Image

നെഹ്രുവിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമം: മന്‍മോഹന്‍ സിങ്

Published on 22 February, 2020
നെഹ്രുവിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമം: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: ചരിത്രം വായിക്കാനുള്ള ക്ഷമയില്ലാത്തവരോ സ്വന്തം മുന്‍വിധികളാല്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരോ ആയ ഒരുവിഭാഗം ആളുകള്‍ നെഹ്രുവിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.  എന്നാല്‍ ദുരാരോപണങ്ങളും നുണകളും തള്ളിക്കളയാനുള്ള കഴിവ് ചരിത്രത്തിനുണ്ട് അദ്ദേഹം പറഞ്ഞു.

നെഹ്രുവിന്റെ പ്രസംഗങ്ങളും കത്തുകളുമുള്‍പ്പെടുത്തിയ പുസ്തകത്തില്‍ മഹാത്മാ ഗാന്ധി, ഭഗത് സിങ്, സര്‍ദാര്‍ പട്ടേല്‍, മൗലാനാ ആസാദ്, അരുണ ആസഫ് അലി, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവരുടെ ഓര്‍മകളുമുണ്ട്.

ഇന്ത്യയെന്നാല്‍ രണോത്സുകവും തികച്ചുംവൈകാരികവുമാണെന്ന ആശയം സൃഷ്ടിക്കാന്‍ ദേശീയതയെയും ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തെയും ദുരുപയോഗിക്കുകയാണ്. ഇവിടത്തെ താമസക്കാരും പൗരരുമായ കോടിക്കണക്കിനാളുകളെ മാറ്റിനിര്‍ത്തുന്ന ആശയമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ രചനകളും പ്രസംഗങ്ങളുമുള്‍പ്പെടുത്തി പുരുഷോത്തം അഗര്‍വാള്‍, രാധാ കൃഷ്ണ എന്നിവരെഴുതിയ ‘ഹു ഈസ് ഭാരത് മാതാ’ എന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മികച്ച ജനാധിപത്യരാജ്യമായും ലോകശക്തിയായുമൊക്കെ അറിയപ്പെടുന്നുണ്ടെങ്കില്‍ ആദ്യ പ്രധാനമന്ത്രിയാണ് ബഹുമതിയര്‍ഹിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വ്യത്യസ്തങ്ങളായ പൈതൃകങ്ങളെയും ആശയങ്ങളെയും ഒരുമിച്ചുചേര്‍ത്ത് ആധുനിക ഇന്ത്യയ്ക്കുചേര്‍ന്ന രീതിയില്‍ രൂപപ്പെടുത്തിയത് നെഹ്രുവാണ്. സര്‍വകലാശാലകള്‍ക്കും സാംസ്കാരിക സാഹിത്യ അക്കാദമികള്‍ക്കുമൊക്കെ രൂപംനല്‍കിയ നെഹ്രുവിന്റെ നേതൃത്വമില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇന്നത്തേതുപോലെയാകുമായിരുന്നില്ല സിങ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക