Image

സൗദിയില്‍ രോഗബാധിതര്‍ 500 കടന്നു: രാജ്യം അതീവ ജാഗ്രതയില്‍

Published on 23 March, 2020
 സൗദിയില്‍ രോഗബാധിതര്‍ 500 കടന്നു: രാജ്യം അതീവ ജാഗ്രതയില്‍


റിയാദ്: സൗദി അറേബ്യയിലെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഭീതിതമായ വര്‍ധനവാണുണ്ടായതെന്നും കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികളിലേക്ക് രാജ്യത്തിനു പോകേണ്ടി വരുമെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി അറിയിച്ചു.

സൗദിയില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 119 ആണ്. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 511 ആയി. ഇതില്‍ 18 പേര്‍ പൂര്‍ണമായും രോഗം സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോഴുള്ള ആരും ഗുരുതരാവസ്ഥയിലല്ല.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയിലുള്ള തുര്‍ക്കി സ്വദേശികളാണ്. ഇവരെല്ലാം മുന്പു രോഗം വന്ന ആളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരാണ്. പുതുതായി 34 പേരാണ് റിയാദില്‍ നിന്നുള്ളവര്‍. നാല് പേര്‍ ഖതീഫിലും 3 പേര്‍ അല്‍ഹസയിലുമാണ് രോഗബാധിതരായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. അല്‍ ഖോബാറില്‍ മൂന്ന് പേരും ദഹ്‌റാന്‍, അല്‍ഖസീം, ദമ്മാം എന്നിവിടങ്ങളില്‍ ഓരോരുത്തരും രോഗബാധ സ്ഥിരീകരിച്ചവരില്‍ പെടുന്നു.
ഇതുവരെയായി 23000 കൊറോണ ടെസ്റ്റുകള്‍ രാജ്യത്ത് നടത്തിയതായി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.

നമ്മളറിയാതെ നമ്മിലേക്ക് രോഗം പകരം സാധ്യതയുള്ള സാമൂഹിക കൂടിച്ചേരലുകള്‍, മസ്ജിദുകളിലെ ഒന്നിച്ചുള്ള പ്രാര്‍ഥനകള്‍ എന്നിവയെല്ലാം പൂര്‍ണമായും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. മാര്‍ക്കറ്റുകളിലും മറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതും ഒഴിവാക്കണം. ഇത് ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും വക്താവ് ആവര്‍ത്തിച്ചു.

രോഗബാധ സംശയിക്കുന്ന ആര്‍ക്കും ഉടനടി ആരോഗ്യ മന്ത്രാലയത്തിന്റെ 937 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്. കൊറോണ വൈറസ് സംബന്ധിച്ച ആധികാരികമല്ലാത്ത വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുതെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക