Image

മിസ്സ് യൂ അച്ഛാ! ആ വേദന ഒരിക്കലും മാറില്ല! കുതിരവട്ടം പപ്പുവിനെക്കുറിച്ച്‌ കുറിപ്പുമായി മകന്‍!

Published on 25 February, 2020
മിസ്സ് യൂ അച്ഛാ! ആ വേദന ഒരിക്കലും മാറില്ല! കുതിരവട്ടം പപ്പുവിനെക്കുറിച്ച്‌ കുറിപ്പുമായി മകന്‍!

മലയാള സിനിമാലോകം ഒന്നടങ്കം തീരാവേദനയോടെ ഓര്‍ക്കുന്നൊരു മുഖമാണ് കുതിരവട്ടം പപ്പുവിന്റേത്. മലയാളത്തിന്‍രെ ഹാസ്യ സാമ്രാട്ടായ അദ്ദേഹത്തിന്റെ അഭിനയവും തമാശ രംഗങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സ്വതസിദ്ധമായ അഭിനയശൈലിയുമായെത്തിയ പപ്പു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി മകന്‍ ബിനു പപ്പുവും എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനു അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. നാടകവേദിയില്‍ നിന്നുമാണ് കുതിരവട്ടം പപ്പു സിനിമയിലേക്ക് എത്തിയത്.


കോഴിക്കോട്ടെ നാടകവേദികളിലെ സജീവസാന്നിധ്യമായിരുന്നു പത്മദളാക്ഷന്‍. മൂടുപടമെന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തിയത്. ഭാര്‍ഗവീനിലയത്തില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന് കുതിരവട്ടം പപ്പുവെന്ന പേര് വന്നത്. വൈക്കം മുഹമ്മദ് ബഷീറായിരുന്നു ആ പേര് നല്‍കിയത്. ചിരിപ്പിക്കാന്‍ മാത്രമല്ല പ്രേക്ഷകരെ കരയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് അദ്ദേഹം എത്തിയത്. ഷാജികൈലാസ് സംവിധാനം ചെയ്ത നരസിംഹത്തിലായിരുന്നു അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. 37 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 1500ലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.


അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്. അതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല. മിസ് യു അച്ഛാ, 20ാം ചരമവാര്‍ഷികത്തില്‍ അച്ഛനെ അനുസ്മരിച്ച്‌ മകന്‍ കുറിച്ചത് ഇങ്ങനെയാണ്. മിന്നാരമെന്ന ചിത്രത്തിലെ പപ്പുവിന്‍റെ ചിത്രവും മകന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്‍രെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്. എല്ലാ മലയാളികളും അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു കൂടുതല്‍ പേരും കുറിച്ചത്. 20 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന കമന്‍റുകളും കുറിപ്പിന് കീഴിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക