Image

സ്വയം അന്വേഷിച്ച ലൈംഗിക ആരോപണം ഇത് എത്രത്തോളം സത്യമാണ്? (ശ്രീജിത്ത് പണിക്കര്‍ )

ശ്രീജിത്ത് പണിക്കര്‍ Published on 17 March, 2020
സ്വയം അന്വേഷിച്ച ലൈംഗിക ആരോപണം ഇത് എത്രത്തോളം സത്യമാണ്? (ശ്രീജിത്ത് പണിക്കര്‍ )
തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം സ്വയം അന്വേഷിച്ച് സ്വന്തം നിരപരാധിത്വം തെളിയിച്ച ആളാണ് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്ന് അഡ്വ ജയശങ്കര്‍ എഴുതിക്കണ്ടു.

ഇത് എത്രത്തോളം സത്യമാണ്?

2019 ഏപ്രില്‍ 19നാണ് ഗൊഗോയ്‌ക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി പരാതി നല്‍കുന്നത്. തുടര്‍ന്ന് അസാധാരണമായി ഗൊഗോയ് തന്നെ ജസ്റ്റിസ് സഞ്ജയ് ഖന്ന, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരെ ക്ഷണിച്ച് ഒരു സിറ്റിങ് നടത്തി. താന്‍ നിരപരാധിയാണെന്നും ഇത് നിയമസംവിധാനത്തെ അപകടപ്പെടുത്താനുള്ള ശ്രമമാണെന്നും പറഞ്ഞു. ആരോപണങ്ങള്‍ ഗുരുതരം ആണെന്നും ഇരുഭാഗവും അന്വേഷിക്കപ്പെടണമെന്നും മറ്റ് ജഡ്ജിമാര്‍ തീരുമാനിച്ചു. ഗൊഗോയ് ഒപ്പിടാതെ വിട്ടുനിന്നു.

പരാതിക്കാരി ഗൊഗോയ്‌ക്കെതിരെ കേസ് കൊടുക്കുകയായിരുന്നില്ല ചെയ്തത്. ആഭ്യന്തരമായി ലഭിച്ച പരാതി തുടര്‍ന്ന് കേള്‍ക്കാന്‍ ചട്ടപ്രകാരം ഒരു ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചു. പക്ഷപാതം ഇല്ലാതെ സുപ്രീം കോടതിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മുതിര്‍ന്ന ജഡ്ജുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ എന്നിവരെയും വനിതാ ജഡ്ജായ ഇന്ദിരാ ബാനര്‍ജിയെയും ഉള്‍പ്പെടുത്തി. എന്നാല്‍ ജസ്റ്റിസ് രമണയും ജസ്റ്റിസ് ഗൊഗോയ്‌യും അടുത്ത സൗഹൃദം ഉള്ളയാള്‍ക്കാര്‍ ആണെന്ന് പരാതിക്കാരി ആരോപിച്ചു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് രമണ സ്വമേധയാ കമ്മിറ്റിയില്‍ നിന്നും ഒഴിവായി.

തുടര്‍ന്ന് കമ്മിറ്റിയില്‍ ഭൂരിപക്ഷം സ്ത്രീകള്‍ ഉണ്ടാകണം എന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. അതേത്തുടര്‍ന്ന് ജസ്റ്റിസ് രമണയ്ക്കു പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നിയമിക്കപ്പെട്ടു. കമ്മിറ്റിയുടെ മുന്നില്‍ ആദ്യം ഹാജരായ പരാതിക്കാരി തനിക്ക് വക്കീലിനെ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്റേണല്‍ കമ്മിറ്റി ഹിയറിങ്ങില്‍ വക്കീലിനെ വെക്കാന്‍ ചട്ടപ്രകാരം സാധ്യമല്ലെന്ന് കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് താന്‍ ഹാജരാകുന്നില്ല എന്നും കമ്മിറ്റിയെ തനിക്ക് ഭയമാണെന്നും പറഞ്ഞ പരാതിക്കാരി തുടര്‍ന്ന് ഹിയറിങ് ബഹിഷ്‌കരിച്ചു.

അന്വേഷണം നടത്തിയ കമ്മിറ്റിക്ക് പീഡനസംബന്ധിയായ തെളിവുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ആരോപണത്തില്‍ കാര്യമില്ലെന്ന് കണ്ടെത്തിയ കമ്മിറ്റി തങ്ങളുടെ റിപ്പോര്‍ട്ട് ചട്ടപ്രകാരം അടുത്ത മുതിര്‍ന്ന ജഡ്ജിനു സമര്‍പ്പിച്ചു. ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കോടതി ചട്ടപ്രകാരം പ്രസിദ്ധീകരിക്കാവുന്നതല്ല താനും.

ഇതേ സമയത്താണ് ഗൊഗോയ്‌ക്കെതിരെ പരാതിക്കാരിയെ സഹായിച്ചാല്‍ 50 ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞ് ഒരാള്‍ തന്നെ സമീപിച്ചെന്നു പറഞ്ഞ് സുപ്രീം കോടതി അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ് രംഗത്തു വരുന്നത്. വന്നയാള്‍ ആ തുക 1.5 കോടിയായി ഉയര്‍ത്തിയെന്നും ബെയ്ന്‍സ് പറഞ്ഞു. ഈ ആരോപണം അന്വേഷിക്കുന്നത് ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ്. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഡയറക്ടര്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എന്നിവരെ ബെഞ്ച് വിളിച്ചുവരുത്തിയിരുന്നു.

പരാതിക്കാരിയായ യുവതി ഗൊഗോയ്‌യുടെ ഓഫീസിലെ ജീവനക്കാരി ആയിരുന്നു. എന്നാല്‍ പിന്നീട് നല്‍കപ്പെട്ട ഒരു ട്രാന്‍സ്ഫറിനെ അവര്‍ എതിര്‍ത്തു. തുടര്‍ന്ന് അവര്‍ കാരണം കൂടാതെ രണ്ടാഴ്ച ജോലിയില്‍ നിന്ന് വിട്ടു നിന്നു. ഇതേത്തുടര്‍ന്ന് അവരെ 2019 ജനുവരിയില്‍ ജോലിയില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി രജിസ്ട്രാര്‍ പിരിച്ചു വിട്ടു.

ഇതിനിടെ പരാതിക്കാരിയുടെ പൊലീസുകാരായ ഭര്‍ത്താവും സഹോദരനും മറ്റ് രണ്ട് ക്രിമിനല്‍ പരാതികളുടെ പേരില്‍ സസ്‌പെന്‍ഷനില്‍ ആകുന്നു. പരാതിക്കാരി ജോലി തരാമെന്നു പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചെന്ന നവീന്‍ കുമാര്‍ എന്നയാളുടെ പരാതിയില്‍ പരാതിക്കാരിയെ പൊലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇത് സംഭവിക്കുന്നത് 2019 മാര്‍ച്ചില്‍. അടുത്ത മാസം അവര്‍ ഗൊഗോയ്‌ക്കെതിരെ പരാതി നല്‍കുന്നു. പരാതിയില്‍ പറയുന്നത് പ്രകാരം 2018 ഒക്ടോബര്‍ 10നും 11നും ഗൊഗോയ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. 2019 സെപ്റ്റംബറില്‍ നവീന്‍ കുമാര്‍ കേസ് പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിക്കുന്നു.

തന്നെ പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് കോടതി രജിസ്ട്രാര്‍ക്ക് അപ്പീല്‍ നല്‍കിയ പരാതിക്കാരി പിന്നീട് അപ്പീല്‍ പിന്‍വലിച്ചു. തുടര്‍ന്ന് മാപ്പ് അപേക്ഷിച്ച്, തനിക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി വേണമെന്നു കാട്ടി പരാതിക്കാരി ചീഫ് ജസ്റ്റിസ് ഗൊഗോയ്ക്ക് പരാതി നല്‍കി. തന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടില്‍ ആണെന്നും വിട്ടു നിന്ന കാലയളവിലെ വേതനം കൂടി നല്‍കാന്‍ ഉത്തരവുണ്ടാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന് യാതൊരു പ്രതികാര നടപടിയും കൂടാതെ ഗൊഗോയ് പരാതി അടുത്ത മുതിര്‍ന്ന ജഡ്ജായ ജസ്റ്റിസ് ബോബ്‌ഡെയെ ഏല്‍പ്പിച്ചു. അദ്ദേഹം പരാതിക്കാരിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനും വേതനം നല്‍കാനും അനുവാദം നല്‍കി. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെ യുവതിയുടെ ഭര്‍ത്താവും സഹോദരനും തിരികെ പൊലീസിലും പ്രവേശിച്ചു. അവര്‍ക്കെതിരെയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം തുടരുന്നു. ബെയ്‌സ്ന്‍സിന്റെ പരാതിയിലെ അന്വേഷണവും നടക്കുന്നു.

ഇതില്‍ എവിടെയാണ് ഗൊഗോയ് സ്വയം വിധിയെഴുതി എന്ന സാഹചര്യം?

Join WhatsApp News
നാരദ വേദം 2020-03-17 11:47:47
വിഡ്ഢികളെ അവരുടെ വിഡ്ഢിത്തരത്തിൽ അളക്കുക - അവരോട് വാധിക്കുവാന്‍ സമയം കളയരുത്
നാരദന്‍റെ വചനങ്ങള്‍ 2020-03-17 12:32:05
ഒരു വിഡ്ഢിയെ തിരുത്തുവാൻ ശ്രമിക്കരുത് അവൻ നിങ്ങളെ വെറുക്കും ആക്രമിക്കും. വിഡ്ഢികളോടെ വാദിക്കരുത് അവൻ ഭ്രാന്തൻ ആകും. ജ്ഞാനി; വിഡ്ഢിയോട് സംസാരിച്ചാൽ വിഡ്ഢി കരുതുന്നതു അവൻ ബുദ്ധിമാൻ ആണ് എന്നാണ്.- മറ്റുള്ളവരുടെ കുറ്റങ്ങൾ തേടിപ്പിടിച്ചു അവരെ തിരുത്തുവാൻ നടക്കുന്നവൻ അഹംകാരിയും അല്പ ജ്ഞാനിയും ആവുന്നു. അവരെ പൂർണമായും അവഗണിക്കണം. ഇത് ഒരു മാനസിക രോഗം ആണ്. കാര്യമായ മരുന്നും ചികിത്സയും ഇല്ലാത്തതിനാൽ ഇവർക്ക് മയക്കു മരുന്ന് കൊടുത്തു വാട്ടി കിടത്തും - നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക