Image

ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സിസിഒ വി.നന്ദകുമാര്‍ ഫോര്‍ബ്സ് പട്ടികയില്‍

Published on 08 March, 2020
 ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സിസിഒ വി.നന്ദകുമാര്‍ ഫോര്‍ബ്സ് പട്ടികയില്‍

അബുദാബി: ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സിസിഒ വി.നന്ദകുമാറിന് രാജ്യാന്തര ബഹുമതി. മധ്യപൂര്‍വദേശം - ആഫ്രിക്ക മേഖലയിലെ മികച്ച 50 മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഫോര്‍ബ്സ് മാസിക 2020 പ്രസിദ്ധീകരിച്ച പട്ടികയിലാണ് ലുലു ഗ്രൂപ്പ് മിഡിലീസ്റ്റ് സിസിഒ വി.നന്ദകുമാര്‍ ഇടംപിടിച്ചത്. 19 രാജ്യങ്ങളിലെ വ്യത്യസ്ത വ്യവസായങ്ങളുടെയും ബിസിനസ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെയാണ് പട്ടികയിലേയ്ക്ക് തെരഞ്ഞെടുത്തത്. ഈ പട്ടികയില്‍ നന്ദകുമാര്‍ നാലാം സ്ഥാനം കരസ്ഥമാക്കി. മാസ്റ്റര്‍ കാര്‍ഡിന്റെ ബിയാട്രിസ് കൊര്‍ണാഷ്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പെപ്സി സിഎംഒ മുസ്തഫ ഷംസുദ്ദീന്‍ രണ്ടാം സ്ഥാനത്തും ടെലികോം ഭീമനായ ഉറേഡൂ ഗ്രൂപ്പ് സിഒ ആന്‍ഡ്രൂ ക്വാല്‍സെത് മൂന്നാം സ്ഥാനത്തുമെത്തി.

പട്ടികയിലെ 50 പേരില്‍ 22 പേര്‍ വനിതകളാണ്. 750 മില്യന്‍ ഡോളറിന് മുകളില്‍ മാര്‍ക്കറ്റിംഗ് ബജറ്റുള്ള കമ്പനികളുടെ അമ്പത് പ്രതിനിധികളില്‍ നിന്നാണ് തെരഞ്ഞെടുപ്പ്. ഇത്തിഹാദ് എയര്‍വേസ് മാര്‍ക്കറ്റിംഗ് ഹെഡ് ആമിന താഹിര്‍, അഡ്നോകിലെ അലക്സ് ബ്രൗണ്‍, ഡിഐഎഫ്സി എം.ഡി പെയ്ഹാന്‍ പര്‍ഹം അല്‍അവാദി എന്നിവരാണ് യുഎഇയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ച പ്രമുഖര്‍. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാര്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി കമ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. 1995 ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നേരത്തെ ടൈംസ് ഗ്രൂപ്പില്‍ മീഡിയാ കമ്യൂണിക്കേഷന്‍ റിസര്‍ച്ച് മാനേജറായിരുന്നു. 2015 മുതല്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലില്‍ ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറാണ്. 2000ത്തില്‍ ലുലു ഗ്രൂപ്പില്‍ ചേര്‍ന്നത് മുതല്‍ ലുലുവിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക