Image

കുറ്റകൃത്യങ്ങൾക്ക് എത്ര കഠിനമായ ശിക്ഷ നൽകണം (നസീർ ഹുസൈൻ കിഴക്കേടത്ത്)

Published on 21 March, 2020
കുറ്റകൃത്യങ്ങൾക്ക് എത്ര കഠിനമായ ശിക്ഷ നൽകണം (നസീർ ഹുസൈൻ കിഴക്കേടത്ത്)
"ഇങ്ങിനെ ഒക്കെ ചെയ്യുന്നവരെ സൗദിയിലെ പോലെ കയ്യും തലയും വെട്ടണം, പിന്നെ ഇങ്ങിനെ ആരും ചെയ്യാൻ ധൈര്യപ്പെടില്ല.."

വളരെ ഹീനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾക്ക് താഴെ സ്ഥിരം കാണുന്ന കമെന്റാണിത്. കേരളത്തിൽ ഈയിടയ്ക്ക് ഒരു പാവപെട്ട കുടുംബത്തിലെ സ്ത്രീയുടെയും കുട്ടികളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച വർത്തയും ചിത്രവും കണ്ടപ്പോൾ എനിക്കും തോന്നി, ഇത് ചെയ്തവനെ കണ്ടുപിടിച്ചാൽ പിടിച്ചു നിർത്തി തലവഴി ആസിഡ് ഒഴിക്കണമെന്ന്.

എട്ടിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മോഷ്ടിക്കുന്നത്. എന്റെ ഉമ്മ കോഴി മുട്ടയും മറ്റും വിറ്റു കിട്ടുന്ന പൈസ ഇട്ടു വയ്ക്കുന്ന പഴയ പാൽപ്പൊടി പാട്ടയിൽ നിന്ന് അഞ്ച് രൂപ അടിച്ചുമാറ്റി ഞാൻ പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയി. ബലൂണും മിട്ടായിയും എല്ലാം വാങ്ങിയിട്ടും കുറെ കൂടി പൈസ ബാക്കി വന്നു. അതിനു വീട്ടിലേക്കു കുറച്ച് പൊരിയും മറ്റും വാങ്ങിയാണ് തിരിച്ചു ചെന്നത്. പൈസ ആരാണെടുത്തത് എന്ന് അറിയാതെ നിന്ന ഉമ്മാക്ക് എന്റെ കയ്യിലെ ബലൂണും പൊരിയും മറ്റും കണ്ടപ്പോൾ പെട്ടെന്ന് കാര്യം പിടികിട്ടി. ചൂലിൽ നിന്ന് കുറെ ഈർക്കിലി എടുത്ത് എന്നെ പൊതിരെ തല്ലി. അടികൊണ്ട സങ്കടത്തിൽ ചോറൊന്നും കഴിക്കാതെ കുറെ കരഞ്ഞു തളർന്നു കിടന്ന എന്നെ രാത്രി വന്നു കെട്ടിപിടിച്ച് കിടന്നു ഇനി മേലാൽ ഇങ്ങിനെ ഒന്നും ചെയ്യരുത് എന്ന് സമാധാനിപ്പിച്ച് ഊണ് വാരിത്തന്നു. 

കുറ്റവും ശിക്ഷയും എന്ന സാമൂഹിക ശാസ്ത്ര മേഖലയിലെ ചില പ്രധാനപ്പെട്ട ആശയങ്ങളാണ് അന്ന് ഉമ്മ അവിടെ അറിയാതെ തന്നെ നടപ്പിലാക്കിയത്. ഒന്ന്, കുറ്റം ചെയ്താൽ കണ്ടു പിടിക്കപ്പെടും എന്ന കാര്യം, രണ്ട് , കുറ്റത്തിന് അതനുസരിച്ചുള്ള ശിക്ഷ ലഭിക്കും എന്നുള്ളത്, മൂന്ന്, കുറ്റം ചെയ്തത് കൊണ്ട് നമ്മൾ സമൂഹത്തിന്റെ ഭാഗം അല്ലാതെ ആയി തീരുന്നില്ല എന്നും, വ്യക്തിക്കല്ല, മറിച്ച് കുറ്റത്തിനാണ് ശിക്ഷ എന്നതും. ഇതിലെ അവസാനത്തെ ഭാഗം ഏറ്റവും പ്രധാനപെട്ടതാണ്.

കുറ്റകൃത്യങ്ങൾക്ക് എത്ര കഠിനമായ ശിക്ഷ നൽകണം എന്നത് പലരും പഠനവിധേയം ആക്കിയ ഒരു വിഷയമാണ്. സൗദി അറേബിയയിലെ പോലെ കൊലപാതകങ്ങൾക്ക് തല വെട്ടലും, മോഷണത്തിന് കൈ വെട്ടലും , പരപുരുഷഗമനത്തിന് കെല്ലെറിഞ്ഞു കൊല്ലലും എല്ലാം നടപ്പിലാക്കുന്നത് കുറ്റകൃത്യങ്ങൾ കുറക്കുമെങ്കിൽ ലോകത്ത് ഏറ്റവും കുറഞ്ഞ അക്രമനിരക്കുള്ള രാജ്യം സൗദി അറേബ്യാ പോലെ ശരിയാ നിയമം നടപ്പിലാക്കിയ രാജ്യങ്ങൾ ആയിരിക്കണം. എന്നാൽ വസ്തുത അതല്ല.

ഓരോ രാജ്യത്തെയും അക്രമ നിരക്കുകൾ കണക്കാക്കി വേൾഡ് പീസ് ഇൻഡക്സ് തയ്യാറാക്കാറുണ്ട്. അത് പ്രകാരം 2018 ലെ ഏറ്റവും സമാധാനപൂർണമായ 10 രാജ്യങ്ങൾ താഴെ പറയുന്നവയാണ്.

10. IRELAND
9. JAPAN
8. SINGAPORE.
7. CZECH REPUBLIC.
6. CANADA.
5. DENMARK.
4. PORTUGAL.
3. AUSTRIA.
2. NEW ZEALAND.
1. ICELAND.

ശരിയാ നിയമം നടപ്പിലാക്കുന്ന ഒരു രാജ്യവും ആദ്യത്തെ 40 റാങ്കിനകത്ത് വരുന്നില്ല. ഇതിനർത്ഥം സൗദി പോലെയുള്ള രാജ്യങ്ങളിൽ അക്രമ നിരക്ക് വളരെ കൂടുതലാണ് എന്നല്ല, ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അക്രമനിരക്ക് വളരെ കുറവാണു സൗദിയിൽ. പക്ഷെ ഇത്ര കഠിനമായ ശിക്ഷ നൽകിയിട്ടും കൊലപാതകങ്ങൾ, സ്ത്രീകളോടുള്ള അക്രമങ്ങൾ, ലഹരി ഉപയോഗം എന്നിവ തീർത്തും ഇല്ലാതെയും ആകുന്നില്ല. മാത്രമല്ല കുടുംബങ്ങൾക്കകത്ത് നടക്കുന്ന സ്ത്രീകളോടുള്ള ആക്രമണങ്ങളും മറ്റും പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറില്ല. 2007 ൽ ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ 200 ചാട്ടവാറടി ശിക്ഷ വിധിച്ച ഒരു രാജ്യത്ത് സ്ത്രീകൾ ഇങ്ങിനെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്താലേ അത്ഭുതമുള്ളൂ.

എന്ത്‌കൊണ്ടാണ് അതികഠിനമായ ശിക്ഷ കുറ്റകൃത്യങ്ങൾ പൂർണമായും ഇല്ലാതെ ആക്കാത്തത് എന്നന്വേഷിച്ചാൽ ഒരു കുറ്റവാളി എന്ത് കൊണ്ട് /എങ്ങിനെ കുറ്റം ചെയ്യുന്നു എന്നന്വേഷിക്കേണ്ടി വരും.

ആദ്യമായി കുറ്റവാളികളുടെ പശ്ചാത്തലം പരിശോധിച്ചാൽ അവർ പലപ്പോഴും സാഹചര്യങ്ങളുടെ ഇരകൾ ആണെന്ന് കാണാം. അമേരിക്കയിൽ, അച്ഛൻ ജയിലിൽ ആയ, അല്ലെങ്കിൽ അച്ഛൻ ഇട്ടിട്ടു പോയ, 'അമ്മ ഒറ്റയ്ക്ക് വളർത്തുന്ന ഒരു കുട്ടി, അല്ലെങ്കിൽ കൗമാരക്കാരിയായ അമ്മയ്ക്ക് പിറന്ന മക്കൾ, സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങളിൽ ജനിച്ച് കൃത്യമായ വിദ്യാഭ്യാസവും മറ്റും ലഭിക്കാതെ വളരുന്ന കുട്ടികൾ, അങ്ങിനെ അല്ലാത്ത കുട്ടികളും ആയി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി കണ്ടുവരുന്നു. ഇത് ഒരു ചാക്രിക സ്വാഭാവമുള്ള പ്രശ്നമാണ്, രാഷ്ട്രീയവും സാമൂഹികവും ആയ ഇടപെടലുകളിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്ന് ഇവിടെയുള്ള സാമൂഹിക ശാസ്ത്രജ്ഞന്മാരും സർക്കാരും മനസിലാക്കിയ കാര്യവുമാണ്.

മറ്റൊരു കാര്യം ചില കുറ്റവാളികൾ അവരുടെ ചെറുപ്പത്തിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകളാണ്. ഉദാഹരണത്തിന് ചെറുപ്പത്തിൽ ലൈംഗിക അക്രമത്തിന് ഇരയായ ഒരു കുട്ടി, കൃത്യമായ മാനസിക കൗൺസിലിംഗ് ലഭിക്കാതെ, വളർന്നു വരുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യുവാനുളള പ്രവണത  അധികമാണ്.

ഒരു കുറ്റവാളിയും പിടിക്കപ്പെടും എന്ന് അറിഞ്ഞു കൊണ്ടല്ല കുറ്റകൃത്യം ചെയ്യുന്നത്. ഞാൻ പൈസ മോഷ്ടിച്ചപ്പോൾ കരുതിയത് പോലെ പിടിക്കപെടാൻ ഒരു സാധ്യതയും ഇല്ലെന്നാണ് ഏതാണ്ട് എല്ലാ കുറ്റവാളികളുടെയും വിചാരം. അതിനുള്ള സാദ്ധ്യതകൾ ഏറ്റവും ചുരുക്കി ആയിരിക്കും അവർ കുറ്റങ്ങൾ ചെയ്യുക. പക്ഷെ ഞാൻ പിടിക്കപ്പെട്ടപ്പോലെ, കുറ്റവാളികൾ അറിയാതെ ചില തെളിവുകൾ അവശേഷിപ്പിക്കുകയും പിടിക്കപ്പെടുകയും ചെയ്യും. പലപ്പോഴും സാഹചര്യങ്ങളുടെയും സമൂഹത്തിന്റെയും ഇരകളാണ് ശിക്ഷിക്കപെടുന്നവരിൽ പലരും.

ഇനി ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത ദീർഘകാലം ജയിലിൽ കിടന്ന് കഴിയുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഒന്നാമതായി കുറ്റകൃത്യങ്ങൾ മോശം ആണെന്ന് ഭൂരിഭാഗം കരുതുന്ന ഒരു സമൂഹത്തിൽ നിന്ന്, ഭൂരിഭാഗം ആളുകളും കുറ്റവാളികൾ ആയ ഒരു സമൂഹത്തിലേക്ക് ( ജയിലിലേക്ക് ) അവർ എത്തിപ്പെടുന്നു. ചെയ്ത കുറ്റത്തിന്റെ ഗുരുതരസ്വാഭാവം നേർപ്പിക്കാൻ മാത്രമേ ഇത് സഹായിക്കൂ. രണ്ടാമത് കുറ്റവാളികളെ സുഹൃത്തുക്കൾ ആയി ലഭിക്കുന്നത് മൂലം, സാമൂഹിക സാഹചര്യങ്ങൾ കൊണ്ട് കുറ്റവാളികൾ ആയവർ ഒരു ജയിൽവാസം കൊണ്ട് കൂടുതൽ കുറ്റകൃത്യം ചെയ്യാനുള്ള സഹായവും മാനസിക നിലയും ഉള്ളവരായിട്ടായിരിക്കും പുറത്തേക്ക് ഇറങ്ങുന്നത്. അമേരിക്കയിൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന നൂറിൽ എൺപത് പേരും മറ്റൊരു കുറ്റകൃത്യത്തിന്റെ ഭാഗം ആയി ജയിലിലേക്ക് തിരിച്ചെത്തും. എന്നാൽ നോർവേ പോലുള്ള രാജ്യങ്ങളിൽ ഇത് വെറും 20 ശതമാനം ആണ്. കാരണം അറിഞ്ഞാൽ ഒരു പക്ഷെ നിങ്ങൾ അത്ഭുതപ്പെടും. അമേരിക്കയും ആയി താരതമ്യം ചെയ്യുമ്പോൾ, ഓപ്പൺ ജയിൽ, പുനരധിവാസം തുടങ്ങിയ പദ്ധതികളിലൂടെ ഏറ്റവും ലഘുവായ ശിക്ഷാരീതികൾ പിന്തുടരുന്ന ഒരു രാജ്യമാണ് നോർവേ.

നോർവെയിലെ ജയിലുകളിൽ കുറ്റവാളികളുടെ പുനരധിവാസത്തിനു ആണ് പ്രധാനമായും ഊന്നൽ കൊടുക്കുന്നതു. ജയിൽ വാർഡന്മാരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടാവില്ല. ഒരു കുറ്റവാളിയെ അയാൾ ഉൾപ്പെട്ടിരുന്ന സമൂഹത്തിന്റെ ഭാഗമായി എങ്ങിനെ തിരിച്ചു കൊണ്ടുവരാം എന്ന ചിന്താഗതിയിൽ നിന്നാണ് ജയിൽ സെല്ലുകൾ ഇല്ലാത്ത തുറന്ന ജയിൽ പോലുള്ള സംവിധാനങ്ങളുടെ ആശയം ഉരുത്തിരിഞ്ഞു വന്നത്. ഇത് വരെയുള്ള കണക്കുകൾ പ്രകാരം കുറ്റവാളികളെ അടച്ചിടുന്നു ജയിലുകളെക്കാൾ കൂടുതൽ പ്രയോജനം ഇത്തരം ജയിലുകളാണ്. നോർവേയിൽ സമൂഹവും ഇതിനു അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന ഒന്നാണ്, ജയിൽ ശിക്ഷ കഴിഞ്ഞെത്തിയ സർക്കാർ ചിലവിൽ തന്നെ പുനരധിവസിപ്പിക്കുന്ന പദ്ധതികളുമുണ്ട്.

നോർവേ പോലെ തന്നെ, കുറ്റകൃത്യങ്ങൾ കുറഞ്ഞ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ആളോഹരി വരുമാനം കൂടുതലും, ജീവിത നിലവാര സൂചികയും വ്യക്തി സ്വാതന്ത്ര്യം വളരെ കൂടുതലും ആണെന്ന് കാണാം. വിദ്യാഭ്യാസം നേടാനും ജോലി ലഭിക്കാനും , സമൂഹത്തിൽ മാന്യമായ ജീവിതം നയിക്കാനും ഉള്ള സാഹചര്യം ഒരുക്കികൊടുന്നതാണ് കുറ്റകൃത്യങ്ങൾ കുറക്കാൻ ഉളള ഏറ്റവും നല്ല വഴി എന്നാണിത് കാണിക്കുന്നത്. ഒരു സ്കൂൾ സ്ഥാപിക്കുമ്പോൾ നമ്മൾ ഒരു ജയിൽ പൊളിക്കുകയാണ് ചെയ്യുന്നത്.

ഞാൻ ആദ്യം പറഞ്ഞത് പോലെ കുറ്റവാളികളെ അല്ല, മറിച്ച് കുറ്റകൃത്യങ്ങളെ ശിക്ഷിക്കുകയും , കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കണ്ടുപിടിച്ച് അത് ശരിയാക്കുകയും, കുറ്റവാളികളെ പുനരധിവസിപ്പിക്കുന്ന, അവരെ മനുഷ്യരായി കണക്കാക്കുന്ന ഓപ്പൺ ജയിലുകളും മറ്റും ഏർപ്പെടുത്തിയാൽ കുറ്റകൃത്യങ്ങൾ കുറയും എന്നാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ നമുക്ക് കാണിച്ചു തരുന്നത്. തലയും കയ്യും വെട്ടുന്ന അതികഠിന ശിക്ഷകൾ ഫലപ്രദം അല്ലെന്നും. അടുത്ത തവണ ഒരു വാർത്ത കണ്ട് കുറ്റവാളിയുടെ കയ്യോ തലയോ വെട്ടാൻ ആഹ്വാനം ചെയ്യന്നതിന് മുൻപ് നമുക്ക് ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കാം.
കുറ്റകൃത്യങ്ങൾക്ക് എത്ര കഠിനമായ ശിക്ഷ നൽകണം (നസീർ ഹുസൈൻ കിഴക്കേടത്ത്)
Join WhatsApp News
amerikkan mollakka 2020-03-22 19:37:50
ഞമ്മടെ മക്കൾക്കും ബന്ധുക്കൾക്കും ഒന്നും ബരില്ലെന്നു ഉറപ്പുള്ള പഹയന്മാർ മാലാഖ ചമഞ്ഞ് മുതലക്കണ്ണീരുമായി വരുന്നത് അപമാനകരമാണ്. 23 ബയസ്സായ ഒരു പെൺകുട്ടിയെ മൃഗീയമായി ബലാൽസംഗം ചെയ്തു കൊന്ന ശൈത്താന്മാരെ തൂക്കിക്കൊന്നതിൽ കരഞ്ഞുകൊണ്ട് വരുന്നു ഓരോ യേശുദേവൻ മാർ. സ്വന്തം മക്കളെ ആരെങ്കിലും കൊല്ലുകയോ ബലാൽസംഗം ചെയ്യുകയോ ചെയ്‌താൽ അവർക്ക് മാപ്പു കൊടുക്കാൻ തയ്യാറെയായി പൊയ്ക്കോളൂ.എന്തിനു വല്ലവരുടെയും മുറിവിൽ മുളക് തേക്കുന്നു. ലജ്ജാകരം. അസ്സലാമു അലൈക്കും പറയുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക