Image

പ്രേക്ഷകര്‍ക്കാവശ്യമുണ്ട്‌, ഈ വരനെ

Published on 14 February, 2020
   പ്രേക്ഷകര്‍ക്കാവശ്യമുണ്ട്‌, ഈ വരനെ
കുടുംബത്തോടൊപ്പം പോയി സന്തോഷകരമായി കാണാന്‍ കഴിയുന്ന, കുടുംബബന്ധത്തിന്റെ ആഴവും പരപ്പുമുള്ള, സ്‌നേഹവും നന്‍മയും നിറഞ്ഞ മലയാളിത്തമുളള സിനിമകള്‍. അന്നും ഇന്നും സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകന്റെ ചിത്രങ്ങളെ കുറിച്ച്‌ മലായാളികളുടെ വിശ്വാസമാണിത്‌. 

ഇന്ന്‌ മലയാള സിനിമയില്‍ കുടുംബബന്ധങ്ങളുടെ കഥയൊക്കെ ഏതാണ്ട്‌ അപ്രസക്തമായെങ്കിലും സത്യന്റെ സിനിമകള്‍ അത്‌ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്‌. മലയാള സിനിമയില്‍ ന്യൂ ജെന്‍ സംവിധായകര്‍ കളം വാഴുന്ന ഇക്കാലത്ത്‌ സത്യന്റെ മകന്‍ അനൂപ്‌ സത്യന്‍ സംവിധായകനാകുമ്പോഴും പിന്തുടരുന്നത്‌ അച്ഛന്റെ മാതൃക തന്നെയാണ്‌. 

വരരെ ആവശ്യമുണ്ട്‌ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ സമീപ കാലത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നിന്റെ സംവിധായകനായി അനൂപ്‌ സത്യന്‍ മാറുകയാണ്‌.

തലമുറകളുടെ സംഗമം എന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം. അതു മാത്രമല്ല, മറ്റു ചില സവിശേഷതകള്‍ കൂടി ഈ ചിത്രത്തിനുണ്ട്‌. ദുല്‍ഖര്‍ നിര്‍മ്മാതാവുന്നു എന്നതാണ്‌ അതിലൊന്ന്‌. 

രണ്ടാമത്‌ ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം സുരേഷ്‌ ഗോപിയും ശോഭനയും വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു എന്നതാണ്‌. പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ ആദ്യമായി നായികയാകുന്നു എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഈ ചിത്രത്തിനുണ്ട്‌. അതോടൊപ്പം സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാകന്റെ കുപ്പായമണിയുന്നു എന്നതും.

ചെന്നെ നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്‍രില്‍ കഴിയുന്ന മൂന്ന്‌ മലയാളി കുടുംബങ്ങളുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. വിവാഹ മോചിതയായ നീനയും(ശോഭന) മകള്‍ നിഖിതയുമാണ്‌ (കല്യാണി പ്രിയദര്‍ശന്‍) ഒരു കുടുംബം. തകര്‍ന്നു പോയ ഒരു പ്രണയ വിവാഹത്തിന്റെ സ്‌മരണകളുമായിജീവിക്കുന്ന ആളാണ്‌ നീന.

 അമ്മയുടെ ദുഖകരമായ ജീവിതം കണ്ടു വളര്‍ന്നതു കൊണ്ട്‌ നിഖിതയ്‌ക്ക്‌ പ്രണയ വിവാഹത്തോട്‌ തീരെ താല്‍പ്പര്യമില്ല. അവള്‍ക്ക്‌ അറേഞ്ച്‌ഡ്‌ മാര്യേജിനോടാണ്‌ താല്‍പ്പര്യം. 

ഇതിനായി വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം കൊടുക്കുകയും അത്‌ എപ്പോഴും ചെക്ക്‌ ചെയ്യലുമൊക്കെയാണ്‌ പരിപാടി. ഈ സമയത്താണ്‌ അടുത്തുള്ള ഫ്‌ളാറ്റിലേക്ക്‌ ബിബീഷ്‌ (ദുല്‍ഖര്‍) എന്ന ചെറുപ്പക്കാരനും കൂടെ ഒരു പ്രായമായ സ്‌ത്രീയും ഒരു കുട്ടിയും കൂടി താമസിക്കാന്‍ വരുന്നത്‌. 

അതേ സമയത്തു തന്നെയാണ്‌ പട്ടാളത്തില്‍ നിന്നും വിരമിച്ച മേജര്‍ ഉണ്ണിക്കൃഷ്‌ണനും (സുരേഷ്‌ ഗോപി) അവിടെ താമസത്തിനെത്തുന്നത്‌. പുള്ളിക്കാരന്‍ തനിച്ചാണ്‌. ഇവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും അവരുടെ ഇണക്കങ്ങളും അവരുടെ ഭൂതകാല ജീവിതവുമൊക്കെയാണ്‌ ചിത്രം പറയുന്നത്‌.

നീന എന്ന കഥാപാത്രത്തെ ശോഭന ഭംഗിയാക്കി. പ്രണയവും പ്രണയഭംഗങ്ങളുമൊക്കെയായി ജീവിതം മരുഭൂമി പോലെയായി തീര്‍ന്ന അവരുടെ ജീവിതത്തിന്റെ മധ്യാഹ്നങ്ങളിലേക്ക്‌ പ്രണയത്തിന്റെ ഒരു തരിവെട്ടം കടന്നു വരുമ്പോള്‍ അത്‌ നീനയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ തന്‍മയത്വത്തോടെ തന്നെ ശോഭന അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്‌. 

നല്ല ദേഷ്യക്കാരനാണെങ്കിലും സ്റ്റേജില്‍ കയറി സംസാരിക്കാനോ സ്‌ത്രീകളോട്‌ സംസാരിക്കാനോ ഒക്കെ പേടിയുള്ള ഒരാളാണ്‌ മേജര്‍ ഉണ്ണിക്കൃഷ്‌ണന്‍. തന്റെ ഉള്ളില്‍ തോന്നിയ പ്രണയം തുറന്നു പറയാന്‍ കഴിയാതെ അതിനുള്ള ചങ്കൂറ്റമില്ലാതെ വിഷമിക്കുന്ന ഉണ്ണിക്കൃഷണന്‍ എന്ന കഥാപാത്രം സുരേഷ്‌ ഗോപിയുടെ കൈകളില്‍ ഭദ്രമായിരുന്നു.

തന്റെ ജീവിതത്തിലുണ്ടായ ഒരു വലിയ ദുരന്തത്തെ കുറിച്ച്‌ ആരെയുമറിയിക്കാതെ ജീവിക്കുന്നയാളാണ്‌ ബിബീഷ്‌. അയാള്‍ തന്റെ സ്വകാര്യ ദു:ഖങ്ങള്‍ ഒളിപ്പിച്ചു കൊണ്ട്‌ ആഹ്‌ളാദവാനായി ജീവിക്കുന്നു. മിതത്വമുളള അഭിനയമാണ്‌ കല്യാണിയുടേത്‌. 

കഥാപാത്രങ്ങള്‍ വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, അത്‌ അവിസ്‌മരണീയമാക്കാന്‍ കഴിവുള്ള രണ്ടു നടിമാരാണ്‌ കെ.പി.എ.സി ലളിതയും ഉര്‍വശിയും. രണ്ടു പേരും സത്യന്‍ അന്തിക്കാടിന്റെ സ്റ്റാഫ്‌ ആര്‍ട്ടിസ്റ്റുകള്‍ എന്നു വേണമെങ്കില്‍ പറയാം. ഈ ചിത്രത്തിലും അവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തിയിട്ടുണ്ട്‌.

 ജോണി ആന്റിണിയുടെ സൈക്യാട്രിസ്റ്റും ലാല്‍ജോസിന്റെ കഥാപാത്രവുമെല്ലാം പ്രേക്ഷകനെ നന്നായി ചിരിപ്പിക്കും. ഏതായാലും അനൂപ്‌ സത്യന്‍ തന്റെ അച്ഛനെ പോലെ തന്നെ പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന സിനിമയുമായി തന്നെയാണ്‌ വന്നിരിക്കുന്നത്‌. ഒരു മികച്ച ഫീല്‍ ഗുഡ്‌ മുവീയാണ്‌ വരനെ ആവശ്യമുണ്ട്‌. ധൈര്യമായി ടിക്കറ്റെടുക്കാം.
   പ്രേക്ഷകര്‍ക്കാവശ്യമുണ്ട്‌, ഈ വരനെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക