Image

ട്രംപ് സന്ദര്‍ശനം പ്രമാണിച്ച് ടെലികോം ടവറുകള്‍ പൈന്‍ മരങ്ങളുടെ രൂപത്തിലാക്കി

Published on 22 February, 2020
ട്രംപ് സന്ദര്‍ശനം പ്രമാണിച്ച്  ടെലികോം ടവറുകള്‍ പൈന്‍ മരങ്ങളുടെ രൂപത്തിലാക്കി
തിങ്കളാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് നഗരത്തിലെത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റിന് അഹമ്മദാബാദ് നല്‍കാന്‍ ആഗ്രഹിക്കുന്ന വികാരം അതാണ്. തെരുവുപട്ടികളെ പിടിക്കുന്നതു മുതല്‍ ബി.എസ്.എഫിന്റെ ഒട്ടകപ്പടയെ വിന്യസിക്കുന്നതില്‍ വരെ നീളുന്ന കര്‍ശന ഒരുക്കങ്ങള്‍.

ചേരിയുടെ കാഴ്ച മറയ്ക്കാന്‍ മതില്‍ ഉയര്‍ത്തിക്കെട്ടിയ വിവാദം ലോകത്തില്‍ ഏറ്റവും സുരക്ഷയുള്ള മനുഷ്യന്റെ പെരുമയ്ക്കുപിന്നില്‍ മറഞ്ഞു. കലാപത്തിന്റെ പേരില്‍ അമേരിക്ക ഒരിക്കല്‍ യാത്ര വിലക്കിയ അതേ നേതാവിന്റെ കരവലയത്തിലേക്ക്, അതേ നഗരത്തില്‍തന്നെയാണ് ഡൊണാള്‍ഡ് ട്രംപ് വന്നിറങ്ങുന്നതെന്നും ആരും ഓര്‍ക്കുന്നില്ല. സുരക്ഷയ്ക്കുതന്നെയാണ് പ്രാധാന്യം. 24ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കാന്‍ പാടില്ല. ജാമര്‍ വാഹനങ്ങള്‍ യു.എസില്‍ നിന്നും എത്തിച്ചു.

റോഡ് ഷോ നടക്കുന്ന വീഥിയില്‍ രാവിലെ എട്ടിനുശേഷം ഗതാഗതം നിരോധിച്ചു. സി.ബി.എസ്.ഇ. പരീക്ഷയെഴുതുന്ന കുട്ടികള്‍ പോലും അതിനുമുന്നേ സ്കൂളിലെത്തണം. അവര്‍ക്ക് അവിടെ പ്രഭാതഭക്ഷണം തയ്യാര്‍. പൊതുപരിപാടി നടക്കുന്ന മൊട്ടേര സ്‌റ്റേഡിയത്തിന് സമീപത്തെ സൊസൈറ്റികള്‍ പോലീസ് കാവലിലാണ്. അകത്ത് കയറാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. തെരുവുപട്ടികളെയും പശുക്കളെയും ഒരാഴ്ചയായി ഓടിച്ചിട്ട് പിടിക്കുന്നു. എങ്ങാനും പ്രസിഡന്റിന്റെമുന്നില്‍ ചാടിയാലോയെന്ന ജാഗ്രത.

വിമാനത്താവളം മുതല്‍ സ്‌റ്റേഡിയം വരെയുള്ള റോഡരികിലെ മതിലുകളെല്ലാം നിറംപൂശി നില്‍ക്കുന്നു. പല ഭാവങ്ങളില്‍ മോദിയും ട്രംപും ആ ചുവരുകളില്‍ നിറഞ്ഞിട്ടുണ്ട്. മീഡിയനുകളില്‍ വളര്‍ച്ചയെത്തിയ എണ്ണപ്പനകള്‍ അതേപടി നട്ടുപിടിപ്പിച്ചു. വഴികളിലെ ഓരോ മനുഷ്യനെയും ക്യാമറകള്‍ ഒപ്പിയെടുക്കും. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം സി.സി.ടി.വി. ക്യാമറകള്‍ നിര്‍ബന്ധമാക്കി. സ്‌റ്റേഡിയത്തിനുമുന്നിലെ ടെലികോം ടവറുകള്‍ അശ്രീകര കാഴ്ചയാകാതിരിക്കാന്‍ അവയെല്ലാം പൈന്‍ മരങ്ങളുടെ രൂപത്തിലാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക