Image

മരണ ഗന്ധം ( കഥ: രമണിയമ്മാൾ)

Published on 23 March, 2020
മരണ ഗന്ധം  ( കഥ: രമണിയമ്മാൾ)


രാവിലെ ഓഫീസിൽ പോകാൻ തയാറെടുക്കുമ്പോഴാണു ഗോപിനാഥിന്റെ ഫോൺ വന്നത്. 
"സുജാലക്ഷ്മിയുടെ അമ്മ മരിച്ചു..ഇന്നലെ രാവിലെ...
ഒരു കാറിനകത്തു പോകാൻ പറ്റുന്നവർക്കു പോകാം.......മാഡം ഉണ്ടാവുമല്ലോ?" 

തന്റെ സെക്ഷനിൽ ജോലിചെയ്യുന്ന കുട്ടി..
പ്രായത്തിൽ തന്നേക്കാൾ ഒരുപാടിളപ്പമുണ്ടെങ്കിലും വൈകാരികമായ ഒരടുപ്പം ഞങ്ങളു തമ്മിലുണ്ടെന്ന് സഹപ്രവർത്തകർക്കറിയാം..അതുകൊണ്ടു തന്നെയാണ് ഉറപ്പായും  ഞാൻ കൂടിയുണ്ടാവുമല്ലോയെന്ന ചോദ്യം...
അച്ഛൻ, ചുമരിൽ തൂങ്ങുന്ന ഒരോർമ്മയാണ് സുജക്ക്. തന്നെ പ്രസവിച്ചതിന്റെ  ഇരുപത്തിയെട്ടാം ദിവസം,  നൂലുകെട്ട് ആഘോഷമായി നടന്ന ദിവസം വൈകുന്നേരം എന്തോ ആവശ്യത്തിന് പുറത്തു പോയതാണ് അച്ഛൻ. സ്കൂട്ടർ ആക്സിഡന്റ്..ഏതോ വാഹനം ഇടിച്ചിട്ടു മറിഞ്ഞു ഓടയിൽ വീണു. ആരും അറിഞ്ഞില്ല....
.ശവശരീരം അച്ഛന്റെ വീട്ടിൽ കൊണ്ടു വന്നതിനുശേഷം അമ്മയെ അങ്ങോട്ടു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു...
ഒന്നു പൊട്ടിക്കരയാനാവാതെ, ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഒരേ ഇരിപ്പായിരുന്നുപോലും 
ദിവസങ്ങളോളം 
അമ്മ.

കുടുംബവീട്ടിൽ അമ്മയോടൊപ്പം, തൊട്ടടുത്തു താമസിക്കുന്ന ആങ്ങളയുടെ സംരക്ഷണയിൽ സുജയെ വളർത്തുക എന്നതു മാത്രമായിരുന്നു പിന്നീടവരുടെ ജീവിത ലക്ഷ്യം...
തീരെ ചെറുപ്പം, തരക്കേടില്ലാത്ത സൗന്ദര്യം...
തളളയ്ക്കൊപ്പം പിളളയേയും സംരക്ഷിക്കാൻ തയാറായി പലരും കല്യാണാലോചനയുമായി വന്നിരുന്നു..
വഴങ്ങിയില്ല...തന്റെ ഭർത്താവിന്റ മരണം  അംഗീകരിക്കാൻ തയ്യാറാവാത്ത മനസ്സോടെ ഒരു സന്യാസിനിയെപ്പോലെയായിരുന്നു പിന്നീടുളള  ജീവിതം...
മകൾക്കു കല്യാണപ്രായമായപ്പോൾ, കല്യാണം കഴിഞ്ഞും തന്നോടൊപ്പം,  പെണ്ണിന്റെ വീട്ടിൽ തന്നെ താമസിക്കാൻ തയ്യാറുളള ചെറുക്കമ്മാരെയാണ് തേടിയത്.
എന്തുകൊണ്ടും സുജക്കു ചേരുന്ന പയ്യനെ,  എല്ലാ ഡിമാന്റുകളും അംഗീകരിക്കാൻ തയ്യാറായ പയ്യനെ കിട്ടുകയും ചെയ്തു.

അവധി ദിവസങ്ങളൊഴിച്ച് ബാക്കി എല്ലാ ദിവസവും അമ്മയോടൊപ്പം വീട്ടിൽ...
.
സുജക്ക് സർക്കാർ ജോലികിട്ടിയതു വിവാഹ ശേഷമായിരുന്നു..
ഈ ശനിയാഴ്ചയും അമ്മയെക്കുറിച്ച് ഏറെ  സംസാരിച്ചിരുന്നു...തന്നെ വളർത്തിയതുപോലെ  തന്നെ മൂന്നും ഒന്നും വീതം വയസ്സുളള തന്റെ  കുഞ്ഞുങ്ങളെയും  അമ്മയാണു വളർത്തുന്നതെന്ന്.... 

രാവിലെ എട്ടുമണിക്കുമുന്നേ ഓഫീസിലേക്കു പോരാൻ ട്രെയിൻ കയറും...തിരിച്ചു വീടെത്തുന്നതു ഏഴുമണിയോടടുപ്പിച്ച്...
സുജാലക്ഷ്മിക്ക് കുഞ്ഞുങ്ങളെ കൊഞ്ചിക്കാനോ  ഒന്നിനും സമയം കിട്ടാറില്ല...
എല്ലാ കുറവുകളും നികത്തുന്ന തന്റെ അമ്മ....ചിട്ടയായ ദിനചര്യകൾ കൊണ്ടാവും, .അങ്ങനെ പറയത്തക്ക  ആരോഗ്യ പ്രശ്നങ്ങളൊന്നുംതന്നെ
അമ്മയ്ക്കില്ല....ഞങ്ങൾ അമ്മയേയും മകളെയും   ഒന്നിച്ചു കാണുന്നവർ ചേച്ചിയും അനിയത്തിയുമാണോന്നു പോലും  ചോദിക്കാറുണ്ട്....
തന്നേക്കാൾ  ചുറുചുറുക്കുണ്ടമ്മയ്ക്കെന്നു സുജാലക്ഷ്മി പറഞ്ഞു കഴിഞ്ഞു പിരിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ അമ്മയെ കൊണ്ടുപോകാൻ മരണമെത്തുകയായിരുന്നു..എത്ര പെട്ടെന്ന്..!.

എന്നെങ്കിലും തരപ്പെടുമ്പോൾ സുജയുടെ അമ്മയെ ഒന്നു കാണാൻപോകണമെന്നു കരുതിയിരിക്കയായിരുന്നു..

.ഒരു നോക്കു കാണണം...
തനിക്കും 
പോയേ തീരു...പെട്ടെന്നു തന്നെ  ഓഫീസിൽ എത്തി..
നേരത്തെ പോയെങ്കിലേ അഞ്ചിനു മുൻപ് തിരികെയെത്താൻ കഴിയൂ...
ഓഫീസ് ടൈമ് കഴിഞ്ഞു പത്തു മിനിറ്റിനുളളിൽ വീടെത്തിക്കോളണമെന്ന  ഭർത്താവിന്റെ ശാസനം തിരുത്തിയെഴുതുവാൻ പാടുള്ളതല്ല. 

ഓഫീസ് വക പഴയ അംബാസഡർ കാറിലെ യാത്ര....ഒട്ടും സുഖകരമല്ലായിരുന്നു...
പിൻ സീറ്റിൽ
ഞാനടക്കം നാലുപേരും മുന്നിൽ ഡ്രൈവർക്കൊപ്പം ഗോപിനാഥും.. 
 "ഡെഡ് ബോഡി പാലക്കാട് 
പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിലേക്ക് എടുക്കാറായെന്ന്. ..സുജയുടെ വീട്ടിലേക്കെത്താൻ ഇനിയുമുണ്ട് എട്ടു പത്തു കിലോമീറ്റർ.. ബോഡി എടുക്കുമ്മുന്നേ അവിടെയെത്താൻ എന്തായാലും പറ്റുമെന്നു 
തോന്നുന്നില്ല......നേരെ
ഐവർ മഠം ശ്മശാനത്തിലേക്കു തന്നെ പോകാം. "  
 
വീട്ടിലേക്കുളള വഴി  കൃത്യമായിട്ടറിയാൻ
സുജാലക്ഷ്മിയെ ഗോപിനാഥ്  വിളിച്ചത് നന്നായി....

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ശ്മശാനത്തിലേക്കു നേരിട്ടു യാത്ര.  "എല്ലാരുമെത്തുന്നിടത്തേയ്ക്ക്" 
ഒരു മൈതാനം പോലെ വിശാലമായ സ്ഥലം..പേരിനെന്നോണം അങ്ങുമിങ്ങുമൊക്കെ ഇടിഞ്ഞു പൊളിഞ്ഞ  ചുറ്റുമതിൽ... പുൽനാമ്പുകളെല്ലാം തന്നെ  കരിഞ്ഞുണങ്ങിക്കഴിഞ്ഞ ഒട്ടും  നിരപ്പല്ലാത്ത സ്ഥലം.....തണലിന് ഒരു മരം പോലുമില്ല..അങ്ങിങ്ങു കൂട്ടംകൂടി നില്ക്കുന്ന വെയിലേറ്റു വിളറിയ കുറ്റിച്ചെടികൾ.

നാലഞ്ച് വിറകു കൂനകൾ ഒറ്റനോട്ടത്തിൽ കണ്ടു...
ഇനിയും ജഡങ്ങളെ കാത്തു കിടക്കുന്ന തറഞ്ഞു കിടക്കുന്ന മണ്ണ്.

ശവങ്ങളെ ആർത്തിയോടെ തീ വിഴുങ്ങുന്ന കാഴ്ച..!.

പരികർമ്മങ്ങൾക്കു കാത്തു കിടക്കുന്ന ജഡ ശരീരങ്ങൾ വേറെയും....

ജനനവും മരണവും വളരെ കൃത്യതയോടെ  സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടിരിക്കുന്ന കാലം.എന്ന മജീഷ്യൻ..!
.
ആംബുലൻസുകൾ തുടരെ വന്നും പോയുമിരിക്കുന്നു...
അവിടവിടെ കൂടി നിൽക്കുന്ന വേണ്ടപ്പെട്ടവരുടെ അടക്കിപ്പിടിച്ച സംസാരങ്ങൾ..
കരച്ചിലുകൾ... സാന്ത്വനങ്ങൾ..

ഒരു ദിവസം ശരാശരി എഴുപതിലധികം ശവങ്ങൾ കത്തിയമരുന്നുണ്ടു പോലും  ഈ ശ്മശാനത്തിൽ..

പാതിയും  വറ്റി വരണ്ട ഒരു ശോഷിച്ച പുഴ അരികിലൂടെ 
ഒഴുകുന്നുണ്ട്..
തർപ്പണത്തിനു ജലമെടുക്കുന്നതിവിടെ നിന്നാവും...  
എല്ലും പല്ലുമുന്തി, കൈകാലുകൾ ശോഷിച്ച് ഒരു     പട്ടിണിക്കോലം പോലെ തോന്നിക്കുന്ന ഈ പുഴയ്ക്കു കുറുകെ  ഒരു ഡാമിന്റെ പണി എവിടെയോ നടക്കുന്നുണ്ടുപോലും...
പണി തുടങ്ങിയ നാൾമുതലാണ് നദിയുടെ കയങ്ങൾ വറ്റിവരണ്ടുകൊണ്ടിരിക്കുന്നതെന്ന്. 

അന്തരീക്ഷം മുഴുവനും കരിയുന്ന മാംസ ഗന്ധം കയ്യടക്കിയിരിക്കുന്നു. മൂക്കു പൊത്തിപ്പിടിച്ചിട്ടും ഒരു രക്ഷയുമില്ല...

റോഡിന്റെ വക്കിൽ ഒന്നുരണ്ടു ചെറിയ  തട്ടുകടകളിൽ..ബീഡിയും മുറുക്കാനും..
നാരങ്ങാവെള്ളവും,സംഭാരവും ...ബീഡിയും സിഗരറ്റും മുറുക്കാനുമൊക്കെ
ചിലരൊക്കെ വന്നു വാങ്ങുന്നു...പക്ഷേ..കുടിക്കാൻ,  ശ്വാസംമുട്ടിക്കുന്ന ശവഗന്ധമുളള അന്തരീക്ഷത്തിൽ ആർക്കും തോന്നുന്നില്ലെന്നു തോന്നുന്നു.

ചിതയ്ക്ക് തീ കൊളുത്തുവാൻ സമയമായെന്നു തോന്നുന്നു..
ഞാനും  ജലജയും 
കവാടത്തിനരുകിൽ നിന്ന് ആ രംഗങ്ങൾ നോക്കിക്കണ്ടതേയുളളു...

മരണത്തിന്റെ മുഖം...!
പൊതിഞ്ഞു കെട്ടിയ ശവശരീരം വിറകു കൂനയിൽ വച്ചുകഴിഞ്ഞു...നാലു മൂലയിൽ നിന്നും തീ ആളിപ്പടർന്ന് ശവക്കൂന ഒരു തീക്കുണ്ടമാവാൻ തുടങ്ങുന്നതിനുള്ള മുന്നേ ഞങ്ങൾ പുറത്തിറങ്ങി...

കൂട്ടുവന്ന ബന്ധുക്കൾ കൂട്ടു പിരിഞ്ഞു തിരിച്ചുപോകാനുളള പുറപ്പാട്...
കരഞ്ഞും വിയർത്തും തളർന്നവശയായി സുജാലക്ഷ്മി...  ഇന്നലെവരെ തന്റെ കുഞ്ഞുമക്കളെ പരിപാലിച്ചുകൊണ്ട് വീട്ടു കാര്യങ്ങൾ മുഴുവനും ഓടിനടന്നു ചെയ്തുകൊണ്ടിരുന്ന തന്റെ അമ്മ നേരത്തോടു നേരം കഴിഞ്ഞപ്പോൾ   ഒരു പിടി ചാരം...

പൊരിഞ്ഞ വെയിലത്തെ തിരികെ യാത്ര...തൃശൂരേക്ക്..
പാലക്കാട്ടെ വരണ്ട കാറ്റേറ്റില്ല..പഴയ അംബാസഡറിനും ഏ.സി. ഉണ്ടായിരുന്നു...
ഇടക്കു കാർ നിർത്തി ഒരു കരിക്കു കുടിക്കാനായതു ഭാഗ്യം..വിശപ്പുണ്ടായിരുന്നില്ലെങ്കിലും അല്പം തണുപ്പ് ആശ്വാസമായി.. എവിടെയെങ്കിലും കയറി ഭക്ഷണം കഴിക്കാൻ ആലോചനയിട്ടതാ...കാറിനുള്ളിൽ അടുക്കിപ്പെറുക്കിയിരിക്കുമ്പോഴും ശ്മശാന ഗന്ധം നാസാഗ്രങ്ങളിൽ...

വീട്ടിൽ ചെന്ന പാടേ കുളിക്കാൻ കയറി...ശവഗന്ധം ചുറ്റിനും....
മനസ്സിൽ അടുക്കിയടുക്കിവച്ചിരിക്കുന്ന എരിയാത്ത പട്ടടകൾ.....!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക