Image

വിജിത്ത് നമ്പ്യാർ: മ്യൂസിക്കൽ ഫിലിം മേക്കർ (മീട്ടു റഹ്മത്ത് കലാം)

Published on 10 March, 2020
വിജിത്ത്   നമ്പ്യാർ:  മ്യൂസിക്കൽ ഫിലിം മേക്കർ (മീട്ടു റഹ്മത്ത് കലാം)
എത്ര അകന്നു നിന്നാലും കലയുടെ തിരിനാളം  ഒരു കാലവും   കലാകാരനെ    വിട്ട്   പോകില്ല.  പിറന്ന മണ്ണിലേക്ക് വേരുകൾ തേടി മടങ്ങാൻ വെമ്പുന്നതു പോലെ കലാഭിരുചിയും ഉൾപ്രേരണയായി പ്രവഹിക്കും.  സിനിമയുടെ മാസ്മരിക ലോകത്ത് നിന്നും വിട്ട്  ഒന്നര പതിറ്റാണ്ടിലേറെ  പ്രവാസിയായി ദുബൈയിൽ തുടർന്ന  വിജിത്ത്   നമ്പ്യാർ സംഗീതത്തിലേക്കും സംവിധാന രംഗത്തേക്കും മടങ്ങി വന്നതും ആ ചാലകശക്തി കൊണ്ടാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സംവിധായകൻറെ വാക്കുകളിലൂടെ...

 ചെമ്പൈ സംഗീതോത്സവത്തിൽ പാട്ടിൻറെ അരങ്ങേറ്റം കുറിച്ച വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിൻറെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ അവസരം ഒരുങ്ങുമ്പോൾ എന്തുതോന്നുന്നു? 

 ചെമ്പൈ സംഗീതോത്സവത്തിൽ 22 വർഷം മുൻപായിരുന്നു എൻറെ അരങ്ങേറ്റം.  എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യാൻ സാധിച്ചാൽ ചെമ്പൈ സ്വാമികളുടെ ജീവിതം ആസ്പദമാക്കി ചെയ്യണമെന്ന ആഗ്രഹം എങ്ങനെയോ അന്നേ കടന്നു കൂടി.  ഇത്രയും വർഷങ്ങൾക്കിടയിൽ മറ്റൊരാൾക്ക് ചെമ്പൈയുടെ ജീവിതം സിനിമയാക്കാൻ തോന്നാതിരുന്നത് വിധി എനിക്കായി അങ്ങനെ ഒരു അവസരം കരുതിവെച്ചതു കൊണ്ടായിരിക്കാം എന്നാണ് വിശ്വസിക്കുന്നത്. കുട്ടിക്കാലം മുതൽ കർണാടക സംഗീതം അഭ്യസിച്ചിരുന്നതുകൊണ്ട് ഓർമ്മ ഉറയ്ക്കുമ്പോൾ തന്നെ മനസ്സിൽ പതിഞ്ഞ മുഖങ്ങളിൽ ഒന്നാണ് ചെമ്പൈയുടേത്. 

പ്രവാസ ജീവിതവും സിനിമ സ്വപ്നവും? 

  സിനിമയിൽ എൻറെ തുടക്കം  ട്രാക്ക് സിംഗർ ആയിട്ടാണ്.  തൊണ്ണൂറുകളിൽ തമിഴ് സീരിയലുകളിൽ പാടിയിരുന്നു.  ആ കാലയളവിൽ കവിതാല പ്രൊഡക്ഷൻസിൻറെ കെ.ബാലചന്ദർസാറിനെ പരിചയപ്പെട്ടതാണ് സംവിധാനരംഗത്തേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. കുടുംബം ഒക്കെ ആയപ്പോൾ സ്ഥിര വരുമാനം ഉള്ള ജോലി ആവശ്യമായി വന്നതുകൊണ്ട് രണ്ടായിരത്തോടെ സിനിമാ മേഖലയിൽ നിന്ന് ഒരു ഗ്യാപ്പ് എടുത്തു. പ്രവാസ ജീവിതത്തിനിടയിലും സിനിമ മോഹം ഉള്ളിൽ തന്നെ കിടന്നു. 2017 ഒരു സംസ്കൃത സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ട് വീണ്ടും സിനിമയെ കയ്യെത്തി പിടിച്ചു. സാങ്കേതികമായി വന്ന മാറ്റങ്ങൾ അടുത്തറിയാൻ അത് സഹായിച്ചു. ആ ധൈര്യത്തിൽ 'മുന്തിരി മൊഞ്ചൻ' എന്നൊരു സിനിമ ചെയ്തു. കൂടെ നിന്ന് കാണുന്നതിനേക്കാൾ ഒരു കാര്യം ചെയ്യുമ്പോഴാണ് കൂടുതൽ പഠിക്കാൻ കഴിയുക. പിഴവുകൾ വിലയിരുത്തി ഒരു വർഷമെങ്കിലും സമയം എടുത്തു   വേഷം ഗവേഷണം നടത്തിയ ശേഷം മാത്രമായിരിക്കും ചെമ്പൈയുടെ ജീവിതം അഭ്രപാളിയിൽ എത്തിക്കുക. 

 സംഗീത അഭിരുചി സംവിധാനരംഗത്ത് ഗുണം ചെയ്തിട്ടുണ്ടോ? 

മ്യൂസിക് ഉള്ളിലുള്ളതുകൊണ്ട് സിനിമയിൽ ഗാനം ചിത്രീകരിക്കുമ്പോൾ എങ്ങനെയുള്ള പാട്ടാണ് വേണ്ടതെന്നും എന്ത് താളത്തിൽ ചിട്ടപ്പെടുത്തണം എന്നും മുൻകൂട്ടി കാണാം. സംവിധായകൻറെ മനസ്സിലെ ആശയം മ്യൂസിക് ഡയറക്ടർക്ക്         മനസ്സിലായില്ലെങ്കിൽ ആ പാട്ട് ഫ്ലോപ്പ് ആകും. ഹിന്ദിയിൽ നോക്കിയാൽ സഞ്ജയ് ലീല ബൻസാലി, വിശാൽ - ഭരദ്വാജ്   എന്നിവർ ചിത്രത്തിൻറെ സംഗീതവും സംവിധാനവും നിർവഹിക്കുന്നത് സിനിമയുടെ ആകെത്തുകയെ ബൂസ്റ്റ് ചെയ്യുന്നതായി കാണാം. മലയാളത്തിൽ നാദിർഷയും അങ്ങനെ ചെയ്ത് വിജയിച്ച ആളാണ്.

സംവിധായകനായാണോ സംഗീതജ്ഞനായാണോ  കാലം വിജിത്ത് നമ്പ്യാരെ അടയാളപ്പെടുത്തേണ്ടത് എന്ന് താങ്കൾ ആഗ്രഹിക്കുന്നത്?

 മ്യൂസിക്കൽ ഫിലിം മേക്കർ  എന്ന് അറിയപ്പെടാനാണ് ആഗ്രഹം.  സഞ്ജയ് ലീല ബൻസാലി ആണ് എൻറെ റോൾ മോഡൽ. അദ്ദേഹം ഒരുക്കിയിട്ടുള്ളതു പോലെ കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യം ഉള്ള ചിത്രങ്ങൾ സംവിധാനം ചെയ്യണം. 

 വിദേശത്ത് ജോലി ചെയ്യുന്നത് സംവിധായകൻ എന്ന നിലയിൽ ഒരു പരിമിതിയായി തോന്നിയിട്ടുണ്ടോ?

 ഒരിക്കലും അതൊരു പരിമിതി അല്ല. 
 പക്ഷേ,  പ്രവാസിയെ  സംബന്ധിച്ച് സിനിമ  സംവിധാനം ചെയ്യുക എന്നത് തീർച്ചയായും ഒരു വെല്ലുവിളിയാണ്.  വർഷത്തിൽ 30 ദിവസം മാത്രമാണ് വെക്കേഷൻ.  ആ സമയംകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഒരു സിനിമ തീരില്ല. കൃത്യമായ പ്ലാനിങ്ങോടെ മാത്രമേ അത്  നടക്കൂ. ആറേഴു മാസങ്ങളിലെ വീക്കെൻഡുകൾ ഉപയോഗപ്പെടുത്തിയാണ് ഞാൻ സിനിമയുടെ പ്രീ പ്രൊഡക്ഷൻ പൂർത്തിയാക്കിയത്. ദുബൈയിൽ വെള്ളിയും ശനിയും ആണ് അവധി ദിവസങ്ങൾ. വ്യാഴവും ഞായറും ലീവെടുത്ത് നാലുദിവസം തികച്ചുകൊണ്ട് നാട്ടിലെത്തിയും വർക്ക് ചെയ്തിട്ടുണ്ട്. സിനിമയെ അത്രമാത്രം സ്നേഹിക്കുന്നത് കൊണ്ട് അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഓൺലൈനായി കോഡിനേറ്റ് ചെയ്യാവുന്നതുകൊണ്ടും പലകാര്യങ്ങളും ഇപ്പോൾ എളുപ്പമാണ്. ഷൂട്ടിംഗ് സമയത്ത് സ്ഥലത്ത് ഉണ്ടായേ തീരൂ. ആനുവൽ വെക്കേഷനും ഷൂട്ടിങ്ങും ഒരുമിച്ച് ആകുന്ന തരത്തിൽ പ്ലാൻ ചെയ്താണ് സംവിധായകൻറെ തൊപ്പി അണിയുന്നത്.

 ചെമ്പൈയുടെ ബയോപിക്കിനായി നടത്തിയ   തയ്യാറെടുപ്പുകൾ?

 ചെമ്പൈ സ്വാമികളുടെ  സംഗീത ജീവിതത്തെക്കുറിച്ച് പറയാൻ ഒരുപാടുപേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.  അദ്ദേഹത്തിൻറെ പ്രധാന ശിഷ്യന്മാരായ യേശുദാസും ജയവിജയന്മാരിലെ ജയൻ മാഷും അടക്കം നിരവധി ആളുകൾ.  എന്നാൽ, സ്വാമികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയാവുന്നവർ നന്നേ കുറവാണ്. ആഴത്തിലിറങ്ങി അദ്ദേഹത്തെ മനസ്സിലാക്കിയാൽ മാത്രമേ ഞാൻ ആഗ്രഹിക്കുന്ന സിനിമ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ കഴിയൂ. അതിനായുള്ള പരിശ്രമത്തിലാണ്. പുതിയ- പുതിയ അറിവുകൾ ലഭിക്കുമ്പോൾ ഞാൻ തന്നെ എക്സൈറ്റഡ് ആകുന്നുണ്ട്.     ലോകത്തിനു മുൻപിൽ  ചെമ്പൈ എന്ന അതുല്യ പ്രതിഭയെ  മനസ്സിലാക്കി  കൊടുക്കേണ്ടതിൻറെ ആവശ്യകത  ഞാൻ ചിന്തിച്ചിരുന്നതിനേക്കാളൊക്കെ അപ്പുറമാണ്. കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ജീവിത കഥയല്ല   അത്.  വെറുമൊരു സംഗീതകച്ചേരി എന്ന രീതിക്ക് അല്ല,   കൊമേർഷ്യൽ   ചേരുവകൾ  സമന്വയിപ്പിച്ച് മികച്ച സാങ്കേതിക   വിദഗ്ധരുമായി ചേർന്ന്  മാത്രമേ ഈ ചിത്രം  എടുക്കൂ. 

 ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ താങ്കൾ നൽകിയ സൂചനകൾ വെച്ച് ചെമ്പൈ എന്ന മഹാപ്രതിഭയെ അഭ്രപാളികളിൽ അവതരിപ്പിക്കാൻ പോകുന്ന അതുല്യ കലാകാരനെ പ്രേക്ഷകർ തിരിച്ചറിയുകയും മറുത്തൊരു അഭിപ്രായം ഇല്ലാത്ത തരത്തിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.  ഫാൻമെയ്ഡ് പോസ്റ്റർ ഇതിന് ഉദാഹരണമാണ്.  ചിത്രത്തെ കുറിച്ച് കൂടുതലായി എന്താണ് പറയാൻ കഴിയുക?  

 ഞാൻ ഫേസ്ബുക്കിൽ കുറിച്ചത് പോലെ, ചെമ്പൈ എന്നുള്ള കഥാപാത്രം ചെയ്യാൻ  മലയാളത്തിൽ മോഹൻലാൽ  സാറിനോളം അനുയോജ്യനായി മറ്റൊരാളില്ല. എഴുത്തിൻറെയും ചിന്തയുടെയും ഒരു ഘട്ടത്തിലും മറ്റൊരു മുഖവും മനസ്സിലേക്ക് വന്നിട്ടില്ല. ഒഫീഷ്യൽ ഫോർമാലിറ്റികൾ ഒരുപാട് ഉള്ളതുകൊണ്ട് കൂടുതൽ പറയാൻ നിർവാഹമില്ല. ഇന്ത്യയിലെ മികച്ച ടെക്നീഷ്യൻസ് ആയിരിക്കും ഇതിൻറെ ഭാഗമാവുക.  മധു അമ്പാട്ട് സാർ ആയിരിക്കും ഛായാഗ്രഹണം കൈകാര്യം ചെയ്യുക.   ചിത്രം ഒരുക്കാൻ ഏതുതരം ക്യാമറകൾ ഉപയോഗിക്കാമെന്നു തുടങ്ങി എല്ലാം അദ്ദേഹം ഇതിനോടകം പ്ലാൻ ചെയ്ത് കഴിഞ്ഞു.  സൗണ്ട് ഡിസൈനിങ്ങിൻറെ കാര്യങ്ങൾ റസൂൽപൂക്കുട്ടിയുമായി സംസാരിച്ചുറപ്പിച്ചു.  കലാസംവിധാനം നിർവഹിക്കുന്നതിന് ലോകസിനിമയിലെ തന്നെ മികച്ച  ടെക്നീഷ്യനെ ആണ്  സമീപിച്ചിരിക്കുന്നത്.  1960 മുതൽ 80 വരെയുള്ള കാലഘട്ടമാണ് കാണിക്കുന്നത്. അന്നത്തെ ഗുരുവായൂർ അമ്പലം, തഞ്ചാവൂർ റെയിൽവേ സ്റ്റേഷൻ, മദ്രാസ് എല്ലാം സിനിമയിൽ അതേ പെർഫെക്ഷനോടെ പുനരാവിഷ്കരണം.

 കുടുംബം?

 ഭാര്യ കൃഷ്ണയും മൂന്നു മക്കളുമായി ദുബൈയിലാണ് താമസം.  കൃഷ്ണയ്ക്ക് ദുബൈയിൽ ഗവൺമെൻറ് സ്ഥാപനത്തിലാണ് ജോലി.  മക്കൾ സ്കൂൾ വിദ്യാർഥികളാണ്.
വിജിത്ത്   നമ്പ്യാർ:  മ്യൂസിക്കൽ ഫിലിം മേക്കർ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക