Image

ഊര്‍മ്മിള (ദീപ ബിബീഷ് നായര്‍)

Published on 19 March, 2020
ഊര്‍മ്മിള (ദീപ ബിബീഷ് നായര്‍)
ഊര്‍മ്മിളയാണ് ഞാന്‍ അറിയില്ലേയെന്നെ,
ഇന്നീയിരുട്ടറയിലെവിടെയോ മാഞ്ഞെന്റെ ജീവിതം
കാലചക്രത്തിന്‍ കാണാപ്പുറങ്ങളിലെങ്ങോ നിറം മങ്ങിയൊരു ചിത്രമായ് മാറിയതാണൂര്‍മ്മിള
തിരക്കഥ ചൊല്ലാമിന്നു നിങ്ങളോടു ഞാനെന്‍ വെളിച്ചമേകിയുരുകിയമര്‍ന്നൊരാ ജീവിതത്തിരി നാളത്തിന്‍
അന്നൊരാദിനത്തിലെന്തുത്സാഹമായതാം രാമനെ രാജാവായ് വാഴിക്കാനിരുന്നതും
മന്ഥരയാം മായയാലൊക്കെ തുലഞ്ഞതും
ഭരതകുമാരനെ രാജ്യാഭിഷേകത്തിനായ് പറഞ്ഞതും
രാമനാം കുമാരനെ പതിന്നാലു സംവത്സരം
കാട്ടിലേക്കയക്കാനുറച്ചതും എല്ലാം ഒരു വിധി വൈപരീത്യമോ
വന്നൊരു സായന്തനത്തിലെന്‍ സൗമിത്രന്‍,
അന്തഃപുരത്തിന്നകത്തളത്തിലേക്ക്
അരുതാത്തതെന്തിനോയെന്ന പോലെ നിശബ്ദമായന്തരീക്ഷവും, ഒരപരനെപ്പോലെയതാ മൊഴിയുന്നു കുമാരനും
''അനുഗമിക്കുന്നു ഞാനെന്‍ ജ്യേഷ്ഠനോടൊപ്പം, ശ്രീരാമനാണെനിക്കെല്ലാമീയൂഴിയില്‍, മാതാപിതാ സേവ ചെയ്ക നീ ശേഷിക്കും പതിന്നാലു സംവത്സരങ്ങളില്‍ "
ആകെത്തകര്‍ന്നു ഞാന്‍ നിന്നു പോയീ എന്‍ കണ്ണുകളിലിരുട്ടു കയറുന്നുവോ,
ചൊല്ലുവാനെനിക്കുണ്ടെന്തോ, ഗദ്ഗദത്താലതും മുറിഞ്ഞു പോയി
ശ്വാസം നിലച്ചതു പോലൊരു തോന്നലില്‍ നിന്നു പോയ് ഞാനൊരു ജീവശവം പോല്‍
എന്‍ മനതാരില്‍ പൂത്തൊരാ ജീവിതം, മമ നാഥനിന്നറിയാതെ പോകയോ?
നടന്നകന്നുപോകുമെന്‍ നാഥനെങ്കിലുമെന്നകം
നീറുന്നതവനറിഞ്ഞിരുന്നുവോ?
ഊര്‍മ്മിളയാണ് ഞാന്‍, അറിയില്ലേയെന്നെ ഇന്നീ ഇരുട്ടറയിലെവിടെയോ മാഞ്ഞെന്റെ ജീവിതം.....




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക