Image

മോനെ.. ചക്കരെ കരയല്ലേ, നിന്നെ ഈ ലോകത്തിന് കാണാന്‍ 'നീ വെളിച്ചത്തേക്ക് നീങ്ങി നില്‍ക്കൂ'

Published on 22 February, 2020
മോനെ.. ചക്കരെ കരയല്ലേ, നിന്നെ ഈ ലോകത്തിന് കാണാന്‍ 'നീ വെളിച്ചത്തേക്ക് നീങ്ങി നില്‍ക്കൂ'

തിരുവനന്തപുരം: 'എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണു തോന്നുന്നത്. ഒരു കയര്‍ താ ഞാന്‍ ജീവിതം അവസാനിപ്പിക്കാം..' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത് ഈ വാക്കുകളാണ്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഈ വിഡിയോ ലോകത്തിന്റെ തന്നെ കണ്ണ് നിറച്ചിരിക്കുകയാണ്.

ക്വാഡന്‍ ബെയില്‍സ് എന്ന ഒന്‍പതുവയസുകാരന്‍ തന്റെ അമ്മയോട് കരഞ്ഞുപറയുകയാണ് അമ്മേ കൊന്നു തരൂ എന്ന്. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മുന്നില്‍ തലതാഴ്ത്തി നടക്കേണ്ടി വന്നു ക്വാഡന്. കുട്ടിയുടെ അമ്മയ്ക്കും സങ്കടം താങ്ങാവുന്നതിലും അപ്പുറമാണ്. 'മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. തന്നെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു'. ഇതാണ് അമ്മയുടെ വാക്കുകള്‍.


മകനെ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കുക എന്ന് ആ അമ്മയ്ക്ക് അറിയില്ലായിരുന്നു. അവര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ തന്റെ ദുഖം പങ്കുവെച്ചു. ഈ വീഡിയോ വൈറലായതോടെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഈ അമ്മയ്ക്കും മകനും പിന്തുണ ഏറുകയാണ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഹോളിവുഡ് നടന്‍ ഹ്യൂ ജാക്ക്മാന്‍ അടക്കമുള്ളര്‍ കുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കന്‍ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് ക്വാഡനു വേണ്ടി 250,000 യുഎസ് ഡോളര്‍ സമാഹരിച്ചു. ഈ പണം കൊണ്ട് ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്‍ഡിലേക്ക് അയക്കുമെന്ന് ബ്രാഡ് വ്യക്തമാക്കി.

കൂടാതെ, ഗിന്നസ് പക്രുവും ഈ വിഡിയോ പങ്കുവച്ചിരുന്നു. 'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്ബോള്‍ …നിന്റെ അമ്മ തോല്‍ക്കും ഈ വരികള്‍ ഓര്‍മ്മ വച്ചോളു. ഊതിയാല്‍ അണയില്ല..ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ'ഇളയ രാജ . ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്' അദ്ദേഹം കുറിച്ചു.


ഇപ്പോള്‍ ഇതാ ക്വാഡന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് രംഗത്തെത്തിയിരിക്കുകയാണ്. അമ്മ പറയുന്നത് കേട്ട് ജീവിച്ചാല്‍ ലൈഫ് അടിപൊളിയാകുമെന്നും ഒന്നും പേടിക്കാനില്ലെന്നുമാണ് ബിബിന്‍ പറഞ്ഞത്. ഫെയ്‌സ് ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിബിന് ജോര്‍ജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം….

മോനെ.. ഡാ ചക്കരെ, നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാല്‍ ലൈഫ് അടിപൊളി ആണ്….ഡാ. ഒന്നും പേടിക്കാനില്ല….

അവന്മാര്‍ നിന്നെ കരയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും.

'പോയി ചാകാന്‍' പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാന്‍ 'നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാല്‍ മാത്രം മതിയാകും'.
'പൊരുതണ്ടേടാ….' ??

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക