‍
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധായനം ചെയ്ത ചിത്രം വരനെ ആവശ്യമുണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെയം ശോഭനയുടേയും തിരിച്ചുവരവ്, ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നത്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയാകുന്നത്, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്നത് ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ചിത്രം എത്തിയത്.

സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ അനൂപ് സത്യനും, ദുല്‍ഖറും, കല്യാണിയും പങ്കെടുത്തിരുന്നു. ചിത്രം വളരെ വലിയ വിജയം നേടി മുന്നേറുമ്പോള്‍ മക്കളുടെ പ്രകടനത്തെക്കുറിച്ച് അച്ഛന്മാര്‍ എന്തുപറഞ്ഞു എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ പ്രധാന ചോദ്യം. അച്ഛന്‍ സിനിമ കണ്ടിട്ടില്ലെന്നും എന്നാല്‍ സിനിമ കണ്ട ആളുകള്‍ ഒരുപാട് മെസേജുകള്‍ അച്ഛന് അയച്ചിരുന്നതായും പറഞ്ഞുവെന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. ആ മെസേജുകളൊക്കെ വായിച്ച ശേഷം അച്ഛന്‍ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ച് അയച്ചെന്നും അതില്‍ 'ഐ ആം പ്രൗഡ് ഓഫ് യു' എന്നാണ് എഴുതിയിരുന്നുതെന്നും കല്യാണി പറഞ്ഞു.

 വാപ്പ സിനിമകള്‍ കണ്ടാല്‍ ഒരഭിപ്രായം പറയാന്‍ താല്‍പര്യപ്പെടാറില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. 'എന്റെ സിനിമകള്‍ കണ്ടാല്‍ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാന്‍ അദ്ദേഹം താല്‍പര്യപ്പെടാറില്ല. ചിലപ്പോള്‍ അതൊക്കെ കേട്ട് എന്റെ 'തല' വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തു.'' - ദുല്‍ഖര്‍ പറഞ്ഞു.

ഈ സിനിമയുടെ സ്‌ക്രിപ്റ്റ് തന്നെ കാണിക്കാതിരുന്നത് നന്നായി എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് അനൂപ് സത്യന്‍ പറഞ്ഞു. '' അച്ഛന്റെ ശൈലിയിലുള്ള സിനിമ അല്ലായിരുന്നു ഇത്. അച്ഛന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ സിനിമ അച്ഛന് ഒരുപാട് ഇഷ്ടമായി. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രമേയമായതിനാല്‍ അച്ഛന്റെ പ്രേക്ഷകരും ഹാപ്പിയായി എന്നതാണ് മറ്റൊരു സന്തോഷം. മമ്മൂട്ടി സാര്‍ സിനിമ കണ്ട് സുരേഷ് ഗോപിക്ക് മെസേജ് അയച്ചിരുന്നു.

ശോഭന, സുരേഷ് ഗോപി എന്നിവരെ തിരിച്ചുകൊണ്ടു വരുമ്പോള്‍ പ്രേക്ഷകരും ഹാപ്പിയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അവരെ കാണുമ്പോള്‍ തിയറ്ററില്‍ നിന്നുയരുന്ന ആരവം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇത്രയും നാള്‍ ഇവര്‍ എവിടെയായിരുന്നുവെന്ന് എന്നോട് തന്നെ ഒരുപാട് പേര്‍ ചോദിച്ചു. ഇവര്‍ രണ്ട് പേരും ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ ഞാന്‍ മലയാളത്തില്‍ ചെയ്യുമായിരുന്നില്ല. ഇവരെ കാത്തിരുന്ന് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഈ സിനിമ തുടങ്ങുന്നത്. അതിന്റെയൊരു പ്രത്യേക സന്തോഷമുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അവരും ഹാപ്പിയാണ്.'' - അനൂപ് സത്യന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക