Image

എം ടി യുടെ ഋതുഭേദം നാടകമായി അരങ്ങില്‍

സതീഷ് മേനോന്‍ Published on 15 February, 2020
എം ടി യുടെ ഋതുഭേദം നാടകമായി അരങ്ങില്‍
സാന്‍ ഫ്രാന്‍സിസ്‌കോ: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലൂടെ 1987 ഇല്‍ അഭ്രപാളികളിലെത്തിയ ഋതുഭേദം നാടകരൂപത്തില്‍ അരങ്ങിലെത്തി. സാന്‍ ഫ്രാന്‍സിസ്‌കൊ ബേ ഏരിയായിലെ മലയാളി കലാകാരന്മാരൂടെ സംഘടനയായ തപസ്യ ആര്‍ട്ട്‌സാണ്, ശ്രീ എം ടി വാസുദേവന്‍ നായരുടെ അനുഗ്രഹാശ്ശിസ്സുകളോടെ സംക്രമപ്പക്ഷി എന്ന പേരില്‍ നാടകം അവതരിപ്പിച്ചത്. 2020 ഫെബ്രുവരി മാസം 1 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സറട്ടോഗ ഹൈസ്ക്കൂളിലെ മക് എഫി തിയേറ്ററിലെ തിങ്ങിനിറഞ്ഞ പുരുഷാരത്തിന്റെ മുന്നില്‍ നാടകം അരങ്ങേറി. ചലച്ചിത്രത്തിന്റെ തിരക്കഥ, നാടകരൂപത്തില്‍ ക്രമീകരിച്ച്, കഥയുടെ ഒഴുക്ക് അല്പം പോലും കൈവിടാതെ, നാടകാവിഷ്ക്കാരം നല്‍കിയ ആലപ്പുഴ സ്വദേശി മധു മുകുന്ദനാണ് നാടക സംവിധാനം നിര്‍വ്വഹിച്ചത്.

ശ്രീ പ്രതാപ് പോത്തന്റെ സംവിധാനം ചെയ്ത ഋതുഭേദത്തില്‍  തിലകന്‍, ബാലചന്ദ്രമേനോന്‍, വിനീത്, ശങ്കരാടി, നെടുമുടി വേണു, മുരളി, എം ജി സോമന്‍, ഗീത, മോനിഷ തുടങ്ങി ഒരു വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. തിലകന് മികച്ച  സഹനടനുള്ള ദേശീയ  അവാര്‍ഡ്  ഋതുഭേദത്തിലെ മൂപ്പില്‍ നായര്‍ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരുന്നു. നടുവഞ്ചേരി മൂപ്പില്‍ തറവാടിന്റെ പശ്ചാത്തലത്തില്‍ 1960 കളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയുടെ കഥ പറഞ്ഞ ഋതുഭേദം, ശ്രീ എം ടി വാസുദേവന്‍ നായരുടെ മികച്ച തിരക്കഥകളില്‍ ഒന്നാണ്. കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചരിത്രം ഈ തിരക്കഥയില്‍ ഉണ്ടെന്നും അത് നാടകരൂപത്തില്‍ കാണാന്‍ ഇന്നത്തെ തലമുറക്ക് താത്പര്യം ഉണ്ടാകുമെന്നും തപസ്യയുടെ  പ്രവര്‍ത്തകരോട് എം ടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് എകദേശം ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷം, ഒരു പ്രൊഫഷണല്‍ നാടകത്തിന്റെ എല്ലാ മികവുകളോടുംകൂടി തപസ്യ അരങ്ങിലെത്തിച്ച സംക്രമപ്പക്ഷി പ്രേക്ഷകരെ അത്യന്തം ആകര്‍ഷിച്ചു.

അമേരിക്കയിലെ സാഹിത്യതല്പരര്‍ക്ക് സുപരിചിതയായ കവയിത്രി ബിന്ദു ടിജിയാണ് ഈ നാടകത്തിനു വേണ്ടി ഗാനരചന നടത്തിയത്. നാടകത്തിന്റെ  സത്ത ഉള്‍ക്കൊണ്ട് ബിന്ദു രചിച്ച വരികള്‍ക്ക് സംഗീതത്തിന്റെ മാന്ത്രികത പകര്‍ന്നത് സംഗീത സംവിധായകന്‍  ബിനു ബാലകൃഷ്ണനാണ്. അപര്‍ണ വിജയ് എന്ന അനുഗൃഹീത ഗായികയാണ് ഈ ഗാനം ആലപിച്ചത്. നാടകത്തിലുടനീളം ബിനു പകര്‍ന്ന പശ്ചാത്തലസംഗീതം കഥാപാത്രങ്ങളുടെ വിവിധ ഭാവങ്ങള്‍ അവയുടെ തീവ്രത പതിന്മടങ്ങാക്കി പ്രേക്ഷകരില്‍ എത്തിക്കുന്നതിന് വളരെ സഹായകമായി. നടുവഞ്ചേരി മൂപ്പില്‍ തറവാടിന്റെ പ്രൗഢഗംഭീരമായ പശ്ചാത്തലത്തിലാണു ഈ കഥ നടക്കുന്നത്. ആ ഗാംഭീര്യം മുഴുവന്‍ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കിയ മലയാളത്തനിമയാര്‍ന്ന രംഗപടമാണ് കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് ശ്രീജിത് ശ്രീധരനും  കിരണ്‍ കരുണാകരനും ചേര്‍ന്നൊരുക്കിയത്. നാടകത്തിനു ഈ രംഗപടങ്ങള്‍ നല്‍കിയ ദൃശ്യഭംഗി എടുത്തുപറയേണ്ടതാണ്.

വ്യത്യസ്ത ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന, ശക്തവും, വ്യക്തിത്വം പുലര്‍ത്തുന്നതുമായ കഥാപാത്രങ്ങള്‍ ഏതൊരു എം ടി  കൃതികളുടെയും മുഖമുദ്രയാണ്. ഋതുഭേദവും ഇതില്‍ നിന്ന് ഒട്ടൂം വ്യത്യസ്തമല്ല. ചെറുതും വലുതുമായ പതിനാലോളം കഥാപാത്രങ്ങള്‍. ഓരോ കഥാപാത്രങ്ങളുടെയും അന്തസത്ത ഉള്‍ക്കൊണ്ട് ,അവയെ ആഴത്തില്‍ മനസ്സിലാക്കി രംഗത്താവിഷ്കരിക്കുന്നതില്‍ ബേ ഏരിയയിലെ നടീനടന്മാര്‍ വിജയിച്ചു എന്നു തന്നെ പറയാം. അനില്‍ നായര്‍, സന്ധ്യ സുരേഷ്, ലാഫിയ സെബാസ്റ്റ്യന്‍, അനീഷ് പുതുപ്പറമ്പില്‍, ശ്രീജിത് നെല്ലൂര്‍, സജീവ് പിള്ള, സുകു കൂനന്റവിട, ഷിബു നായര്‍, പ്രിയ പിള്ള, ഉമേഷ് നരേന്ദ്രന്‍, രാജേഷ് കൊണങ്ങാംപറമ്പത്ത്, രേഷ്മ നാരായണസ്വാമി, പ്രദീപ് പിഷാരടി, രാജീവ് വല്ലയില്‍ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ മധു മുകുന്ദനും, എം ടിയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അരങ്ങിലെത്തി. നാടകാസ്വാദകരായ പ്രേക്ഷകരുടെ പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനം കലാകാരന്മാര്‍ പുറത്തെടുത്തു എന്നു തന്നെയാണൂ പ്രേക്ഷകപ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ വികാരവിക്ഷോഭങ്ങള്‍ സദസ്യരിലേക്ക് പകര്‍ന്ന് അവരെ നാടകത്തോടൊപ്പം മുന്നോട്ട് നയിക്കുന്നതില്‍  കലാകാരന്മാര്‍ പൂര്‍ണ്ണമായും വിജയിച്ചു.

മൂപ്പില്‍ തറവാടിന്റെ മാറ്റ് കൂട്ടുന്ന ചമയങ്ങള്‍ ഒരുക്കിയത് അരുണ്‍ പിള്ളയാണ്. പ്രകാശ നിയന്ത്രണം ജയചന്ദ്രനും, ശബ്ദനിയന്ത്രണം അജി ജോസഫ്, പോള്‍സണ്‍ ജോസഫ്, നാരായണ സ്വാമി എന്നിവരും

ഏറ്റെടുത്തു. ഹരിശങ്കര്‍, ഷെമി ദീപക്, സജേഷ് രാമചന്ദ്രന്‍, അജീഷ് നായര്‍, സനില്‍ പിള്ള, സതീഷ് മേനോന്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഛായാഗ്രഹണം ഷാജി പരോളും, നിശ്ചല ഛായാഗ്രഹണം ജോജന്‍ ആന്റണിയുമാണ് നിര്‍വ്വഹിച്ചത്. സജന്‍ മൂലേപ്ലാക്കലിന്റെ നേതൃത്വത്തില്‍ തപസ്യ പ്രവര്‍ത്തകര്‍ നാടകാവതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായ ശ്രീ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയോട് നൂറു ശതമാനം നീതി പുലര്‍ത്തിയാണ് നാടകം അരങ്ങിലെത്തിയത്. അറുനൂറോളം വരുന്ന പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനത്തോടെയാണ്, തപസ്യ ആര്‍ട്ട്‌സ് അണിയിച്ചൊരുക്കിയ സംക്രമപ്പക്ഷിയുടെ പ്രഥമ അവതരണത്തിന് തിരശ്ശീല വീണത്.

എം ടി യുടെ ഋതുഭേദം നാടകമായി അരങ്ങില്‍എം ടി യുടെ ഋതുഭേദം നാടകമായി അരങ്ങില്‍എം ടി യുടെ ഋതുഭേദം നാടകമായി അരങ്ങില്‍എം ടി യുടെ ഋതുഭേദം നാടകമായി അരങ്ങില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക