Image

ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു

Published on 23 February, 2020
ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു

വിഴിഞ്ഞത്ത്‌ പൊതുജനമധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ക്ക്‌ എതിരെ കേസെടുത്തു. മര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ്‌ കണ്ടെത്തി, മൊഴിയെടുക്കുകയായിരുന്നു. 

ഓട്ടോ ഡ്രൈവറായ സുരേഷിനെതിരെ വധശ്രമത്തിനാണ്‌ കേസെടുത്തിരിക്കുന്നത്‌.

ഗൗതം മണ്ഡല്‍ എന്നാണ്‌ മര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ പേര്‌. ഇയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്‌.

 ഓട്ടോ ഡ്രൈവറായ സുരേഷ്‌, ഗൗതമിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെയാണ്‌ പൊലീസ്‌ നടപടി. ഇന്നലെ രാത്രി തന്നെ ഇതുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തിയിരുന്നു.

ഗൗതം മണ്ഡലിന്റെ വിശദമായ മൊഴി വിഴിഞ്ഞം പൊലീസ്‌ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 7.30ക്കാണ്‌ സംഭവം. ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ഗൗതം മണ്ഡലിനെ ഓട്ടോ റിക്ഷ ഡ്രൈവര്‍ സുരേഷ്‌ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദിക്കാനുള്ള കാരണം എന്താണെന്ന്‌ വ്യക്തമല്ല. ഒരു പ്രകോപനവുമില്ലാതെയാണ്‌ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു.

മര്‍ദ്ദിച്ച ശേഷം ഗൗതം മണ്ഡലിന്റെ ആധാര്‍ കാര്‍ഡ്‌ സുരേഷ്‌ പിടിച്ചുവാങ്ങി. മറ്റ്‌ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇടപെട്ടാണ്‌ തിരിച്ചറിയില്‍ കാര്‍ഡ്‌ ഗൗതം മണ്ഡലിന്‌ തിരികെ നല്‍കിയത്‌. 

മര്‍ദ്ദനമേറ്റ ഗൗതം ആശുപത്രിയില്‍ ചികിത്സ തേടുകയോ പൊലീസിനെ ബന്ധപ്പെടുകയോ ചെയ്‌തില്ല. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. സുരേഷിനെ പൊലീസ്‌ തിരയുന്നുണ്ട്‌. ഇയാള്‍ ഒളിവിലാണെന്നാണ്‌ വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക