Image

ഇതാണാ വാക്ക് (റഫീഖ് കുറ്റിക്കാട്ടൂര്‍)

Published on 22 March, 2020
ഇതാണാ വാക്ക് (റഫീഖ് കുറ്റിക്കാട്ടൂര്‍)
ഇതാണാ വാക്ക്
മുളച്ചില്ലെങ്കിലെന്ന സംശയത്തില്‍
നടാന്‍ ഭയപ്പെട്ട്
കുഴിച്ചിട്ടത്
കുഴിച്ചിട്ടിടം പോലും
മറന്നുപോയത്

ഇതാണാ വാക്ക്
കുഴിച്ചിട്ടിടത്തു നിന്നും
കണ്ണില്‍പ്പെടാതെ
മുളച്ചു പടര്‍ന്ന്
തണലായ് പെയ്തത്

ഇതാണാ വാക്ക്
തണലെന്ന് ആശ്വസിച്ചിട്ടും
പഴഞ്ചൊല്ലില്‍ പതിരില്ലെന്ന
വിശ്വാസം കാരണം
പുരമീതെ വളരുകയാല്‍
മുറിച്ചു കളഞ്ഞത്

അതാണാ വാക്ക്
മുറിച്ചിടത്തുനിന്നും
അനുവാദം ചോദിക്കാതെ
തളിരിടുന്നത്

വിത്തില്‍ കരുതിവെച്ച
അതേ
കുസൃതിയോടെ
തളിരിലയുമ്മകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക