Image

വെള്ളക്കരം തത്കാലം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം

Published on 21 February, 2020
വെള്ളക്കരം തത്കാലം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം


തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കരം തത്കാലം വര്‍ധിപ്പിക്കേണ്ടെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് വെള്ളക്കരം കൂട്ടണമെന്ന് നേരത്തെ ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വെള്ളക്കരം കൂട്ടാന്‍ ഇപ്പോള്‍ അനുകൂല സമയമല്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വെള്ളക്കരം വര്‍ധിപ്പിക്കുന്നത് ജനവികാരം സര്‍ക്കാരിനെതിരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന വിഷയം മുന്നോട്ട് വെച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എന്‍സിപി നേതാവ് ടിപി പീതാബരന്‍ മാസ്റ്ററുമെല്ലാം വെള്ളക്കരം കൂട്ടുന്നതിനെ ശക്തമായി എതിര്‍ത്തു.  ഡല്‍ഹിയിലും മറ്റും സൗജന്യമായി ജലം നല്‍കുമ്പോള്‍ ഇവിടെ വെള്ളക്കരം കൂട്ടുന്നത് ശരിയാണോയെന്ന ചോദ്യം കാനം രാജേന്ദ്രന്‍ യോഗത്തില്‍ ഉന്നയിച്ചു.

അതേസമയം സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്നും സംഭവം പരിശോധിക്കണമെന്നും യോഗത്തിന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി. സിഎജി വിവാദം മാധ്യമങ്ങളും പ്രതിപക്ഷവും സൃഷ്ടിക്കുന്നതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ 
ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക