Image

കുതിരപ്പുറത്തേറി വിവാഹഘോഷയാത്ര; സൈനികനായ ദളിത് യുവാവിനും സംഘത്തിനും നേരേ കല്ലേറ്

Published on 17 February, 2020
കുതിരപ്പുറത്തേറി വിവാഹഘോഷയാത്ര; സൈനികനായ ദളിത് യുവാവിനും സംഘത്തിനും നേരേ കല്ലേറ്
അഹമ്മദാബാദ്: വിവാഹദിവസം കുതിരപ്പുറത്തേറി വിവാഹഘോഷയാത്ര സംഘടിപ്പിച്ച വരനും സംഘത്തിനും നേരേ കല്ലേറ്. ഗുജറാത്തിലെ ബന്‍സകന്ത ശരീഫ്ദാ സ്വദേശിയും സൈന്യത്തിലെ ജവാനുമായ ആകാശ് കുമാര്‍ കോട്ടിയക്ക് നേരേയാണ് ആക്രമണമുണ്ടായത്. ദളിത് വിഭാഗത്തില്‍പ്പെട്ട വരനും കൂട്ടരും കുതിരപ്പുറത്തേറി വിവാഹഘോഷയാത്ര നടത്തിയതിനാണ് ഠാക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവര്‍ ആക്രമിച്ചതെന്നാണ് ഇവരുടെ ആരോപണം. 

ആകാശിന്റെ വിവാഹത്തിന് വരന്‍ കുതിരപ്പുറത്തേറി പോവുകയാണെങ്കില്‍ അതിന് അനുവദിക്കില്ലെന്ന് ഉയര്‍ന്നജാതിക്കാരായ ഠാക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് വരനും സംഘവും പോലീസ് സഹായം തേടി. എന്നാല്‍ ഘോഷയാത്ര ഗ്രാമത്തിലൂടെ കടന്നുപോയതോടെ ഇവര്‍ കല്ലെറിയുകയായിരുന്നു. ഏഴ് പോലീസുകാര്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നെങ്കിലും ആക്രമണം ചെറുക്കാനായില്ല. കല്ലേറില്‍ വരനും ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കും 
സാരമായി പരിക്കേറ്റു.

സംഘര്‍ഷം ഉടലെടുത്തതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ 11 പേര്‍ക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക