Image

ഒന്നും നേടിയതല്ല എല്ലാം ദൈവദാനം -വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ

Published on 11 March, 2020
ഒന്നും നേടിയതല്ല  എല്ലാം ദൈവദാനം -വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ
സഭയ്ക്കും സമൂഹത്തിനാകെയും നന്മവഴിയിലേക്ക് പ്രകാശം ചൊരിയുന്ന യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ദൈവത്തിന്റെ സ്വര്‍ഗീയ ദാനമാണ്. കര്‍മ്മദീപ്തമായ ആ ജീവിതം ശതാഭിഷേക നിറവില്‍ നമുക്ക് മുന്നില്‍ പ്രകാശിക്കുന്നു. അമേരിക്കയില്‍ അമ്പതു വര്‍ഷക്കാലം ആഴമുള്ള പാദമുദ്രകള്‍ വീഴ്ത്തിയ ഈ ആചാര്യശ്രേഷ്ഠന്‍ പറയുന്നു ''ഒന്നും ഞാന്‍ നേടിയതല്ല. എല്ലാം ദൈവദാനം മാത്രം.''

ചരിത്രനിയോഗംപോലെ അമേരിക്കയില്‍ എത്തിയ ശങ്കരത്തിലച്ചന്‍ നടന്നുപോയ വഴികളിലെല്ലാം ദൈവാനുഗ്രഹത്തിന്റെ നക്ഷത്രവെളിച്ചം നിറഞ്ഞുനിന്നു. പകല്‍ പറക്കുന്ന അസ്ത്രത്തെയോ ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തെയോ ഉച്ചയില്‍ ഊതുന്ന കാറ്റിനെയോ ഈ ദൈവദാസന്‍ ഭയപ്പെടുന്നില്ല. ''ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്'' എന്ന ദൈവശബ്ദം അദ്ദേഹത്തിനു കരുത്തേകുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് അമേരിക്കയില്‍ ആദ്യമായി ഇടവകകള്‍ രൂപീകരിക്കുവാന്‍ നിയമിതനായ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പ പൗരോഹിത്യ പാരമ്പര്യമുള്ള പുരാതന പ്രസിദ്ധമായ ശങ്കരത്തില്‍ കുടുംബത്തില്‍ കുഞ്ഞുമ്മന്‍ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയപുത്രനായി 1936 മാര്‍ച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിലെ കുമ്പഴയില്‍ ജനിച്ചു.

കുഞ്ഞൂഞ്ഞുകുട്ടി എന്നായിരുന്നു ഓമനപ്പേര്. നാലു സഹോദരന്മാരില്‍ കുഞ്ഞനുജനായിരുന്നു കുഞ്ഞൂഞ്ഞുകുട്ടി. മൂന്നര വയസ്സില്‍ മാതാവിന്റെ ദേഹവിയോഗം. മൂന്നു ജ്യേഷ്ഠസഹോദരന്മാരും പിതാവും കൂടി ഈ ബാലനെ വളര്‍ത്തുന്ന ചുമതല ഏറ്റെടുത്തു. ഇരുപത്തേഴാമത്തെ വയസ്സില്‍ പിതാവിന്റെ ദേഹവിയോഗം.

പുത്തന്‍കാവില്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടുകൂടി 12-ാം വയസ്സില്‍ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 1953 ഓഗസ്റ്റ് 29-ന് 17-ാം വയസ്സില്‍ ശെമ്മാശുപട്ടം (കോറൂയോ) നല്‍കി. 1957 ഡിസംബര്‍ എട്ടിന് ഔഗേന്‍ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് യവ്പ്പദിയക്‌നോ പട്ടവും, 1970 ഓഗസ്റ്റ് 16-ന് യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് പൂര്‍ണ്ണ ശെമ്മാശുപട്ടവും സ്വീകരിച്ചു. അഭിവന്ദ്യ ഔഗേന്‍ മെത്രാപ്പോലീത്തായുടെകൂടെ താമസിച്ച് സുറിയാനി പഠനവും വേദശാസ്ത്ര പഠനവും ആരംഭിച്ചു. 1970 ഓഗസ്റ്റ് 21-ന് തുമ്പമണ്‍ ഭദ്രാസനത്തിന്റെ ദാനിയേല്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ വൈദികപട്ടം നല്‍കി. 1980 ഏപ്രില്‍ 26-ന് പരിശുദ്ധ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ 44-ാം വയസ്സില്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ കോര്‍ എപ്പിസ്‌ക്കോപ്പയായി സ്ഥാനാഭിഷേകം ചെയ്തു. മലങ്കരസഭയുടെ അന്നുവരെയുള്ള ചരിത്രത്തില്‍ പരിശുദ്ധ പരുമല തിരുമേനി കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ കോര്‍ എപ്പിസ്‌ക്കോപ്പ. ബസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാബാവായുടെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കോട്ടയം ദേവലോകം അരമനയില്‍ താമസിച്ച് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കരസഭ'യുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു.

ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ സുവിശേഷ പ്രസംഗകരില്‍ ഒരാളും വേദശാസ്ത്രപണ്ഡിതനും ധ്യാന ഗുരുവും മികച്ച സംഘാടകനുമാണ്. വേദശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി (STM) ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എക്യുമെനിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച് 1970 സെപ്റ്റംബര്‍ 12-ന് അമേരിക്കയില്‍ എത്തി. പഠനം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് കിഴക്കിന്റെ കാതോലിക്കാ, പരിശുദ്ധ ബസ്സേലിയോസ് ഔഗേന്‍ ബാവാ അമേരിക്കയില്‍ മലങ്കരസഭയുടെ ഇടവകകള്‍ സ്ഥാപിക്കുവാന്‍ 1971 ഓഗസ്റ്റ് 2-ന് നിയമിച്ച് കല്പന നല്‍കി. തുടര്‍ന്ന് അതേവര്‍ഷം ഡിസംബറില്‍ അമേരിക്കയിലെ മലങ്കരസഭയുടെ പ്രഥമ ഔദ്യോഗിക ഇടവകയായ ന്യൂയോര്‍ക്ക് സെന്റ് തോമസ് ഇടവക രൂപീകരിക്കുകയും ബാഹ്യകേരള ഭദ്രാസനത്തില്‍ ഉള്‍പ്പെടുത്തുകയും ആ ഇടവകയുടെ വികാരിയായി 1977 വരെ തുടരുകയും ചെയ്തു.

സെന്റ് തോമസ് ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍മോണ്ട്, സെന്റ് തോമസ് ചര്‍ച്ച് ഡിട്രോയിറ്റ്, സെന്റ് തോമസ് ചര്‍ച്ച് വാഷിംഗ്ടണ്‍ ഡി.സി., സെന്റ് ജോര്‍ജ് ചര്‍ച്ച്, സ്റ്റാറ്റന്‍ ഐലന്‍ഡ്, സെന്റ് തോമസ് ചര്‍ച്ച് ഫിലാഡല്‍ഫിയ, സെന്റ് തോമസ് ചര്‍ച്ച്, ലോംഗ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് മുതലായ ഇടവകകളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചു. 1986 മുതല്‍ ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് ഇടവകയുടെ വികാരിയായി തുടരുന്ന ഇദ്ദേഹം അമേരിക്കയില്‍ രൂപീകരിച്ച ഏഴു പള്ളികളും ഇന്ന് ഭദ്രാസനത്തില്‍ മികവോടെ നിലകൊള്ളുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ബി.എ.യും മലയാളത്തില്‍ എം.എ.യും ഡിഗ്രികള്‍. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍നിന്ന് ജി.എസ്.റ്റി. ബിരുദം, ന്യൂയോര്‍ക്കില്‍ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് വേദശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും (STM) എക്യുമെനിക്കല്‍ ഫെലോ ബഹുമതിയും അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് പാസ്റ്ററല്‍ എഡ്യൂക്കേഷന്റെ കീഴില്‍ രണ്ടുവര്‍ഷത്തെ ക്ലിനിക്കല്‍ പാസ്റ്ററല്‍ കൗണ്‍സലിംഗ് അഭ്യസനം. ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മാനസിക ചികിത്സാ ശാസ്ത്രത്തിലും കുടുംബ കൗണ്‍സലിംഗിലും മാസ്റ്റര്‍ ബിരുദം (MS). ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എ. ബിരുദം (തെറാപ്യൂട്ടിക് റെക്രിയേഷന്‍) ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്. ബിരുദം (റീ ഹാബിലിറ്റേഷന്‍ കൗണ്‍സലിംഗ്) CW പോസ്റ്റ് കോളേജില്‍നിന്ന് മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ബോധവത്ക്കരണ പരിശീലനം (സര്‍ട്ടിഫിക്കേഷന്‍). വേദശാസ്ത്രഗവേഷണത്തില്‍ ഡോക്ടറേറ്റ് ബിരുദം.

അമേരിക്കന്‍ ഭദ്രാസന രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍, ഭദ്രാസന ക്ലെര്‍ജി അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗമായി അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി കിഴക്കിന്റെ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ അമേരിക്ക സന്ദര്‍ശിച്ച അവസരത്തില്‍ (1979-ല്‍) അതിനുള്ള ക്രമീകരണങ്ങള്‍ ഭദ്രാസന മെത്രാപ്പോലീത്തായോടൊപ്പം ചെയ്തു. സ്വീകരണ കമ്മറ്റിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു. അമേരിക്കന്‍ ഭദ്രാസനത്തിന് അരമന ഇല്ലാതിരുന്നതിനാല്‍ പരിശുദ്ധ ബാവായും മെത്രാപ്പോലീത്താമാരും അഞ്ച് ആഴ്ച താമസിച്ചത് ശങ്കരത്തില്‍ അച്ചന്റെ വീട്ടിലായിരുന്നു.

ഒട്ടേറെ പ്രൗഢ ലേഖനങ്ങളുടെ കര്‍ത്താവ്. പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പരിശുദ്ധ ബസോലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെയും കൂടെ താമസിച്ച് വേദശാസ്ത്രത്തിലും ആരാധനാക്രമത്തിലും വിദഗ്ധ പരിശീലനം നേടി.

പന്തളം, തലനാട് കുടുംബയോഗ രക്ഷാധികാരി, വിളയില്‍ ശങ്കരത്തില്‍ ശാഖാ കുടുംബയോഗ പ്രസിഡന്റ്, അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ശങ്കരത്തില്‍ മാത്യൂസ് കോര്‍ എപ്പിസ്‌ക്കോപ്പായുടെ സഹോദരപുത്രനായ ഇദ്ദേഹം ശങ്കരത്തില്‍ കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ കോര്‍ എപ്പിസ്‌ക്കോപ്പയാണ്.

കടമ്പനാട് താഴേതില്‍ മുണ്ടപ്പള്ളില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ റ്റി.ജി. തോമസിന്റെ പുത്രി സുപ്രസിദ്ധ കവയിത്രി ശ്രീമതി എല്‍സി (റിട്ട. എന്‍ജിനീയര്‍, നാസാ കൗണ്ടി DPW)യാണ് സഹധര്‍മ്മിണി. രണ്ടു പുത്രന്മാര്‍. മാത്യു, തോമസ്.

അമേരിക്കയില്‍ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ ചുമലില്‍ വീണത് മലയാളിയുടെ സ്ഥാനപതിയുടെ റോള്‍. വൈദികന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലും ഓര്‍ത്തഡോക്‌സ് സഭാപ്രവര്‍ത്തനത്തിലും വ്യക്തിമുദ്ര പതിച്ചയാളാണ് വന്ദ്യ ദിവ്യശ്രീ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പ. അടുക്കുംതോറും അസാധാരണത്വം കൂടുതലായി അനുഭവപ്പെടുന്ന സവിശേഷത അന്തര്‍ലീനമായ വ്യക്തിത്വം ശങ്കരത്തിലച്ചനെ മറ്റു വൈദികരില്‍നിന്ന് വ്യതിരിക്തനാക്കുന്നു.

ജന്മംകൊണ്ടുതന്നെ കര്‍ത്തൃദാസനായി അവരോധിക്കപ്പെട്ട കോര്‍ എപ്പിസ്‌ക്കോപ്പായുടെ ജീവിതത്തെക്കുറിച്ച് അറിയുക ഒരു തീര്‍ത്ഥാടനമാണ്. ആ യാത്രയില്‍ ദൈവിക ജീവിതത്തിലേക്കുള്ള വഴിത്താരയില്‍ അദ്ദേഹം ചവിട്ടി നടന്ന അനുഭവങ്ങളുടെ മുള്‍ക്കൂട്ടങ്ങളുണ്ട്, കരിമ്പാറക്കൂട്ടങ്ങളുണ്ട്, മലര്‍വാടികളുണ്ട്.

എങ്ങനെ ഒരു നല്ല വൈദികനാകാം, ഒരു നല്ല കുടുംബനാഥനാകാം, ഒരു നല്ല പിതാവാകാം, അതിലൊക്കെ ഉപരിയായി നല്ലൊരു മനുഷ്യനാകാം എന്ന് ജീവിതംകൊണ്ട് കാട്ടിത്തരുന്നയാളാണ് യോഹന്നാനച്ചന്‍. തനിക്ക് ആരോടും ശത്രുതയില്ല എന്ന് ശങ്കാലേശമെന്യേ പരസ്യമായി പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിനേ കഴിയൂ.

സ്‌നേഹസുരഭിലമായ പ്രവര്‍ത്തനങ്ങളുടെ നന്മനിറഞ്ഞ ഒട്ടേറെ അധ്യായങ്ങള്‍ രചിച്ച ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ഇ-മലയാളിക്ക് അനുവദിച്ച അഭിമുഖത്തില്‍നിന്ന്

1. എന്തുകൊണ്ട് അച്ചന്‍ വൈദികവൃത്തി സ്വീകരിച്ചു? വളരെ ചെറുപ്രായത്തില്‍ ഉന്നതപദവിയായ കോര്‍ എപ്പിസ്‌ക്കോപ്പാസ്ഥാനം ലഭിച്ചപ്പോള്‍ ഈ പദവിയിലിരുന്ന് എന്തെല്ലാം ദൈവിക ശുശ്രൂഷകള്‍ ചെയ്യാന്‍ കഴിഞ്ഞു?

അമ്മ എനിക്ക് ഒരു കണ്ണീര്‍ത്തുള്ളിയാണ്. പെറ്റമ്മയുടെ സ്‌നേഹം ഓര്‍മ്മയായ കാലം മുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞില്ല. മൂന്നര വയസ്സായപ്പോഴേയ്ക്കും എനിക്ക് അമ്മയെ നഷ്ടപ്പെട്ടു. ആ ഓര്‍മ്മ ഇന്നും ഒരു കണ്ണീര്‍ച്ചാലായി ഒഴുകുന്നു.

അമ്മ മരിച്ചപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടി. ആള്‍ക്കൂട്ടത്തിനിടയില്‍ പെറ്റമ്മയെ നഷ്ടപ്പെട്ട ഞാന്‍ ഒറ്റപ്പെട്ടവനായിപ്പോയി. വിശന്നു കരഞ്ഞപ്പോള്‍ ആരോ കരിക്കിട്ട് വെട്ടി തന്നു. ഇത്രയുമാണ് അമ്മയുടെ മരണത്തെക്കുറിച്ച് എന്റെ ഓര്‍മ്മ.

അമ്മയില്ലാത്ത ദുഃഖം അറിയിക്കാതിരിക്കാന്‍ സ്‌നേഹസമ്പന്നനായ പിതാവും മൂത്ത സഹോദരങ്ങളും ആവുംവിധം ശ്രമിച്ചു. മൂത്ത ജ്യേഷ്ഠന്റെ ഭാര്യ ഏലിയാമ്മ (പൊടിയമ്മ) എനിക്ക് അമ്മയെപ്പോലെയായിരുന്നു. 'ചേടത്തി' എന്നാണ് ഏലിയാമ്മയെ ഞാന്‍ വിളിച്ചിരുന്നത്. ചെറുപ്പത്തില്‍ പാട്ടുപാടി ഉറക്കിയിരുന്നത് 'ചേടത്തി' തന്നെയായിരുന്നു. ഉറക്കുപാട്ട് ഏതാണെന്നറിയേണ്ടേ?

''വെളിവു നിറഞ്ഞോരീശോ നിന്‍

വെളിവാല്‍ കാണുന്നു

വെളിവീയടിയാരഖിലാധാരമതാം വെളിവും നീ

കാന്ത്യാ ഞങ്ങളെ നീ-താ-തന്‍

കതിരേ! ശോഭിപ്പിക്കെന്നും.''

'എന്‍ ദേവേശാ! എന്‍ ദേവേശാ! നീയൊരുവന്‍താന്‍

മരണ വിഹീനന്‍ സ്പടികരസ്ഥാ! പരമോന്നതനേ!

യോബുസുഗിരിമേല്‍ ദാവീദരചന്‍ തന്‍ യാഗംപോല്‍

കൈക്കൊള്ളണമേ യേശുക്രിസ്താമിക്കുറുബാന.''

എന്നീ ആരാധനാഗീതങ്ങളായിരുന്നു അവ.

ഇതില്‍ ആദ്യഗീതം വിശുദ്ധ കുര്‍ബ്ബാനയ്ക്കുമുമ്പായി ശുശ്രൂഷക്കാരന്‍ ത്രോണോസില്‍ വടക്കുവശത്തെ മെഴുകുതിരി കത്തിക്കുമ്പോള്‍ പാടുന്നതാണ്. രണ്ടാമത്തേത് വൈദികന്‍ വിശുദ്ധ കുര്‍ബ്ബാനയുടെ അവസാനം ചൊല്ലുന്നതുമാണ്. ഈ രണ്ടു പാട്ടുകളും കേട്ട് കുഞ്ഞിക്കണ്ണുകളടച്ചുറങ്ങിയ എനിക്ക് ഭാവിയില്‍ ഇവ രണ്ടും പാടാന്‍ അര്‍ഹത ലഭിച്ചു.

ബാല്യത്തില്‍തന്നെ ദൈവത്തിനു സ്വയം സമര്‍പ്പിച്ച ഞാന്‍ സഭയ്ക്കും സമൂഹത്തിനുംവേണ്ടി മാത്രമാണ് ജീവിച്ചത്. വൈദികന്‍, കോര്‍ എപ്പിസ്‌ക്കോപ്പ എന്നീ നിലകളില്‍ വിളിക്കപ്പെട്ട, വിളിക്ക് യോഗ്യമായ നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചുവരുന്നു.

2. വൈദികജീവിതത്തില്‍ അച്ചന് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികള്‍ എന്തെല്ലാം?

എഴുപതുകളുടെ ആരംഭംവരെ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ അമേരിക്കയില്‍ സ്വന്തമായി തുടര്‍ച്ചയായ ആരാധനയോ പ്രാര്‍ത്ഥനയോ നടത്താന്‍ സൗകര്യമില്ലാതെ ചിതറിപ്പാര്‍ക്കുകയായിരുന്നു. അവര്‍ ആരാധനയ്ക്കായി അമേരിക്കയിലെ മറ്റു സഭാ വിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ പോയിരുന്നു. ഇടയ്ക്കു പഠനത്തിനും മറ്റും എത്തുന്ന ഓര്‍ത്തഡോക്‌സ് വൈദികര്‍ അര്‍പ്പിച്ചിരുന്ന കുര്‍ബ്ബാന മാത്രമായിരുന്നു സ്വന്തം വിശ്വാസങ്ങളെ ഉറപ്പിക്കാന്‍ അവര്‍ക്കു ലഭിച്ചിരുന്ന സന്ദര്‍ഭം.

ഈ അവസ്ഥയിലാണ് ഞാന്‍ 1970 സെപ്റ്റംബറില്‍ സെമിനാരി പഠനത്തിനെത്തുന്നതും വിവിധ ദേശങ്ങളിലായി ചിതറിപ്പാര്‍ത്തിരുന്ന മലങ്കരസഭാമക്കളെ അതതുദേശങ്ങളില്‍ ഒരുമിച്ചുകൂട്ടി ആരാധനയ്ക്കു സൗകര്യമൊരുക്കിക്കൊടുക്കുവാന്‍ സഭാസ്‌നേഹികളായ വിശ്വാസികളോടൊപ്പം മുന്നിട്ടിറങ്ങുന്നതും.

അമേരിക്കയിലെ ആദ്യകാല ജീവിതം സാമ്പത്തിക ക്ലേശം നിറഞ്ഞതായിരുന്നു. സെമിനാരിയില്‍നിന്ന് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പായിരുന്നു വരുമാനമാര്‍ഗ്ഗം. സെമിനാരി പഠനത്തിനുശേഷം മുറിയൊഴിഞ്ഞുകൊടുക്കേണ്ട ദിവസം അധികൃതര്‍ അറിയിച്ചു. പലയിടത്തും ജോലിക്കപേക്ഷിച്ചു. സ്റ്റുഡന്റ് 'വിസ' ആയിരുന്നതിനാല്‍ ജോലിചെയ്യാന്‍ നിയമം അനുവദിച്ചിരുന്നില്ല. സമ്മര്‍ ക്യാംപില്‍ കൗണ്‍സലറായി ജോലി നോക്കാന്‍ കഴിയും. അങ്ങനെയാണ് അപേക്ഷ നല്‍കിയതും.

മുറി മാറിക്കൊടുക്കേണ്ടതിന്റെ തലേന്ന് വൈകിട്ടു വരെയും എന്തു ചെയ്യണം, എവിടെ പോകണം എന്നറിയാതെ വിഷമിച്ചു. എന്നെയും കുടുംബത്തെയും കൂടെ താമസിപ്പിക്കുവാന്‍ സൗകര്യമുള്ള മലയാളികള്‍ അത്രകണ്ട് ഇല്ലായിരുന്നു. മുറി വിടാന്‍ തയ്യാറായി പെട്ടിയൊക്കെ അടുക്കിവച്ചു പ്രാര്‍ത്ഥിച്ചു. രാത്രി പത്തുമണിയോടെ ഒരു ഫേണ്‍കോള്‍. ഒരു ക്യാംപ് നടത്തിയിരുന്ന ഡയറക്ടറുടേതായിരുന്നു അത്.

''നാളെ ഉച്ചയ്ക്കുമുമ്പ് ജോലിക്ക് ജോയിന്‍ ചെയ്യണം. താമസമുള്‍പ്പെടെ ചിലവു കഴിഞ്ഞ് ഒരാള്‍ക്ക് രണ്ടുമാസത്തേയ്ക്ക് 1000 ഡോളര്‍ തരാം. സാധ്യമെങ്കില്‍ പറയുക.'' സമ്മതിച്ചു. അതിനുവേണ്ടി പ്രവര്‍ത്തിച്ചത് ചെങ്ങന്നൂര്‍ സ്വദേശി ബോബി (ഐസക്ക്) ആയിരുന്നു. പായ്ക്കുചെയ്ത സാധനങ്ങള്‍ സ്‌നേഹിതനായ പി.ഐ. ജോണ്‍ സൂക്ഷിക്കാനായി കൊണ്ടുപോയി.

ന്യൂയോര്‍ക്കില്‍നിന്ന് 100 മൈല്‍ അകലെയായിരുന്നു സ്ഥലം. കെ. സി. ജോര്‍ജച്ചന്‍ കൊണ്ടുവിടാമെന്നു സമ്മതിക്കുകയും ചെയ്തു. അങ്ങനെ തല്‍ക്കാലം ആശ്വാസമായി. സമ്മര്‍ ക്യാംപിലെ ജോലി ഓഗസ്റ്റ് അവസാനം വരെയുണ്ടായിരുന്നു. വീണ്ടും എവിടെ താമസിക്കുമെന്ന പ്രശ്‌നം ഉയര്‍ന്നുവന്നു. ക്യാംപ് തീരുന്നതിന്റെ തലേന്ന് ഭാര്യയുടെ അമ്മാച്ചന്‍ ജോര്‍ജ് വര്‍ക്കിയും ഭാര്യയും എത്തി അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ പതിനേഴു ദിവസം താമസിച്ചു. പിന്നീട് ഒരു ചെറിയ അപ്പാര്‍ട്ടുമെന്റ് വാടകയ്‌ക്കെടുത്തു.

വരുമാനമാര്‍ഗ്ഗമൊന്നുമില്ലാതിരുന്നതിനാല്‍ ഒരു ഫാക്ടറിയില്‍ പോയി ജോലി ചെയ്തു. മണിക്കൂറിന് ഒന്നര ഡോളറില്‍ താഴെ മിനിമം ശമ്പളം കിട്ടി. പള്ളിയില്‍നിന്ന് പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല. ട്രെയിന്‍ യാത്രയ്ക്കുള്ള അര ഡോളര്‍ നല്‍കാമെന്നു പറഞ്ഞെങ്കിലും അതു വാങ്ങാറില്ലായിരുന്നു. പണത്തിനു വല്ലാത്ത ഞെരുക്കം. നാട്ടില്‍നിന്ന് പണം അമേരിക്കയില്‍ കൊണ്ടുവന്ന് ജീവിക്കുക അസാധ്യം. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് കഷ്ടപ്പാടുകള്‍ പുറത്തറിയിക്കാതെ ജീവിച്ചു.

3. പള്ളിയില്‍ വരുന്നവരുടെ വിശ്വാസനില ഇപ്പോള്‍ എങ്ങനെ? ബൈബിള്‍ പറഞ്ഞുമനസ്സിലാക്കാന്‍ അച്ചനുപയോഗിക്കുന്ന രീതി എന്താണ്? ബൈബിള്‍ ഉള്ളടക്കത്തെ ചോദ്യം ചെയ്യുന്നവര്‍ അച്ചനെ സമീപിച്ചിട്ടുണ്ടോ? അവരെ അച്ചന്‍ എങ്ങനെ ബോധവത്ക്കരിച്ചു?

പള്ളിയില്‍ വരുന്നവര്‍ ദൈവത്തിന്റെ തിരുസന്നിധിയില്‍ നില്‍ക്കുന്നു എന്ന് ഉത്തമബോധ്യമുള്ളവരാണ്. അവര്‍ ദൈവമക്കളെന്ന ഉത്തമബോധ്യം എനിക്കുമുണ്ട്. പ്രഭാഷണകല ദൈവത്തിന്റെ ദാനമാണെന്ന് ഞാന്‍ കരുതുന്നു.

അമേരിക്കയില്‍ ജീവിക്കുമ്പോള്‍ പുതിയ തലമുറയുടെ ചിന്താഗതി സ്വീകരിച്ചില്ലെങ്കില്‍ പഴഞ്ചനാകുമെന്ന ഭീതിയൊന്നും എനിക്കില്ല. പുതിയ തലമുറയെ മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നു. അമേരിക്കയിലെ പുതിയ തലമുറ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും അവര്‍ വളരുന്ന സംസ്‌കാരത്തിന്റെയും ഇടയില്‍കിടന്നു ഞെരുങ്ങുകയാണ്. ഒരു മദ്ധ്യവര്‍ത്തിത്വം സ്വീകരിക്കുന്നതിന് മാതാപിതാക്കള്‍ തയ്യാറാകണമെന്നാണ് എന്റെ നിരീക്ഷണം. നമ്മുടെ സംസ്‌കാരത്തെ അതേപടി നമ്മുടെ കുട്ടികള്‍ പിന്തുടരണമെന്ന് അനുശാസിക്കാതെ രണ്ടു സംസ്‌കാരങ്ങളുടെയും നന്മകള്‍ അനുകരിക്കുന്നതിന് അവരെ പ്രേരിപ്പിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു.

ആഴത്തിലുള്ള വായനയിലൂടെയും സ്വന്തമായ പരിശീലനത്തിലൂടെയും നേടിയെടുക്കുന്ന പ്രഭാഷണകല ഏതൊരു ശ്രോതാവിനെയും ആകര്‍ഷിക്കുന്നു. ചിലപ്പോള്‍ തമാശയിലൂടെയും മറ്റുചില സന്ദര്‍ഭത്തില്‍ ഗൗരവപൂര്‍ണ്ണമായ ചിന്തകളിലൂടെയുമാണ് ഞാന്‍ ശ്രോതാവിന്റെ ഹൃദയങ്ങളില്‍ എത്തിച്ചേരുന്നത്. അച്ചന്റെ പ്രസംഗം കേള്‍ക്കാന്‍വേണ്ടി മാത്രമാണ് താമസിച്ചായാലും പള്ളിയില്‍ എത്തുന്നതെന്ന് ചിലര്‍ പറയാറുണ്ട്.

ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതു ദേവാലയത്തിലെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു. ചെറുപ്പത്തില്‍ ആരുടെ പ്രസംഗം കേട്ടാലും എഴുതിയെടുക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ശങ്കരത്തില്‍ ജ്ഞാനശിഖാമണി കത്തനാരുടെ പ്രസംഗമാണ് മിക്കവാറും എല്ലാ ഞായറാഴ്ചയും കേട്ടിരുന്നതും എന്നെ ആകര്‍ഷിച്ചിരുന്നതും. കൂടാതെ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെ സാന്ദ്രമധുരമായ ഗാനാലാപനവും ഗാംഭീര്യമാര്‍ന്ന പ്രസംഗവചസ്സുകളും പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ ബാവായുടെ ഇടിനാദംപോലെയുള്ള വാഗ്‌ധോരണിയും പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ പ്രൗഢതയും ആഢ്യത്വവും കലര്‍ന്ന പക്വതയെത്തിയ പ്രസംഗചാതുരിയും നാഴികക്കല്ലുകളായി, നൈവേദ്യമായി എന്റെ മനസ്സില്‍ തിങ്ങിനില്‍ക്കുന്നു. പുത്തന്‍കാവില്‍ തിരുമേനിയുടെ 'വെളിവുനിറഞ്ഞോരീശോ....' എന്നതും 'അന്‍പുടയോനെ....' എന്ന ഗീതവും കേട്ടിട്ടുള്ളത് മതിവന്നിട്ടില്ല. പള്ളിയില്‍ നില്‍ക്കുമ്പോള്‍ ഇന്നും അതെല്ലാം കേള്‍ക്കുന്നതു പോലെയാണ് എനിക്ക്.

പ്രസംഗത്തിനുമുമ്പ് ചില്ലറ തയ്യാറെടുപ്പ് നടത്താറുണ്ട്. ജോലിക്കും മറ്റും തനിയെ ഡ്രൈവ് ചെയ്തുപോകുമ്പോള്‍ ഒരു Tape recorder കൈവശം കാണും. എന്തെങ്കിലും പ്രത്യേക ചിന്തകളോ ആശയങ്ങളോ തോന്നിയാല്‍ - എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍ കണ്ടാല്‍ അത് ഉടന്‍ ടേപ്പില്‍ പകര്‍ത്തും. ഇത് ആരോടെങ്കിലും സംസാരിക്കുന്നതില്‍നിന്നും, വെളിയില്‍ കാണുന്ന കാഴ്ചകളില്‍നിന്നും കാറിലെ റേഡിയോ വാര്‍ത്തകള്‍ കേള്‍ക്കുന്നതില്‍നിന്നും ഒക്കെ ആകാം. പ്രസംഗപീഠത്തില്‍ കയറുമ്പോള്‍ കുറിപ്പുകള്‍ നോക്കാതെ തന്നെ ഒരുവിധം സംസാരിക്കാനുള്ള കഴിവ് ദൈവത്തിന്റെ ദാനമായി ഞാന്‍ കരുതുന്നു. ആശയം പിന്നാലെ വരും. പതിനേഴാമത്തെ വയസ്സില്‍ ശെമ്മാശനായി സ്വന്തം ഇടവകയായ കുമ്പഴ പടിഞ്ഞാറെ കത്തീഡ്രലില്‍ ആദ്യം പ്രസംഗിച്ചത് എട്ടുനോമ്പുവീടുന്ന ദിവസമായിരുന്നു. സദസ്സില്‍ രണ്ടായിരത്തില്‍പരം ജനങ്ങളുണ്ടായിരുന്നു. ഇതായിരുന്നു ആദ്യപ്രസംഗം. വളരെ അഭിനന്ദനങ്ങള്‍ അന്ന് ഏറ്റുവാങ്ങി.

നാട്ടില്‍ പ്രസംഗിക്കുമ്പോഴും അമേരിക്കയില്‍ പ്രസംഗിക്കുമ്പോഴും വ്യത്യസ്ത ശൈലിയൊന്നും അവലംബിക്കാറില്ല. നാട്ടിലും അമേരിക്കയിലും മലയാളികളോടു പ്രസംഗിക്കുമ്പോള്‍ ശൈലിക്കു വലിയ വ്യത്യാസം വന്നിട്ടില്ല. എന്നാല്‍ അമേരിക്കയില്‍ ധാരാളം സമയം പ്രസംഗിച്ചു മുഷിപ്പിക്കുന്നത് ആളുകള്‍ ഇഷ്ടപ്പെടുന്നില്ല. വെറും കണ്‍വന്‍ഷന്‍ പ്രസംഗശൈലിയേക്കാള്‍ കൂടുതല്‍ വിജ്ഞാനദീപ്തവും വാക്ചാതുരിപുഷ്ടവും ആയ പ്രസംഗമാണ് അമേരിക്കയില്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ കൂടുതല്‍ വായനാശീലംകൊണ്ട് സംക്ഷിപ്തവും ശ്രോതവ്യവുമായ പ്രസംഗങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കാറുണ്ട്. നാട്ടില്‍വച്ച് രണ്ടു മണിക്കൂര്‍ വരെ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചിട്ടുണ്ട്. കഥകളും ഉദാഹരണങ്ങളും കൊണ്ട് പ്രസംഗം നീളും. കുര്‍ബ്ബാന മദ്ധ്യേയുള്ള പ്രസംഗം 15-20 മിനിറ്റ് നടത്തും. കണ്‍വന്‍ഷന് ഏതെങ്കിലും പള്ളിയില്‍ പോയാല്‍ ഒരു മണിക്കൂര്‍ പ്രസംഗിക്കും. മലയാളം അറിയാത്ത കുട്ടികളുള്ള പള്ളിയില്‍ ചെന്നാല്‍ ഭാഷ ഇടകലര്‍ത്തി പ്രസംഗിക്കും.

പ്രസംഗിക്കുമ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു വേദവാക്യം കയറിവരാറുണ്ട്. 'ആദിയില്‍ ദൈവം' (ഉല്പത്തി 1:1) ഏതു പ്രവൃത്തിയും ദൈവചിന്തയോടുകൂടി തുടങ്ങുന്നുവെങ്കില്‍ അതു ശ്രേഷ്ഠമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

ബൈബിള്‍ ഉള്ളടക്കത്തെ ചോദ്യം ചെയ്യുന്നവര്‍ എന്നെ സമീപിച്ചിട്ടില്ല. ഏതു സംശയം ചോദിച്ചാലും ബൈബിളിലെ വിശ്വാസസത്യങ്ങള്‍ വിശദീകരിച്ച് ചോദ്യകര്‍ത്താവിനെ സംതൃപ്തനാക്കാന്‍ ദൈവകൃപയാല്‍ എനിക്കു കഴിയാറുണ്ട്.

4. ആത്മീയ ജീവിതം കുടുംബജീവിതവുമായി അച്ചന്‍ എങ്ങനെ ക്രമപ്പെടുത്തുന്നു? ശാരീരികമായ ആരോഗ്യം എങ്ങനെ നിലനിര്‍ത്തുന്നു?

വൈദികജീവിതവും കുടുംബജീവിതവും ജോലിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് എന്റേത്. ഏതു സാഹചര്യത്തിലും ഇണങ്ങിച്ചേരുന്ന, ഏതു സാഹചര്യത്തിലും ദൈവമഹത്വം കണ്ടെത്തുന്ന, ഏതു പ്രതിസന്ധിയിലും സമചിത്തത കാട്ടുന്ന, അതിഥിസല്‍ക്കാരത്തില്‍ സന്തുഷ്ടി കണ്ടെത്തുന്ന, അധികം ആഡംബരഭ്രമമില്ലാത്ത, ദൈവഭക്തിയില്‍ മുന്നിട്ടുനില്‍ക്കുന്ന, സ്‌നേഹപരിചരണ പരിലാളനങ്ങളോടെ ഭര്‍ത്താവിനെയും മക്കളെയും ശുശ്രൂഷിക്കുന്ന ഒരു മഹിളാരത്‌നത്തെയാണ് ദൈവം സഹധര്‍മ്മിണിയായി എനിക്കു നല്കിയത്.

ധര്‍മ്മപത്‌നിയായ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ കുടുംബജീവിതത്തില്‍ സമര്‍ത്ഥയായ പങ്കാളിയായിരിക്കുന്നതുപോലെ വൈദികജീവിതത്തിലും താങ്ങും തണലും എനിക്ക് നല്‍കുന്നു. ഇരുവരും പള്ളിയില്‍ ഒരുമിച്ച് എത്തുന്നു. വീട്ടിലെ ഭാരങ്ങളൊന്നും എന്നെ അലട്ടാതിരിക്കുവാന്‍ ശ്രമിക്കുന്നതിനൊപ്പം എന്റെ ജീവിതശ്രേണികളിലെ ഭാരങ്ങള്‍ ലഘൂകരിക്കുന്നതിന് യത്‌നിക്കുകയും ചെയ്യുന്നു. അമേരിക്കയിലെത്തി നാല് മാസ്റ്റര്‍ ബിരുദങ്ങളും പി.എച്ച്.ഡിയുടെ പഠിത്തവും തീര്‍ക്കുന്നതിന് ഞാന്‍ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. കോളേജില്‍ സമര്‍പ്പിക്കേണ്ടിയിരുന്ന പ്രബന്ധങ്ങള്‍ എല്ലാം രാപ്പകലുകള്‍ മെനക്കെട്ട് ടൈപ്പ് ചെയ്തുതന്നതെല്ലാം ഭാര്യയാണ്. സന്തതസഹചാരിയായ സഹനശീലയായ ആ കര്‍മ്മകുശലയുടെ ചാതുര്യം കുടുംബത്തിന്റെ ഭാരങ്ങള്‍ ലഘൂകരിക്കുവാന്‍ ഏറ്റം സഹായകമായിട്ടുണ്ട്.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണംചെയ്യാന്‍ എനിക്ക് തുണയായത് എന്റെ പത്‌നിയാണെന്ന് ഞാന്‍ ഒരിക്കല്‍ പ്രസംഗിക്കുകയുണ്ടായി. ഏതു ഭാരവും സ്വയം വഹിച്ചാല്‍ അതിനു ഭാരമേറുകയേയുള്ളൂ, പ്രത്യുത ദൈവകരങ്ങളില്‍ അര്‍പ്പിച്ചാല്‍ അതു ദൈവം നോക്കിക്കൊള്ളും. എത്ര പിണക്കമുള്ളവരോടും പിണങ്ങിയിരിക്കാന്‍ ഞാന്‍ തുനിയാറില്ല. ഇടവകയില്‍ പൊതുയോഗത്തില്‍ ചെറുതായെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നവരുടെ ഭവനത്തില്‍ അന്നു വൈകിട്ടുതന്നെ ചെന്ന് അയാളുമായുള്ള പ്രയാസം മാറ്റുന്നതിന് ഞാന്‍ ശ്രമിക്കാറുണ്ട്. ഇടവകയില്‍ ചേരിതിരിവ് ഉണ്ടാക്കാതെ ഏവരെയും ഒരുപോലെ ഞാനും കുടുംബവും കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതിലാണ് ഞങ്ങള്‍ സംതൃപ്തി കണ്ടെത്തുന്നത്. വീട്ടില്‍ വരുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാതെ വിടുകയില്ല. ആരുവന്നാലും സ്വന്തംപോലെ സ്വീകരിക്കും ആരെയും വിരുന്നുകാരായി ഞങ്ങള്‍ കാണില്ല.

തിരക്കിനിടയിലും ഭാര്യയുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും കവിതയെപ്പറ്റി വിമര്‍ശനം നടത്താനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതൊരു ആഹ്ലാദമായി ഞാന്‍ കാണുന്നു. വളരെയധികം ജോലിത്തിരക്കില്‍ക്കൂടി കടന്നുപോകുന്ന ഒരു വ്യക്തിയാണ് എല്‍സി യോഹന്നാന്‍. അമേരിക്കയിലെ നാസാ കൗണ്ടി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പബ്ലിക് വര്‍ക്‌സില്‍ മെറ്റീരിയല്‍ എന്‍ജിനീയര്‍ ആയിട്ടാണ് എല്‍സി ജോലി ചെയ്തിരുന്നത്. വീട്ടുകാര്യം, അതിഥിസല്‍ക്കാരം തുടങ്ങി നാനാവിധ ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന സമയത്താണ് എല്‍സി യോഹന്നാന്‍ കവിതകള്‍ എഴുതാറുള്ളത്. എഴുതുന്ന കവിതകള്‍ രാത്രിയില്‍ എന്നെ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ ചില ഭാഗങ്ങള്‍ മാറ്റിക്കളയുക, വിസ്താരവിപുലത കുറയ്ക്കുക തുടങ്ങി ധാരാളം വിമര്‍ശനങ്ങള്‍ ഞാന്‍ നടത്താറുണ്ട്. ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ കേട്ട് ഭാര്യയ്ക്ക് പരിഭവം ഉണ്ടാകാറുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങള്‍ കവിതയിലെ കരടുകളെ നീക്കംചെയ്യാന്‍ വളരെ സഹായിക്കുന്നുണ്ടെന്നാണ് എന്റെ വീക്ഷണം.

അതുപോലെതന്നെ എന്റെ ഒരു വലിയ ശക്തിയാണ് ഈ മഹിളാരത്‌നം. സ്‌നേഹത്തോടെ ശുശ്രൂഷിക്കുകയും ഒരു സഹോദരിയുടെയും അമ്മയുടെയും ഭാര്യയുടെയും സ്‌നേഹം നല്‍കുകയും ചെയ്യുന്ന വ്യക്തി. അതില്‍ ഞാന്‍ സംതൃപ്തനാണ്. കാരണം എനിക്ക് സഹോദരിയുടെയും ബാല്യത്തിലെ മാതൃവിയോഗത്താല്‍ മാതാവിന്റെയും സ്‌നേഹത്തിന്റെ അഭാവം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം എല്‍സി നന്നായി മനസ്സിലാക്കിയിട്ടുണ്ട്. വീട്ടിലെ ധാരാളം ചുമതലകള്‍ എന്നോടൊപ്പം ധര്‍മ്മപത്‌നിയും ഏറ്റെടുത്തു നടത്തുന്നതിനാല്‍ കുടുംബഭാരം വളരെ ലഘൂകരിക്കപ്പെടുന്നു.

ഞാന്‍ ദേവാലയത്തില്‍ നടത്തിയിട്ടുള്ള വചനശുശ്രൂഷകളും പ്രഭാഷണങ്ങളും കൃത്യമായി ഭാര്യ എഴുതി സൂക്ഷിക്കുന്നു. ഒരിക്കലെങ്കിലും ഒരു പ്രസംഗം ആവര്‍ത്തിക്കപ്പെട്ടാല്‍ അത് ഈ ദിവസം പറഞ്ഞ ആശയമാണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അതു വളരെ പ്രയോജനപ്പെടാറുണ്ട്.

എല്‍സിയുടെയും ജീവിതവിജയത്തിന്റെ രഹസ്യം കഠിനാദ്ധ്വാനവും സേവനതല്പരതയും ലാളിത്യവും ദൈവഹിതമനുസരിച്ചുള്ള അര്‍പ്പണ ജീവിതവുമാണ്. 1971-ല്‍ അമേരിക്കയില്‍ എത്തിയ എല്‍സി, അക്ഷരാര്‍ത്ഥത്തില്‍തന്നെ എനിക്ക് താങ്ങും തണലുമായിരുന്നു. ഇടവകകള്‍ രൂപീകരിക്കാനുള്ള ഓട്ടവും സാമ്പത്തിക ബുദ്ധിമുട്ടും മറ്റും എന്നെ പരിക്ഷീണനാക്കാതെ പിടിച്ചുനിര്‍ത്തിയത് ഭാര്യയുടെ ഉറച്ച പിന്തുണയും സ്‌നേഹവായ്പും ആയിരുന്നു. ഇതിനിടയില്‍ അധ്യാപനത്തിലും കെമിക്കല്‍ എന്‍ജിനീയറിംഗിലും മാസ്റ്റര്‍ ബിരുദങ്ങളും നേടി.

ഇതുവരെ 12 ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എല്‍സിയെ അമേരിക്കയിലെ ഭക്തകവയിത്രി എന്നാണ് അറിയപ്പെടുന്നത്. സന്മാര്‍ഗ താത്വികചിന്തകള്‍ നിറഞ്ഞവയും ഈശ്വരചൈതന്യം സ്ഫുരിക്കുന്നതുമായ കവിതകള്‍. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി വൃത്തഭംഗിയില്‍ സാന്ദ്രമധുരഗാനങ്ങളിലൂടെ തര്‍ജ്ജമ ചെയ്തതുള്‍പ്പെടെ. 2 സ്റ്റോറി ബുക്‌സ്.

സണ്‍ഡേസ്‌കൂള്‍ അധ്യാപിക, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും വ്യക്തിമുദ്രകള്‍ പതിപ്പിച്ചിട്ടുള്ള എല്‍സി അമേരിക്കന്‍ ഭദ്രാസനത്തിലെ സ്ത്രീസമാജത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയാണ്.

എന്റെ ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചല്ലോ? 'എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം ഞാന്‍ സകലത്തിനും മതിയായവനാകുന്നു' എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്.

5. ഇപ്പോള്‍ സ്വന്തമായി ഒരു പള്ളി പണിയാന്‍ കഴിഞ്ഞല്ലോ ഇനിയും എന്തൊക്കെ ചെയ്യാന്‍ ഉദ്ദേശിക്കുന്നു?

84 വയസ്സ് തികഞ്ഞ എന്റെ ജീവിതം ദൈവത്തിന്റെ ദാനമാണ്. ഞാന്‍ ദൈവകരങ്ങളിലെ ഒരു ഉപകരണം മാത്രം. ദൈവംതന്ന താലന്തുകളെ അറുപതും നൂറും മേനിയായി വര്‍ദ്ധിപ്പിക്കുവാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അന്തിമ വിധിനാളില്‍ ''നല്ലവനും വിശ്വസ്തനുമായ ദാസന്‍'' എന്ന് എന്റെ ദൈവം എന്നെ വിളിക്കണമേ എന്നു മാത്രമാണ് എന്റെ പ്രാര്‍ത്ഥന. ദൈവതിരുനാമ മഹത്വത്തിനായി അവസാനശ്വാസംവരെയും ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ലോങ് ഐലന്റ് സെന്റ് തോമസ് പള്ളിയുടെ നിര്‍മ്മാണത്തില്‍ കൈയ്‌മെയ് മറന്ന് 5 വര്‍ഷം പ്രവര്‍ത്തിക്കാന്‍ കരുണ ചെയ്ത ദൈവത്തെ നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു.

6. ബൈബിളിലെ ശ്രദ്ധേയമായ ഭാഗം ഏത്? അച്ചന് ബൈബിളില്‍ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം ഏത്?

''ശുശ്രൂഷിക്കപ്പെടുവാനല്ല; ശുശ്രൂഷിക്കുവാനാണ്'' ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന ബോധ്യം എന്നും എനിക്കുണ്ട്. ദൈവസ്‌നേഹത്തിനായി സമര്‍പ്പിക്കപ്പെട്ട എനിക്ക് ബൈബിളിലെ ഏതു വാക്യവും വിലപ്പെട്ടതുതന്നെ. പ്രസംഗിക്കുമ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു വേദവാക്യം കയറിവരാറുണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ. 'ആദിയില്‍ ദൈവം' (ഉല്പത്തി 1:1) ദൈവചിന്തയോടുകൂടി ആരംഭിക്കുന്ന ഏതു പ്രവൃത്തിയും ശുഭകരമായിരിക്കും. 'യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവന്‍ വൃഥാ അദ്ധ്വാനിക്കുന്നു' എന്ന ബോധ്യവും എനിക്കുണ്ട്. ''മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്ന് നിങ്ങള്‍ ഇച്ഛിക്കുന്നത് ഒക്കെയും നിങ്ങള്‍ അവര്‍ക്ക് ചെയ്‌വീന്‍'' (മത്തായി 7:12) എന്ന വാക്യമാണ് ബൈബിളിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം എന്ന് ഞാന്‍ കരുതുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട അധ്യായത്തെക്കുറിച്ച് ചോദിച്ചുവല്ലോ. മൂന്ന് അധ്യായങ്ങള്‍ ഞാന്‍ കുറിക്കട്ടെ. 1. യഹോവ എന്റെ ഇടയനാകുന്നു; എനിക്ക് മുട്ടുണ്ടാകയില്ല - എന്ന് തുടങ്ങുന്ന 23-ാം സങ്കീര്‍ത്തനം. 2. ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്ക് സ്‌നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ, ചിലമ്പുന്ന കൈത്താളമോ അത്രേ - എന്ന് ആരംഭിക്കുന്ന 1 കൊരിന്ത്യര്‍ 13-ാം അദ്ധ്യായം. 3. വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു - എന്നുതുടങ്ങുന്ന എബ്രായര്‍ പതിനൊന്നാം അദ്ധ്യായം.

7. മനുഷ്യര്‍ക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടാകുന്നത് എന്തുകൊണ്ട്? കരുണാമയനായ ദൈവം എന്തിന് അത് അനുവദിക്കുന്നു?

കുരിശില്ലാതെ കിരീടമില്ല. വേദനയില്ലാതെ വേതനമില്ല. സുഖമില്ലാതെ ദുഃഖമില്ല. ഒരു കയറ്റം ഉണ്ടെങ്കില്‍ ഒരു ഇറക്കവും ഉണ്ട്. ദുരിതങ്ങളും കഷ്ടപ്പാടുകളും മനുഷ്യന്റെ കൂടെപ്പിറപ്പുകളാണ്. അതില്ലാത്ത ഒരു ലോകത്ത് ആര്‍ക്കും ജീവിക്കാനാവില്ല. സുഖജീവിതം കൈക്കുമ്പിളിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കൈവിരലുകള്‍ക്കിടയിലൂടെ അത് ചോര്‍ന്നുപോകുന്ന സ്ഥിതി! ആദ്ധ്യാത്മികതയില്‍നിന്ന് അകലുന്തോറും സൗഖ്യവും സുഖജീവിതവും അകലും. ദൈവികതയുടെ തണലിലേ കൊടുംവേദനയുടെ ചൂടിന് ശമനം ഉണ്ടാവൂ. വേദനിക്കാത്തവരായി മനുഷ്യരില്ലെന്നല്ല ജീവജാലങ്ങളില്‍തന്നെ ആരുമില്ല. 'ഈ പാനപാത്രം എന്നില്‍നിന്ന് നീക്കേണമേ' എന്നാണ് യേശുക്രിസ്തു നിലവിളിച്ചത്. അടുത്തക്ഷണത്തില്‍ അവിടുന്നു പറയുന്നു: വേണ്ട അങ്ങയുടെ ഹിതം നടക്കട്ടെ എന്ന്.

സഹനങ്ങളെ സ്വന്തം ഇച്ഛാശക്തികൊണ്ടും ആദ്ധ്യാത്മികതകൊണ്ടും, പ്രാര്‍ത്ഥനകൊണ്ടും ധ്യാനംകൊണ്ടും മാത്രമേ അതിജീവിക്കാനാവൂ.

8. മനുഷ്യരുടെ ഇന്നത്തെ ഏറ്റവും വലിയ വേവലാതി ഭാവി എങ്ങനെ ആകുമെന്നാണ്. അച്ചനു പറയാനുള്ളത് എന്താണ്?

ഏതു വന്‍വൃക്ഷത്തെയും ഭൂമിയില്‍ താങ്ങി നിര്‍ത്തുന്നത് അവയുടെ വേരുകള്‍ ആണ്. വേരുകള്‍ അറ്റുപോകുമ്പോള്‍ അവ മറിഞ്ഞു വീഴും. മനുഷ്യനും ഇതുപോലെതന്നെ. ബന്ധങ്ങള്‍ അറ്റുപോകുമ്പോള്‍ അവന്‍ ഏകനാകുന്നു. അവനും അടിതെറ്റുന്നു. പരസ്പര സ്‌നേഹവും വിശ്വാസവുമാണ് ജീവിതത്തിന്റെ വേരുകള്‍. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാല്‍ ഭാവി ശോഭനമായിരിക്കും.

9. പുതിയ തലമുറ പഴയ ആളുകളെപ്പോലെ ദൈവവിശ്വാസങ്ങളില്‍ ഉറച്ചവരല്ലെന്ന് നമ്മള്‍ കേള്‍ക്കുന്നു. അച്ചനെന്ന നിലയിലും വ്യക്തിപരമായും ഈ വിഷയം ഗൗരവതരമായി പരിഗണക്കേണ്ടതുണ്ടോ?

ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണിത്. പുതിയ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അനുകരിക്കാന്‍ ഉത്തമമാതൃകകള്‍ ഇല്ലാത്തതാണ്. മാതാപിതാക്കളെ സ്‌നേഹിക്കുക, ബഹുമാനിക്കുക, ദൈവികാനുഷ്ഠാനങ്ങളില്‍ ശ്രദ്ധാലുക്കളാകുക, മാതാപിതാക്കളുമൊത്ത് പ്രാര്‍ത്ഥനാദി മതവിശ്വാസങ്ങളില്‍ ഭാഗഭാക്കാകുക, ദേവാലയാരാധനയില്‍ മുടക്കം വരുത്താതിരിക്കുവാന്‍ ശ്രദ്ധിക്കുക ഇങ്ങനെയൊക്കെ ചെയ്താല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുടെ സംസ്‌കാരത്തിലെ നന്മകള്‍ കൈവിടാതെയിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അവരുമായി സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ക്കു സമയം ലഭിക്കാതെ വരുമ്പോഴാണ് അവര്‍ മുഴുവനായും അമേരിക്കന്‍ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് നമ്മില്‍നിന്നും അകന്നുപോകുന്നത്. സ്‌നേഹപൂര്‍വ്വം നമ്മുടെ ആഗ്രഹങ്ങള്‍ - നമ്മുടെ കുഞ്ഞുങ്ങളെപ്പറ്റി നമുക്കുള്ള പ്രതീക്ഷകള്‍ - അവരുമായി പങ്കിടേണ്ടത് ആവശ്യമാണ്. ശൈശവം മുതല്‍ നമ്മുടെ സംസ്‌കാരത്തിന്റെ നല്ലവശങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും.

പ്രാര്‍ത്ഥനയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് ജീവിതചര്യകള്‍ അനുഷ്ഠിക്കണം. അമേരിക്കന്‍ ചുറ്റുപാടില്‍ വളരുന്ന കുഞ്ഞുങ്ങള്‍ തെറ്റിപ്പോകുന്നവരാണെന്ന ഒരു ചിന്താഗതി കേരളത്തില്‍ പരക്കെയുണ്ട്. അത് തെറ്റാണെന്ന് എനിക്ക് അഭിപ്രായമുണ്ട്. കൂടുതല്‍ അച്ചടക്കവും ബൗദ്ധികനിലവാരവും ദൈവഭയവും ഉള്ളവരായിട്ടാണ് യുവതലമുറയെ ഞാന്‍ കണ്ടുവരുന്നത്. അങ്ങിങ്ങ് തെറ്റിപ്പോകുന്നവര്‍ കണ്ടേക്കാം. മാതാപിതാക്കള്‍ അവരുടെ ചുമതല ശരിക്കു വഹിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.

10. ഇ-മലയാളിയുടെ അംഗീകാരം അറിഞ്ഞപ്പോള്‍ അച്ചന് എന്തുതോന്നി? ഇ-മലയാളിയെക്കുറിച്ചുള്ള അച്ചന്റെ അഭിപ്രായം?

ഏതു പ്രായത്തിലാണെങ്കിലും അവാര്‍ഡ് ലഭിക്കുക ആനന്ദകരമായ ഒരനുഭവമാണ്. ഞാന്‍ അമേരിക്കയില്‍ എത്തി അര നൂറ്റാണ്ട് തികയുന്ന ഈ ശുഭമുഹൂര്‍ത്തത്തില്‍ ലഭിച്ച വിലമതിക്കാനാവാത്ത അംഗീകാരമായി ഇ-മലയാളിയുടെ പുരസ്‌കാരം ആദരപൂര്‍വ്വം സ്വീകരിക്കുന്നു.

നന്മനിറഞ്ഞ കരങ്ങളാണ് ഇ-മലയാളിയെ അണിയിച്ചൊരുക്കുന്നതെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. ഇതിന്റെ അണിയറ ശില്പികളെ ദൈവം വാഴ്ത്തി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അമേരിക്കന്‍ മലയാളികളെ കോര്‍ത്തിണക്കുന്ന ഈ സുവര്‍ണശൃംഖലയുടെ കണ്ണികള്‍ ഒരിക്കലും അറ്റുപോകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു. 

read also












Join WhatsApp News
George Abraham 2020-03-12 20:06:35
Bow my head before the sacrifice of this great priest and family to glorify His Name. Prayers....🙏✝️
ദൈവം 2020-03-13 22:23:11
ആർക്കും ഒരു ദാനവും ഞാൻ കൊടുക്കാറില്ല .അവനവന് കിട്ടിയിരിക്കുന്ന താലന്ത് കുഴിച്ചിടാതെ ഇരട്ടിക്കാൻ നോക്കുക . കുഴപ്പം എവിടെയാണെന്നു ചോദിച്ചാൽ , ഇരട്ടിപ്പെന്നു കേട്ടാൽ നോട്ടിരട്ടിപ്പിന്റെ കാര്യമാണ് ആദ്യം ഓരോത്തരുടെ തലയിൽ കയറുന്നത് , രാഷ്ട്രീയക്കാരും മതനേതാക്കളും ഇരട്ടിപ്പ് സംഘത്തിൽപെട്ടവരാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക