Image

കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുക: നവയുഗം

Published on 07 March, 2020
കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുക: നവയുഗം
ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമം ജനങ്ങളിലേക്ക് എത്തിച്ച് മാധ്യമധര്‍മ്മം നിറവേറ്റിയതിന്റെ പേരില്‍ ഏഷ്യാനെറ്റ്, മീഡിയ വണ്‍ തുടങ്ങിയ വാര്‍ത്താ ചാനലുകള്‍ക്ക് 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.  

കലാപത്തില്‍ ആര്‍.എസ്.എസ്സിന്റെ പങ്കിനെ തുറന്നു കാണിച്ചതിന്റെ പേരിലും, ഡല്‍ഹി പോലീസിന്റെ നിഷ്‌ക്രിയതയും പക്ഷപാതവും റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലുമാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. നരേന്ദ്രമോദി നയിയ്ക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിന്റെ നാണം കെട്ട ഈ തീരുമാനം ജനാധിപത്യവിരുദ്ധവും അത്യന്തം അപലപനീയവുമാണെന്ന് നവയുഗം  അഭിപ്രായപ്പെട്ടു.  

ഡല്‍ഹിയില്‍ ആസൂത്രിതമായി കലാപം അഴിച്ചുവിട്ട് ഗുജറാത്ത് മോഡല്‍ വംശഹത്യ നട്ടപ്പിലാക്കുവാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയ മാധ്യമങ്ങള്‍ക്കുനേരെയുളള പ്രതികാര നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഒപ്പം തങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നേരെ എന്ത് നിയമനടപടികള്‍ എടുക്കാനും തങ്ങള്‍ മടിയ്ക്കില്ല എന്ന് ഇന്ത്യയിലെ മാധ്യമങ്ങളെ മുഴുവന്‍ ഭീക്ഷണിപ്പെടുത്താനും ഈ നടപടി വഴി അവര്‍ ശ്രമിയ്ക്കുന്നു. 

ഡല്‍ഹിയില്‍ കലാപത്തിന്ന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കന്മാര്‍ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കിയ മോഡി ഭരണകൂടം, കലാപം നടത്തിയവരെ സംരക്ഷിയ്ക്കാനും, ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന ഈ വര്‍ഗ്ഗീയ കൂട്ടക്കൊലകളെ  തങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ വഴി ന്യായീകരിയ്ക്കാനും, നുണകള്‍ പ്രചരിപ്പിയ്ക്കാനും ആണ് ശ്രമിച്ചത്. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളെ ഭരണാധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്ന സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമാണ്  ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ക്ക് നേരെ നടന്ന ഈ നടപടി.

ഇങ്ങനെ മാധ്യമങ്ങളുടെ വായ് മൂടി കെട്ടുവാനും, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുവാനും, ഭയപ്പെടുത്തി നിശബ്ദമാക്കുവാനുമുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക