Image

പൊലീസിന്റെ കൈയ്യിലുള്ളത് 20 വര്‍ഷം മുന്‍പുള്ള ഫോട്ടോ, എന്നിട്ടും സെനഗലിലെ സലൂണില്‍ ഹെയര്‍ കളര്‍ ചെയ്യുന്നതിനിടെ പൂജാരിയെ പൂട്ടിയത് ഇങ്ങനെ

Published on 26 February, 2020
പൊലീസിന്റെ കൈയ്യിലുള്ളത് 20 വര്‍ഷം മുന്‍പുള്ള ഫോട്ടോ, എന്നിട്ടും സെനഗലിലെ സലൂണില്‍ ഹെയര്‍ കളര്‍ ചെയ്യുന്നതിനിടെ പൂജാരിയെ പൂട്ടിയത് ഇങ്ങനെ

26 വര്‍ഷമായി രവി പൂജാരി എന്ന അധോലോക ക്രിമിനലിനെ പിടികൂടാനുള്ള വലയുമായി നെട്ടോട്ടത്തിലായിരുന്നു പൊലീസ്. ഒടുവില്‍ ഈ അധോലോക നായകനെ പിടികൂടിയത് ആഫ്രിക്കന്‍ രാജ്യമായ സെനഗലിലെ ഒരു സലൂണില്‍ ഹെയര്‍ കളര്‍ ചെയ്യുന്നതിനിടെയാണ്. 26 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ രാജ്യങ്ങളില്‍ വ്യത്യസ്ഥ പേരുകളിലാണ് പൂജാരി കഴി‌ഞ്ഞത്. കഴിഞ്ഞ ദിവസമാണ് സെനഗലില്‍ നിന്നും പൂജാരിയെ ബംഗലൂരുവിലേക്ക് എത്തിച്ചത്.


 2017ല്‍ ബാംഗ്ലൂര്‍ റൂറല്‍ എം.പിയായ ഡി.കെ. സുരേഷിന് ലഭിച്ച ഭീഷണി കോള്‍ ആണ് പൊലീസിനെ പൂജാരിയിലേക്ക് അടുപ്പിച്ചത്. സെനഗല്‍, ബുര്‍ക്കിനാ ഫാസോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ പൂജാരിയ്‌ക്ക് ഹോട്ടല്‍ ശൃംഖലകള്‍ ഉണ്ടായിരുന്നു. ബുര്‍ക്കിനാ ഫാസോയിലെയും സെനഗലിലും പൂജാരിയ്ക്ക് നല്ല പ്രതിച്ഛായ ആയിരുന്നത്രെ. സാമൂഹ്യ സേവനങ്ങള്‍ നടത്തിയാണ് ആളുകള്‍ക്കിടയില്‍ പൂജാരി നല്ല പേര് സമ്ബാദിച്ചത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കുന്നതിലൂടെയും വീടുകളില്‍ വാട്ടര്‍ പമ്ബ് സെറ്റുകള്‍ വിതരണം ചെയ്‌തതിലൂടെയും സാധാരണക്കാര്‍ക്കിടയില്‍ ഒരു മതിപ്പ് പൂജാരി നേടിയെടുത്തിരുന്നു.


ആന്റണി ഫെര്‍ണാണ്ടസ് എന്ന കള്ളപ്പേരിലാണ് ബുര്‍ക്കിനാ ഫാസോയില്‍ രവി പൂജാരി ജീവിച്ചത്.

1994ല്‍ അധോലോക നേതാവും ഗുരുവുമായ ഛോട്ടാ രാജന്‍ ആണ് ഈ പേര് ആദ്യമായി പൂജാരിയ്‌ക്ക് ചാര്‍ത്തി നല്‍കിയത്. ടോണി ഫെര്‍ണാണ്ടസ് എന്ന ചുരുക്കപ്പേരും പൂജാരി ഉപയോഗിച്ചിരുന്നു. 1994ല്‍ മുംബയ് അന്ധേരിയിലെ അധോലോക ഗുണ്ടയായിരുന്ന ബാലാ സാല്‍റ്റെയുടെ കൊലപാതകത്തെതുടര്‍ന്നാണ് പൂജാരി നാടുവിട്ടത്. അന്ന് മഹാരാഷ്ട്രയില്‍ നിന്നും നേപ്പാളിലേക്കാണ് പൂജാരി പോയത്.


അവി​ടുന്ന് നേപ്പാളിലെത്തിയ പൂജാരി മൈസൂരില്‍ നിന്നുള്ള ഒരു ഏജന്റ് വഴി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും തായ്ലന്‍ഡിലെ ബാങ്കോക്കിലേക്ക് പറക്കുകയുമായിരുന്നു. 2003ല്‍ അവിടെ നിന്നും ഉഗാണ്ടയിലെത്തി. ഇന്ത്യന്‍ പൊലീസ് തനിക്കായി അന്വേഷണം ശക്തമാക്കിയെന്നറിഞ്ഞതോടെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലേക്ക് പറന്നു. 12 വര്‍ഷം അവിടെ ഹോട്ടലും ഇലക്‌ട്രിക് കടയുമുള്‍പ്പെടെ പല ബിസിനസുകളും പൂജാരി പരീക്ഷിച്ചു. അവിടെ നിന്നും ഒരു പാസ്‌പോര്‍ട്ട് ലഭിക്കാനായിരുന്നു പൂജാരിയുടെ ശ്രമം. മൂന്ന് വര്‍ഷം മുമ്ബാണ് പൂജാരി സെനഗലില്‍ എത്തിയത്. അവിടെ റിക്കി ഫെര്‍ണാണ്ടസ് എന്ന പേരായിരുന്നു പൂജാരി സ്വീകരിച്ചത്. ' മഹാരാജാ റെസ്‌റ്റോറന്റ് ' എന്ന പേരില്‍ ഒരു ഭക്ഷണശാലയും തുറന്നു. ബുര്‍ക്കിനാ ഫാസോയുടെ പാസ്‌പോര്‍ട്ട് ലഭിച്ചതിനുശേഷം പൂജാരി മലേഷ്യ, ഇന്തോനേഷ്യ, യു.എസ്.എ തുടങ്ങിയ പല രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.

2019 ജനുവരി 19നാണ് പൂജാരിയെ സെനഗലില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്ക് കൈമാറുന്നത് വരെ സെനഗലില്‍ ജയിലില്‍ കഴിയുകയായിരുന്നു പൂജാരി. ഇപ്പോള്‍ കര്‍ണ്ണാടകയി​ലെ ജയി​ലി​ലും. മാര്‍ച്ച്‌ ഏഴ് വരെ പൂജാരി അവി​ടെ റിമാന്‍ഡില്‍ തുടരും.


ഇന്ത്യയ്‌ക്ക് പുറത്തായിരുന്നെങ്കിലും സിനിമ, ബിസിനസ് തുടങ്ങിയ പല മേഖലകളിലെയും ഉന്നതരെ വിളിച്ച്‌ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന പൂജാരിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. കര്‍ണാടകയില്‍ മാത്രം പൂജാരിയ്‌ക്ക് 97 ഓളം കേസുകളാണുള്ളത്. ഇതില്‍ 47 ഓളം ബംഗലൂരു നഗരത്തെ കേന്ദ്രീകരിച്ചാണ്.

ഇത്രയും നാളായി പൂജാരിയുടെ ശരിക്കുള്ള രൂപം പോലും അന്വേഷണോദ്യോഗസ്ഥര്‍ക്ക് തലവേദനയായിരുന്നു. സ്വിമ്മിംഗ് പൂളില്‍ നിന്നെടുത്ത പൂജാരിയുടെ 2 ദശാബ്‌ദങ്ങള്‍ പഴക്കമുള്ള ഒരു ഫോട്ടോയുള്‍പ്പെടെ ഏതാനും ചില ഫോട്ടോകള്‍ മാത്രമാണ് പൊലീസിന്റെ പക്കലുണ്ടായിരുന്നത്. സെനഗലിലെ സുപ്രീംകോടതിയില്‍ താന്‍ ആന്റണി ഫെര്‍ണാണ്ടസ് ആണെന്ന് സ്ഥാപിക്കാന്‍ പൂജാരി ശ്രമിച്ചെങ്കിലും പാളി. ബാലാ സാല്‍റ്റെയും മരണത്തിന് പിന്നാലെ പൂജാരിയുടെ ഫിംഗര്‍ പ്രിന്റ് ഇന്റര്‍പോളിന്റെ കൈകളിലെത്തിയിരുന്നു. അതോടെ പൂജാരിയുടെ അടിതെറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക