Image

ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിന്റെ നേതൃരാഹിത്യവും (ദല്‍ഹികത്ത് :പി.വി.തോമസ്)

പി.വി.തോമസ് Published on 18 March, 2020
ജ്യോതിരാദിത്യ   സിന്ധ്യയും  കോണ്‍ഗ്രസിന്റെ നേതൃരാഹിത്യവും (ദല്‍ഹികത്ത് :പി.വി.തോമസ്)
കോണ്‍ഗ്രസ് ജീവന്മരണ പ്രതിസന്ധിയില്‍ ആണ്. മധ്യ പ്രദേശിലെ അധികാര സമരവും  അതിനുമുന്നോടിയായി ജ്യോതിരാദിത്യ സിന്ധ്യയുടെയും മറ്റ് പാര്‍ട്ടി വിമതരുടെയും റിവോള്‍ട്ടും ഒരു വശത്ത്. ഇതേ റിവോള്‍ട്ട് ഗുജറാത്തില്‍ അഞ്ച് എം.എല്‍.എ.മാര്‍ രാജിവച്ചു രാജ്യസഭ തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി.യില്‍ ചേര്‍ന്നപ്പോഴും പ്രകടമായിരുന്നു. അടുത്തത് ഒരു പക്ഷേ അശോക് ഗെലോട്ട് സച്ചിന്‍ പൈലട്ടുമാരുടെ അധികാര വടംവലിയുടെ കേന്ദ്രമായ രാജസ്ഥാന്‍ ആയിരിക്കാം. ഇതു കൂടാതെ ഇതിന്റെയെല്ലാം കാരണമായ ദേശീയതലത്തിലുള്ള നേതൃശൂന്യതയും കോണ്‍ഗ്രസിനെ തുറച്ചു നോക്കുകയാണ്. പാര്‍ട്ടി തകര്‍ന്നടിയുകയാണ് എവിടെയും. രാഹുല്‍ഗാന്ധി നയിക്കുന്ന പുതിയ തലമുറയും സോണിയഗാന്ധിയുടെ പഴയ തലമുറയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ് കാണുന്നത്. ഇതില്‍ പുതുതലമുറ തോല്‍ക്കുന്ന മട്ടാണ്.

ആദ്യമായി മധ്യപ്രദേശും സിന്ധ്യും. ജോതിരാദിത്യ സിന്ധ്യ എന്ന ഗ്വാളിയാര്‍ രാജകുടുംബത്തിലെ ഇളം മുറക്കാരന്‍ കോണ്‍ഗ്രസിലെ ഒരു പുതിയ വാഗ്ദാനം ആയിരുന്നു. 2018ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷം തുടര്‍ച്ചയായി മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിംങ്ങ് ചൗഹാന്‍ ഗവണ്‍മെന്റിനെ തോല്‍പിച്ച് ഭരണം തിരിച്ചു പിടിച്ചതില്‍ സിന്ധ്യക്ക് നല്ല ഒരു പങ്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന് സ്വാധീനം ഉള്ള ഗുനചംബല്‍ തുടങ്ങിയ ഗ്വാളിയാര്‍ പ്രവശ്യയില്‍ കോണ്‍ഗ്രസ് തൂത്തു വാരുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ അന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആയിരുന്ന രാഹുല്‍ ഗാന്ധി സിന്ധ്യയെ ആണ് മധ്യപ്രദേശിന്റെ ഭാവി മുഖ്യമന്ത്രി ആയി ചൂണ്ടികാട്ടിയത്. പക്ഷേ, തെരഞ്ഞെടുപ്പില്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ കമല്‍നാഥ് മുഖ്യമന്ത്രി ആയി. രാഹുല്‍ സിന്ധ്യക്ക് വേണ്ടി വാദിച്ചുനോക്കിയെങ്കിലും സോണിയഗാന്ധി സമ്മതിച്ചില്ല. ഇതിന്റെയെല്ലാം പ്രതിഷേധം ആയിട്ടാണ് രാഹുല്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ചതിനുശേഷം പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കന്മാരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന എന്നു പറഞ്ഞു വിലപിച്ചത്. ഇതില്‍ കമല്‍നാഥും ദ്വിഗ് വിജയ് സിംങ്ങും അശോക ഗെലോട്ടും വി.പി.ചിദംബരവും അവരുടെ എം.എല്‍.എ.മാരായി വിജയിച്ച മക്കളുടെ ചരിത്രവും ഉള്‍പ്പെടും. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അദ്ദേഹത്തിന്റെ ലോകസഭ മണ്ഡലമായ ശിവഗംഗയില്‍ നിന്നും ആണ് 2019ല്‍ വിജയിച്ചത്. നകുല്‍നാഥിനും(കമല്‍നാഥ്) ജയവര്‍ദ്ധന്‍ സിംങ്ങിനും(ദ്വിഗ് വിജയ്‌സിംങ്ങ്) നിയമസഭ ടിക്കറ്റ് നല്‍കുന്നതിന് രാഹുല്‍ എതിരായിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിന്ധ്യ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വിഫല ശ്രമം നടത്തി. പക്ഷേ കമല്‍നാഥ് മുഖ്യമന്ത്രിസ്ഥാനവും പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനവും അടക്കി വാണു. പിന്നീട് നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ സിന്ധ്യ തുടര്‍ച്ചയായി ജയിച്ചു വരുന്ന ഗുനയില്‍ തോറ്റു. രാഷ്ട്രീയപ്രതിയോഗികള്‍ കാലുവാരിയതാണെന്ന് ആരോപണം ഉണ്ടായി. സിന്ധ്യ അങ്ങനെ മധ്യപ്രദേശ്. രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുകയായിരുന്നു. കമല്‍ നാഥും ദ്വിഗ് വിജയ് സിംങ്ങും അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ പുകക്കുകയായിരുന്നു. രണ്ടുപേര്‍ക്കും പിന്തുടര്‍ച്ചാവകാശികളായി എം.എല്‍.എ.മാരായ മക്കള്‍ ഉണ്ടായിരുന്നു. അങ്ങനെ  ഗത്യന്തരമില്ലാതെ സിന്ധ്യ വട്ടംതിരിയുമ്പോഴാണ് രാജ്യസഭ തെരഞ്ഞെടുപ്പ് വരുന്നത് (മാര്‍ച്ച് 26). സിന്ധ്യ പാര്‍ട്ടിക്കുള്ളിലെ  രണ്ട് അംഗങ്ങളില്‍ പ്രഥമന്‍ ആകുവാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന് ലഭിച്ചത് രണ്ടാം സ്ഥാനം ആണ്. ആദ്യസ്ഥാനം ദ്വിഗ് വിജയ് സിംങ്ങിന് ലഭിച്ചു. അദ്ദേഹം 26ലെ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പായി. രണ്ടാം സ്ഥാനക്കാരനായ സിന്ധ്യ ജയിക്കണമെന്ന് ഉറപ്പും ഇല്ല കോണ്‍ഗ്രസിന്റെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍.
അങ്ങനെയാണ് അദ്ദേഹം മെല്ലെ ബി.ജെ.പി. ക്യാമ്പിലേയ്ക്ക് അടുക്കുന്നത്. നാളിതുവരെ കാവിപാര്‍ട്ടിയെ അതിന്റെ മതരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നഖശിഖാന്തം എതിര്‍ത്ത ഗ്വാളിയാര്‍ രാജകുമാരന്‍ ബി.ജെ.പി.യുടെ പതാകവാഹകന്‍ ആയി. അതിന് ഒരു ചരിത്രവും ഉണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് ജനസംഘില്‍ ആയിരുന്നു(കാവിപാര്‍ട്ടിയും ബി.ജെ.പി.യുടെ മുന്‍ അവതാരവും). അദ്ദേഹത്തിന്റെ മുത്തച്ഛന്‍ വിജയരാജെ സിന്ധ്യ ആദ്യം കോണ്‍ഗ്രസിന്റെ എം.പി.യും(ഗുന ഗ്വാളിയാര്‍, 1957, 1962) പിന്നീട് ബി.ജെ.പി. നേതാവും ആയിരുന്നു. വിജയരാജെസിന്ധ്യ ജനസംഘിന്റെ സജീവ പ്രവര്‍ത്തകയും ആയിരുന്നു. ജ്യോതിരാദിത്യസിന്ധ്യയുടെ രണ്ട് അമ്മായിമാര്‍ യശോധര രാജെയും വസുധരരാജെയും ബി.ജെ.പി.യുടെ സമുന്നതരായ നേതാക്കന്മാര്‍ ആണ്. 

അങ്ങനെയിരിക്കുമ്പോള്‍ സിന്ധ്യയുടെ ഈ വരവ് ഒരു ഘര്‍വാപ്പസി ആയി കണക്കാക്കാം. അദ്ദേഹത്തിന് രാജ്യസഭ സീറ്റും കേന്ദ്രക്യാബിനറ്റില്‍ ഒരു മന്ത്രിസ്ഥാനവും ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സിന്ധ്യയും കൂടെയുള്ള വിമതന്മാര്‍ക്ക് കോടിക്കണക്കിന് രൂപയും നല്‍കിയെന്നാണ് ആരോപണം. ഈ വക നശിച്ച കുതിരകച്ചവടവും നാറിയ റിസോര്‍ട്ട് രാഷ്ട്രീയവും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ പുത്തരിയല്ല. അത് ഇന്‍ഡ്യന്‍ ജനാധിപ്ത്യത്തെ ജീര്‍പ്പിണിക്കുകയാണ്.

അധികാരഅവസരവാദ രാഷ്ട്രീയത്തില്‍ ആദര്‍ശം ഇല്ല. എങ്കിലും സിന്ധ്യയുടെ മലക്കം മറിച്ചില്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്. അതിനുള്ള വഴി സോണിയയും കമല്‍നാഥും ദ്വിഗ് വിജയ് സിംങ്ങും ആണ് ഒരുക്കിയതെങ്കിലും സിന്ധ്യയുടെ ആദര്‍ശ വഞ്ചന അതിദാരുണം ആയിരുന്നു. രാഹുല്‍ഗാന്ധിയുടെ നിസഹായത കലര്‍ന്ന രാഷ്ട്രീയഷണ്ടത്വം ഇതിന് അകടമ്പടി നിന്നു.

ബി.ജെ.പി.യില്‍ ചേര്‍ന്നതിന് ശേഷമുള്ള സിന്ധ്യയുടെ ജല്പനങങള്‍ അവസരവാദപരമായ സ്ഥിരം കലാപരിപാടിയുടെ ഭാഗം മാത്രം ആയിരുന്നു. കോണ്‍ഗ്രസ് കോണ്‍ഗ്രസ് അല്ലാതായിരിക്കുന്നുവെന്നും നരേന്ദ്രമോദി ആണ് ഇന്‍ഡ്യയുടെ ഭാവി എന്നും ആ മുന്‍ ഗാന്ധി ഭക്തന്‍ ഉദ്‌ഘോഷിച്ചു. ഇങ്ങനെയൊക്കെയിരുന്നാലും സിന്ധ്യയുടെ ഭാവി ബി.ജെ.പിയി്ല്‍ തല്‍ക്കാലം സുരക്ഷിതമാണെങ്കിലും വരും കാലം കണ്ടറിയണം. ഒരു ക്യാബിനറ്റ് മന്ത്രിയില്‍ നിന്നും, അതും ലഭിച്ചാല്‍, അദ്ദേഹം എങ്ങോട്ട്? അധികാരത്തിനും ആഗ്രഹത്തിനും അതിര് ഇല്ലല്ലോ? ഇന്നലെവരെ പറഞ്ഞിരുന്ന കാര്യങ്ങള്‍ വിശ്വാസപ്രമാണങ്ങള്‍ തിരുത്തി എഴുതുമ്പോള്‍ ചരിത്രം അദ്ദേഹത്തെ എങ്ങനെ വിധി എഴുതും?

മധ്യപ്രദേശും സിന്ധ്യയും കോണ്‍ഗ്രസിന്റെ ആദ്യപാഠങ്ങള്‍ ആണ്. രാജസ്ഥാനും പൈലട്ടും വഴിയെ കാത്തിരിക്കുന്നു. എന്നിട്ടും പാഠങ്ങള്‍ പഠിക്കാത്ത ഒരു പാര്‍ട്ടി ആയി മാറിയിരിക്കുന്നു കോണ്‍ഗ്രസ്. ഒട്ടേറെ സിന്ധ്യമാരെ കോണ്‍ഗ്രസിന് ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. തായ് വേര് അറത്തും പട്ടടയിലെ ചൂട് കാഞ്ഞും ആഹ്ലാദിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. വിജയ് ബഹുഗുണയും റീത്താ ബഹുഗുണയും(എച്ച്.എന്‍. ബഹുഗുണയുടെ മക്കള്‍ ഉത്തരാഖണ്ഡ്), ഹേമന്ത ബിസ്വ സര്‍മ്മയും(ആസാം) ജഗന്‍മോഹന്‍ റെഡ്ഢിയും(വൈ.എസ്. രാശേഖര റെഡ്ഢിയുടെ മകന്‍, ആന്ധ്രപ്രദേശ്) ഇവരില്‍ ചിലര്‍ മാത്രം ആണ്. മധ്യപ്രദേശിലും ഗുജറാത്തിലും നടക്കുന്ന ഈ വിമത നീക്കങ്ങള്‍ കാറ്റിലെ വൈക്കോല്‍ തുരുമ്പ് മാത്രം ആണ്.

കോണ്‍ഗ്രസിന്റെ നേതൃശൂന്യതയാണ് ഇതിനെല്ലാം വലിയ ഒരു അളവ് വരെ കാരണം. സംഘടനാ ദുര്‍ബ്ബലതയും ആദര്‍ശപാപ്പരത്വവും മറ്റ് ചില ഘടകങ്ങള്‍ ആണ്. ബി.ജെ.പി.യില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അധികാരത്തെയും, മോദിഷാമാരുടെ മാക്കിയവെല്ലിയന്‍ രാഷ്ട്രീയ തന്ത്രങ്ങളെയും പണക്കരുത്തിനെയും സര്‍വ്വോപരി വര്‍ഗ്ഗീയ ധ്രൂവീകരണ കുതന്ത്രങ്ങളെയും അതിജീവിക്കുവാന്‍ സാധിക്കാതെ, ചരിത്രത്തിന്റെ നാല്‍ക്കവലയില്‍ കോണ്‍ഗ്രസ് പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.
2019 മെയ് മാസത്തിലെ ലോകസഭ പരാജയത്തിന് ശേഷം രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ചൊഴിഞ്ഞെങ്കിലും പകരം  ഒരാളെ കണ്ടെത്തുവാന്‍ ഇതുവരെയും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. സോണിയഗാന്ധി ഇടക്കാല അദ്ധ്യക്ഷ മാത്രം ആണ്. എന്തുകൊണ്ട് ഒരു പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുവാന്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിക്ക്(135 വര്‍ഷം) സാധിക്കുന്നില്ല? അതാണ് അതിന്റെ പരാജയം. നെഹ്‌റു-ഗാന്ധികുടുംബത്തിന് അപ്പുറം ഒരു നേതാവിനെ തെരഞ്ഞെടുക്കുവാന്‍, സുതാര്യമായ ജനാധിപത്യപരമായി തെരഞ്ഞെടുക്കുവാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിയുന്നില്ല?

കോണ്‍ഗ്രസ് ഇന്ന് ഐക്യമത്യമുള്ള, ആദര്‍ശദൃഢതയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല. അത് ഒരു കൂട്ടം അധികാരമോഹികളായ വ്യക്തികളുടെ കൂട്ടം ആണ്. അതില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നശിച്ചിരിക്കുന്നു. ജീര്‍ണ്ണിച്ചുവശായ കുടുംബാധിപത്യവും അതിന്റെ സ്തുതിപാഠകരും ആണ് മരണാസന്നമായ ഈ പാര്‍ട്ടിയില്‍ ഇപ്പോള്‍ അവശേഷിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക