Image

ചുറ്റുവള (ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 18 March, 2020
 ചുറ്റുവള (ചെറുകഥ:  ദീപ ബിബീഷ് നായർ)
നാടെങ്ങും ഉത്സവത്തിമിർപ്പിലാകുമ്പോ മനസിൽ മാറാല പിടിച്ചു കിടക്കുന്ന പഴയ ഓർമ്മകൾ ഓരോന്നായി തല പൊക്കും. അതെ, ചെണ്ടകൊട്ടുന്ന താളത്തിനൊപ്പം നെഞ്ചിടിപ്പിൻ്റെ വേഗവും കുടിയിരുന്നു അന്നൊക്കെ.. അത് അങ്ങനെയാ ദൂരെ കോവിലിൽ നിന്നും പറയെടുക്കാൻ  ആനയേയും എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോ അതിനോടൊപ്പമുള്ള ചെണ്ടകൊട്ടിൻ്റെ താളത്തിനൊപ്പം അറിയാതെ തുള്ളുമായിരുന്നു. 

കരക്കാരുടെ ഉത്സവം എന്നു പറയുമ്പോ അന്ന് ശരിക്കും തിരുവോണം ആഘോഷിക്കുന്നത് പോലെയാണ്.കുടുംബക്കാരൊക്കെ അന്ന് നേരത്തേ എത്തും, ഉച്ചയൂണും വിശ്രമവും കഴിഞ്ഞ് നേരെ അമ്പലപ്പറമ്പിലേക്ക്. നെടും കുതിരയെടുപ്പും, കച്ചിൽ കുതിരയും, ആന എഴുന്നള്ളത്തുമൊക്കെ ഉണ്ടെങ്കിലും എൻ്റെ കണ്ണുകൾ തിരയുന്നത് ഉത്സവപ്പറമ്പിലെ താത്കാലിക  കച്ചവടക്കാരായി എത്തുന്ന വളക്കച്ചവടക്കാരെയായിരുന്നു . ഉത്സവം പ്രമാണിച്ച് അമ്മാവൻ നല്കിയ പത്തു രൂപാ നോട്ടുമായി വളക്കാരൻ്റെ അടുത്തൊരു നിൽപ്പുണ്ട്. സ്പ്രിംഗ് പോലെ ചുരുണ്ട  ചുറ്റുവളകളോട് എനിക്ക് എന്തോ വല്ലാത്തൊരിഷ്ടമായിരുന്നു. പല വർണ്ണങ്ങളിൽ കിട്ടുന്ന ചുറ്റുവളകൾക്ക് എന്തു ഭംഗിയായിരുന്നു.ഒരു വള വാങ്ങിയാൽ മതി കൈ നിറയെ ഇടാം.. രണ്ട് കയ്യിലും ചുറ്റുവള നിറച്ച് പിറ്റേ ദിവസം എന്തു ഗമയിലാ സ്കൂളിൽ പോയിരുന്നത്. 

പ്രവാസിയായ ഞാൻ വർഷങ്ങൾക്കിപ്പുറവും ഉത്സവപ്പറമ്പിലെത്തിയാൽ  എൻ്റെ കണ്ണുകൾ തിരയുന്നത് ഉത്സവപ്പറമ്പിലെ ആ ചുറ്റുവളകളെയാണ്...... പഴയ മധുരമുള്ള ഓർമ്മകൾ ഒരിക്കൽക്കൂടി മനസിലൂടങ്ങനെ മിന്നി മറയുമ്പോൾ  വീണ്ടും ഞാനാ പഴയ പാവാടക്കാരിയായി മാറും.......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക