Image

'നമസ്‌തേ ട്രമ്പ്' - ഇന്‍ഡ്യ ട്രമ്പിനായി ചുവന്ന പരവതാനി വിരിക്കുമ്പോള്‍ (ഡല്‍ഹികത്ത് :പി.വി. തോമസ്)

പി.വി. തോമസ്) Published on 24 February, 2020
'നമസ്‌തേ ട്രമ്പ്' - ഇന്‍ഡ്യ ട്രമ്പിനായി ചുവന്ന പരവതാനി വിരിക്കുമ്പോള്‍ (ഡല്‍ഹികത്ത് :പി.വി. തോമസ്)
അമേരിക്കയുടെ രാഷ്ട്രപതി ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യ സന്ദര്‍ശനത്തിന് എത്തുകയാണ്(ഫെബ്രുവരി 2425). എങ്ങും ചുവന്ന പരവതാനി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഒപ്പം പ്രതിരോധത്തിന്റെ ചുവപ്പുകൊടികളും ഉണ്ട്. ട്രമ്പ് സന്ദര്‍ശിക്കുന്ന അഹമ്മദാബാദിലും ആഗ്രയിലും ദ്ല്‍ഹിയിലും വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെയെല്ലാം അമരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ട്. 2019ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയിലാണ് അദ്ദേഹം. ട്രമ്പ് ആകട്ടെ ഒരു ഇംപീച്ച്‌മെന്റില്‍ നിന്നും പകുതി രക്ഷപ്പെട്ടതിന്റെയും നവംബര്‍ തെരഞ്ഞെടുപ്പില്‍ രണ്ടാം ഊഴം ഉറപ്പിക്കുവാനുള്ള തെരക്കിന്റെയും ഇടയിലാണ്. മോദിയുടെ അവസ്ഥയും അത്ര നല്ലതല്ല രാജ്യത്ത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അദ്ദേഹത്തിന്റെ ഭരണനയവിരുദ്ധ വികാരം ആളിപ്പടരുകയാണ്. പക്ഷെ, മോദി അതിനെയെല്ലാം വന്‍ മതില്‍ കെട്ടി മറയ്ക്കുവാനുള്ള ശ്രമത്തിലാണ്. ട്രമ്പിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മകളും മരുമകനും ഒരു അത്യുന്നത ഉദ്യോഗ സമിതിയും ഉണ്ട്. ഇവരെ എല്ലാം പോലെ തന്നെ താരം ആണ് 6.4 ടണ്‍ തൂങ്ങുന്ന സര്‍വ്വായുധ വിഭൂഷിതയായ കാഡിലാക് എന്ന 'ബിസ്്റ്റും'. 34 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഐതിഹാസികമായ ട്രമ്പ് സന്ദര്‍ശനം ആരംഭിക്കുന്നത് അഹമ്മദാബാദില്‍ നിന്നും ആണ്. മോദിയുടെ സ്വന്തം അഹമ്മദാബാദ്. അവിടെ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയം എന്ന് വിശേഷിക്കപ്പെടുന്ന 'മൊട്ടേര' കളിക്കളത്തില്‍ 'നമസ്‌തേ ട്രമ്പ'് എന്ന പരിപാടിയില്‍ അഭിസംബോധന ചെയ്യും. ഇത് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെ 'ഹൗഡി മോദി'യെക്കാള്‍ പതിന്മടങ്ങ് ഗംഭീരമാക്കുവാനാണ് സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ ഭഗീരഥ പ്രയത്‌നം. സന്ദര്‍ശനം ഉള്ള സ്വീകരണത്തിന്റെ പകിട്ടും പ്രതാപവും കുറയരുതല്ലോ. അവിടെ നിന്നും ട്രമ്പും കുടുംബവും പരിവാരവും സ്വപ്ന സദൃശമായ താജ്മഹല്‍ സന്ദര്‍ശിക്കുവാന്‍ പോകും. താജ്യമായിട്ടുള്ള സമയം അസ്തമയത്തിന് അടുത്താണ് നിശ്ചയിച്ചിരിക്കുന്നത്. അതു കഴിഞ്ഞാലുടന്‍ തന്നെ ദല്‍ഹിക്ക് മടങ്ങും.

പിറ്റേ ദിവസം(ഫെബ്രുവരി 25) ആണ് ട്രമ്പിന്റെ ചരിത്ര പ്രധാനമായ സന്ദര്‍ശനം ശരിക്കും ആരംഭിക്കുന്നത്. രാഷ്ട്രപതി ഭവനിലെ വര്‍ണ്ണശബളമായ സ്വീകരണത്തിനും രാജ്ഘട്ടിലെ സന്ദര്‍ശനത്തിനും ശേഷം ട്രമ്പും മോദിയും ഹൈദരാബാദ് ഹൗസില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒത്തു ചേരും. 3 മണിക്ക് അദ്ദേഹം അമേരിക്കന്‍ എംബസിയില്‍ വെച്ച് വ്യവസായ പ്രമുഖരെ കാണും. അതിനു ശേഷം രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് ഔദ്യോഗിക സല്‍ക്കാരത്തില്‍ പങ്കെടുക്കും. രാത്രി 10 മണിയോടെ അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും.

ട്രമ്പിന്റെ സന്ദര്‍ശനത്തിന് വളരെയേറെ പ്രാധാന്യം ഇന്‍ഡ്യ കല്‍പ്പിക്കുന്നുണ്ടെങ്കിലും സൂചനകളനുസരിച്ച് കാര്യമായ വ്യാപാര കരാറുകള്‍ ഉണ്ടാകുവാന്‍ സാധ്യതയില്ല. ട്രമ്പ് തന്നെ പറഞ്ഞതനുസരിച്ച് വലിയ കരാറുകള്‍ മറ്റൊരു സമയത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ ട്രമ്പ് ഇന്‍ഡ്യ സന്ദര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ അധികാരം അവസാനിക്കുന്ന ഒരു അനിശ്ചിത അവസ്ഥയിലാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ നിന്നും കാര്യമായിട്ട് ഒന്നും തന്നെ ഇന്‍ഡ്യക്ക് പ്രതീക്ഷിക്കുവാനില്ല. പക്ഷെ, പകിട്ടിനും പത്രാസിനും ഒരു കുറവും ഉണ്ടാവുകയില്ല. ഇവ ട്രമ്പിനെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലും മോദിയെ കലുഷിതമായ ദേശീയ രാഷ്ട്രീയത്തിലും സഹായിച്ചെന്നിരിക്കും. കോടിക്കണക്കിന് രൂപാ മുടക്കുന്ന ഈ രാഷ്ട്രീയ പ്രദര്‍ശനത്തിന്റെ ലാഭനഷ്ട കണക്ക് പിന്നീടെ എടുക്കുവാനാകൂ.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ഇടപാട് ഒരു ചാരിറ്റി അല്ല എന്നുള്ള സാമാന്യ ശാസ്ത്രം ഏറെ വ്യക്തമാക്കുന്നതായിരുന്നു ട്രമ്പിന്റെ ഒരു പ്രസ്താവന. ഇന്‍ഡ്യ അമേരിക്കയുടെ വ്യാപാര താല്‍പര്യങ്ങളെ വളരെ ഹനിക്കുന്നു എന്ന് അദ്ദേഹം സന്ദര്‍ശനത്തിന് മുമ്പ് വാഷിംഗ്ടണില്‍ വെച്ച് വ്യക്തമാക്കുകയുണ്ടായി. ഇന്‍്ഡ്യ അമേരിക്കയെ അവയുടെ കച്ചവട നികുതിയിലൂടെ വളരെയധികം ഉപദ്രവിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇന്‍ഡ്യയുടെ ട്രേഡ് താരിഫ് ആണ് ലോകത്തിലെ ഏറ്റവും വലുതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇത് മോദിയുമായി അദ്ദേഹം സംസാരിക്കുമെന്ന് ഉറപ്പാണ്. മോദി എന്ത് നല്‍കും എന്തു സ്വീകരിക്കും എന്നുള്ളത് ഫെബ്രുവരി 25ന് ഹൈരോബാദ് ഹൗസിലുള്ള ഉഭയ കക്ഷി ചര്‍ച്ചക്ക് ശേഷമേ വ്യക്തം ആകൂ. പക്ഷെ ഒരു കാര്യം വ്യക്തമാണ്. ട്രമ്പ് ഒരിഞ്ചു പോലും വിട്ടുകൊടുക്കുകയില്ല. അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക. 'നമ്മള്‍ കരാറുകള്‍ ഒപ്പിടുമ്പോള്‍ അവയുടെ നന്‍മയെക്കുറിച്ച് ചിന്തിക്കും. കാരണം നമ്മള്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് ്അമേരിക്ക ഫസ്റ്റ്.'

പക്ഷെ ട്രമ്പ് ഇന്‍ഡ്യ സന്ദര്‍ശനത്തില്‍ വളരെ ആവേശ ഭരിതനാണ്. മോദിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഒരു കോടി ജനങ്ങള്‍ ട്രമ്പിനെ സ്വീകരിക്കുവാനായി അഹമ്മദാബാദില്‍ അണിനിരക്കുമത്രെ.

ഒപ്പം അദ്ദേഹം പറഞ്ഞു. പക്ഷെ ഇന്‍ഡ്യ കാലാകാലങ്ങളായി അമേരിക്കയെ വ്യാപാരമേഖലയില്‍ ശരിയായ രീതിയില്‍ സഹകരിക്കുന്നില്ല എന്ന്. 'മോദിയെ ഞാന്‍ വളരെ സ്‌നേഹിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ അന്താരാഷ്ട്രീയ നയതന്ത്രബന്ധത്തില്‍ ഈ വ്യക്തിപരമായ സ്‌നേഹത്തിന് വലിയ വിലയൊന്നുമില്ല. പ്രത്യേകിച്ചും കച്ചവടത്തില്‍.

ഇന്‍ഡ്യയിലെ മതസ്വാതന്ത്ര്യം അല്ലെങ്കില്‍ മത സഹിഷ്ണുത മോദിട്രമ്പ് സംഭാണത്തിന്റെ ഒരു മുഖ്യവിഷയം ആകുമെന്നാണ് സൂചന. ഇന്‍ഡോപാക് ബന്ധവും ഇതില്‍ ഉള്‍പ്പെടും. ഇന്‍ഡോപാക് ബനധത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഇന്‍ഡ്യ പല പ്രാവശ്യം തള്ളിക്കളഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് അതില്‍ പുതുതായി ഒന്നും സംഭവിക്കുവാനിടയില്ല. ഭീകരവാദത്തിനെതിരായി ഒരു പക്ഷെ ഒരു വന്‍ പ്രസ്താവന ഇറക്കിയേക്കാം. അതുകൊണ്ടും വലിയ കാര്യമൊന്നുമില്ല. പിന്നെ മതസ്വാതന്ത്ര്യം. പ്രത്യേകിച്ചും മുസ്ലീങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതായി ആരോപിക്കപ്പെടുന്ന വിവേചനം. ഇതിലും ട്രമ്പ് കടുത്ത ഒരു നിലപാട് എടുക്കുവാന്‍ സാധ്യതയില്ല. അദ്ദേഹം തന്നെ അറിയപ്പെടുന്നത് കടുത്ത മുസ്ലീം വിരോധി എന്നാണ്. ട്രമ്പ് കുടിയേറ്റത്തിനും എതിരാണ്. ആര്‍ട്ടിക്കിള്‍ 370യുടെയും കാശ്മീരിന്റെയും വിഷയത്തില്‍ ട്രമ്പ് എന്തെങ്കിലും കടുത്ത നിലപാട് എടുക്കുമോ? സംശയമാണ്. മുസ്ലീങ്ങള്‍ ഇന്‍ഡ്യയില്‍ നേരിടുന്ന പീഡനത്തെക്കുറിച്ച് അമേരിക്കയുടെ അന്താരാഷ്ട്രീയ മതസ്വാതന്ത്ര്യം കമ്മീഷന്‍ വളരെ ശക്തമായ ഒരു റിപ്പോര്‍ട്ടാണ് അടുത്തയിടെ സമര്‍പ്പിച്ചത്. അത് പ്രകാരം പൗരത്വ ഭേദഗതി നിയമം ഇന്‍ഡ്യയില്‍ മതസ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ ഒരു ആഘാതമാണ്. ഈ വക റിപ്പോര്‍ട്ടുകളൊന്നും മോദിക്ക് അറിയാതിരിക്കുവാന്‍ സാധ്യതയില്ല. പക്ഷെ ഇതുപോലുള്ള വര്‍ണ്ണപ്പകിട്ടാര്‍ന്ന സന്ദര്‍ശനങ്ങളില്‍ ഇവയൊന്നും രാജ്യതന്ത്രജ്ഞന്മാര്‍ വലിയ കാര്യമായി എടുക്കാറില്ല. കച്ചവട താല്‍പര്യങ്ങളും കമ്പോള വിപുലീകരണവും സാധിക്കുന്നതില്‍ ട്രമ്പ് വിജയിക്കുമോ? ഇന്‍ഡ്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മോദി എത്ര വിജയിക്കും? മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും ഇവിടെ വില കുറഞ്ഞ വില്‍പ്പനച്ചരക്കുകളാണ്. അഹമ്മദാബാദിലെ ഒരു കോടി ജനങ്ങളുടെ സ്വാഗത കസര്‍ത്തും നമസ്‌േേത ട്രമ്പിന്റെ വിജയാരവങ്ങളും ഒപ്പം കെട്ടടങ്ങും. ഈ സന്ദര്‍ശനത്തില്‍ നിന്നും ഇന്‍ഡ്യക്ക് എന്തു ലഭിക്കും, ലഭിച്ചു എന്ന് പിന്നീട് വിലയിരുത്താം.



Join WhatsApp News
Jose 2020-02-26 11:16:39
Democrats can bark all day till November. No chance of transforming to a Cat. Also try the website "Nochanceinhell.com"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക