Image

അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)

Published on 22 February, 2020
അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)
ബറാക് ഒബാമയും മിഷേൽ ഒബാമയും നിർമ്മിച്ച അമേരിക്കൻ ഫാക്ടറി എന്ന ഡോക്കുമെന്ററിക്ക് ഇത്തവണത്തെ ഓസ്കർ പുരസ്ക്കാരം ലഭിച്ച വേളയിൽ കേരളത്തിലെ പല വീടുകളിലും  നെറ്റ്ഫ്ലിക്സിലൂടെ ആ ചിത്രം കണ്ടു മലയാളികള്‍ വിസ്മയം പൂണ്ടു.

ന്യൂയോർക് ടൈംസ് ലേഖകൻ തോമസ് ഫ്രീഡ്‌മാൻ എഴുതിയതു പോലെ ലോകം ഇന്ന് ഫ്ലാറ്റ് ആണ്. ദൂരങ്ങൾ ഇല്ലാതായി. നെറ്റ്ഫ്ലിക്സിന് ലോകമൊട്ടാകെയുള്ള 169 മില്യൺ പ്രേക്ഷകരിൽ ഉൾപ്പെട്ട കോട്ടയംകാർക്കും അങ്ങനെ അമേരിക്കയുടെ മാറിവരുന്ന വർക് കൾച്ചറിനെപ്പറ്റി ഉൾക്കാഴ്ച്ചയുള്ള ഒരു ചിത്രം കാണാൻ കഴിഞ്ഞു. സംഭവം അമേരിക്കയിലാണെങ്കിലും ലോകമൊട്ടാകെ അതിനു അനുരണനങ്ങൾ ഉണ്ട്.  

ഒഹായോയിൽ ഡേയ്റ്റനടുത്ത്  മൊറൈനിൽ പൂട്ടിക്കിടന്ന ജനറൽ മോട്ടോർസ് പ്ലാന്റ് ഏറ്റെടുത്ത് ഫുയാവോ ഗ്ലാസ് അമേരിക്കയായി പരിവർത്തനം ചെയ്ത കാവോ എന്ന ചൈനീസ് വ്യവസായിയുടെ കഥയാണ് 110 മിനിട്  നീണ്ട ചിത്രത്തിലുള്ളത്.

ഒബാമയുടെ ഹൈ ഗ്രൗണ്ട് പ്രൊഡക്ഷസിന്റെ ബാനറിൽ സ്റ്റീവ് ബൊഗ്നരും ജൂലിയ റെയ്‌ചർട്ടും ചേർന്ന് മൂന്ന് വർഷം   കൊണ്ടെടുത്ത  ചിത്രം അമേരിക്കൻ തൊഴിലാളികൾക്കിടയിലെ യുണിയനിസവും അതിനെ നേരിടാനുള്ള ചൈനീസ് വ്യവസായിയുടെ കടുംപിടുത്തവും തമ്മിലുള്ള സംഘട്ടനം അതേപടി ചിത്രീകരിക്കുന്നു.

മണിക്കൂറിനു മുപ്പതു ഡോളർ വരെ  നേടിയിരുന്നവർ വെറും  12..84 ഡോളറിനു പണിയെടുക്കേണ്ടി വന്നു. എട്ടു മണിക്കൂറിന്ന് പകരം പന്ത്രണ്ടും ചിലപ്പോൾ അതിലധികവും മണിക്കൂറുകളാണ് ചൈനയിൽ തൊഴിലാളികൾ പണി ചെയ്യേണ്ടി വരുന്നത്. പക്ഷെ അതുവല്ലതും അമേരിക്കയിൽ നടക്കുമോ?

ഒഹായോയിൽ സമരം ചെയ്തവരെ ചൈനീസ് കമ്പനി പിരിച്ചു വിട്ടു. പക്ഷെ യുണിയനിസം തുടച്ചുമാറ്റാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഒടുവിൽ 2200 അമേരിക്കക്കാരും 200 ചൈനക്കാരും പണിയെടുക്കുന്ന ഫാക്ടറി 2018ൽ ലാഭമുണ്ടാക്കാൻ തുടങ്ങി എന്ന സന്ദേശത്തോടെ ചിത്രം അവസാനിക്കുന്നു.

അമേരിക്കയുടെ വളർച്ചക്ക് ഊടും പാവും നെയ്ത കാറുകൾ അധികവും മിഷിഗൺ  സ്റ്റേറ്റിലെ ഡിട്രോയ്റ് കേന്ദ്രമാക്കിയാണ് ഇറക്കിയതെങ്കിലും തൊട്ടടുത്ത ഒഹായോ സ്റ്റേറ്റിൽ ഡെയ്റ്റൺ നഗരപ്രാന്തത്തിലെ മൊറൈനിൽ ജനറൽ മോട്ടോഴ്സിന് പ്ലാന്റ് ഉണ്ടായിരുന്നു.

ടൊയോട്ട പോലുള്ള വിദേശ കമ്പനികളുമായുള്ള മത്സരത്തിൽ പിന്നോക്കം പോയ ജനറൽ മോട്ടോർസ് 2003ൽ ഒഹായോ പ്ലാന്റ് അടച്ചുപൂട്ടാൻ നിർബന്ധിതമായി. രണ്ടായിരം തൊഴിലാളികളാണ് വഴിയാധാരമായത്. 2013ൽ ഫ്യൂജിയാൻ പ്രോവിൻസിലെ ഫുയാവോ എന്ന ഓട്ടോ ഗ്ളാസ്  നിർമാണ സ്ഥാപനം അത്  ഏറ്റെടുത്തു. .

ഒഹായോയിലെ ഫ്രീമോണ്ടിൽ അരനൂറ്റാണ്ട് ഇന്റെർണൽ മെഡിസിൻ പ്രാക്ടീസ് ചെയ്ത ബാബു എന്ന  എബ്രഹാം ജോസഫ് (81) കോട്ടയം ഗാന്ധിനഗറിലെ വേനൽക്കാല വസതിയിലിരുന്നും  ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഡിസ്റ്റിങ്‌ഗ്വിഷ്ഡ് കെമിട്രി പ്രൊഫസർ ആയ  ഡോ. രാജൻ ബാബു (70) കൊളംബസിലിരുന്നും ചിത്രം കണ്ടു.

ഇതിഹാസപുരുഷനായിരുന്ന കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ഡൊമിനിക് തൊമ്മന്റെ (22 മക്കൾ)  കൊച്ചുമകനാണു ഡോ.എബ്രഹാം. അഡ്വ. ഡൊമിനിക് ജോസഫിന്റെ മകനായി കോട്ടയത്തു ജനിച്ചു.  കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ചു കോട്ടയം മെഡിക്കൽ കോളേജിൽ ജോലിചെയ്ത എബ്രഹാം  ഇരുപത്തേഴാം വയസിൽ ചിക്കാഗോയിൽ ഇന്റെൺഷിപ് ചെയ്തു. ഫ്രീമോണ്ടിൽ താമസം ഉറപ്പിച്ച് പ്രാക്ടീസ് ചെയ്യുബോൾ ഒരു കാലത്ത് ആയിരം രോഗികൾ വരെ ഉണ്ടായിരുന്നു.  

സാൻഡസ്‌കി നദിയുടെ പടിഞ്ഞാറേ കരയിലുള്ള മനോഹരമായ പട്ടണമാണ് ഫ്രീമോണ്ട്. 2017ലെ കണക്കനുസരിച്ച് 16,193 ജനങ്ങളേ ഉള്ളുവെങ്കിലും 1877-81കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റഥർഫോർഡ് ബി ഹെയ്‌സിന്റെ ജന്മനാടാണ്. അദ്ദേഹത്തിന്റെ ഫ്രിമോണ്ടിലെ സ്മാരകം അമേരിക്കയിലെ ആദ്യത്തെ പ്രസിഡൻഷ്യൽ ലൈബ്രറിയുമാണ്.  

അന്തോണി ബുർഡൈൻ എന്ന പാചകവിദഗ്ധൻ പാടിപ്പുകഴ്ത്തിയിട്ടുള്ള ഹരിത നഗരം (ട്രീ സിറ്റി) ആണ് ഫ്രീമോണ്ട്. 'പ്രിസൺബ്രേക്' എന്ന വിശ്രുത ടിവിപരമ്പരയിലെ ടി ബാഗ് എന്ന കഥാപാത്രം റോബർട്ട് നെപ്പറുടെ ജന്മനാടു കൂടിയാണ്. നഗരപ്രാന്തത്തിൽ ബക്മാനിലുണ്ടായിരുന്ന ആപ്പിൾ തോട്ടത്തിൽ ഉൾപ്പെട്ട ഒരേക്കറിൽ യൂണിയൻ കാർബൈഡ് മാനേജർ ഗ്രീസർ പണിയിച്ച പുതിയ വീട് വാങ്ങുകയായിരുന്നു. സ്വിട്സർലണ്ടിലേക്കു സ്ഥലം മാറിപ്പോയ ഗ്രീസറെ ജനീവയിൽ പോയപ്പോൾ വീണ്ടും കാണുകയുണ്ടായി.

അമേരിക്കൻ ഫാക്റ്ററി പ്രവർത്തിക്കുന്ന മൊറൈനിലേക്കു 250 കി.മീ.ദൂരം, ലോകപ്രസിദ്ധമായ ക്ലിനിക് പ്രവർത്തിക്കുന്ന ക്ളീവ് ലാൻഡിലേക്കു 138, ഒഹായോ സ്റ്റേറ്റിന്റെ തലസ്ഥാനവും സ്റ്റേറ്റ് യുണിവേഴ്സിറ്റി ആസ്ഥാനവുമായ കൊളംബസിലേക്കു 174.  ഒരുകാലത്ത് കാറുകളുടെ സിരാകേന്ദ്രമായിരുന്ന മിഷിഗണിലെ ഡിട്രോയിറ്റിലേക്കു 150.  
 
ചൈന ഉൾപ്പെടെ അറുപതു രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട് ഡോ. എബ്രഹാം. 1999ൽ ഹോങ്കോങ്‌ വഴി ഷാങ്‌ഹായിലും ബെയ്‌ജിങിലും പോയി. ഇംഗ്ലീഷ് അറിയാത്തവരെങ്കിലും ചൈനക്കാരുടെ അച്ചടക്കവും കഠിനാദ്ധ്വാനവും കണ്ടുപഠിക്കേണ്ടതാണ്. സാർസും കൊറോണാവൈറസും നേരിടുന്നതിൽ അവർ കാണിച്ച വിപദിധൈര്യം സമ്മതിക്കണം. എങ്കിലും പല പക്ഷേകളുമുണ്ട്.

നഗരപ്രാന്തമായ ബുക്മാനിൽ വീടിരിക്കുന്ന ഒരേക്കറിൽ  ആപ്പിൾ മരങ്ങൾ ഉണ്ടായിരുന്നു. ആദ്യമൊക്കെ താൻ  തന്നെ ഇലകൾ വാരിക്കളയുമായിരുന്നു. ജോലിത്തിരക്കായപ്പോൾ എല്ലാം വെട്ടിക്കളഞ്ഞു. പക്ഷെ  നിലമ്പൂരടുത്ത് കാരാടിൽ വാങ്ങിയ 25 ഏക്കറിൽ റബർ വച്ചിട്ടുണ്ട്. 2500 എണ്ണം വെട്ടുന്നു. റബറിനുവിലയിടിഞ്ഞതിനാൽ ഇടവിളയായി അറബിക്കാ കാപ്പി വക്കുന്നത് നല്ലതാണെന്നു  അനുഭസമ്പന്നയായ പെങ്ങൾ കോഴിക്കോട് പള്ളിക്കാപറമ്പിൽ ലീലാമ്മ ഉപദേശിക്കാൻ കൂടെയുണ്ട്.

ഫ്രീമോണ്ടിൽ നിന്ന് ഭാര്യ ചങ്ങനാശ്ശേരി മാറാട്ടുകളത്തു ഫ്ളോമയും മക്കൾ മനോജ്, രാജേഷ് എന്നിവരും ഭാര്യമാർ ആശ, നീനമാരും കൊച്ചുമക്കളൂം ജൂലൈയിൽ കോട്ടയത്തേക്ക് വരുന്നത് നോക്കിപ്പാർത്തിരിക്കുന്നു ബാബു.    

മാവേലിക്കര ചെറിയനാടു ആലപ്പാട് വീട്ടിൽ ജനിച്ച ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ ടിവി രാജൻ ബാബു  കോട്ടയം സിഎംഎസ് കോളജിൽ കെമിസ്ട്രി ബിഎസ്സി സ്പെഷ്യൽ ബാച്ചുകാരനാണ്‌. മദ്രാസ് ഐഐടിയിൽ എംഎസ്സി. ഐഐറ്റിയുമായി അക്കാദമിക് ബന്ധമുള്ള ഒഹായോ സ്റ്റേറ്റ് യുനിവെർഴ്സിറ്റിയിൽ പിഎച്ഡി, ഹാർവാർഡിൽ നോബൽ സമ്മാനം നേടിയ റോബർട്ട ബേൺസ് വുഡ്‌വേർഡിന്റെ കീഴിൽ പോസ്റ്റ് ഡോക്ടറൽ.

മോൺട്രിയോളിൽ ഒളിമ്പിക്സ് റിപ്പോർട് ചെയ്ത ശേഷം 1976 ഓഗസ്റ്റിൽ ഞാൻ ഒഹായോയിലെത്തിയതു എന്റെ പിതാവ് എം വർഗീസിനോടൊപ്പം കോട്ടയത്ത് പഠിപ്പിച്ചിരുന്ന രാജന്റെ അച്ഛൻ എൻ വാസുദേവകുറുപ്പും ഭാര്യ  തങ്കമ്മയും തന്നു വിട്ട  നാടൻ അച്ചാറുകളുടെ ഏതാനും കുപ്പികൾ രാജനെ ഏൽപ്പിക്കാനാണ്.
 
രാജൻ അന്ന് വിയറ്റ്നാമിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ക്ലാസ്സ്മേറ്റുകളോടൊപ്പം വാടകമുറിയിൽ താമസിക്കുകയാണ്.  ഭക്ഷണം സ്വയം ഉണ്ടാക്കും. അങ്ങനെ ചെലവ് കുറച്ച് അണ്ടർഗ്രാഡുവേറ്റ് കുട്ടികളെ പഠിപ്പിച്ചു കിട്ടുന്ന പ്രതിഫലത്തിൽ ഒരു തുക അച്ഛനമ്മമാർക്ക് അയച്ചു കൊടുക്കുന്ന ആളായിരുന്നു. അന്നു സ്‌കൂൾ അദ്ധ്യാപകർക്കു കിട്ടിയിരുന്ന ശമ്പളം തുലോം തുച്ഛമായിരുന്നുവെന്നു ഊഹിക്കാമല്ലോ. എന്റെ പിതാവിന് മാസം 145 രൂപ കിട്ടിയിരുന്നത് ഞാൻ ഓർക്കുന്നുണ്ട്.  

നാൽപതിനായിരം കുട്ടികൾ പഠിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കാമ്പസ് ആയിരുന്നു അന്ന് ഒഹായോ സ്റ്റേറ്റ് യുണിവേഴ്സിറ്റിയുടേത്. 1665 ഏക്കറുള്ള മെയിൻ കാമ്പസിൽ ഇന്ന് 113 രാജ്യങ്ങളിൽ നിന്ന് 66,444 വിദ്യാർത്ഥികൾ ഉണ്ട്. ചൈനക്കാർ 4337, ഇന്ത്യ 735, ദ.കൊറിയ 591. രണ്ടു ടെലിവിഷൻ സ്റ്റേഷനുകൾ എഫ്എം റേഡിയോ, കാമ്പസ് ന്യൂസ്‌പേപ്പർ എല്ലാമുള്ള പബ്ലിക് യൂണിവേഴ്‌സിറ്റി.  

ആയിടെ യുണിവേഴ്‌സിറ്റിസ്റ്റേഡിയത്തിൽ പതിനായിരങ്ങൾ തടിച്ചു കൂടിയ ഇന്റർയൂണിവേഴ്സിറ്റി സോക്കർ മത്സരം നടക്കുമ്പോൾ കാമ്പസിലെ ഒരു ഡോർമിറ്ററിയിലേക്കു ലിഫ്റ്റിൽ പോയ ഒരു പെൺകുട്ടിയെ ഒരു ബ്ളാക്ക് ജാനിറ്റർ മാനഭംഗപ്പെടുത്തിയതു വലിയ ഒച്ചപ്പാട് സൃഷ്ടിക്കുകയുണ്ടായി. .

അത്തരമൊരു സാഹചര്യത്തിൽ  അമേരിക്കയിൽ കഴിയാൻ തനിക്കു മനസ് വരുന്നില്ലെന്ന് രാജൻ പറഞ്ഞു. പിഎച്ച്ഡി പൂർത്തിയാക്കിയാൽ ഇന്ത്യയിലേക്കു മടങ്ങും. പക്ഷേ തലവര അങ്ങനെയല്ലല്ലോ. പിഎച്ച്ഡി കഴിഞ്ഞപ്പോൾ ഹാർവാർഡിലേക്കു വഴി തുറന്നു. പ്രൊഫ. വുഡ്‌വേർഡിന്റെ കീഴിൽ. 1965ൽ  അദ്ദേഹത്തിനു നൊബേൽ പുരസ്കാരം നേടിക്കൊടുത്ത ഓർഗാനിക്ക്  കെമിക്കൽ സിന്തെസിസ് ആയിരുന്നു രാജന്റെയും മേഖല.

പോസ്റ്റ് ഡോക്ടറൽ കഴിഞ്ഞപ്പോൾ വിശ്രുത കെമിക്കൽ കമ്പനിയായ ഡ്യൂപോണ്ടിന്റെ ഗവേഷണകേന്ദ്രതിൽ ശാസ്ത്രജ്ഞനായി. 13  വർഷത്തെ സേവനത്തിനു ശേഷം യൂണിവേഴ്സിറ്റിയിലേക്കു മടങ്ങി. ഇപ്പോൾ അവിടത്തെ ഡിസ്റ്റിങ്‌ഗ്വിഷഡ് പ്രൊഫസർ. ആരോഗ്യമുള്ളിടത്തോളം കാലം തുടരാമെങ്കിലും ഫണ്ടിംഗ് പ്രശനമാണ്. തന്റെ കീഴിൽ ഡോക്റ്ടറൽ ഗവേഷണം നടത്തുന്നവർ ഉള്ളതിനാൽ 2024 വരെയെങ്കിലും തുടരേണ്ടതുണ്ട്.

ഗവേഷക വിദ്യാർത്ഥികളൊന്നിച്ച് ഒരു രാജൻ ബാബു ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കുസാറ്റിലെ ചാൻസലേഴ്സ് ചെയറിലേക്കു രാജനെ ഗവർമെൻറ് . ക്ഷണിച്ചിരിക്കയാണ് നാലഞ്ച് ആഴ്ചകൾ അവിടെ ചെലവഴിക്കേണ്ടി വരും... മല്ലപ്പള്ളിക്കടുത്തു ആനിക്കാട്ടുള്ള ലതയുടെ ചെറുകര തറവാടു അറ്റകുറ്റപ്പണികൾ ചെയ്തു പരിഷ്കരിച്ചിട്ടുണ്ട്. അവിടേയും യുഎസിലുമായി ജീവിതം തുടരാനാണ് ആഗ്രഹം.

ഏകമകൻ ഡോ അരുൺ രാജൻ ബാബു ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ വെക്സ്നർ  മെഡിക്കൽ സെന്ററിൽ എപിഡെമിയോളജിസ്റ് ആണ്. എച്ചഐവി, സാർസ്, കൊറോണവൈറസ് തുടങ്ങിയ സാംക്രമിക രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം. കോട്ടയംകാരിയായ ഭാര്യ സിനി ജെയിംസ് പീഡിയാട്രീഷ്യനും.
 
ഒഹായോയിൽ ന്യൂമാൻ പ്രൊജക്ഷൻ ഉപജ്ഞാതാവ്  മെൽവിൻ ന്യൂമാന്റെ കീഴിൽ ഓർഗാനിക് കെമിസ് ട്രിയിൽപോസ്റ്റ് ഡോക്ടറൽ ചെയ്‌തു ഇന്ത്യയിലും യൂറോപ്പിലും ഗൾഫിലും ഉയരങ്ങൾ താണ്ടിയ കോട്ടയത്തെ ഒരയൽക്കാരൻ കൂടി എനിക്കുണ്ട്--ഡോ. എംഎസ് സേവ്യർകുട്ടി. ആർപ്പൂക്കര മുട്ടത്തുപാടത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കുടുംബക്കാരൻ.

മാന്നാനം കെ ഇ കോളേജ്, പഞ്ചാബ് അഗികൾച്ചറൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ച്  കേന്ദ്ര ഗവര്മെന്റ് സ്കോളര്ഷിപ്പോടെയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എത്തിയത്. അണ്ടർഗ്രാഡുവേറ് വിദ്യാർത്ഥികളെ പഠിപ്പിച്ചു കിട്ടിയ പ്രതിവർഷ വരുമാനം പതിനായിരം ഡോളർ മിച്ചിച്ചു ബാംഗളൂരിലെ  ഹെബ്ബാളിൽ വീടുവക്കാൻ സ്ഥലം വാങ്ങി.

ഹിന്ദുസ്ഥാൻ യുണിലീവറിൽ ശാസ്ത്രജ്ഞനായിരിക്കുമ്പോൾ അതിന്റെ മാതുസ്ഥാപനമായ ആംഗ്ലോ-ഡച്  വ്യവസായ ഭീമൻ യുണിലീവറിന്റെ ആഗോള ആസ്ഥാനമായ ഹോളണ്ടിലെ റോട്ടർഡാമിലും ആംസ്റ്റർഡാമിലും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലും വ്ളാഡിങ്കനിലും  ലണ്ടനിലും ജോലി ചെയ്തു. ഒടുവിൽ മസ്കറ്റിലെ നാഷണൽ ഡിറ്റർജെന്റ്സിന്റെ ചീഫ് ആയി 21 വർഷം. എന്നിരുന്നാലും ഒഹായോയിലെ വർ ഷങ്ങളാണ് ജീവിതത്തിനു കരുത്തുപകർന്നത്. എല്ലാം പ്രൊഫ. ന്യൂമാൻ, പ്രൊഫ. ആന്റണി ഹാർവിക്  തുടങ്ങിയവരുത്ടെ ഗുരുത്വം. അൽഫോൻസാമ്മയുടെ അനുഗ്രഹം.

ഒടുവിൽ കേട്ടത്. ഒഹായോയിലെ മൊറൈനിൽ നിന്ന്  383  കി.മീ അകലെ ലോർഡ്‌സ്‌ടൗണിൽ അരനൂറ്റാണ്ട് കാലമായി പ്രവർത്തിച്ചുവന്ന ജിഎം ഫാക്ടറിയും അടച്ചുപൂട്ടി. 1400 പേർക്കു ജോലി പോയി. 417പേരെ   മറ്റു പ്ളാന്റുകളിലേക്കു  സ്ഥലം മാറ്റി. 350  പേർ റിട്ടയർ ചെയ്തു. ഷെവർലെ ക്രൂസ് എന്ന സെഡാൻ ആണ് അവിടെ നിർമ്മിച്ചു വന്നിരുന്നത്.  .
അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)അമേരിക്കൻ ഫാക്ടറിയുടെ നിഴലിൽ മലയാളി ബാബുമാർ--മെഡിക്കലും കെമിക്കലും (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക